കൂത്തുപറമ്പ്: സംഘത്തിന്റേത് സര്‍വ്വാശ്ലേഷിയായ സമീപനമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി. ആര്. മുകുന്ദ. ആര്.എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയമായ പഴശ്ശി വിഹാറിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസത്തിന്റെ അടിത്തറ തന്നെ സംഘര്‍ഷമാണ്. സംഘര്‍ഷത്തിന്റെ അടിസ്ഥാനം വെറുപ്പും വിദ്വേഷവുമാണ്. കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന വര്‍ഗ്ഗസംഘര്‍ഷത്തിന്, രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള നിരന്തര ഏറ്റുമുട്ടലുണ്ടാകണം. അതിന് വെറുപ്പ് തീവ്രമായി നിലനില്‍ക്കണം. ഇത് നമ്മുടെ സംസ്കാരത്തില്‍ നിന്ന് ഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ആദര്‍ശം പകരുന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഓരോ പ്രദേശവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചും പരിഹരിച്ചുമാണ് സംഘം മുന്നോട്ട് പോകുന്നത്. സംഘപ്രവര്‍ത്തകര്‍ ഹിംസാവാദികളാണെന്ന് മുദ്രകുത്തുന്നവരുണ്ട്. എന്നാല്‍ അത്തരം ആക്ഷേപങ്ങളെ നാം മറികടന്നു കഴിഞ്ഞു. സംഘപ്രവര്‍ത്തനം സമൂഹത്തിലുണ്ടാക്കിയ ഗുണം ഇന്ന് നേരിട്ട് കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഖണ്ഡ് സംഘചാലക് എം.അശോകന് മാസ്റ്റര്‍ അധ്യക്ഷനായി. മാതാ അമൃതാന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, പ്രാന്തപ്രചാരക് എസ്.സുദര്ശനന്, കണ്ണൂര്‍ വിഭാഗ് സംഘചാലക് അഡ്വ.സി.കെ. ശ്രീനിവാസന്, ജില്ലാ സംഘചാലക് സി. പി. രാമചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു. കെ.ഷിജു സ്വാഗതവും സി.രാരിഷ് നന്ദിയും പറഞ്ഞു.