Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ഭരണഘടനയെ ഭയക്കുന്നതാര്?

അഡ്വ.ആര്‍.വി. ശ്രീജിത്ത്

Print Edition: 22 July 2022

”ഭാരതത്തിന്റെ ഭരണഘടന കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ രീതിയിലാണ് അത് എഴുതിയിട്ടുള്ളത്. മതേതരത്വവും, ജനാധിപത്യവും, കുന്തവും കുടചക്രവുമൊക്കെ സൈഡില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും.” കേരളത്തിലെ മുന്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകളാണിവ. ഈ ‘താത്വിക അവലോകനത്തിന്റെ’ പേരില്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. ഇതിനെതുടര്‍ന്ന് ആരാണ് ഭരണഘടനയെ പിന്തുണയ്ക്കുന്നത്, ആരാണ് എതിര്‍ക്കുന്നത് എന്ന വിവാദവും കത്തിപ്പടര്‍ന്നു. സജി ചെറിയാന്‍ വിചാരധാരയെ പിന്‍തുടരുകയാണ് എന്ന വിചിത്രവാദമായിരുന്നു, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റേത്. ഇടതും വലതും, ആര്‍.എസ്.എസ്സിന്റെ പേര്, ഈ വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചു.

കമ്മ്യൂണിസവും ഭരണഘടനയും
ആദ്യമായി സജി ചെറിയാന്‍ ഭരണഘടനയെ പറ്റി പുലഭ്യം പറയാനുള്ള ആശയപരമായ സാഹചര്യമാണ് പരിഗണിക്കേണ്ടത്. കാറള്‍ മാര്‍ക്‌സും എംഗല്‍സുമാണ് മാര്‍ക്‌സിസം എന്ന ചിന്താധാരയെ ലോകത്തിന് പരിചയപ്പെടുത്തിയത്. മാര്‍ക്‌സിയന്‍ ചിന്തകര്‍ക്ക് നിയമവ്യവസ്ഥയെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. നിയമം ഭരണവര്‍ഗ്ഗത്തിന്റെ മര്‍ദ്ദനോപാധിയാണ് എന്നായിരുന്നു മാര്‍ക്‌സിന്റെ കാഴ്ചപ്പാട്. സാമൂഹിക അസമത്വം നിലനിര്‍ത്താന്‍ ഭരണവര്‍ഗ്ഗത്തെ സഹായിക്കുന്ന ഉപാധിയാണ് നിയമം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംഗല്‍സിന്റെയും നിലപാട് മറ്റൊന്നായിരുന്നില്ല. ബൂര്‍ഷ്വാസിക്ക് നിയമം പവിത്രമാണ്, കാരണം അത് അവര്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ പരമകാഷ്ഠയില്‍, ഭരണകൂടവും നിയമസംവിധാനങ്ങളും തകരുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തന്നെ നിയമത്തിനെയും നിയമസംവിധാനങ്ങളെയും അംഗീകരിക്കുന്നില്ല. ഈ ആശയ അടിത്തറയുടെ അടിസ്ഥാനത്തില്‍ വേണം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെ ഭരണഘടനാ സംവിധാനങ്ങളെ നോക്കിക്കണ്ടത്, എന്ന് മനസ്സിലാക്കാന്‍. 1921ല്‍ താഷ്‌കന്റില്‍ വെച്ച് എം.എന്‍. റോയിയുടെ നേതൃത്വത്തിലാണ്, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടനാ രൂപമെടുത്തത്. ആദ്യകാല കമ്മ്യൂണിസ്റ്റുകളെ കുറിച്ച് എന്തൊക്കെ ആരോപണങ്ങള്‍ പറഞ്ഞാലും, അവര്‍ക്ക് പ്രത്യയശാസ്ത്ര വ്യതിയാനം ഉണ്ടായിരുന്നില്ല. അതിനാലാകണം അവര്‍, ഭരണഘടനാ രൂപീകരണവുമായോ നിര്‍മ്മാണ സഭയിലോ സഹകരിച്ചല്ല. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണത്തില്‍ യാതൊരു പങ്കുമില്ലാത്ത ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഭരണഘടനാ നിര്‍മ്മാണസഭയിലെ കമ്മ്യൂണിസ്റ്റ് ചായ്‌വ് ഉണ്ടായിരുന്ന ഏക അംഗം, സോമനാഥ് ലാഹിരിയായിരുന്നു. അന്ന് പ്രമുഖരായിരുന്ന മാര്‍ക്‌സിസ്റ്റ് നേതാക്കന്മാര്‍ ആരും നേരിട്ടോ അല്ലാതെയോ ഭരണഘടന, നിര്‍മ്മാണത്തില്‍ പങ്കെടുത്തില്ല. ഭാരതം സ്വതന്ത്രമായിട്ടില്ല, ഈ സ്വാതന്ത്ര്യം തന്നെ കള്ളമാണ് എന്നതായിരുന്നു അവരുടെ പക്ഷം. ഭരണഘടനാ നിര്‍മ്മാണ സഭയുടെ അദ്ധ്യക്ഷന്‍ ഡോ. ഭീംറാവു അംബേദ്കറുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടും കമ്മ്യൂണിസ്റ്റുകള്‍ ഭരണഘടനാ നിര്‍മ്മാണത്തില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ഒരു കാരണമായി.

അത്തരത്തില്‍ ‘തങ്ങളുടേതല്ലാത്തത്’ എന്ന് അവര്‍ കരുതിയ ഭരണഘടനയോടും ഭരണസംവിധാനങ്ങളോടും ആരംഭം മുതല്‍ തന്നെ ശത്രുതാ മനോഭാവമാണ് കമ്മ്യൂണിസ്റ്റുകള്‍ പുലര്‍ത്തിയത്. 1970ലാണ് ആദ്യമായി നിയമസംവിധാനങ്ങളോടുള്ള മാര്‍ക്‌സിസ്റ്റ് പക മറനീക്കി പുറത്ത് വന്നത്. ജുഡീഷ്യറി ‘മര്‍ദ്ദനോപാധി’യാണ് എന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പ്രഖ്യാപനത്തിലൂടെയായിരുന്നു അത്. ഇതിനെതിരെ കേരള ഹൈക്കോടതി, അദ്ദേഹം കുറ്റക്കാരനാണ് എന്ന് കണ്ട് കോടതിയലക്ഷ്യ നടപടികള്‍ എടുത്തു. തുടര്‍ന്ന് ഇ.എം.എസ്. സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും ഇ.എം.എസ് കോടതിയലക്ഷ്യം നടത്തിയെന്ന് കണ്ടെത്തി, എന്നാല്‍ ശിക്ഷ അമ്പത് രൂപയാക്കി കുറച്ചു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെയും, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെയുമൊക്കെ, കോടതിയലക്ഷ്യ നടപടികള്‍ അവരുടെ മാര്‍ക്‌സിസ്റ്റ് ചിന്തയില്‍ അധിഷ്ഠിതമാണ്. സജി ചെറിയാനും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രക്കൂറ് അടയാളപ്പെടുത്തുകയാണ്, ഭരണഘടനയെ അവഹേളിക്കുക വഴി ചെയ്തത്. ഏതെങ്കിലും ഒരു ഭരണഘടനയെയോ നിയമസംവിധാനത്തെയോ അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് തത്ത്വചിന്തയ്ക്കാവില്ല.

ഭരണഘടനാ നിര്‍മ്മാണ പ്രക്രിയയോട് മുഖംതിരിഞ്ഞ് നിന്ന മറ്റൊരു കൂട്ടര്‍ മുസ്ലിംലീഗാണ്. നിര്‍മ്മാണസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ 73 അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പിന്നീട് മുസ്ലിംലീഗ് പ്രത്യേക ഇസ്ലാമിക രാഷ്ട്രം ആവശ്യപ്പെട്ടു. ലീഗിന്റെ അംഗങ്ങള്‍, ഭരണഘടനാ നിര്‍മ്മാണസഭയില്‍ പങ്കെടുക്കില്ലായെന്ന് മുഹമ്മദലി ജിന്ന പ്രഖ്യാപിച്ചു. മുസ്ലിങ്ങള്‍ക്കായി ഒരു പ്രത്യേക ഭരണഘടനാ നിര്‍മ്മാണ സഭ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യാ-പാക് വിഭജനത്തിന്റെ കാരണങ്ങളില്‍ ഒന്നായി ഈ സംഭവം മാറി.

ഭാരത ഭരണഘടന സഭയിലെ അംഗങ്ങള്‍ ഒപ്പുവെക്കുന്നു

കോണ്‍ഗ്രസ്സും ഭരണഘടനയും
ഭരണഘടനാ സഭ കോണ്‍ഗ്രസ്സിന്റെത് മാത്രമാണ് എന്ന രീതിയിലാണ് ചരിത്രം ചമയ്ക്കപ്പെട്ടത്. എന്നാല്‍ വസ്തുത ഇതായിരുന്നില്ല. ഭരണഘടനാ നിര്‍മ്മാണസഭയിലെ ഭൂരിഭാഗം അംഗങ്ങളും കോണ്‍ഗ്രസ്സുകാരായിരുന്നു എന്നത് വാസ്തവം. എന്നാല്‍ ഡോ.അംബേദ്ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവര്‍ തികഞ്ഞ കോണ്‍ഗ്രസ് വിരുദ്ധരായിരുന്നു. എന്നാലും കോണ്‍ഗ്രസ്സിന് ഭരണഘടനാ നിര്‍മ്മാണത്തില്‍ വലിയ പങ്കുണ്ടായിരുന്നു എന്നത് ഒരു വസ്തുതയാണ്.

ഭരണഘടനാ നിര്‍മ്മാണത്തില്‍ പങ്കുണ്ടായിരുന്നു എങ്കിലും, പിന്നീട് ഭരണഘടനാ തത്ത്വങ്ങള്‍ ധ്വംസിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണഘടന ആചരിച്ചത്. ഭരണഘടനാ ശില്പിയായ ഡോ. അംബേദ്ക്കറിനെ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുത്തി. പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നേരിട്ടാണ് ഡോ. അംബേദ്കര്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ഭരണഘടനാശില്പിയോട് മാത്രമല്ല ഭരണഘടനയോടും കോണ്‍ഗ്രസ് നന്ദികേട് കാട്ടി. സംസ്ഥാനങ്ങളെ പിരിച്ച് വിടാന്‍ അനുവദിക്കുന്ന അനുച്ഛേദം 356 നെ കുറിച്ച് ചൂടേറിയ വാഗ്വാദങ്ങള്‍ ആണ് സഭയില്‍ നടന്നത്. ഇത് ഉപയോഗിക്കപ്പെടാത്ത ഒന്നായി ഭരണഘടനയില്‍ അവശേഷിക്കും എന്ന ഉറപ്പാണ് ഡോ. അംബേദ്ക്കര്‍ ഭരണഘടനാനിര്‍മ്മാണസഭയ്ക്ക് നല്‍കിയത്. എന്നാല്‍ ഇത് പിന്നീട് നിരവധി തവണ ലംഘിക്കപ്പെട്ടു.

1949 നവംബര്‍ 25 ന് ഇന്ത്യന്‍ ഭരണഘടനയുടെ അന്തിമ കരട് ഭരണഘടനാ അസംബ്ലി പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദിന് ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയര്‍മാനായ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ സമര്‍പ്പിക്കുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെകുറിച്ച് നിയമനിര്‍മ്മാണസഭയില്‍ നടന്ന സംവാദങ്ങള്‍ ലോകോത്തരമാണ്. സ്വാതന്ത്ര്യങ്ങളുടെ മാതാവാണ് ആവിഷ്‌കാരസ്വാതന്ത്ര്യം എന്നതാണ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ എന്ന് അവകാശപ്പെട്ടിരുന്ന പണ്ഡിറ്റ് നെഹ്‌റുവിന്റെ സര്‍ക്കാരിന്, പെട്ടെന്ന് തന്നെ ആ സ്വരങ്ങള്‍ അലോസരമായി. ഓര്‍ഗനൈസര്‍ മാസിക വിളിച്ച് പറഞ്ഞ സത്യങ്ങളാണ് അദ്ദേഹത്തിനെ ഒന്നാം ഭരണഘടനാ ഭേദഗതിക്കായി പ്രേരിപ്പിച്ചത്. നെഹ്‌റു സര്‍ക്കാരിന്റെ പാക് നയങ്ങളെ വിമര്‍ശിച്ച് കൊണ്ട് ഓര്‍ഗനൈസര്‍ മാസിക നിരവധി ലേഖനങ്ങള്‍ എഴുതി. ഇത് തടയാനായി ദില്ലി ചീഫ് കമ്മീഷണര്‍ വിചിത്രമായ ഒരു ഉത്തരവ് ഇറക്കി. വര്‍ഗ്ഗീയവും, പാകിസ്ഥാനെ സംബന്ധിക്കുന്നതുമായ ലേഖനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി കൊണ്ടായിരുന്നു അത്. ഈസ്റ്റ് പഞ്ചാബ് സുരക്ഷാ നിയമപ്രകാരമാണ് അത്തരമൊരു വിജ്ഞാപനം പുറത്തിറക്കിയത്. ഇതിനെ ഓര്‍ഗനൈസര്‍ പത്രാധിപര്‍ കെ.ആര്‍. മല്‍ക്കാനി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു.

സമാനമായ ഒരു സംഭവം മദിരാശി പ്രവിശ്യയിലുമുണ്ടായി. സേലം ജയിലില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട തടവുകാരെ സംബന്ധിച്ച് ക്രോസ് റോഡ്‌സ് എന്ന പ്രസിദ്ധീകരണത്തില്‍ വാര്‍ത്ത വന്നു. ഈ പ്രസിദ്ധീകരണത്തെ തന്നെ നിരോധിച്ച് കൊണ്ടാണ് സര്‍ക്കാര്‍ തിരിച്ചടിച്ചത്. ‘ക്രോസ് റോഡ്’ ന്റെ എഡിറ്റര്‍ റോമേഷ് ഥാപ്പറും ഈ നിരോധനം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. ഈ രണ്ട് കേസ്സുകളിലും വാദം കേട്ട സുപ്രീംകോടതി 1950 മെയ് 6ന് വിധി പറഞ്ഞു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ കോടതി സര്‍ക്കാരിന്റെ നടപടികള്‍ റദ്ദാക്കി.

തങ്ങളുടെ ‘മാനസ ശിശു’വെന്നവകാശപ്പെട്ടിരുന്ന ഭരണഘടന, തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരെ തിരിയുന്നതില്‍ അസ്വസ്ഥനായ പണ്ഡിറ്റ് നെഹ്‌റുവിനെയാണ് പിന്നീട് ചരിത്രം കണ്ടത്. ഈ വിധിന്യായങ്ങള്‍ സര്‍ക്കാരിന്റെ ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുമെന്ന വിചിത്രവാദമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തത്. ഭരണഘടനാ പ്രകാരമുള്ള ആവിഷ്‌കാരസ്വാതന്ത്ര്യം അനിയന്ത്രിതമാണ്. അത് ഉപയോഗിച്ച് കൊലപാതകാഹ്വാനം നല്‍കുന്നവര്‍ക്ക് വരെ രക്ഷപ്പെടാന്‍ സാധിക്കുമെന്ന വാദം ട്രഷറി ബെഞ്ചുകളില്‍ നിന്ന് ഉയര്‍ന്നുവന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന രാജ്യങ്ങളില്‍ അതിന് കടുത്ത ശിക്ഷയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

നെഹ്‌റു ഒപ്പുവെയ്ക്കുന്നു

എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ഈ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് കോണ്‍ഗ്രസ്സിതരര്‍ ഉയര്‍ത്തിയത്. ഡോ.ശ്യാമപ്രസാദ് മുഖര്‍ജി നിശിതമായ ഭാഷയില്‍ ഭരണഘടനാ ഭേദഗതിയെ എതിര്‍ത്തു. പൊതുതിരഞ്ഞെടുപ്പ് നടത്തി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സഭ മാത്രമേ ഭരണഘടനാ ഭേദഗതി നടപ്പിലാക്കാവൂ എന്ന വാദവും ഉയര്‍ന്നുവന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും ചെവികൊടുക്കാതെ തങ്ങള്‍ക്ക് അലോസരമുയര്‍ത്തിയ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തല്‍ക്കാലത്തേക്ക് വരുതിയിലാക്കാന്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനായി. ഭരണഘടനയുടെ നേരെയുള്ള കോണ്‍ഗ്രസ്സിന്റെ കടന്നാക്രമണമായി ഈ ഭേദഗതി ചരിത്രതാളില്‍ ഇടംപിടിച്ചു.

സംസ്ഥാനങ്ങളില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ വേണമെന്ന് ഭരണഘടനാ നിര്‍മ്മാണ സഭ അസന്നിഗ്ധമായി വ്യക്തമായിട്ടുള്ളതാണ്. എന്നാല്‍ ഈ സര്‍ക്കാരുകളെ പിരിച്ച് വിടാനുള്ള ഒരു അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ അനുച്ഛേദം 356 ഉം നമ്മുടെ ഭരണഘടനയിലുണ്ട്. ഈ അനുച്ഛേദം ദുരുപയോഗം ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്ന്, നിര്‍മ്മാണസഭയിലെ നിരവധി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് ഡോ. അംബേദ്കര്‍ പറഞ്ഞത്. എന്നാല്‍ ഭരണഘടനയുടെ അച്ചടിമഷി ഉണങ്ങുന്നതിന് മുമ്പ് തന്നെ അനുച്ഛേദം 356 ഉപയോഗിക്കപ്പെട്ടു. ഭരണഘടന നിലവില്‍ വന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍, 1954-ല്‍ തന്നെ പഞ്ചാബിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പണ്ഡിറ്റ് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ച് വിട്ടു. തങ്ങള്‍ക്ക് രസിക്കാത്തവരെ ഒഴിവാകുന്ന നെഹ്‌റു കുടുംബത്തിന്റെ പദ്ധതിയുടെ ആദ്യത്തെ ഇരയാണ് പഞ്ചാബ് സര്‍ക്കാര്‍.

കേരളത്തിലെ ഇ.എം.എസ്. നമ്പൂതിരിപ്പാട് സര്‍ക്കാരിനെ, 1959ല്‍ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടു. സര്‍ക്കാരിനെതിരെ, ഉണ്ടായ ഒരു ബഹുജനസമരം ചൂണ്ടിക്കാട്ടിയാണ് അത്. പിന്നീടങ്ങോട്ട് അനുച്ഛേദം 356ന്റെ ദുരുപയോഗത്തിന്റെ ഘോഷയാത്രയായിരുന്നു. 1950നും 70നും ഇടയ്ക്ക് 20 തവണയാണ് സംസ്ഥാന സര്‍ക്കാരുകളെ ഇത്തരത്തില്‍ പിരിച്ച് വിട്ടത്. എന്നാല്‍ ഇതിനിടയിലും തന്റെ ജനാധിപത്യവാദി എന്ന ഇമേജിന് കോട്ടം തട്ടാതിരിക്കാന്‍ നെഹ്‌റുവിന് ആയി.

നെഹ്‌റുവിന്റെ പിന്‍ഗാമിയായി എത്തിയ ലാല്‍ബഹാദൂര്‍ ശാസ്ത്രി തികഞ്ഞ ജനാധിപത്യവാദിയായിരുന്നു. ആ കാലയളവിലാണ് കോണ്‍ഗ്രസ് കുറച്ചെങ്കിലും ഭരണഘടനയെ മാനിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം താഷ്‌കന്റില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ അന്തരിച്ചു. തുടര്‍ന്ന് കേന്ദ്രഭരണം വീണ്ടും നെഹ്‌റു കുടുംബത്തിലേക്ക് എത്തി. നെഹ്‌റുവിന്റെ പുത്രി ഇന്ദിരാഗാന്ധി ഭാരതത്തിന്റെ പ്രധാനമന്ത്രിയായ ശേഷം, വീണ്ടും സംസ്ഥാനങ്ങളെ പിരിച്ചുവിടല്‍ ഒരു പതിവ് പരിപാടിയാക്കി. ഇന്ദിരാഗാന്ധി മാത്രം 27 തവണ വിവിധ സംസ്ഥാന ഭരണകൂടങ്ങളെ പിരിച്ച് വിട്ടു. കോണ്‍ഗ്രസ് 93 തവണ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ച് വിട്ടു. ഇത്തരത്തില്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒന്നിനെയും അനുവദിക്കാത്ത നെഹ്‌റുകുടുംബത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും നയം സംസ്ഥാന സര്‍ക്കാരുകളെ പിരിച്ച് വിടുന്നതിലും പ്രകടമായിരുന്നു. കോണ്‍ഗ്രസ്സില്‍ അധികാരകേന്ദ്രം നെഹ്‌റുകുടുംബത്തിന്റെ പുറത്തേക്ക് വന്നത് നരസിംഹറാവു സര്‍ക്കാരിന്റെ കാലത്തായിരുന്നു. എന്നാല്‍ ആ സമയത്തും സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടല്‍ നിര്‍ബാധം തുടര്‍ന്നു. അയോദ്ധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍സിംഗിന്റെ പാര്‍ട്ടിയാണ് എന്ന ഒറ്റ കാരണത്താല്‍ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ബിജെപി സര്‍ക്കാരുകളെ, കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്താക്കി. ഇത്തരത്തില്‍ ഭരണഘടനാവിരുദ്ധതയുടെ പ്രതീകങ്ങളായി കോണ്‍ഗ്രസും, ലാല്‍ബഹാദൂര്‍ ശാസ്ത്രി ഒഴിച്ചുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും മാറി.

ഭരണഘടനാ അസംബ്ലി യോഗം

ഭരണഘടനാ നിര്‍മ്മാണം ഏകദേശം മൂന്ന് വര്‍ഷത്തിനോട് അടുത്ത് നീണ്ടുനിന്ന ഒരു പ്രക്രിയയായിരുന്നു. ആ ഭരണഘടനയുടെ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കുന്ന വ്യവസ്ഥകളാണ് അടിയന്തരാവസ്ഥയെ സംബന്ധിച്ച അനുച്ഛേദങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. അടിയന്തരാവസ്ഥയെ കുറിച്ചും ഭരണനിര്‍വ്വഹണ സഭയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. അനാവശ്യമായി ഈ വ്യവസ്ഥകളും ഉപയോഗിക്കപ്പെടില്ലായെന്ന വിശ്വാസമാണ് ഭരണഘടനാ നിര്‍മ്മാണ സഭ പുലര്‍ത്തിയത്. എന്നാല്‍ പിന്നീട് സംഭവിച്ചത് അങ്ങനെയായിരുന്നില്ല. ഭരണഘടന നിലവില്‍ വന്ന് 12 വര്‍ഷങ്ങള്‍ക്കകം ഭാരതത്തില്‍ ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. 1963ല്‍ പണ്ഡിറ്റ് നെഹ്‌റുവാണ് ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭാരത-ചൈന യുദ്ധത്തിന്റെ പേര് പറഞ്ഞാണ് അത് പ്രഖ്യാപിച്ചത്. എന്നാല്‍ യുദ്ധം പെട്ടെന്ന് അവസാനിച്ചുവെങ്കിലും അടിയന്തരാവസ്ഥ 1968 വരെ നീണ്ടു. തനിക്കെതിരെ ഉരുത്തിരിഞ്ഞ് വരുന്ന എതിര്‍പ്പിനെ മറികടക്കാനാണ് നെഹ്‌റു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്ന ഒരു ആരോപണം ശക്തമാണ്. ഒന്നാമത്തെ അടിയന്തരാവസ്ഥയിലും അതിക്രമങ്ങള്‍ ഉണ്ടായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ജ.സുബ്ബറാവു, അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചു. തുടര്‍ന്ന് 1968 ജനുവരിയില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടു. രണ്ടാമത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1971 ല്‍ ആണ്. ഇന്ദിരാഗാന്ധിയാണ് ഭാരത-പാക് യുദ്ധം ചൂണ്ടിക്കാട്ടി അത് പ്രഖ്യാപിച്ചത്. ഇന്ദിരയ്‌ക്കെതിരെ രൂപംകൊണ്ട പ്രതിപക്ഷ ഐക്യമാണ്, ഇതിന്റെ യഥാര്‍ത്ഥ കാരണമെന്നതാണ് യാഥാര്‍ത്ഥ്യം. തുടര്‍ച്ചയായി സുപ്രീംകോടതിയില്‍ നിന്നുണ്ടായ തിരിച്ചടികളും അതിന് കാരണമായി. ബാങ്ക് ദേശസാല്‍കൃത കേസ്സിലും – പ്രീവിവേഴ്‌സ് നിറുത്തലാക്കിയ കേസ്സിലും ഇന്ദിരയുടെ നടപടികളെ കോടതി റദ്ദാക്കി. ഈ വിധികള്‍ മറികടക്കുവാനായി ഇന്ദിര സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നു. അപ്രിയ കോടതി വിധികളെ മറികടക്കുവാനായി ഭരണഘടനയെ ഭേദഗതി ചെയ്യുകയെന്ന എളുപ്പമാര്‍ഗ്ഗം കണ്ടുപിടിച്ചത് ഇന്ദിരാഗാന്ധിയാണ്.

എന്നാല്‍ അത് മാത്രം പോരാ അടിയന്തരാവസ്ഥ തന്നെ വേണമെന്നായിരുന്നു അവരുടെ കൊട്ടാരവൃന്ദത്തിന്റെ നിലപാട്. അതനുസരിച്ച് 1971ലെ രണ്ടാം അടിയന്തരാവസ്ഥ നിലവില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് ഇന്ദിരാഗാന്ധി മൂന്നാമത്തെ അടിയന്തരാവസ്ഥ 1975ല്‍ പ്രഖ്യാപിക്കുന്നത്. ഇത് തന്നെ ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു പ്രമുഖരായ നിയമജ്ഞരുടെ നിലപാട്.

ഇന്ദിരയും സഞ്ജയ്‌യും കൊട്ടാരവൃന്ദവും ചേര്‍ന്ന് ഭാരതത്തെ ചോരക്കളമാക്കി. മനുഷ്യാവകാശ സംരക്ഷകരാകേണ്ട കോടതികളെ പോലും അവര്‍ നിര്‍ജ്ജീവമാക്കി. ഭരണഘടന മാത്രമല്ല മനുഷ്യാവകാശതത്വങ്ങള്‍ പോലും കടലാസ്സില്‍ ഒതുങ്ങി. ലോക്കപ്പ് മരണങ്ങളും നിര്‍ബന്ധിതവന്ധ്യകരണവുമെല്ലാം ദിനചര്യകളായി.

നിതീനിര്‍വ്വഹണ ക്രമത്തിലെ ഇന്ദിരാഗാന്ധിയുടെ ഇടപെടലായിരുന്നു അടിയന്തരാവസ്ഥയെ ഏറ്റവും ഭീതിജനകമാക്കിയത്. 73ലെ കേശവാനന്ദഭാരതി കേസ്സിലെ വിധിയാണ് ഇന്ദിരയെയും മറ്റും ചൊടിപ്പിച്ചത്.

ഭരണഘടനാ ഭേദഗതികളിലൂടെ ഭരണഘടന തന്നെ മാറ്റിമറിയ്ക്കാമെന്ന ഇന്ദിരയുടെ പദ്ധതികള്‍ക്ക് ഏറ്റ തിരിച്ചടിയായിരുന്നു ഈ വിധി. ഭേദഗതികള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാക്കരുത് എന്നതായിരുന്നു ആ കേസ്സിലെ വിധി. 13 പേരടങ്ങുന്ന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സിക്രി, ജസ്റ്റിസുമാരായ ഹെഗ്‌ഡെ, മുഖര്‍ജി, ഷെലാത്ത്, ഗ്രോവര്‍, ജഗ്‌മോഹന്‍ റെഡ്ഡി, എച്ച്.ആര്‍.ഖന്ന എന്നീ ഏഴ് പേരാണ് ഈ ഐതിഹാസിക വിധി പ്രഖ്യാപിച്ചത്. സര്‍ക്കാരിനെതിരെ വിധി പറഞ്ഞ ജഡ്ജിമാരെ ഇന്ദിര അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടി. ചീഫ് ജസ്റ്റിസ് സിക്രിയുടെ കാലാവധി അവസാനിക്കുകയായിരുന്നു. അന്നുവരെ സീനിയര്‍ ജഡ്ജി ചീഫ് ജസ്റ്റിസ് ആകുക എന്നതായിരുന്നു കീഴ്‌വഴക്കം. എന്നാല്‍ ഈ കേസ്സില്‍ വിധി പറഞ്ഞ തൊട്ടടുത്ത ദിവസം, സീനിയര്‍ ജഡ്ജിമാരായ ഷെലാത്ത്, ഹെഗ്‌ഡെ, ഗ്രൊവര്‍ എന്നിവരെ മറികടന്ന് നാലാമനായ ജസ്റ്റിസ് എ.എന്‍. റെയ്‌യെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസായി നിയമിച്ചു. തുടര്‍ന്ന് മറികടക്കപ്പെട്ട ജഡ്ജിമാര്‍ രാജിവെച്ചു. തങ്ങള്‍ക്ക് എതിരെ നിലപാടെടുക്കുന്ന ജഡ്ജിമാരെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലത്തേ ആരംഭിച്ചിരുന്നു. എന്നാല്‍ അന്ന് ജൂനിയര്‍ ജഡ്ജിമാര്‍ തന്നെ അതിനെ എതിര്‍ത്തു. അതിനെതുടര്‍ന്നാണ് സീനിയോറിറ്റി മറികടന്ന് ബി.കെ. മുഖര്‍ജിയെയും, ഹിദായത്തുള്ളയെയും ചീഫ് ജസ്റ്റിസുമാരാക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചത്.

ജസ്റ്റിസ് എ.എന്‍.റെയുടെ നിയമനത്തെ രാജ്യത്തെ പ്രമുഖ നിയമജ്ഞരെല്ലാം എതിര്‍ത്തു. സുപ്രീംകോടതി ബാര്‍ അസോസിയേഷനും, മുംബൈ ബാര്‍ അസോസിയേഷനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ കേസ്സും അതുണ്ടാക്കിയ പ്രതിഷേധങ്ങളും അടിയന്തരാവസ്ഥയ്ക്ക് കാരണമായി. അടിയന്തരാവസ്ഥ നിലവില്‍ വന്നതിന് ശേഷം ഇന്ദിരാഗാന്ധി കൂടുതല്‍ പ്രതികാരവാഞ്ഛയോടെ ഭരണഘടനയെയും ജുഡീഷ്യറിയെയും നേരിട്ടു. അടിയന്തരാവസ്ഥക്ക് എതിരെ വിധി പറഞ്ഞ 16 ഹൈക്കോടതി ന്യായാധിപന്മാരെ അവരുടെ മാതൃഹൈക്കോടതികളില്‍ നിന്ന് സ്ഥലം മാറ്റി. അടിയന്തരാവസ്ഥാ സമയത്തെ ഏറ്റവും പ്രധാനപ്പെട്ട കേസ്സ് ‘ഹേബിയസ് കോര്‍പ്പസ് കേസ്’ ആണ്. എ.ഡി.എം. ജബല്‍പൂര്‍ ഢ െശിവകാന്ത് ശുക്ല എന്നതായിരുന്നു ആ കേസിന്റെ പേര് അടിയന്തരാവസ്ഥ സമയത്ത്, പൗരന് മൗലികാവകാശങ്ങള്‍ നടപ്പിലാക്കാന്‍, കോടതികളെ സമീപിക്കാന്‍ അവകാശമില്ലായെന്നതാണ് ഈ കേസ്സില്‍ ജസ്റ്റിസ് റെയ്‌യുടെ നേതൃത്വത്തിലുള്ള ഭൂരിപക്ഷ ബെഞ്ച് വിധി. ഈ ഭൂരിപക്ഷ വിധിക്ക് എതിരെ ജസ്റ്റിസ് ഖന്ന ശക്തമായ വിയോജനക്കുറിപ്പ് എഴുതി. ജസ്റ്റിസ് റേയ്ക്ക് ശേഷം ജസ്റ്റിസ് ഖന്നയായിരുന്നു ചീഫ് ജസ്റ്റിസ് ആകേണ്ടിയിരുന്നത്. എന്നാല്‍, ഈ വിധി അദ്ദേഹത്തെ ഇന്ദിരയുടെ അപ്രീതിക്ക് പാത്രമാക്കി. ജസ്റ്റിസ് ഖന്നയെ മറികടന്ന് ജൂനിയറായ ബേഗിനെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസായി നിയമിച്ചു. അതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് ഖന്ന രാജിവെച്ചു.

ഇത്തരത്തില്‍ ഭരണഘടനയെയും നീതിന്യായ സംവിധാനങ്ങളെയും തളച്ചിടാനുള്ള ഒരു അവസരവും കോണ്‍ഗ്രസ് പാഴാക്കിയിട്ടില്ല. ഭരണഘടനാ നിര്‍മ്മാണ സഭ നല്‍കിയ ഭരണഘടനയുടെ സ്വഭാവം തന്നെ ഒന്നാം ഭരണഘടനാഭേദഗതിയോടെ കോണ്‍ഗ്രസ് ഇല്ലാതെയാക്കി. പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനായ ഉപേന്ദ്ര ബക്‌സി പറഞ്ഞത് ”ഒന്നാം ഭേദഗതിയോടെ ഭരണഘടന പുതിയ ഭരണഘടന, അല്ലെങ്കില്‍ നെഹ്‌റുവിന്റെ ഭരണഘടനയായി” എന്നാണ്. പ്രമുഖ നിയമജ്ഞനായ എ.ജി. നൂറാനിയും സമാന അഭിപ്രായം രേഖപ്പെടുത്തി. ഭരണഘടനയെ വരുതിയിലാക്കാനുള്ള ശ്രമത്തില്‍ പലപ്പോഴും അതിന്റെ അന്തസ്സത്ത തന്നെ കോണ്‍ഗ്രസ് നശിപ്പിച്ചു. ഏറ്റവുമധികം ഭരണഘടനയ്ക്കും, ജനാധിപത്യത്തിനും നീതിന്യായവ്യവസ്ഥയ്ക്കും ക്ഷതം വരുത്തിയ പാര്‍ട്ടി കോണ്‍ഗ്രസ്സാണ്.

ആര്‍.എസ്.എസ്സും ഭരണഘടനയും
ഇനിയാണ് ആര്‍.എസ്.എസ്. ഭരണഘടനയ്ക്ക് എതിരാണ് എന്ന വാദത്തിന്റെ സത്യാവസ്ഥ പരിശോധിക്കപ്പെടേണ്ടത്. ഭാരത ദേശീയതയുടെ സംഘടനാരൂപമാണല്ലോ ആര്‍.എസ്.എസ്. എന്നാല്‍ അധികാരകേന്ദ്രങ്ങളില്‍ ഇരുന്ന് മാത്രമെ ഒരു സമൂഹത്തിനെ മാറ്റാനാകൂ എന്ന് ആര്‍.എസ്.എസ് വിശ്വസിച്ചിരുന്നില്ല. ഓരോ വ്യക്തിയിലും മാറ്റമുണ്ടാകുമ്പോഴാണ് സമൂഹത്തില്‍ സ്ഥായിയായ മാറ്റമുണ്ടാക്കാന്‍ സാധിക്കൂ എന്നതാണ് ആര്‍.എസ്.എസ്സിന്റെ വീക്ഷണം. അതുകൊണ്ട് ഭരണഘടനാ നിര്‍മ്മാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് നേരിട്ട് മത്സരിച്ചില്ല. അത് ഒരിക്കലും സംഘത്തിന്റെ രീതിയുമായിരുന്നില്ല. പക്ഷേ സംഘം പകര്‍ന്ന് നല്‍കിയ ദേശീയത മനസ്സില്‍ പേറിയ നിരവധി നേതാക്കന്മാര്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ പങ്കെടുത്തു. ജനസംഘം സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അവരില്‍ ഒരാളായിരുന്നു.

ഒരു ഭരണഘടന എത്ര മഹത്തരമായാലും അത് കൈകാര്യം ചെയ്യുന്നവര്‍ നന്നായില്ലെങ്കില്‍ ഭരണഘടന മോശമാകും, എന്നായിരുന്നു ഡോ. അംബേദ്കറുടെ ആശങ്ക. ആ ആശങ്ക മനസ്സിലാക്കി സാമൂഹികജീവിതത്തില്‍ എല്ലാ തരത്തിലുള്ള സ്വഭാവശുദ്ധി ഉള്ളവരെ സംഭാവന ചെയ്യുകയായിരുന്നു സംഘം ഏറ്റെടുത്ത ദൗത്യം. വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്രനിര്‍മ്മാണം എന്ന ആശയം അംബേദ്കറുടെ ഈ ആശങ്കകള്‍ക്കുള്ള മറുപടിയായിരുന്നു.

‘ഹിന്ദുത്വം’ ഭാരത ഭരണഘടനയുടെ യഥാര്‍ത്ഥ പ്രതിഫലനമാണ് എന്നാണ് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. ഭരണഘടനയുടെ ആമുഖത്തിന്റെ പ്രതിഫലനമാണ് ഹിന്ദുത്വം. ഭരണഘടനയില്‍ വിഭാവനം ചെയ്യുന്ന സമത്വം, സാഹോദര്യം, തുല്യനീതി, സ്വാതന്ത്ര്യം എന്നിവ നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഭാരതത്തിന്റെ ജീവിതചര്യയുടെ ഭാഗമാണ്. മറ്റ് ചിന്താധാരകളെ അംഗീകരിക്കാനും, സ്വീകരിക്കാനും നാം നൂറ്റാണ്ടുകള്‍ക്ക് മുന്നേ പരിശീലിച്ചിരുന്നു. അത് മതേതരത്വം ഭരണഘടനയില്‍ ഉള്‍പ്പെടുന്നതിന് നൂറ്റാണ്ടുകള്‍ മുന്നേയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഭരണഘടനയോടുള്ള ആര്‍.എസ്.എസ്സിന്റെ സുവ്യക്തമായ നിലപാട്. ആര്‍.എസ്.എസ് ഒരിക്കലും ഭരണഘടനാനിര്‍മ്മാണ സഭയെയോ, ഭരണഘടനയെയോ ഇകഴ്ത്തി സംസാരിച്ചിട്ടില്ല. കാലാകാലങ്ങളില്‍ ഭരണഘടനയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ ഏറ്റവും ശക്തമായി പ്രതിരോധിച്ചതും ആര്‍.എസ്.എസ്സാണ്. അടിയന്തരാവസ്ഥകാലത്ത് ഭാരതത്തിന്റെ ഭരണഘടനയെ മരവിപ്പിച്ച കോണ്‍ഗ്രസ്സ് നടപടിയെ, എതിര്‍ത്ത ആര്‍.എസ്.എസ്. നിലപാട് അതിന്റെ തെളിവാണ്. ആര്‍.എസ്.എസ് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഏറ്റവും വലിയ കാരണമായി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന നിലപാട് പോലും മാറ്റിവെച്ച് ആര്‍.എസ്.എസ്. നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇന്ദിരയുടെ തോല്‍വി. അടിയന്തരാവസ്ഥ കഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനം മൂലമാണ്. ആര്‍.എസ്.എസ് ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളേയും ജനാധിപത്യമൂല്യങ്ങളെയും എത്രമാത്രം വിലമതിക്കുന്നുവെന്നതിന്റെ സൂചനയാണ് അത്.

ഭരണഘടനാ രൂപീകരണ സമയത്ത്, ആര്‍.എസ്.എസ്, ചില സംശയങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്നുവെന്ന് ശരി തന്നെയാണ്. അത്തരത്തില്‍ സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ശ്രീഗുരുജി നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ആര്‍.എസ്.എസ് ഭാരത ഭരണഘടനയ്ക്ക് എതിരാണ് എന്ന വാദത്തിന് അടിസ്ഥാനമായി പ്രചരിപ്പിക്കുന്നത്. ഭാരത ഭരണഘടനയില്‍ ഭാരതീയ മൂല്യങ്ങള്‍ കുറവാണ് എന്ന ഗുരുജിയുടെ പരാമര്‍ശമാണ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നത്.

ഭാരത ഭരണഘടന 1935ലെ ഇന്ത്യാ സര്‍ക്കാര്‍ നിയമത്തിന്റെ തനിപതിപ്പാണ് എന്ന വാദം ആദ്യം ഉയര്‍ത്തിയവരില്‍ ഒരാള്‍ ഐവര്‍ ജെനിങ്‌സ് എന്ന പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനാണ്. ഭാരത ഭരണഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള ഗ്രാന്‍വില്ലി ഔസ്റ്റിന്‍ എന്ന നിയമജ്ഞനും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. ഇത് മാത്രമല്ല ഭരണഘടന നിര്‍മ്മാണസഭയുടെ മറ്റ് പല വിശേഷതകളും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ഭരണഘടന ആവശ്യത്തിലധികം വലുതാണ് എന്ന് വിമര്‍ശനം പോലും അകാലത്ത് പ്രമുഖ നിയമജ്ഞരുടെ ഭാഗത്ത് നിന്നുണ്ടായി.

”നമ്മള്‍ വീണയുടെയും സീത്താറിന്റെയും ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ നമ്മള്‍ കേട്ടത് ഇംഗ്ലീഷ് ബാന്‍ഡിന്റെ ശബ്ദമാണ്.” ഈ വാദം ഭരണഘടനാനിര്‍മ്മാണസഭയില്‍ ഉയര്‍ത്തിയത് മൈസൂരില്‍ നിന്നുള്ള കെ.ഹനുമന്തയ്യാ എന്ന കോണ്‍ഗ്രസ് അംഗമാണ്. അദ്ദേഹം പിന്നീട് മൈസൂരിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി. ആ വിമര്‍ശനം അടര്‍ത്തിമാറ്റി ഹനുമന്തയ്യയും നെഹ്‌റുവും കോണ്‍ഗ്രസ്സും ഭരണഘടനയ്‌ക്കെതിരായിരുന്നു എന്ന് വാദിക്കുന്നത് ജുഗുപ്‌സാവഹമാണ്. അതുപോലെയാണ് ഗുരുജിയുടെ ഒരു പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആര്‍.എസ്.എസ്സിന് എതിരെ ഉപയോഗിക്കുന്നത്. അത് മാത്രമല്ല ഇത്തരത്തിലുള്ള ഒരു ഭരണഘടനയല്ല ഗാന്ധിജി വിഭാവനം ചെയ്തത് എന്ന് പോലും ഹനുമന്തയ്യ ചര്‍ച്ചയില്‍ പറഞ്ഞു.

ഒഡീഷയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായിരുന്ന ലോക്‌നാഥ് മിശ്രയും ഭരണഘടന പാശ്ചാത്യ ആശയങ്ങള്‍ കടമെടുത്തതാണ് എന്ന വാദം ഉയര്‍ത്തി. അംഗങ്ങളായ പി.ആര്‍. ദേശ്മുഖ്, ലക്ഷ്മീനാരായണന്‍ എന്നിവരും സമാനമായ നിലപാടാണെടുത്തത്. അത്തരത്തില്‍ ഒരു ആശങ്ക പങ്ക് വയ്ക്കുകയാണ് ഗുരുജിയും ചെയ്തത്. അത് ആര്‍.എസ്.എസ്സിന്റെ ഭരണഘടനയോടുള്ള നിലപാടായി ഉയര്‍ത്തിക്കാട്ടുന്ന പ്രചാരവേലയ്ക്ക് ചില ദുഷ്ടലാക്കുകളുണ്ട്. ഭാരതത്തിലെ നിയമങ്ങള്‍ ഭാരതീയവല്‍ക്കരിക്കേണ്ടതാണ് എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നിലപാടും നമ്മുടെ നിയമങ്ങളില്‍ പാശ്ചാത്യ സ്വാധീനം ഉണ്ട് എന്ന് അംഗീകരിക്കുന്നതാണ്.

ആര്‍.എസ്.എസ്. ഇന്ത്യന്‍ ഭരണഘടനയെ എത്രമാത്രം അംഗീകരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ അടിയന്തിരാവസ്ഥക്കെതിരെയുള്ള ചെറുത്ത് നില്‍പ്പ് മാത്രംമതി. അടിയന്തരിവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ വിപ്ലവകാരികള്‍ കീഴടങ്ങുകയും കുടുംബത്തിനോടൊപ്പം ചേരാന്‍ മോചനം യാചിക്കുകയും ചെയ്തു. അപ്പോഴും ഭരണകൂടത്തിന് മുന്നില്‍ മുട്ടുമടക്കാത്ത ആയിരക്കണക്കിന് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് രണ്ടാം സ്വാതന്ത്ര്യസമരം വിജയിപ്പിച്ചത്. ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍, ആര്‍.എസ്.എസ് അവ കോടതികളിലും ചോദ്യം ചെയ്തു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മുകളിലുള്ള ആദ്യത്തെ കടന്നാക്രമണം ചെറുത്തത് ഓര്‍ഗനൈസറും, അതിന്റെ പത്രാധിപരായിരുന്ന കെ.ആര്‍. മല്‍ക്കാനിയുമായിരുന്നു. എപ്പോഴൊക്കെ ഭരണഘടന പ്രതിസന്ധി നേരിട്ടിട്ടുണ്ടോ, അപ്പോഴൊക്കെ, ആര്‍.എസ്.എസ്. രക്ഷയ്ക്കായി എത്തിയിട്ടുണ്ട് എന്ന് ചരിത്രം തുല്യം ചാര്‍ത്തും. അതുകൊണ്ടാണ് ഭരണഘടനയും സൈന്യവും ആര്‍.എസ്.എസ്സുമാണ് ഭാരതത്തിന്റെ രക്ഷകര്‍ എന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടത്. അതാണ് ഭരണഘടനയോടുള്ള ആര്‍.എസ്.എസ് നിലപാടിന്റെ സാക്ഷ്യപത്രം.

Tags: ഭരണഘടനആര്‍.എസ്.എസ്.
ShareTweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies