കേരളത്തിലെ യുവജനങ്ങള്‍ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്, എസ്.എഫ്.ഐ – ഡിഫി നേതൃത്വത്തെക്കുറിച്ച് അഭിമാനവിജൃംഭിതരും പുളകിതരുമാകണം. ഈ യുവ നേതൃത്വങ്ങളില്‍ സ്ത്രീ പീഡനത്തില്‍ ആരാണ് മുമ്പില്‍ എന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. മത്സരം സ്ത്രീപീഡനത്തില്‍ മാത്രമേയുള്ളൂ: മോഷണത്തില്‍ അവര്‍ കൂട്ടുകച്ചവടക്കാരാണ്.
ഒരു ഡിഫി നേതാവ് എം. എല്‍.എ ഹോസ്റ്റലാണ് പീഡനത്തിന് തിരഞ്ഞെടുത്തതെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചിന്തന്‍ ശിബിരത്തില്‍ തന്നെ പരിശീലനം പ്രായോഗികമാക്കി. മെഡിക്കല്‍ പ്രവേശനത്തിനുള്ള കോച്ചിങ്ങിന് സീറ്റു കിട്ടാന്‍ തിരുവനന്തപുരത്തെത്തിയ ഡിഫിക്കാരി പെണ്‍കുട്ടിയെ താമസ സൗകര്യമൊരുക്കി കൊടുക്കാമെന്നു പറഞ്ഞാണ് യുവ സഖാവ് ജീവലാല്‍ എം.എല്‍.എ. ഹോസ്റ്റലില്‍ എത്തിച്ചത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച സഖാവിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും ഫലമില്ലാതെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേ സമയം തന്നെയാണ് തിരുവല്ലയില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയും ഒരു ഡിഫി നേതാവും കൂടി തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി ഒരു യുവതി പോലീസില്‍ പരാതി നല്‍കിയത്. പി.കെ.ശശി എം.എല്‍.എക്കെതിരെ ഒരു സജീവ ഡിഫി പ്രവര്‍ത്തക വൃന്ദ കാരാട്ടിനു വരെ പരാതി നല്‍കിയിട്ടും ശിക്ഷ ആറുമാസത്തെ സസ്‌പെന്‍ഷനില്‍ ഒതുങ്ങി. പാര്‍ട്ടിക്ക് സ്വന്തം പോലീസും കോടതിയും ഉണ്ടായതുകൊണ്ട് ആ യുവതിയ്ക്ക് ആകാശം പിളര്‍ന്നു വരുന്ന പോലെ നീതി നടപ്പായിക്കിട്ടിയത് നാം കണ്ടതാണ്. സി.പി.എം കേഡര്‍ കക്ഷിയായതിനാല്‍ ഇത്ര കണിശമായ നീതി നടപ്പായി! സെമികേഡര്‍ കക്ഷിയായ സുധാകരന്‍ കോണ്‍ഗ്രസ്സില്‍ സ്വന്തം കോടതിയും പോലീസും ഇല്ലെങ്കിലും വിധി പ്രഖ്യാപനം പെട്ടെന്നുണ്ടായി. പീഡന പരാതി കിട്ടിയിട്ടില്ല. എന്നിട്ടു യൂത്ത് നേതാവ് വിവേക് നായരെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി പാര്‍ട്ടി ചാരിത്ര്യം തെളിയിച്ചു! രണ്ടു കൂട്ടര്‍ക്കും പോലീസില്‍ വിശ്വാസമില്ല. അതുകൊണ്ട് ഇരുകൂട്ടര്‍ക്കും പോലീസില്‍ പരാതിപ്പെടാന്‍ താല്പര്യവുമില്ല. വിഷയം അതല്ല, ഇരു യുവ നേതൃത്വവും യുവതലമുറക്ക് സ്ത്രീപീഡനം എങ്ങനെ വേണമെന്നതില്‍ മാതൃക കാണിക്കുകയാണ്. പീഡന കാര്യത്തില്‍ മത്സരമാണെങ്കില്‍ മോഷണകാര്യത്തില്‍ കൈകോര്‍ക്കലാണ് ഇവരുടെ രീതി. മലപ്പുറം ഗവ: കോളേജിലെ രസതന്ത്രം, ഇസ്ലാമിക ചരിത്രം, ഉറുദു വകുപ്പുകളില്‍ നിന്ന് പതിനൊന്ന് ബാറ്ററികളും രണ്ട് പ്രൊജക്ടറുകളും കട്ടത് കെ.എസ്.യു -എസ്.എഫ്.ഐ നേതാക്കള്‍ ഒന്നിച്ചാണ്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും പോലീസ് കസ്റ്റഡിയിലായി. ഇനി കാമ്പസ്സുകളിലും തെരുവുകളിലും യുവജനങ്ങള്‍ക്ക് മുഷ്ടിചുരുട്ടി ഉറക്കെ മുദ്രാവാക്യം വിളിക്കാം: ‘പീഡനമോഷണവീരന്മാരെ, യൂത്തന്മാരേ, സഖാക്കളേ, ധീരതയോടെ നയിച്ചോളൂ’.
Comments