കുഞ്ഞായിരിക്കുമ്പോള്‍ ആരും മറ്റ് മനുഷ്യരെക്കുറിച്ച്് അധികം ചിന്തിക്കുമെന്ന് തോന്നുന്നില്ല. ഒരിക്കലും സംസാരം നിര്‍ത്താതെ ഉള്ളിലിരുന്ന് ആരോ ഓര്‍മ്മകളില്‍ കരയിപ്പിക്കുകയോ സ്വയം സൃഷ്ടിച്ച ഭാവിയിലേക്ക് പറന്നിറങ്ങി ആനന്ദിപ്പിക്കുകയോ ചെയ്യാറില്ല. ആശയും നിരാശയും വിദ്വേഷവും അസൂയയും കലരാതെ മനസ്സ് വര്‍ത്തമാനത്തില്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന സമയമാണത്. ഒരു കളിപ്പാട്ടം കിട്ടുന്ന കുട്ടി മറ്റൊരു ചിന്തയില്ലാതെ എത്രനേരമാണ് ചെലവഴിക്കുന്നത്. അത് മറ്റൊരാള്‍ കൈക്കലാക്കിയാല്‍ വേണമെന്ന് വാശിപിടിച്ച് അവന്‍ കരയുമായിരിക്കും, പക്ഷേ കുറച്ചുകഴിഞ്ഞ് മറക്കും. കുട്ടികള്‍ ദൈവങ്ങളാകുന്നത് അങ്ങനെയൊക്കെയാകും.
എന്തായാലും കുട്ടിക്കാല ഓര്‍മ്മകളില്‍ ഏറ്റവും കൗതുകത്തോടെ കണ്ടിരുന്നത് കിളികളേയും പിന്നെ ഉറുമ്പിനെയുമാണ്. പറന്നിറങ്ങുകയും നിമിഷനേരം കൊണ്ട് പറന്നു മറയുകയും ചെയ്യുന്ന ഒരു കിളിയായാല്‍ മതിയെന്ന് അന്ന് തോന്നിയിട്ടുണ്ട്. ഉറുമ്പുകളുടെ നിരനിരയായുള്ള സഞ്ചാരവും വെട്ടുകല്ലുകള്‍ക്കിടയിലെ തീരെചെറിയ വിടവിലേക്കുള്ള അപ്രത്യക്ഷമാകലും ഒരുപാട് നേരം നോക്കിയിരുന്നിട്ടുണ്ട്. തീരെ ചെറിയ എന്തോ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കല്യാണവീട്ടിലേക്കാണെന്നും അവിടെ ഒരുപാട് ഉറുമ്പുകളുണ്ടെന്നും വഴി തെറ്റാതിരിക്കാന്‍ അവര്‍ ഇടയ്ക്ക് പരസ്പരം വര്‍ത്തമാനം പറയാറുണ്ടെന്നും അന്നത്തെ കൂട്ടുകാര്‍ പറഞ്ഞുതന്നിട്ടുണ്ട്. വിടവിനപ്പുറമുള്ള അവരുടെ വീടുകള്‍ എങ്ങനെയായിരിക്കുമെന്നും അവിടെ അച്ഛനുറുമ്പും അമ്മ ഉറുമ്പും മക്കളുറുമ്പുമായി ഓരോരോ കുടുംബങ്ങളുണ്ടോ എന്നൊക്കെ ആലോചിച്ചിരുന്നിട്ടുണ്ട്. എന്തായാലും ഉറുമ്പുകളുടെ വീട്ടിലേക്കുള്ള വഴിമാത്രമേ കണ്ടിട്ടുള്ളു, വീട് കാണാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. അതേ കുഞ്ഞുമനസ്സിന്റെ കൗതുകത്തോടെ ഉറുമ്പുകളുടെ യാത്ര ഇപ്പോഴും കണ്ടിരിക്കാന്‍ കഴിയുന്നത് ആ രഹസ്യം പിടികിട്ടാഞ്ഞാകും. അറിഞ്ഞാല്‍ അവസാനിക്കുന്നതാണല്ലോ മനുഷ്യന്റെ കൗതുകം.
അപ്പോള്‍ പിന്നെ പക്ഷിയായോ എന്നാണെങ്കില്‍ പക്ഷിയായില്ലെങ്കിലും പറക്കാനായി. ആ പറക്കലിന്റെ ആനന്ദം പിന്നെയും കൊതിപ്പിക്കുന്നു, ഒരു കുഞ്ഞിക്കിളിയാകാന്‍. യാത്രകള്‍ ആവേശമാണ് അന്നുമിന്നും. ഒരിടവേളക്ക് ശേഷം വീണ്ടുമൊരു യാത്ര പുറപ്പെടുമ്പോള്‍ അത് എത്തിച്ചേരുന്ന സ്ഥലത്തിന്റെ ഓര്‍മയില്‍ മനസ്സ് നിശ്ചലമായിക്കൊണ്ടിരുന്നു. അത്രക്കും ആഗ്രഹിച്ചതാണ് മഞ്ഞുമലകളുടെ ദേവഭൂമിയിലേക്ക് എന്നെങ്കിലും പുറപ്പെടണമെന്ന്. വെളുപ്പിന് നാലുമണിക്ക് തുടങ്ങുന്ന ജീവിതചക്രം ഒന്നു മാറ്റികറക്കിവിടണമെന്ന് ആഗ്രഹിച്ചിരുന്നു. വിനോദയാത്രയല്ല തീര്‍ത്ഥയാത്രയാണെന്നായിരുന്നു മനസ്സില്‍.
നെടുമ്പാശ്ശേരിയില്‍ നിന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ വിമാനം പുറപ്പെടും. പാക്കിംഗ് ഒക്കെ കഴിഞ്ഞ് പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ചെക്കിന്‍ ചെയ്തു. വാഴയിലയില്‍ പൊതിഞ്ഞ് കയ്യിലെടുത്ത ചോറ് ഉപ്പിലിട്ട മാങ്ങയും തൈരും കൂട്ടി കഴിക്കാന്‍ തുടങ്ങിയപ്പോള്‍ വിമാനത്തിലേക്ക് ആളുകളെ കയറ്റിത്തുടങ്ങി. ധൃതിവച്ച് കഴിച്ചു കഴിച്ചില്ലെന്ന് വരുത്തി ഓടിയെത്തിയപ്പോഴേക്കും ക്യൂ അവസാനിക്കാറായിക്കഴിഞ്ഞിരുന്നു. ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്ത് അവിടെനിന്ന് വീണ്ടും ദല്‍ഹിക്ക് പുറപ്പെടുന്ന ഇന്‍ഡിഗോയിലാണ് യാത്ര. താഴെ വെണ്‍മേഘശകലങ്ങള്‍ ഒഴുകിപ്പാഞ്ഞ് നടക്കുന്നു. ഒരുപാട് ഉയരത്തിലാണ്, താഴെ എവിടെയോ ഭൂമി നഷ്ടമായിരിക്കുന്നു. ഇടയ്ക്ക് വല്ലപ്പോഴും അവ്യക്തമായി ചില വരകളും കുറികളുമായി അത് തെളിയുകയും മറയുകയും ചെയ്തുകൊണ്ടിരുന്നു. ഞാന്‍ എന്നും എന്റേത് എന്നും ഊറ്റം കൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ സ്ഥലമാണത്. ഒപ്പം പേരുള്ളതും ഇല്ലാത്തതുമായി ഒരുപാട് ജീവികള്‍ വേറെ. കുന്നും മലയും പുഴകളും കൂറ്റന്‍ കെട്ടിടങ്ങളും കൂരകളുമൊക്കെ നിറഞ്ഞ് ഒരാളും മറ്റൊരാളെപ്പോലെയല്ല എന്ന് പ്രത്യക്ഷത്തില്‍ ഓര്‍മിപ്പിച്ച് പരന്നുകിടക്കുകയാണ് ഭൂമി. ആകാശക്കാഴ്ചയില്‍ ഭൂമി എന്ന ഒറ്റ വാക്കില്‍ നിറഞ്ഞുകിടക്കുന്നൊരിടം. പക്ഷേ അവിടെ അങ്ങനെയല്ല. അവകാശികളാണ് എവിടെയും, അതിരുകള്‍ കെട്ടി കയ്യടക്കിയിരിക്കുകയാണ് മനുഷ്യന്‍ ഭൂമിയെ. ഭൂമി മാത്രമല്ല കടലും ആകാശവും പകുത്തെടുത്ത് അതിരുകളിട്ട് അവകാശം സ്ഥാപിച്ചിരിക്കുന്നു.
വിന്‍ഡോ സീറ്റ് കിട്ടാത്ത ഭര്‍ത്താവിനോട് ആകാശം പഠിപ്പിക്കുന്ന വേദാന്തം പങ്കുവയ്ക്കുമ്പോള്‍ അതിന്റെ ആഴം ചോര്‍ന്നുപോകാതെ അദ്ദേഹം ചിരിച്ചു. അപൂര്‍വമാണ് വിമാനയാത്രകളെങ്കിലും വിന്‍ഡോ സീറ്റ് ചോദിച്ച് വാങ്ങാറില്ല, പക്ഷേ മിക്കപ്പോഴും അവിടെത്തന്നെയാകും സീറ്റ്. കണ്ടുമടുക്കാത്ത മേഘങ്ങളെ പിന്നെയും പിന്നെയും എത്തിനോക്കി. അസ്തമയമാണെങ്കില്‍ വര്‍ണാഭമാകുന്ന ചക്രവാളം കണ്ട് വിവരിക്കാനാകാത്ത വിഷാദത്തിലേക്കോ ആശ്ചര്യത്തിലേക്കോ ചിലപ്പോഴൊക്കെ ധ്യാനത്തിലേക്കോ വീണു പോകാന്‍ ഇനിയും വിന്‍ഡോ സീറ്റുകള്‍ കാത്തിരിക്കട്ടെ. കാലാവസ്ഥ പ്രതികൂലമാണെന്ന് ഇടയ്ക്കിടെ അനൗണ്‍സ്‌മെന്റ് ഉയരുന്നുണ്ടെങ്കിലും ആരും അതത്ര കാര്യമാക്കുന്നില്ല. പക്ഷേ വിമാനം വല്ലാതെ കുലുങ്ങിത്തുടങ്ങിയതോടെ ഉറക്കമായവര്‍ തലപൊക്കി നോക്കിത്തുടങ്ങി. പെട്ടെന്ന് ഒറ്റകുലുക്കത്തില്‍ സീറ്റില്‍ നിന്ന് ഉയര്‍ന്നുവീണു. കുട്ടികള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി, വല്ലാതെ ഭയന്നുപോയി. മുകളില്‍ നിന്ന് വിമാനം താഴേക്ക് വീഴുന്നതുപോലെയാണ് തോന്നിയത്.
ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുന്ന എയര്‍ഹോസ്റ്റസാണ് അടുത്ത സീറ്റില്‍. ഹരിയാനക്കാരി ശിഖ. ഉറക്കത്തില്‍ നിന്ന് തലയൊന്നു പൊക്കി നോക്കി. സാരമില്ല എയര്‍ പോക്കറ്റാണ് ബെല്‍റ്റ് മുറുകെ ഇട്ടേക്കൂ എന്ന് പറഞ്ഞ് അവര്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആശ്വാസമായി. അപ്പോള്‍ വലിയ സംഭവമൊന്നുമല്ല ഈ കുലുക്കം. മുമ്പൊന്നും ഇത്തരത്തിലുള്ള എയര്‍പോക്കറ്റില്‍ പതിച്ച വിമാനത്തിലെ അനുഭവമില്ല. എന്തായാലും ഈ ഗ്രാവിറ്റി സിനിമയിലെ നായികയെപ്പോലെ ഈ വിമാനമൊന്ന് ഭൂമിയിലെത്തിയാല്‍ മതിയെന്ന ചിന്തയായി പിന്നെ.
പറഞ്ഞുവന്നത് പറക്കലിന്റെ ആനന്ദത്തെക്കുറിച്ചാണല്ലോ. അത് പക്ഷേ വിമാനയാത്രയാണെന്ന് തെറ്റിദ്ധരിക്കരുത്. അതിലേക്ക് വരും മുമ്പ് പതിനഞ്ച് ദിവസങ്ങളിലായി നടത്തിയ ഹിമാചലിലേക്കുള്ള ആ യാത്രയുടെ വിശേഷങ്ങള്‍ ഒരുപാടുണ്ട് പറയാന്‍.
(തുടരും)