ജനാധിപത്യ ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം സവിശേഷ പ്രാധാന്യത്തോടെ അമൃത മഹോത്സവമായി ആഘോഷിക്കുകയാണ്. പരദേശികളുടെ പടയോട്ടവും അധിനിവേശവും സൃഷ്ടിച്ച ഉണങ്ങാത്ത മുറിവുകളും വേദനകളും പരിഹരിക്കുന്ന ഒരു ഭരണകൂടം ഇന്നുണ്ട് എന്നതാണ് വര്‍ത്തമാന ഭാരതത്തിന്റെ സൗഭാഗ്യം. സ്വാതന്ത്ര്യം എന്നാല്‍ സ്വത്വബോധത്തിന്റെയും സ്വാഭിമാനത്തിന്റെയും വീണ്ടെടുപ്പാണെന്നറിയുന്ന ഒരു ഭരണകൂടം ഭാരതത്തില്‍ ഉണ്ടാകാന്‍ കാലങ്ങളേറെ വേണ്ടി വന്നു. അസമത്വങ്ങളെയും സാമൂഹ്യ അനീതികളെയും ജാതി വ്യവസ്ഥയുടെ ചട്ടക്കൂടില്‍ അലംഘ്യ നിയമങ്ങളായി നിലനിര്‍ത്താന്‍ ശ്രമിച്ചവരില്‍ നിന്നും ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടാന്‍ സ്വാതന്ത്ര്യാനന്തരം പിന്നെയും ദശകങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ജാതി, സാമൂഹ്യ പിന്നാക്കാവസ്ഥകളുടെ പേരില്‍ നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരുന്ന വലിയൊരു സമൂഹത്തിന്റെ പ്രതീക്ഷയാണ് ഇക്കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൂവണിഞ്ഞിരിക്കുന്നത്. ഭാരത മഹാരാജ്യത്തെ പത്തുകോടിയിലേറെ വരുന്ന വനവാസി വിഭാഗത്തില്‍ നിന്നും ഒരു രാഷ്ട്രപതി ഉണ്ടാകാന്‍ സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് സംവത്സരങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അടിസ്ഥാന വര്‍ഗ്ഗ ജനതകളുടെയും ആദിവാസികളുടെയും അവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റയ്ക്കും മുന്നണിയായും അധികാരത്തില്‍ ദീര്‍ഘകാലം ഇരുന്നിട്ടും കൈവരാത്ത അത്ഭുത വിപ്ലവമാണ് രാജ്യത്തിന്റെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവെന്ന ഗോത്രവര്‍ഗ്ഗ വനിത തിരഞ്ഞെടുക്കപ്പെട്ടതോടെ സംഭവിച്ചിരിക്കുന്നത്. ഭാരതത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ഗോത്രവര്‍ഗ്ഗ വനിതയെന്നതിനേക്കാള്‍ പ്രാധാന്യം അവര്‍ കടന്നു വന്ന വഴികള്‍ക്കുണ്ട് എന്നതാണ് സത്യം.
ഒഡീഷയിലെ വികസനമെന്തെന്നറിയാത്ത മയൂര്‍ ഭഞ്ജ് ജില്ലയില്‍ റായ്‌രംഗ്പുരില്‍ ജനിച്ചു വളര്‍ന്ന ദ്രൗപദി മുര്‍മു പ്രാതികൂല്യങ്ങളോട് പടപൊരുതിയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ രാഷ്ട്രപതിയായി മാറിയിരിക്കുന്നത്. ഇത് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്ന ഒരു പരിവര്‍ത്തനമാണ്. യൂറോപ്യന്‍നാടുകളിലടക്കം ലോകത്ത് മിക്കയിടങ്ങളിലും മണ്ണിന്റെ മക്കളായ ഗോത്രവര്‍ഗ്ഗ ജനങ്ങളെ വംശോന്മൂലനം ചെയ്ത പാരമ്പര്യമാണ് ഉള്ളത്. അമേരിക്കയിലെ ആദിമനിവാസികളായ റെഡ് ഇന്ത്യന്‍ വംശജരോട് പ്രബുദ്ധരെന്നവകാശപ്പെടുന്ന വെള്ളക്കാര്‍ ചെയ്ത ക്രൂരതകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. പുരാവസ്തു സംഗ്രഹാലയങ്ങളില്‍പ്പോലും ഇടമില്ലാതെ ഒടുങ്ങിപ്പോയ അന്നാട്ടിലെ ഗോത്ര സമൂഹങ്ങള്‍ കദനത്തിന്റെ കഥകളാണ് ചരിത്രത്തില്‍ അവശേഷിപ്പിച്ച് മറഞ്ഞത്. എന്നാല്‍ ആധുനിക ഭാരതം ശബരി മാതാവിന്റെ പിന്‍മുറക്കാരിലേക്ക് അധികാരത്തിന്റെ ഛത്ര ചാമരങ്ങള്‍ ഏല്‍പ്പിച്ചു നല്‍കുന്ന കാഴ്ചയാണ് കാട്ടിത്തരുന്നത്. ഗോത്രവര്‍ഗ്ഗ സമൂഹത്തില്‍ നിന്നും കഴിവുള്ളവരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുവാന്‍ ഭാരതീയ ജനതാ പാര്‍ട്ടി കാട്ടിയ ശ്രദ്ധയാണ് ഇന്ന് ദ്രൗപദി മുര്‍മുവിനെ ഭാരതത്തിന്റെ രാഷ്ട്രപതിയാക്കി മാറ്റിയത്. 1997ല്‍ റായ്‌രംഗ്പുര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി പൊതു രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ദ്രൗപദി മുര്‍മുവിനെ കൈ പിടിച്ച് കുട്ടിക്കൊണ്ടുവന്ന ബി.ജെ.പി. പിന്നീട് അവരെ രണ്ടുവട്ടം എം.എല്‍.എ.യും മന്ത്രിയും ഗവര്‍ണ്ണറുമൊക്കെയാക്കി ഉയര്‍ത്തിക്കൊണ്ടുവന്നു. പിന്നാക്ക ജനവിഭാഗങ്ങളെ അധികാരത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന് എങ്ങനെ ശാക്തീകരിക്കാമെന്നതിന്റെ നല്ല ഉദാഹരണമാണ് ദ്രൗപദി മുര്‍മുവിന്റെ സ്ഥാനലബ്ധി.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമാണ് ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ കുടുംബ വീട്ടില്‍ വൈദ്യുതി എത്തിയതെന്നറിയുമ്പോഴാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് എത്തരക്കാരെയാണ് എന്ന് നാം മനസ്സിലാക്കുക. സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടപൊരുതി പതിനയ്യായിരത്തിലധികം ഗോത്രവര്‍ഗ്ഗ പടയാളികള്‍ ബലിദാനികളായ സന്താള്‍ ഗോത്രവര്‍ഗ്ഗ പാരമ്പര്യം പേറുന്ന ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ടതായിരുന്നു. ദ്രൗപദി മുര്‍മുവിനെ പൊതു സ്ഥാനാര്‍ത്ഥിയായി കണ്ട് ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ ഭാരതം ലോകത്തിന് നല്‍കുന്ന സന്ദേശത്തിന്റെ മാറ്റ് വര്‍ദ്ധിച്ചേനെ. പക്ഷെ ഇന്നത്തെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഇത്തരം ഉയര്‍ന്ന നിലപാടുകള്‍ പ്രതീക്ഷിക്കാന്‍ വയ്യ. അവര്‍ ഉയര്‍ത്തുന്ന ദളിത പിന്നാക്ക പക്ഷ നിലപാടുകളുടെ പൊള്ളത്തരവും കള്ളത്തരവും ജനങ്ങള്‍ ഇതോടെ തിരിച്ചറിഞ്ഞിരിക്കുകയാണ്. ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിപക്ഷ നിരയെ അക്ഷരാര്‍ത്ഥത്തില്‍ കശക്കി എറിയാന്‍ പോന്നതായിരുന്നു. അതു കൊണ്ടാണ് പ്രതിപക്ഷ നിരയിലെ എട്ട് പാര്‍ട്ടികള്‍ അടക്കം 44 പാര്‍ട്ടികളുടെ പിന്തുണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. ബംഗാളില്‍ ഇരുപതോളം തൃണമൂല്‍ എം.എല്‍. എമാര്‍ പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തു എന്നു പറയുമ്പോള്‍ ഭാരതത്തിന്റെ പൊതുബോധം ആര്‍ക്കൊപ്പമായിരുന്നു എന്നു മനസ്സിലാകും.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മൂന്നു തവണ മാത്രമാണ് രാഷ്ട്രപതിയെ നിശ്ചയിക്കാന്‍ തക്ക അധികാര ബലം ഭാരതീയ ജനതാ പാര്‍ട്ടിക്ക് ലഭിച്ചിട്ടുള്ളത്. അപ്പോഴൊക്കെ ദേശീയ വാദികളും അടിസ്ഥാന വര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പ്രതിനിധികളും ആ പദവിയിലെത്തിച്ചേര്‍ന്നു എന്നത് ചരിത്രമാണ്. ദേശീയ മുസ്ലിമായ ഏ.പി.ജെ അബ്ദുള്‍ കലാമിനേയും പട്ടികജാതി വിഭാഗത്തില്‍ നിന്ന് രാംനാഥ് കോവിന്ദിനേയും ഇപ്പോള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ദ്രൗപദി മുര്‍മുവിനെയും രാഷ്ട്രപതി പദവിയിലെത്തിക്കുന്നതില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും വഹിച്ച പങ്ക് വളരെ വലുതാണ്. ഏത് പ്രത്യയശാസ്ത്രമാണ് അടിസ്ഥാന വര്‍ഗ്ഗ ജനതയുടെ ഉന്നമനത്തിനായി നിലകൊള്ളുന്നതെന്ന് സാമാന്യജനത്തിന് മനസ്സിലാക്കാന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് കാരണമായെന്നു പറയാം. സ്വാതന്ത്ര്യപ്രാപ്തിയുടെ എഴുപത്തഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന ഭാരതം അതിന്റെ വൈഭവ പൂര്‍ണ്ണമായ ഭൂതകാലത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് പ്രതീക്ഷാഭരിതമായ ഭാവികാലത്തിലേക്ക് മുന്നേറുകയാണ്. ഇന്നലെകളില്‍ സാമൂഹൃ അസമത്വങ്ങള്‍ കൊണ്ട് നീതി നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്ക് സാമൂഹ്യ സമത്വവും അധികാരത്തിന്റെ അനുഭൂതിയും പകര്‍ന്നു നല്‍കാതെ ഉറച്ച രാഷ്ട്രം കെട്ടിപ്പടുക്കാനാവില്ല. ആ ദിശയില്‍ ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വിപ്ലവകരമായ നീക്കമാണ് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കിയതിലൂടെ സംഭവിച്ചിരിക്കുന്നത്. അമൃത മഹോത്സവത്തെ സാര്‍ത്ഥകമാക്കുന്ന ഈ നടപടിക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രത്യയശാസ്ത്രവും പ്രസ്ഥാനവും ഭാരത ചരിത്രത്തില്‍ ഇടം പിടിക്കുക തന്നെ ചെയ്യും.