കൊച്ചി: വ്യക്തികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് വൈചാരികമായ സ്വാശ്രയത്വം അനിവാര്യമാണെന്ന് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച ‘സ്വാശ്രയ ഭാരതം’ സംവാദ പരമ്പരയില്‍ ‘വൈചാരിക സ്വാശ്രയത്വം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമാനവികമായ ചില ആശയങ്ങളോടുള്ള അമിതമായ ആശ്രയസമീപനം ആപല്‍ക്കരമാണ്. മാനസിക അടിമത്തവും സംഘടിതമായ ആശയപ്രചാരണങ്ങളുമെല്ലാം ജനതയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ആശയപരമായ ആശ്രയത്വമെന്നത് ഒരുതരം ആസക്തി തന്നെയാണ്. ഇത്തരത്തിലുള്ള ആശ്രയത്വം നമ്മുടെ സമൂഹത്തെ സാരമായി ബാധിക്കുന്നുണ്ട്. ജിഹാദിസം ഇതിന് ഉദാഹരണമാണ്. ഇതിന്റെ ഫലമായിട്ടാണ് മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാനവകുലത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍ നാഗരികമായ ചരിത്രത്തിനും ആശയങ്ങള്‍ക്കും വളരെയേറെ പ്രാധാന്യമുണ്ടെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന് പറഞ്ഞു. അയ്യായിരം വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്കാരം ലോകത്തിന് തന്നെ മാതൃകയാണ്. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പാശ്ചാത്യ വിദ്യാഭ്യാസ ശൈലി തന്നെയാണ് ഇപ്പോഴും നമ്മള് പിന്തുടരുന്നത്. ഇതിന് മാറ്റം വരണം. പുതിയ വിദ്യാഭ്യാസ നയമാണ് നമുക്ക് വേണ്ടത്. ധര്‍മ്മമാണ് മൂല്യം. ധര്‍മ്മത്തിലൂടെ നമ്മള് സത്യത്തിലേക്ക് എത്തുന്നു. ഈ രണ്ട് മൂല്യങ്ങളും ഒരിക്കലും വിസ്മരിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
കേരള കലാമണ്ഡലം റിട്ട. ഡെപ്യൂട്ടി റെജിസ്ട്രാര്‍ കലാധരന്‍ ചടങ്ങില്‍ സംബന്ധിച്ചു. വിചാരകേന്ദ്രം എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.സി.എം.ജോയ് അധ്യക്ഷനായി.