‘മങ്കിപോക്‌സ് വൈറസ് (Monkey pox Virus) മൂലം ഉണ്ടാകുന്ന അപൂര്‍വ്വമായ ഒരുതരം രോഗമാണ് ‘മങ്കിപോക്‌സ്’. ‘പോക്‌സ് വൈറിഡേ’ (Poxviridae) എന്ന വൈറസ് കുടുംബത്തിലെ ‘ഓര്‍ത്തോപോക്‌സ്’ (Orthopox) വൈറസ് എന്നയിനത്തില്‍ പെട്ടതാണ് ഈ വൈറസ്. വസൂരി (smallpox), കൗപോക്‌സ് (cowpox) എന്നീ രോഗങ്ങളുണ്ടാക്കുന്ന വൈറസ്സുകളും ഇതേ തരത്തില്‍പ്പെട്ടതാണ്.
അല്പം ചരിത്രം
ആദ്യമായി മനുഷ്യരില്‍ മങ്കിപോക്‌സ് കാണപ്പെട്ടത് 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ(DRC) യിലാണ്. ഒമ്പത് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയിലാണ് അത് കണ്ടെത്തിയത്. പിന്നീട് ആഫ്രിക്കയുടെ മദ്ധ്യഭാഗത്തും പശ്ചിമഭാഗത്തുമുള്ള പല രാജ്യങ്ങളിലും ഈ രോഗം കാണപ്പെട്ടു. ആഫ്രിക്കയുടെ പുറത്തുള്ള രോഗികളില്‍ പലര്‍ക്കും അന്തര്‍ദ്ദേശീയ യാത്രയോ, വളര്‍ത്തുമൃഗങ്ങളെ ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തിലേയ്ക്ക് കടത്തിക്കൊണ്ടുവരുന്നതോ ആയി ബന്ധമുള്ളതായി കാണപ്പെട്ടു. (ഉദാ: അമേരിക്ക, ഇസ്രായേല്‍, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍) 2017 മുതല്‍ നൈജീരിയയിലാണ് ഏറ്റവുമധികം രോഗികള്‍ കാണപ്പെട്ടത്. ഇപ്പോഴും അതു തുടരുന്നു. ഈയടുത്ത കാലത്ത് നൈജീരിയയിലേക്ക് യാത്ര ചെയ്ത ഒരു ബ്രിട്ടീഷുകാരന് 2022 ഏപ്രില്‍ 29-ാം തീയതി മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടു. തുടര്‍ന്ന് അയാള്‍ മെയ് 4-ാം തീയതി സ്വന്തം നാട്ടില്‍ തിരിച്ചു വരികയും അയാള്‍ക്ക് മെയ് 6-ാം തീയതി മങ്കിപോക്‌സ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതിനുശേഷം, അതായത് 2022 മെയ് 13-ാം തീയതിക്കുശേഷം 12 രാജ്യങ്ങളിലായി മങ്കിപോക്‌സിന്റെ രോഗികളുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇപ്പോള്‍ നമ്മുടെ രാജ്യത്ത്, നമ്മുടെ സംസ്ഥാനത്തുതന്നെ ആദ്യ മങ്കിപോക്‌സ് റിപ്പോര്‍ ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. യുഎഇയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ കൊല്ലം സ്വദേശിയായ മുപ്പത്തിയഞ്ചുകാരനായ യുവാവിനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹവുമായി സമ്പര്‍ക്കത്തിലായ 11 പേര്‍ നിരീക്ഷണത്തിലുമാണ്.
രോഗം പകരുന്നതെങ്ങിനെ?
മങ്കിപോക്‌സ് വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം ഇതേവരെ കണ്ടെത്തിയിട്ടില്ല. ഏറ്റവുമാദ്യം ഈ വൈറസ് 1958ല്‍ ഡെന്മാര്‍ക്കില്‍ ഒരു കുരങ്ങില്‍ കണ്ടെത്തിയതു കൊണ്ടാണ് ഈ പേരുവന്നത്. ആഫ്രിക്കയിലെ എലികളിലും കുരങ്ങുകളിലും അണ്ണാന്മാരിലും മുയലുകളിലും ഈ വൈറസ് കണ്ടെത്തുകയും അവ മനുഷ്യരില്‍ രോഗമുണ്ടാക്കുന്നതായി കാണുകയും ചെയ്തിരുന്നു. പത്തിലൊരാള്‍ വീതം ആഫ്രിക്കയില്‍ മരണമടയുകയും ചെയ്തു. പക്ഷേ കുരങ്ങുകള്‍ ഈ വൈറസിന്റെ പ്രധാന ഉറവിടമായിരിക്കില്ല എന്നാണ് വിദഗ്ദ്ധാഭിപ്രായം.
മങ്കിപോക്‌സ് വൈറസ് ബാധിക്കപ്പെട്ട മൃഗങ്ങള്‍, വ്യക്തികള്‍, സാധനങ്ങള്‍ എന്നിവയില്‍ നിന്ന് മറ്റു വ്യക്തികളിലേക്ക് രോഗം ബാധിക്കാനിടയുണ്ട്. രോഗം ബാധിച്ച മൃഗങ്ങള്‍ മനുഷ്യരെ മാന്തുകയോ കടിക്കുകയോ ചെയ്യുമ്പോഴോ, അല്ലെങ്കില്‍ മനുഷ്യര്‍ അത്തരം മൃഗങ്ങളുടെ ശരീരസ്രവങ്ങള്‍, വ്രണങ്ങള്‍, വ്രണമുണങ്ങിയ ശേഷമുള്ള പൊറ്റകള്‍ എന്നിവയുമായി നേരിട്ട് സമ്പര്‍ക്കത്തിലാകുമ്പോഴോ ആണ് ഈ വൈറസ് മനുഷ്യരിലേക്കു പകരുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ ശരീരസ്രവങ്ങള്‍, വ്രണത്തില്‍ നിന്നു വരുന്ന ചലം, പഴുപ്പ് എന്നിവ പുരണ്ട വസ്തുക്കളോ, തുണികളോ തൊടുകയാണെങ്കിലും വൈറസ് മനുഷ്യരിലേക്കു വ്യാപിക്കാം.
രോഗിയുടെ മുഖത്തുനിന്നു വരുന്ന, ശ്വസനനാളിയിലെ ദ്രവങ്ങള്‍ നേരിട്ടു ശ്വസിക്കുക, ലൈംഗികബന്ധം പുലര്‍ത്തുക, വ്രണങ്ങളുള്ള ശരീരഭാഗങ്ങള്‍ തൊടുക എന്നിവ കൊണ്ടും രോഗം പകരാനിടയുണ്ട്. അതായത് വൈറസ് ശ്വസനനാളിയിലൂടെയും കണ്ണ്, വായ എന്നിവയിലെ നേര്‍ത്ത പാളിയിലൂടെയും ((Mucous membrane) ) മൃഗങ്ങള്‍ കടിച്ച മുറിവുകളിലൂടെയും ഒരു വ്യക്തിയുടെ ശരീരത്തില്‍ പ്രവേശിക്കാം.
കണ്‍ജെനിറ്റല്‍ മങ്കിപോക്‌സ്
രോഗം ബാധിച്ച ഗര്‍ഭിണിയില്‍ നിന്ന് മറുപിള്ള വഴി ഗര്‍ഭസ്ഥശിശുവിലേക്കും രോഗം പകരാം. ഇതിനെ കണ്‍ജെനിറ്റല്‍ മങ്കിപോക്‌സ് ((congenital Monkeypox) ) എന്നു പറയുന്നു. അല്ലെങ്കില്‍ പ്രസവസമയത്തോ, അതിനുശേഷമോ അമ്മയില്‍ നിന്ന് വൈറസ് കുഞ്ഞിന്റെ ശരീരത്തിലേക്കു വ്യാപിക്കാം.
ലക്ഷണങ്ങള്‍
മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ പൊതുവേ വസൂരി രോഗത്തിന്റെ ലക്ഷണങ്ങള്‍ പോലെയാണ്. വസൂരി 1980ല്‍ ലോകത്തുനിന്ന് പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു. വസൂരിയില്‍ ലിംഫ് ഗ്രന്ഥികള്‍ വലുതാവാറില്ല. പക്ഷേ മങ്കിപോക്‌സില്‍ ലിംഫ് ഗ്രന്ഥികള്‍ വലുതാവാറുണ്ട്.
വൈറസ് ശരീരത്തില്‍ പ്രവേശിച്ചശേഷം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനിടയിലുള്ള കാലഘട്ടത്തെയാണ് ഇന്‍ക്യുബേഷന്‍ പീരിയഡ് (Incubation Period)=) എന്നു പറയുന്നത്. മങ്കിപോക്‌സില്‍ ഇത് സാധാരണ 7മുതല്‍ 14ദിവസങ്ങള്‍ വരെയാണെങ്കിലും 5 മുതല്‍ 21 ദിവസങ്ങള്‍ വരെയും നീണ്ടുനിന്നേക്കാം. ഈ സമയത്ത് ലക്ഷണങ്ങള്‍ കാണാറില്ല. ഈ ഇടവേള കഴിയുന്നതോടെ രക്തത്തില്‍ വൈറസ് കാണാന്‍ തുടങ്ങും.
ഒന്നു മുതല്‍ 4 ദിവസങ്ങള്‍ക്കുള്ളില്‍ പനി, തലവേദന, വിറയല്‍, തൊണ്ടവേദന, ക്ഷീണം, ലിംഫ്ഗ്രന്ഥികള്‍ വലുതാവുക, ശരീരവേദന, നടുവേദന എന്നീ ലക്ഷണങ്ങള്‍ ഉണ്ടാവാം.
രണ്ടു മുതല്‍ നാലാഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍ പലതരം തിണര്‍പ്പുകള്‍ (Rashes) പ്രത്യക്ഷപ്പെടുന്നു. ആദ്യം മുഖത്തും തുടര്‍ ന്നു പല ശരീരഭാഗങ്ങളിലും ഇവ കാണാം. വേദനയും ഉണ്ടാവാം.
രോഗികളില്‍ 95% പേരില്‍ മുഖത്ത്, 75% പേരില്‍ കൈവെള്ളയിലും കാല്‍വെള്ളയിലും 70% പേരില്‍ വായില്‍, 30% പേരില്‍ ലൈംഗികാവയവങ്ങളില്‍, 20% പേരില്‍ കണ്ണുകളില്‍ എന്നിങ്ങനെയാണ് തിണര്‍പ്പുകള്‍ കാണുന്നത്. വിവിധതരം തിണര്‍പ്പുകള്‍ താഴെപ്പറയുന്നവയാണ്:-
1. മാക്യൂള്‍ (Macule): പരന്നതരത്തില്‍പ്പെട്ടത്.
2. പാപ്യൂള്‍ (Papule) : അല്പം ഉയര്‍ന്നതും കട്ടി കൂടിയതുമായത്.
3.വെസിക്കിള്‍ (Vesicle): വെള്ളം പോലുള്ള ദ്രാവകം നിറഞ്ഞത്.
4. പസ്റ്റ്യൂള്‍ (Pustule) പഴുപ്പുകലര്‍ന്ന മഞ്ഞ ദ്രാവകം നിറഞ്ഞത്.
5. ക്രസ്റ്റ് (Crust) : പൊറ്റകെട്ടി ഉണങ്ങി അടര്‍ന്നുപോകുന്നത്.
സങ്കീര്‍ണ്ണതകള്‍:
പൊതുവേ വേഗം ഭേദമാകുന്ന ഒരു രോഗമാണിത്. 2 മുതല്‍ 4 ആഴ്ചകള്‍ വരെ ലക്ഷണങ്ങള്‍ നീണ്ടുനിന്നേക്കാം. പക്ഷേ കുട്ടികളിലും രോഗപ്രതിരോധശക്തി കുറഞ്ഞവരിലും രോഗം സങ്കീര്‍ണ്ണമായേക്കാം. ശരീരത്തില്‍ പഴുപ്പ് വ്യാപിക്കുക, എന്‍സെഫലൈറ്റിസ് ((Encephalitis) കണ്ണിലെ കൃഷ്ണമണിയില്‍ പഴുപ്പു കാരണം കാഴ്ച നഷ്ടപ്പെടുക, ബ്രോങ്കോന്യൂമോണിയ തുടങ്ങിയവയാണ് സങ്കീര്‍ണ്ണതകള്‍. സാധാരണഗതിയില്‍ മങ്കിപോക്‌സ് കൊണ്ടുള്ള മരണനിരക്ക് 0 മുതല്‍ 11% വരെയാണ്. കുട്ടികളില്‍ മരണസാദ്ധ്യത കൂടുതലാണ്. ഈയിടെ മരണനിരക്ക് 3 മുതല്‍ 6% വരെ ആയിട്ടുണ്ട്.
രോഗനിര്‍ണ്ണയം:
രോഗിയെ ഡോക്ടര്‍ പരിശോധിച്ചശേഷം ലാബറട്ടറി പരിശോധനകള്‍ നിര്‍ദ്ദേശിക്കുന്നു. ചര്‍മ്മത്തിലെ തിണര്‍പ്പുകളില്‍ നിന്നും പൊറ്റകളില്‍ നിന്നും സാമ്പിളുകള്‍ എടുത്ത് ലാബറട്ടറിയില്‍ പരിശോധനയ്ക്ക് അയക്കുന്നു. വേണ്ടിവന്നാല്‍ ബയോപ്‌സിയും എടുത്ത് അയക്കുന്നു. ഈ സാമ്പിളുകളില്‍ വൈറസ് കാണപ്പെടുന്നുവെങ്കില്‍ മങ്കിപോക്‌സ് രോഗം സ്ഥിരീകരിക്കാം.
ചികിത്സ:
മങ്കിപോക്‌സ് രോഗത്തിനു പ്രത്യേക ചികിത്സയൊന്നുമില്ല. പക്ഷേ വസൂരിരോഗം ചികിത്സിക്കാനായി നല്‍കാറുണ്ടായിരുന്ന ചില മരുന്നുകള്‍ നല്‍കി ചികിത്സിച്ചാല്‍ മങ്കിപോക്‌സ് രോഗം ഭേദമായേക്കാം എന്നാണ് വിദഗ്ദ്ധാഭിപ്രായം. (ഉദാ: TECOVIRIMAT എന്ന മരുന്ന്) രോഗികളുടെ ലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സ നല്‍കുന്നു. ആവശ്യമായ ഐ.വി. (IV)ഫ്‌ളൂയിഡുകള്‍, സമീകൃതാഹാരം, പഴുപ്പിനുള്ള മരുന്നുകള്‍ എന്നിവ നല്‍കുന്നു.
രോഗം തടയുന്നതെങ്ങിനെ?
വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുപയോഗിച്ച വാക്‌സിനുകള്‍ മങ്കിപോക്‌സിനെതിരായി സംരക്ഷണം നല്‍കുമെന്ന് ഗവേഷണങ്ങളില്‍ തെളിയിക്കപ്പെട്ടു. പുതിയ വാക്‌സിനുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു വാക്‌സിന് മങ്കിപോക്‌സിനെതിരായി ഉപയോഗിക്കാനുള്ള അംഗീകാരം ലഭിച്ചുവത്രേ.
ഏതുപ്രായത്തിലുള്ള വ്യക്തികളായാലും കഴിഞ്ഞ 21 ദിവസങ്ങള്‍ക്കുള്ളില്‍ രോഗബാധിതരാജ്യങ്ങളിലേക്ക് യാത്ര ചെയ്ത ചരിത്രമോ ലിംഫ്ഗ്രന്ഥികള്‍ വലുതാവുക, പനി, തിണര്‍പ്പുകള്‍ തുടങ്ങിയ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അവര്‍ക്ക് മങ്കിപോക്‌സ് രോഗം ആയിരിക്കാന്‍ സാദ്ധ്യതയുണ്ട്. പക്ഷേ ലാബറട്ടറി ടെസ്റ്റുകള്‍ നടത്തിയശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ.
സുരക്ഷാമാര്‍ഗ്ഗങ്ങള്‍
രോഗികളെ ചികിത്സിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരും മറ്റാരോഗ്യപ്രവര്‍ത്തകരും അതുപോലെ രോഗികളെ ശുശ്രൂഷിക്കുന്നവരും കുടുംബാംഗങ്ങളും രോഗികളുടെ ശരീരത്തില്‍ നിന്ന് പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ എടുക്കുകയും ലാബറട്ടറിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന ലാബ് ജീവനക്കാരുമെല്ലാം രോഗം തങ്ങളെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. കൈകള്‍ വൃത്തിയായി കഴുകുക, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക, ശരീരം മൂടുന്ന പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്പ്‌മെന്റ് (PPE) പോലുള്ളവയും ഗ്ലൗസുകള്‍, മാസ്‌ക്കുകള്‍ എന്നിവയും ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം, കാരണം ഇവര്‍ക്ക് രോഗം പകരാനുള്ള സാദ്ധ്യത വളരെ കൂടുതലായിരിക്കും.
യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
♦ രോഗികളുമായി (പ്രത്യേകിച്ചും ചര്‍മ്മത്തിലോ ലൈംഗികാവയവങ്ങളിലോ തിണര്‍പ്പുകളോ പഴുപ്പോ ഉള്ളവര്‍) അടുത്ത സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക.
♦ രോഗം ബാധിക്കാനിടയുള്ള കാട്ടുമൃഗങ്ങളുടെ ഇറച്ചി കഴിക്കാതിരിക്കുക.
♦ മരിച്ചതോ ജീവനുള്ളതോ ആയ കുരങ്ങുകള്‍, എലികള്‍, അണ്ണാന്മാര്‍ തുടങ്ങിയ കാട്ടുമൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക.
♦ രോഗം ബാധിച്ച മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ആയിട്ടുള്ള വസ്തുക്കള്‍, തുണി, കിടക്ക മുതലായവയുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക.
♦ രോഗം ബാധിച്ച വളര്‍ത്തുമൃഗങ്ങളെ മറ്റു വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അവയെ മാറ്റി താമസിപ്പിക്കുക.
♦ രോഗം ബാധിച്ച മൃഗങ്ങളെയോ, മനുഷ്യരെയോ തൊട്ടതിനുശേഷം കൈകള്‍ സോപ്പും വെള്ളവും കൊണ്ട് വൃത്തിയായി കഴുകുകയോ ആല്‍ക്കഹോളടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചു വൃത്തിയാക്കുകയോ ചെയ്യുക.