ഇസ്ലാമിനെ സമാധാനത്തിന്റെ മതമായി അവതരിപ്പിക്കാന്‍ വ്യാഖ്യാതാക്കള്‍ വൃഥാവ്യായാമം നടത്തുമ്പോള്‍ അത് അങ്ങനെയല്ല എന്നു തെളിയിക്കാനാണ് ഇസ്ലാമിക ഭീകരര്‍ ലോകമെങ്ങും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ സര്‍വ്വസാധാരണമായ ഈ ആധുനിക യുഗത്തിലും ഇസ്ലാമിന്റെ മതവിശ്വാസങ്ങളെ കുറിച്ചും മതഗ്രന്ഥത്തെ കുറിച്ചും പ്രവാചകനെ കുറിച്ചും ആര്‍ക്കും ഒന്നും പറഞ്ഞു കൂടാ എന്ന അവസ്ഥ നിലനില്‍ക്കുന്നു. അതേസമയം ഇതര മതങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും ആശയ സംവാദങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. ഇസ്ലാം മതസ്ഥാപകനായ മുഹമ്മദ് നബിയുടെയോ അദ്ദേഹവുമായി ബന്ധപ്പെട്ടതോ ആയ ചിത്രങ്ങളോ കാര്‍ട്ടൂണുകളോ അച്ചടിച്ചുകൂടാ എന്നൊരു അപ്രഖ്യാപിത നിയമം നൂറ്റാണ്ടുകളായി ലോകത്ത് നിലനില്‍ക്കുന്നു. മതനിന്ദ എന്ന പദം തന്നെ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ഇസ്ലാം മതവുമായി ബന്ധപ്പെട്ടാണ്. ഇതര മതങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മാത്രമല്ല ഇസ്ലാം മതത്തിന് ഭൂരിപക്ഷമുള്ള രാജ്യങ്ങളിലും മതനിന്ദ ആരോപിച്ച് പൗരന്മാരെ കൊല്ലുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.
കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യല്‍ തൊഴിലാളിയായ കനയ്യലാല്‍ മതഭ്രാന്തന്മാരുടെ ഭീഷണി ഉണ്ടായിട്ടും പോലീസ് സംരക്ഷണം ലഭിക്കാതെ ഇസ്ലാമിക ഭീകരരാല്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവം ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ്. മെയ് 27 ന് നടന്ന ചാനല്‍ സംവാദത്തില്‍ പ്രവാചകനെ സംബന്ധിച്ച ചില വസ്തുതകള്‍ പറഞ്ഞതിന്റെ പേരില്‍ ആരോപണവിധേയയായ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്തു എന്നതായിരുന്നു കനയ്യ ലാലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനിടയില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കനയ്യ ലാലിന്റെ മകനാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും വാര്‍ത്തയുണ്ട്. ചിലരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കനയ്യ ലാലിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. ഇസ്ലാമിക സംഘടനകളുടെ ഭീഷണി ഉണ്ടെന്നറിഞ്ഞിട്ടും അയാള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായില്ല. താലിബാന്റെയും ഐ.എസിന്റെയും മാതൃകയിലാണ് കനയ്യ ലാലിന്റെ കൊലപാതകം എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ജൂണ്‍ 28 – ന് ഉച്ചകഴിഞ്ഞ് അയാളുടെ കടയിലെത്തിയവരിലൊരാള്‍ അളവെടുക്കാനെന്നു പറഞ്ഞ് അയാളെ സമീപിക്കുകയും കഴുത്തറുക്കുകയുമായിരുന്നു. അതേസമയം മറ്റൊരാള്‍ സംഭവം വീഡിയോയിലെടുത്തു. ഇതും മറ്റ് രണ്ടു വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഒന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അക്രമികള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍ ഐ.എസ്. ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഭീകരരുടെ പങ്ക് സംശയിക്കപ്പെടുന്നതിനാല്‍ യു.എ.പി.എ. നിയമപ്രകാരം കേസെടുത്ത് എന്‍.ഐ.എ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ടുപേരിലൊരാള്‍ക്ക് പാകിസ്ഥാനിലെ ദാവത് ഇ ഇസ്ലാമി എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. 2014 ല്‍ കറാച്ചി സന്ദര്‍ശിച്ച ഇയാള്‍ അവിടെ നിന്ന് പരിശീലനം നേടിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, പിന്നീട് അതിനെ തല്ലിക്കൊല്ലുക എന്ന തരത്തിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇസ്ലാമിക ഭീകരര്‍ ഹിന്ദു യുവാക്കളെയും യുവതികളെയും കൊലപ്പെടുത്തുന്നത്. അവരുടെ കൈയിലെ അനേകം ആയുധങ്ങളില്‍ ഒന്നാണ് മതനിന്ദ. നിര്‍ത്തിയിട്ട വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ചു എന്നാരോപിച്ചാണ് പൂനെയിലെ 17 വയസ്സുകാരനായ സാവന്‍ റത്തോഡിനെ 2016 ജനുവരി 13 ന് ഭീകരര്‍ തീ കൊളുത്തി കൊന്നത്. ഫരീദാബാദിലെ നികിത തൊമാര്‍ എന്ന 20 വയസ്സുകാരിയെ 2020 ഒക്ടോബര്‍ 26 ന് വെടിവെച്ചു കൊന്നത് മുസ്ലീം യുവാവിനെ മതംമാറി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനാണ്. 2022 ല്‍ കനയ്യ ലാലിന്റേതടക്കം നിരവധി കൊലപാതകങ്ങള്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയിട്ടുണ്ട്. ജനു. 25 ന് ഗുജറാത്തിലെ ദണ്ഡുകയിലെ ഒരു ഹിന്ദു വ്യാപാരിയെ വെടിവെച്ചു കൊന്നു. ഫെബ്രു. 8 ന് ത്സാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ സരസ്വതി പൂജയുടെ ഭാഗമായ വിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ പങ്കെടുത്ത രൂപേഷ് പാണ്ഡെ എന്ന ഹിന്ദു യുവാവിനെ നൂറിലധികം വരുന്ന മുസ്ലീം ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ 27 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രു. 13 ന് ഉത്തരാഖണ്ഡിലെ മുകുള്‍ അധികാരി എന്ന 18 വയസ്സുകാരനെ ഇര്‍ഷാദ് എന്ന കൊടും ക്രിമിനലാണ് തല്ലിക്കൊന്നത്. കര്‍ണാടകത്തില്‍ ശിവമോഗയിലെ 27 വയസ്സുള്ള ഹര്‍ഷ നാഗരാജിനെ കൊലപ്പെടുത്തിയത് ഫെബ്രു. 20 നാണ്. എന്‍.ഐ.എ. ഏറ്റെടുത്ത കേസാണിത്. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റ് ഇട്ടതിനാണ് മഹാരാഷ്ട്രയിലെ അമരാവതിയില്‍ രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉമേഷ് കൊല്‍ഹെ എന്ന ഫാര്‍മസിസ്റ്റിനെ ജൂണ്‍ 22 – ന് കഴുത്തിനു പിന്നില്‍ കത്തി കുത്തിയിറക്കി ഭീകരര്‍ കൊലപ്പെടുത്തിയത്. തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ പ്രൊഫസര്‍ ജോസഫിന്റെ വലതുകൈപ്പത്തി ഇസ്ലാമിക ഭീകരര്‍ മുറിച്ചുമാറ്റിയതും ഇല്ലാത്ത മതനിന്ദ ആരോപിച്ചാണ്. രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കാന്‍ ഇസ്ലാമിക ഭീകരര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് മേല്പറഞ്ഞ സംഭവങ്ങളെല്ലാം.
മതനിന്ദയുടെ പേരിലുള്ള ഇസ്ലാമിക ഭീകരതയുടെ അവസ്ഥ അനുഭവിച്ചറിഞ്ഞവരാണ് മിക്ക രാജ്യങ്ങളും. ഫ്രാന്‍സിലെ “’ഷാര്‍ലി എബ് ദോ’എന്ന ഹാസ്യ വാരിക ഒരു ഡാനിഷ് പത്രത്തില്‍ വന്ന മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ചതിന് ഭീകരര്‍ ആക്രമിക്കുകയും സ്റ്റെഫാന്‍ ചാര്‍ബോണര്‍ എന്ന പത്രാധിപരടക്കം 11 പേരെ വധിക്കുകയും ചെയ്തത് 2015 ജനു 7 നാണ്. എന്നാല്‍ ഭീകരതക്കു മുന്നില്‍ ഒരുതരത്തിലും മുട്ടു മടക്കുന്നവരായിരുന്നില്ല വാരികയുടെ പ്രവര്‍ത്തകര്‍. ഭീകരരുടെ ഭീഷണി വന്ന സമയത്തു പത്രാധിപര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്: ‘മുഹമ്മദ് എനിക്കു വിശുദ്ധനല്ല. ഞങ്ങളുടെ വരകള്‍ കണ്ട് ചിരിക്കാത്ത മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഞാന്‍ ഫ്രഞ്ചു നിയമത്തിനു കീഴിലാണ് കഴിയുന്നത്. ഖുറാന്‍ നിയമത്തിനു കീഴിലല്ല.’ മുമ്പു 60,000 കോപ്പി മാത്രം അച്ചടിച്ച വാരിക മുഹമ്മദ് നബിയുടെ മുഖചിത്രവുമായി വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ 50 ലക്ഷം പേര്‍ ക്യൂനിന്ന് വാങ്ങാന്‍ തയ്യാറായത് ഭീകരതയ്‌ക്കെതിരായ ഫ്രാന്‍സിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവായിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ മുഹമ്മദ് നബിയുടെ മകളെ കുറിച്ച് ‘ലേഡി ഓഫ് ഹെവന്‍’ എന്ന പേരില്‍ സിനിമ നിര്‍മ്മിച്ചപ്പോള്‍ അത് പുറത്തിറക്കാന്‍ ഇസ്ലാം മതവിശ്വാസികള്‍ അനുവദിച്ചില്ല. ആദ്യമായി പ്രവാചകന്റെ മുഖം സിനിമയില്‍ കാണിക്കുന്നു എന്നായിരുന്നു നിര്‍മ്മാതാക്കളുടെ അവകാശവാദം. ഇസ്ലാം മതത്തെ അവഹേളിക്കുന്നു എന്നാരോപിച്ചാണ് വിശ്വാസികള്‍ സിനിമാ പ്രദര്‍ശനം തടഞ്ഞത്. ഫ്രാന്‍സിലെ സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ ക്ലാസ് മുറിയില്‍ കഴുത്തറുത്ത് കൊന്നതും മതനിന്ദ ആരോപിച്ചാണ്. താലിബാന്റെ തലതൊട്ടപ്പനായ പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ആളുകളെ കൊല്ലല്‍ ഒരു നിത്യ സംഭവമാണ്. മതനിന്ദ നിയമപ്രകാരം അവിടെ 1987 നു ശേഷം 1472 പേരെയാണ് വധശിക്ഷക്കു വിധേയരാക്കിയത്. ക്രിസ്ത്യന്‍ ദമ്പതിമാരെ ജീവനോടെ ചുട്ടുകൊന്ന സംഭവവും മതനിന്ദ ആരോപിച്ചാണ്. ഫേസ്ബുക്കിലൂടെ ഇസ്ലാം മതത്തെ നിന്ദിച്ചതിനാണ് തൈമൂര്‍ റാസയെ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷക്കു വിധിച്ചത്. മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ തല്ലിക്കൊന്ന കേസില്‍ 6 പേര്‍ക്ക് വധശിക്ഷ നല്‍കിയതും പാകിസ്ഥാനിലാണ്. മുഹമ്മദ് നബി ഇസ്ലാമിന്റെ അവസാന പ്രവാചകനല്ലെന്നു പറഞ്ഞതിനാണ് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന സല്‍മ തന്‍വീറിനെ കോടതി വധശിക്ഷക്കു വിധിച്ചത്. മതത്തിനുപരി രാജ്യത്തിന്റെ ഭരണഘടനക്കു പ്രാധാന്യം നല്‍കാനും അതനുസരിച്ച് ജീവിക്കാനും എല്ലാ മതസ്ഥരും തയ്യാറാകേണ്ട ഒരു സാഹചര്യമാണ് എല്ലാ രാജ്യങ്ങളിലും ഉണ്ടാകേണ്ടത്. ഇസ്ലാമിക ഭീകരതയെ തിരിച്ചറിയാനും അതിനെ ഫലപ്രദമായി ചെറുത്തു തോല്പിക്കാനും കഴിയേണ്ടത് ഭാരതത്തിനകത്തു മാത്രമല്ല പുറത്തും സമാധാനകാംക്ഷികളായ ജനങ്ങളുടെ സുസ്ഥിതിക്ക് അനിവാര്യമായ കാര്യമാണ്.