മനുഷ്യ ജീവിതം എന്നും കാലാനുസാരിയായിരുന്നു എന്ന് സാംസ്‌കാരിക സാമൂഹിക ചരിത്രങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തെ അടുത്തും അകലയും നിന്ന് വീക്ഷിക്കുന്ന സാഹിത്യവും അതിന്റെ ഉടയാളായ സാഹിത്യകാരനും അതത്കാലത്തിലെ മനുഷ്യപ്രകൃതങ്ങളുടെ വക്താക്കളായി മാറുക സ്വാഭാവികമാണ്. മനുഷ്യ ജീവിതത്തിന്റെ തട്ടകങ്ങളിലെ വ്യവസ്ഥിതികളും മനുഷ്യചെയ്തികളും പരസ്പരപൂരകമാകാതെ വരുമ്പോള്‍ എഴുത്തുകാര്‍ കലഹവും ക്ഷോഭവും ആരംഭിക്കുന്നു. എഴുത്തുകാരെ എന്നും ഉന്മാദിപ്പിക്കുന്നത് വ്യവസ്ഥിതികളുടെ അപര്യാപ്തതകളും അവയുടെ ഉല്ലംഘനങ്ങള്‍ സൃഷ്ടിക്കുന്ന മാനവിക പ്രശ്‌നങ്ങളുമാണെന്ന് വിശ്വസാഹിത്യ രചനകളെല്ലാം സാക്ഷ്യപ്പെടുത്തുന്നു.മനുഷ്യ പ്രകൃതങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം കര്‍മ്മ പഥങ്ങളുടെ അനാവരണ സാധ്യതകള്‍ ചിന്താധീനരും വികാരാധീനരുമായ എല്ലാ നല്ല എഴുത്തുകാരെയും സ്വാധീനിക്കുകയും അവര്‍ തങ്ങളുടെ മൗലിക പ്രതിഭയില്‍ അവയ്ക്ക് സാഹിത്യ പീഠങ്ങള്‍ ചമയ്ക്കുകയും ചയ്യുന്നു.ഇത്തരം സൃഷ്ടികള്‍ സ്വന്തം നാടിന്റെ സാഹിത്യാഭിരുചികളെ മാനിച്ചു കൊണ്ടും നമ്മുടെ സാഹിത്യ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയും രചിക്കുന്നതിലാണ് ചിലര്‍ക്ക് താല്പര്യം. ഈ വിധത്തില്‍ ഭാരതീയ കാവ്യ ശാസ്ത്രത്തിന്റെയും ഭാരതീയ ദര്‍ശനങ്ങളുടേയും അടിസ്ഥാനശിലകളില്‍ കവിതയെ കൂടിയിരുത്തിക്കൊണ്ട് ധ്വന്യാത്മക സര്‍ഗ്ഗ ലാവണ്യങ്ങളിലൂടെ സമകാലിക ജീവിതത്തിലെ വ്യവസ്ഥിതികളെയും അതിന്റെ ഉല്ലംഘനങ്ങളെയും വിമര്‍ശിച്ചും അവയില്‍ പ്രകടമാകുന്ന മനുഷ്യ പ്രകൃതങ്ങളെ നിസ്സംഗതയോടെ വീക്ഷിച്ചും എന്നാല്‍ പ്രത്യാശിച്ചും കവിത സമ്മാനിക്കുന്ന ഒരു കവിയാണ് മധുസൂദനന്‍ നായര്‍. ഭാരതീയ ജ്ഞാനവിജ്ഞാനങ്ങളുടെ വിശേഷിച്ചും വേദോപനിഷത്തുക്കളുടേയും പുരാണേതിഹാസങ്ങളുടേയും പവിത്രപ്രകാശത്തില്‍ കാലത്തിന്റെ ദൃശ്യ സ്പന്ദനങ്ങളെ തന്റെ സര്‍ഗ്ഗചേതനയില്‍വിലയിപ്പിച്ചവതരിപ്പിക്കുന്ന ഇന്നിന്റെ ഒരേയൊരു മലയാള കവി മധുസൂദനന്‍ നായര്‍മാത്രമാണെന്നു തോന്നുന്നു.
ജീവിതം, സംസ്‌കാരം, പ്രകൃതി എന്നീ ത്രിതലങ്ങള്‍ക്കൊപ്പം പോയകാലത്തിന്റെ പവിത്രമായ ഈടുവെപ്പുകളിലൂടെയുള്ള കവിയുടെ തീര്‍ത്ഥയാത്രയുമാണ് ആ കവിതകളുടെ ആത്മചൈതന്യത്തിന്റെ ഗാംഭീര്യം ഉണര്‍ത്തുവാന്‍ ഉപകരിക്കുന്നത്. സന്തതസഹചാരിയായ കവിതയെ തന്റെ തുണക്ക് വല്ലപ്പോഴുമെ അദ്ദേഹം വിളിക്കാറുള്ളു. എന്നാല്‍ എഴുതുന്നത് തന്റെ മനസ്സിലെെന്തങ്കിലുമൊരു ചലനം സൃഷ്ടിച്ച സംഭവമൊ ആശയമൊ കുത്തിനോവിച്ചു കൊണ്ടിരുന്ന അനുഭവമൊ ആയിരിക്കുമെന്നതില്‍ സംശയം വേണ്ട. ഇതിനകം നാല് കാവ്യസമാഹാരങ്ങളിലൂടെ തന്റെ അനുഭവവ്യഥകളെസമര്‍പ്പിച്ചുകഴിഞ്ഞിട്ടുണ്ട് ഈ കവി. തന്റെ കാലത്തിന്റെ ദൃശ്യാനുഭവങ്ങളെ മനസ്സിന്റെ പവിത്രമായ സ്വരരതിയില്‍ സംപൃക്തമാക്കി ധ്വന്യാത്മക രൂപേണ നല്കുമ്പോള്‍ അത് മലയാള കവിതയ്ക്ക് തികച്ചും പുതിയൊരു കാവ്യാനുഭവമാകുന്നു. കാലത്തിന്റെ ഹൃദയതാളമുള്‍ക്കൊണ്ട് പൗരാണിക മുഹൂര്‍ത്തങ്ങളെ സ്വീകരിച്ച് എഴുതുന്നരീതി മധുസൂദനന്‍ നായരുടെ നിരവധി കവിതകളില്‍ പലരൂപത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഭാരതത്തിന്റെ വേദോപനിഷത്തുക്കളിലും പുരാണേതിഹാസങ്ങളിലും കവി നേടിയിട്ടുള്ള മഹാജ്ഞാനത്തിന്റെ പ്രസ്പുരണങ്ങളാണിവ. ഈ അറിവുനേടിയവര്‍ ഇന്ന് ഇല്ലെന്നുതന്നെ പറയാം. അക്കിത്തവും വിഷ്ണുനാരായണന്‍ നമ്പൂതിരിയും പഴയ തലമുറയിലെ ജീനിയസ്സുകള്‍ മാത്രമാണല്ലൊ. ആ പരമ്പരയില്‍ നമുക്കിന്ന് ഒരാള്‍ മാത്രമേയുള്ളു. അത് മധുസൂദനന്‍ നായരാണ്. അദ്ദേഹത്തിന്റെ കവിതകളുടെ ആത്മശക്തിയും അതുതന്നെ. അതുകൊണ്ടാണവ ഗൗരവാവഹമായ സര്‍വ്വദേശീയതയേയും സര്‍വ്വമാനവികതയേയും ഉള്‍ക്കൊള്ളുന്ന ജീവിതഭാവസ്പന്ദങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത്. സമൂഹത്തിന്റെയും സ്വരാജ്യത്തിന്റെയും ലോകരാജ്യങ്ങളുടേയും ജീവിതസ്പന്ദനങ്ങളെ തന്റെ ഏകാന്തതയില്‍ കാണുകയും അപഗ്രഥിക്കുകയും നൊമ്പരം കൊള്ളുകയും സ്വയം സാന്ത്വനത്തിലൂടെ എല്ലാം പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന കവിയാണ് മധുസൂദനന്‍ നായര്‍.
പ്രത്യക്ഷമായും പരോക്ഷമായും സ്വന്തം കാലത്തിന്റെ അസഹനീയ ദൃശ്യ പടങ്ങളെ തന്റെ വാങ്മയ ലാവണ്യത്തിന്റെ രൂപരേഖയാക്കാതെ അദ്ദേഹത്തിന് ഒന്നും കുറിക്കാനില്ല എന്നതാണ് സത്യം. മധുസൂദനന്‍ നായര്‍ കവിത എപ്പോഴും കാലപ്പൊരുളിന്റെ ഗാഥയായി നിലകൊള്ളുന്നു. അവയെല്ലാം വചന ലാവണ്യത്തിന്റെ സൂര്യതേജസ്സോടെ അദ്ദേഹം തന്റെ രചനകളില്‍ കുടിയിരുത്തുന്നു. തന്റെ കാലത്തുവന്നു ചേര്‍ന്ന അപചയങ്ങളെ ഒരു നിസ്സഹായനെ പോലെ നീറുന്ന ദുഃഖത്തില്‍ ചാലിച്ച് മിക്ക കവിതകളിലും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അധികാരം, അതിനുവേണ്ടിയുള്ള മത്സരങ്ങള്‍, രക്തബന്ധങ്ങളില്‍ വന്നുചേര്‍ന്ന മുല്യച്യുതികള്‍,സ്‌നേഹശൂന്യതയിലേക്കു വഴുതിവീഴുന്ന ജീവിതങ്ങള്‍, പ്രകൃതിക്കു നേരെയുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങള്‍, സ്വാര്‍ത്ഥത, നഷ്ടമാകുന്ന ഭാരതീയത, കപടഭക്തി, അതിന്റെ പേരിലുള്ള മുതലെടുപ്പുകള്‍, മതവിദ്വേഷങ്ങള്‍, അതുണ്ടാക്കി മനുഷ്യരെ പരസ്പരം തല്ലിച്ച് സ്വന്തംസ്ഥാനമുറപ്പിക്കുന്നവരുടെ പ്രവൃത്തികള്‍, സ്ത്രീത്വത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍, അര്‍ത്ഥരഹിതമായ പരസ്പര പോരുകള്‍, യുവത്വത്തിന്റെ ഹൃദയവ്യഥകള്‍, അക്രമവാസനകള്‍, ശൈശവത്തിന്റെ ദാരുണതകള്‍, മതാചാര്യന്മാരുടെ കാപട്യങ്ങള്‍, രാഷ്ട്രീയ കാപട്യങ്ങള്‍, ശാസ്ത്രത്തിന്റെ അഭിശപ്തതകള്‍, തൊഴിലില്ലായ്മ, ഗ്രാമീണതാലോപം, പരിസ്ഥിതിക്കും ഭൂമിക്കും നേരേയുള്ള കടന്നാക്രമണങ്ങള്‍, മാതൃഭാഷാവഹേളനങ്ങള്‍, ഗാന്ധിജിയെപ്പോലെയുള്ള മഹാവ്യക്തിത്വങ്ങളോടുകാട്ടിയ അവഹേളനങ്ങള്‍, വിശ്വാസാചാരങ്ങളോടും പിതൃമാതൃപാരമ്പര്യങ്ങളോടും കാട്ടുന്ന അവഹേളനങ്ങള്‍, വൃദ്ധരോടും ബാലന്മാരോടും കാട്ടുന്ന ക്രൂരതകള്‍ എന്നിങ്ങന നിരവധി കാലപ്പൊരുളുകളുടെ ഗാഥയായി മധുസൂദനന്‍ നായര്‍ കവിത ചേക്കേറുന്നു. അര്‍ത്ഥവത്തായ ചിന്താ പഥങ്ങളിലേക്ക് അനുവാചകരെ അദ്ദേഹം കൊണ്ടെത്തിക്കുന്നു. മനുഷ്യനില്‍ അവബോധമുണര്‍ത്തി സ്‌നേഹത്തിന്റെയും ഉന്നത മാനവികമൂല്യങ്ങളുടേയും ലോകത്തിലേക്ക് നമ്മെ അദ്ദേഹം നയിക്കുന്നു. മനുഷ്യനന്മയും സംസ്‌കാരവും മനസ്സില്‍ ക്രിയാത്മകമാക്കുന്ന വചനത്തിന്റെ ജ്വലനവും സഹനവും പ്രതീക്ഷയും ശാന്തമായി സമ്മേളിക്കുന്ന യാഗാഗ്നിജ്വാലയായി മധുസൂദന രചനകള്‍ നമ്മെ നയിക്കുന്നു.
ഐതിഹ്യാസ്പദമായ നാറാണത്തുഭ്രാന്തനില്‍ കവി സമകാലിക ജീവിത വൈകൃതങ്ങളെ ഏറെ വേദനയോടെ സ്വരപരമ്പരകളിലൂടെ എടുത്ത് കാട്ടിയിരിക്കുന്നു. സാഹോദര്യങ്ങളില്‍ വന്നുചേര്‍ന്ന അന്തഃസാരശൂന്യത, ശൈശവങ്ങള്‍ക്കേറ്റ ശാപം,സാമൂഹ്യബോധതലങ്ങളിലും സാംസ്‌ക്കാരിക ശ്രേണികളിലും വന്നു ചേര്‍ന്ന മൂല്യശോഷണം, മനുഷ്യമനസ്സിന്റെ കാഴ്ചപ്പാടുകളില്‍ വന്നുചേര്‍ന്ന വ്യതിചലനം എന്നിവയെല്ലാം ഓരോന്നോരോന്നായി അദ്ദേഹം വചനസരണിയില്‍ നിരത്തുന്നത് കാണാം.
‘കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു
ആദിബാല്യംതൊട്ട് പാലായി നല്കിയോ-
രാന്ധ്യം കുടിച്ചും തെഴുത്തും മുതിര്‍ന്നവര്‍
എന്റെയെന്റെയെന്നാര്‍ത്തും കയര്‍ത്തും
ഇന്ദ്രിയംകൊണ്ടേ ചവയ്ക്കുന്ന താംബൂലമിന്നത്തെ-
ഭ്രാതൃഭാവം
തങ്ങളില്‍ത്തങ്ങളില്‍ മുഖത്തുതുപ്പും നമ്മ-
ളൊന്നെന്നു ചൊല്ലും ചിരിക്കും
അന്നത്തെയന്നത്തിനന്യന്റെ ഭാണ്ഡങ്ങള്‍
തന്ത്രത്തിലൊപ്പിച്ചെടുക്കും.
ഓരോ ശിശുരോദനത്തിലും കേള്‍പ്പുഞാന്‍
ഒരുകോടിയീശ്വരവിലാപം.’
ഇവിടെ സമകാലികവിമര്‍ശനം കടുത്ത കാവ്യഭാഷയില്‍ നിലയുറപ്പിക്കുന്നു. ആധുനികദശയില്‍ പുരോഗതിയുടെ അന്ത്യവെളിച്ചത്തിലെത്തിയിട്ടും അവന്റെ അഹത്തെ ഭരിക്കുന്ന അഹന്തയുടെ അര്‍ത്ഥരാഹിത്യം ഒരു നിസ്സഹായന്റെ നിലയില്‍ കവി വെളിപ്പെടുത്തുന്നു. മങ്ങിപ്പോയ മനുഷ്യബോധത്തിനും സംസ്‌കാരത്തിനും തിരിച്ചറിവിന്റെ വെളിച്ചം കാട്ടിക്കൊടുക്കുവാനുള്ള തീവ്രയത്‌നം നാറാണത്തുഭ്രാന്തന്‍ നിര്‍വ്വഹിച്ചതുപോലെ ആ നിസ്സംഗതയോടെ കവി ഈ കാവ്യത്തില്‍ നിര്‍വ്വഹിച്ചിരിക്കുന്നു. കര്‍മ്മഭൂമിയായിരുന്ന ഭാരതം കര്‍മ്മരഹിതമായി ഫലമിച്ഛിക്കുന്ന വൈരുദ്ധ്യാത്മക ഭൗതിക സ്ഥിതി ഇന്ന് ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത് കേരളത്തിലാണ്. രാമായണത്തിന്റെ അന്തസത്തയില്‍ നിന്നുകൊണ്ട് എഴുതിയിരിക്കുന്ന പുണ്യപുരാണം എന്ന കവിതയില്‍ മാറിയ കാലത്തിന്റെ തൃഷ്ണാധിഷ്ഠിതമായ ജീവിതപരിണാമത്തെ ചിന്തനീയമായ സ്വരചലനങ്ങളില്‍ പകര്‍ത്തിയിരിക്കുന്നു കവി. ഒരു പണിയും ചെയ്യാതെ അന്യന്റെ മുതലും പൊതുമുതലും കൊള്ളയടിക്കുന്ന തലമുറകളെ സൃഷ്ടിക്കുന്നതില്‍ സാഹചര്യമൊരുക്കിക്കൊടുക്കുന്നതില്‍- അത് രാഷ്ട്രീയരംഗത്തായാലും ഔദ്യോഗികരംഗത്തായാലും- ഇവിടം മാറിമാറിഭരിച്ചവര്‍ വിജയംവരിച്ചിട്ടുണ്ട്. വിയര്‍പ്പിന്റെ വിലയുണ്ണാനല്ല മറിച്ച് കര്‍മ്മ രഹിതമായ ജീവിതത്തിലൂടെ ജീവിതസുഖങ്ങള്‍ നേടാനാണ് ഇന്നിന്റെ മക്കളുടെ മോഹം. സമകാലിക ശരാശരി മലയാളിയുടെ ഈ സ്വഭാവം ജീവിതത്തിന്റെ എല്ലാമണ്ഡലങ്ങളിലും പടര്‍ന്നേറുന്ന ഒരു രോഗമായി മാറിയിരിക്കുന്നു.
വില്ലുകുലയ്ക്കാതിളയുടെ കന്യയെ
വേള്‍ക്കാന്‍ ശീലിപ്പോര്‍
വിപിനം കാണാതിളയുടെ ഭൂതിക-
ളണിയാന്‍ മോഹിപ്പോര്‍.
തൃഷ്ണയെവേട്ടു സുവര്‍ണ്ണാസനമതി-
ലമര്‍ന്നിരിക്കുന്നോര്‍.
തുടങ്ങിയ വരികളില്‍ വെള്ളക്കോളര്‍ സ്വഭാവക്കാരായി മാറിയിരിക്കുന്ന മലയാളിയുടെ സ്വഭാവത്തെ അനാവരണം ചെയ്തിരിക്കുന്നു. അപഗ്രഥനംകൊണ്ട് ആഴമേറിയ കാലികസ്പന്ദനം നിറഞ്ഞുനില്ക്കുന്ന ഒരു കവിതതന്നെയാണ് പുണ്യപുരാണം കഥ. കേരളീയസമൂഹം എത്രമാത്രം സ്വാര്‍ത്ഥതയിലേക്കും തന്‍കാര്യത്തിലേക്കും വഴുതി വീണു എന്നും മനുഷ്യത്വവും ധര്‍മ്മവും നീതിയും സത്യവും വേര്‍പെട്ടുപോയ ഒരു സമൂഹമാണ് ഇന്നത്തേതെന്നും തിരിച്ചറിഞ്ഞ ഒരു വ്യഥിതാത്മാവിന്റെ നിസ്സഹായമായ കഠിനനൊമ്പരത്തിന്റെ സത്യഗാഥയാണിത്. രാമായണത്തിന്റെ സത്യശുദ്ധിയും പാവനങ്ങളായിരുന്ന കര്‍മ്മധര്‍മ്മങ്ങളും ഗ്രഹിക്കാതെ പോകുന്ന പുതുതലമുറ അത്തരം കൃതികളുടെ അന്തഃസത്ത ഉള്‍ക്കൊള്ളാനാകാതെ വഴിതെറ്റുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം എഴുപതില്‍പ്പരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗാന്ധിജി സ്വപ്‌നം കണ്ട ഭാരതം ഇന്നും വളരെഅകലെയാണെന്ന യാഥാര്‍ത്ഥ്യം കവിയെ അസ്വസ്ഥനാക്കുന്നു. ഗാന്ധിജിയെപ്പോലെ ഭാരതീയ ജനതയുടെ മുഴുവന്‍ പുരോഗതിയും സ്വപ്‌നംകണ്ട കവിക്ക് സ്വപ്‌നംപോലും ഭയാകുലമാണെന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നതാണ്.
‘വടക്കുനോക്കിയിരുന്നേന്‍ കണ്ടത് ചുവപ്പുതാരത്തെ
കറുപ്പിനുള്ളില്‍ കുതിര്‍ന്നു കണ്ടത് ദരിദ്രബാഷ്പ്പത്തെ
ഇപ്പോഴറിവേന്‍ സ്വപ്‌നവുമിന്ന് ഭയാകുലമാണിവിടെ’
എന്ന് കവിക്ക് അനുഭവപ്പെടുന്നു. സമകാലത്തിന്റെ വിഹ്വലവും ഭീകരവുമായ ചില ചിത്രങ്ങള്‍ സീതായനത്തില്‍ നമ്മെ വേട്ടയാടുന്നുണ്ട്. ഇന്നിന്റ വിഹ്വലവും ഭീകരവുമായ ചിത്രങ്ങള്‍ ഇതിലുണ്ട് ഭോഗാസക്തിയും പരസ്പരമുള്ള കഠിനമായപോരും, ജീവിതായോധനത്തിനിടയില്‍ ഭ്രാതാക്കള്‍ തമ്മില്‍പ്പോലും നടത്തുന്ന രക്തം ചിന്തലും ഭൂ പ്രകൃതിക്കുനേരെ മനുഷ്യന്‍ കാട്ടുന്ന ക്രൂരതയും മറ്റും കര്‍ക്കശഭാഷയില്‍ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
‘ഇന്ദ്രന്മാരായിരമായി, ഇന്ദ്രിയമാഭോഗികള്‍ ചീറി
ഇന്നിന്‍ കരവാളാല്‍ നാളെയുമിന്നലെയും ചിറകുകള്‍കീറി
ഭ്രാതൃശിരസ്സരിയുവതാണിന്നവയുരുളുംസ്ഥാലീപാകം
എരിവയറില്‍സ്വര്‍ണ്ണമുരുക്കും മത്സരമോമന്ത്രാലാപം’
എന്നിപ്രകാരമാണ് സീതായനത്തില്‍ കുറിക്കുന്നത്. ഭൂമിയെ പിച്ചിച്ചീന്തുന്ന മനുഷ്യപ്രവൃത്തിയെ കടുത്ത പ്രധിഷേധപ്പകര്‍ച്ചയോടെയാണ് ഈ കവിതയില്‍ കവി അവതരിപ്പിക്കുന്നത്. ധാര്‍മ്മിക മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ ആധുനിക മനുഷ്യന്റെ ദൃശ്യ ചിത്രം രൂക്ഷമായ ഭാഷയില്‍ത്തന്നെ അഗസ്ത്യഹൃദയത്തിന്റെ ഫ്രെയിമില്‍ തെളിയുന്നുണ്ട്. ഭാരതീയസംസ്‌ക്കാരത്തിനും ഭാരതീയ ജീവിതത്തിനും വന്ന അവസ്ഥാന്തരങ്ങളും പരിസ്ഥിതി വിനാശത്തിന്റെ മൂര്‍ദ്ധന്യത്തിലെത്തിനില്ക്കുന്ന കേരള പ്രകൃതിയുടെ അരക്ഷിതാവസ്ഥകളും ആധുനിക ദശയില്‍ അത് വരുത്തിവച്ച വിനാശങ്ങളും ഈ കവിതയില്‍ രൂപപ്പെട്ടിട്ടുണ്ട്.
അവള്‍ പെറ്റ മക്കള്‍ക്കു നീ കവചമിട്ടു
അഗ്നിബീജംകൊണ്ട് മേനികള്‍ മെനഞ്ഞു
മോഹബീജംകൊണ്ട് മേധകള്‍ മെനഞ്ഞു
ഉന്മാദ വിദ്യയില്‍ വിരുതം കൊടുത്തു.
എന്നിങ്ങനെ ഇന്നത്തെ ഭാരതത്തിന്റെ ശോചനീയാവസ്ഥ അവതരിപ്പിക്കുന്നു. അര്‍ത്ഥരഹിതമായ വൈകാരികത്വം, പരസ്പരം പോരടിച്ചുനശിക്കുന്ന മനുഷ്യന്റെ ജ്വലന സ്വഭാവം, കാമത്തിന്റെ ആധിക്യത എന്നിവയാണ് അഗ്നിബീജം, മോഹബീജം തുടങ്ങിയ വാക്കുകളുടെ സന്ദര്‍ഭോചിതമായ പ്രയോഗങ്ങള്‍ ശക്തമായി ധ്വനിപ്പിക്കുന്നത്. പ്രകൃതി നല്കിയ ഏറ്റവും വലിയ വരദാനമായ ആരോഗ്യദായകമായ സസ്യലതാദികളെപ്പോലും സര്‍വ്വനാശം വരുത്തുന്ന കേരളീയന്റെ പ്രവൃത്തി ദോഷങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന അതിശക്തമായ ഒരു പരിസ്ഥിതി രചനയാണ് അഗസ്ത്യഹൃദയം. രാമായണത്തിലെ രാമലക്ഷ്മണന്മാരുടെ സീതാന്വേഷണ പന്ഥാവിന്റെ പശ്ചാത്തലത്തിലൂടെ ഇതള്‍ വിരിയുന്ന മഹത്തായ രചനയാണ് ഈ കവിത. കാട് കയ്യേറിയ മനുഷ്യന്‍ ഉത്കൃഷ്ടമായ ഭാരതീയതയെതന്നെയാണ് നശിപ്പിച്ചത് എന്ന പരമ സത്യത്തെയാണ് ഈ രചന അനാവരണം ചെയ്യുന്നത്. പ്രകൃതിയേയും അതുമായി ബന്ധപ്പെട്ട മാനുഷികമൂല്യങ്ങളേയും പാടെ നശിപ്പിച്ചു മുന്നേറിയ ആധുനിക നാഗരികതയുടെ ക്രൂര മുഖം ഈ കവിതയില്‍ നാം അനുഭവിക്കുന്നു.കേരളത്തിലെ സമകാല ദുരന്തങ്ങളെ എത്ര ശക്തിയുള്ള വാങ്മയങ്ങളിലാണ് കവി സൃഷ്ടിച്ചെടുക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിരുകളില്ലാത്ത അത്യുന്നത മാനവിക പാഠങ്ങളുടെ സമുന്നത ശ്രേണികളും ലോകജീവിതത്തിന്റെ മഹോന്നത പാഠഭൂമികളുമാണ് ഭാരതത്തിന്റെ ഉപനിഷത്തുകള്‍. സമകാല ജീവിതവേദിയില്‍ ആ ജ്ഞാനസാഗരത്തെ പ്രത്യുല്പാദിപ്പിക്കുവാനുള്ള ശ്രമഫലമാണ് ഉപനിഷത് എന്ന കവിത. മഹത്വപൂര്‍ണ്ണമായ വിശ്വമാനവികതയുടെ സംസ്‌കാര പീഠഭൂമികളായ ഉപനിഷത്‌സാരങ്ങളുടെ പ്രസക്തിയും പ്രാധാന്യവും സമകാലവ്യവസ്ഥിതിയില്‍ കവി ഇവിടെ സൂത്രവത്കരിക്കുന്നു. ആധുനിക ജീവിതത്തെ കവി ‘ഉപനിഷത്തില്‍’ കാണുന്നത് ‘പതഞ്ഞൊഴുകുമിപ്പുത്തന്‍നദിയോര’ മെന്നാണ്. പുതുജീവിതത്തിന്റെ ആര്‍ഭാടത്തിമിര്‍പ്പുകളും സുഖലാലസതയും പതഞ്ഞൊഴുകും എന്ന പ്രയോഗത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ നിറയുന്നുണ്ട്, അവിരേചിത ഭിക്ഷാന്നമുദരത്തില്‍ നിറക്കുന്ന ആധുനിക ജീവിതാഭിമുഖ്യത്തെ എടുത്തുകാട്ടുന്നിടത്ത് ആധുനിക ദശയില്‍ വന്നുചേര്‍ന്ന മൂല്യാപചയം തന്നെയാണ് ഉദ്ദിഷ്ടം. അധപ്പതിച്ച മനുഷ്യാവസ്ഥയുടെ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ ഈ കാവ്യത്തിന്റെ ആദ്യഭാഗത്ത് നമ്മെ എതിരേല്ക്കുന്നുണ്ട്.
‘സാമഗീതങ്ങള്‍തന്‍ തന്ത്രി തുരുമ്പിച്ചു മുറിഞ്ഞതും
ശാന്തിപാഠങ്ങളില്‍ സര്‍ഗക്‌ളാന്തിക്കറ പുരണ്ടതും
ഭദ്രം തേടാതെ നേത്രങ്ങള്‍ രക്തംമോന്തി സുഖിപ്പതും
നവ്യവാസന്തസംക്രാന്തീഭവ്യമെന്നെണ്ണിവാഴ്‌വുനാം
നാവും നാരായവും കൊണ്ടു തീറ്റതേടുന്ന കൗശലം
പുതുവേദങ്ങളാവുന്നുഅതുമായ് യജ്ഞമേല്പുനാം.
എന്നു പറഞ്ഞുതീരുമ്പോള്‍ സമകാല സംസ്‌കൃതി വിനാശയാഥാര്‍ത്ഥ്യം എത്രമാത്രമാണെന്ന് സ്വയം ചിന്തിക്കുവാന്‍ ഈ വേദനിക്കുന്ന കഥനം മാത്രംമതി.
ഗംഗാനദി നമുക്കിന്ന് പോയകാല മനുഷ്യപ്രവൃത്തികളുടെ പുണ്യംമാത്രമാണെന്നും അതിന്റെ ശോച്യാവസ്ഥയില്‍ പുതുകാല സമൂഹത്തിന്റെ ദുര്‍വൃത്തികളെത്രമാത്രമാണെന്നും ബോധ്യപ്പെടുത്തുന്ന ഒരു രചനയാണ് ഈ കവിയുടെ ഗംഗ എന്ന കവിത. ആ വിനാശ ദൃശ്യം ഈ ചോദ്യത്തോടെ ആരംഭിക്കുന്നു .
‘വരള്‍നാവു താഴുമീ വംശതീരങ്ങളില്‍
നിന്‍ നെഞ്ചിനുറവാരു തേടും.’
ഭാരതീയസംസ്‌കാരത്തിന്റെ ചേതനയും സ്പന്ദനവുമായ ഗംഗ വേദകാല സംസ്‌കാരം തൊട്ട് ഇന്നേവരെ ഭാരതീയന്റെ ശ്രേഷ്ഠ തീര്‍ത്ഥബോധത്തെ ഊട്ടിവളര്‍ത്തിയവളാണ്. അതിന്റെ അതിശോചനീയമായ ഇന്നത്തെ അവസ്ഥ കവിയിലുണര്‍ത്തിയ ഭീകരമായ സജ്ജലമൃത്യുബോധമാണ് ഗംഗ. പ്രാണന്റെയും നിലനില്പിന്റെയും ആധാരഭൂതമായ പവിത്രജലസ്രോതസ്സുകളെ ആരാധ്യതയോടും ഈശ്വരതുല്യപരിവേഷത്തോടെയും കണ്ട പൂര്‍വ്വഭാരതസംസ്‌കാരത്തെ കഴിഞ്ഞകാല ഭരണയന്ത്രങ്ങള്‍ ഏതുവിധമായിരുന്നു തമസ്‌ക്കരിച്ചത് എന്ന സത്യത്തെക്കൂടിയാണ് ഈ കവിതകാണിക്കുന്നത്. ഗംഗയുടേയും അതിന്റെ പൗരാണിക പവിത്രതയുടേയും പ്രസക്തിയും പ്രാധാന്യവും ഗ്രഹിക്കുവാന്‍ ഇതിനുമുമ്പേ പോയ ഭരണചക്രങ്ങള്‍ക്കുകഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഭാരതീയജനസമൂഹവും അതു വിസ്മരിച്ചു എന്ന യാഥാര്‍ത്ഥ്യത്തെയാണ് ഈ കവിത വിളംബരം ചെയ്യുന്നത്. ഋഷിജ്ഞാന പരമ്പരകള്‍ക്ക് ഔഷധിയായിരുന്ന തീര്‍ത്ഥവും തീരവുമായിരുന്നു ഗംഗ. തപസ്സിലൂടെ ജ്ഞാന മുദ്രിതങ്ങളായ ഗംഗയുടെ തീരഭൂമികള്‍ ഇന്ന് വികൃതമായി മാറിയിരിക്കുന്നു. ആ സത്യമാണ്
‘നീലിമയ്ക്കപ്പുറത്താസുരഹതിക്കു ശിവ-
തേജസ്സു പോറ്റിയൊരു നിന്റെ തീരങ്ങളില്‍
ആണവച്ചിതയിലാത്മാവിന്‍ ജഡം വച്ചു
വായ്ക്കരിയിടാന്‍ തലച്ചോറുകള്‍ മെതിച്ച്
കട്ടത്തലയ്ക്കലീ മണ്‍കുടമുടയ്ക്കുവാന്‍
കച്ചകെട്ടിച്ചുവടു വയ്‌ക്കെയിവിടെത്തപസ്സിനാര്‍ക്കുനേരം’
എന്ന ക്രാന്ത ദര്‍ശന വചസ്സുകളില്‍ കേള്‍ക്കുന്നത്. സമകാലത്തിലെ ഗംഗയുടെ അതിശോചനീയസ്ഥിതി കര്‍ക്കശസ്വരലയങ്ങളില്‍ ഇവിടെ വാര്‍ന്നു വീണിരിക്കുന്നു.
കാലസ്പന്ദനത്തിന്റെ മഹോന്നത ശൈലമാണ് മധുസൂദനന്‍നായരുടെ സന്താന ഗോപാലം. ദ്വാപരയുഗത്തില്‍ ദ്വാരകയുടെ അരക്ഷിതാവസ്ഥയില്‍ നിസ്സഹായനായ അര്‍ജ്ജുനനെപ്പോലെ സമകാലത്തെ മൂല്യച്യുതിക്കുമുമ്പില്‍ കവിയും നിസ്സഹായനാകുന്ന അവസ്ഥ സന്താനഗോപാലത്തില്‍ കാണാം. ഈ കവിതയിലെ അതീവശ്രദ്ധപിടിച്ചുപറ്റുന്ന ഒരുഭാഗം ഇതിലെ ശിശുസ്മൃതിയാണ്. ശൈശവത്തിനേറ്റ അതിദാരുണാവസ്ഥകളെ സൂചിമുനയേല്‍ക്കുന്ന നൊമ്പരത്തോടെ മാത്രമെ സന്താനഗോപാലത്തില്‍ നിന്നേറ്റുവാങ്ങുവാന്‍ പറ്റൂ. ജീവിതത്തിന്റെ സര്‍വ്വ രംഗങ്ങളിലും സംഭവിച്ച മൂല്യച്യുതിയും അതിലുപരി ഇന്ന് മനുഷ്യരാശി പ്രിയ ശിശു പ്രായങ്ങളോട് കാട്ടുന്ന അതിക്രൂരതകളും ഭാഷയിലെ ദാരുണ വാങ്മയങ്ങളില്‍ ഭാവതീവ്രമായി ഈ കവിതയില്‍ പൊലിപ്പിച്ചിരിക്കുന്നു. ശപിക്കപ്പെട്ട ബാല ജന്മങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികവും ശാരീരികവുമായ യാതനകളെ കവിതാഗാത്രത്തില്‍ പദസഞ്ചലന ക്രിയകൊണ്ട് ഭാവധ്വനനങ്ങളിലൂടെ എടുത്തുകാട്ടുമ്പോള്‍ ഇത്തരം കാലികപ്രശ്‌നങ്ങളെ എങ്ങനെ ഇത്രമാത്രം സര്‍ഗ്ഗാത്മകമാക്കാം എന്നുകൂടി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് ഈ രചന. മലയാളത്തില്‍ ശൈശവത്തോടുകാട്ടുന്ന ക്രൂരതയെ ഇതില്‍പ്പരം ശക്തമായി ഒരുകവിയും എടുത്തുകാട്ടിയതായി കണ്ടിട്ടില്ല. ആ ശൈശവഹത്യ ഗര്‍ഭസ്ഥശിശുവില്‍ നിന്ന് ആരംഭിക്കുന്നു. അതായത് ഭ്രൂണഹത്യയില്‍ നിന്ന് ആരംഭിക്കുന്നു. അനാഥശൈശവങ്ങള്‍ അനുഭവിക്കുന്ന കൊടും ക്രൂരതകള്‍, ബാലവേലയിലെ ദാരുണതകള്‍, കുട്ടിഭിക്ഷാടന ക്രൂരതകള്‍, ഫാക്ടറികളിലെ ശൈശവപീഢനങ്ങള്‍, ആദിവാസി ബാലചൂഷണങ്ങള്‍ എന്നിങ്ങനെ ഇന്നിന്റെ ശൈശവദാരുണതകള്‍ മുഴുവന്‍ ഒരു ഇതിഹാസകഥാഭൂമികയില്‍ കവി നമുക്ക് ചിന്തനീയമാക്കുന്നു.
സമകാലത്തിലെ സമൂഹത്തിന്റെ സര്‍വ്വമാനവിക തലങ്ങളിലും വന്നുചേര്‍ന്ന മൂല്യത്തകര്‍ച്ചയും ഓരോപാദത്തിലും സ്വരരൂപമെടുക്കുന്ന കവിതയാണ് ഭാരതീയം.ഇന്നത്തെ ഇന്ത്യന്‍ ഭൂപടത്തില്‍ ഇതില്‍പ്പരം ജീവിതച്യുതിതരംഗങ്ങള്‍ എടുത്തുകാട്ടുന്ന ഒരു കവിതയും ഇല്ലെന്നു തോന്നുന്നു. പൂര്‍വ്വ ഭാരത സംസ്‌കാരത്തില്‍ നിന്നും നാം എത്തിനില്‍ക്കുന്ന മനുഷ്യത്വ രഹിത ചിന്താഗതികള്‍ക്കും പ്രവൃത്തികള്‍ക്കും ഒരൊറ്റക്കവിതയില്‍ സ്വരഗാത്രം ചമച്ചിരിക്കുകയാണ് മധുസൂദനന്‍ നായര്‍. ജീവിതഭാഗധേയത്തിന്റെ പൊരുളും പൊരുളില്ലായ്മയും ഹീനമനസ്സിന്റെ കര്‍മ്മ ഗതികളും ഒരുമിച്ച് ഒരു സ്വരലയഭാരതിയില്‍ കാണുക അപൂര്‍വ്വമാണ്. കാലം മാറ്റിയ മനുഷ്യ പ്രവൃത്തി വൈരുദ്ധ്യങ്ങളുടെ കാലഗാഥാ ഭൂപടമാണിക്കവിത. പൂര്‍വ്വഭാരതത്തിന്റെ സമസ്ത ബോധപ്രതലങ്ങളും വരച്ചുകൊണ്ടുതന്നെ അതിന്റ അഭഭ്രംശം ഓതിയുണര്‍ത്തുകയാണിവിടെ.
അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ പോരാടാന്‍ആഹ്വാനം ചെയ്യുന്ന കവിയെ ‘തിരസ്‌ക്കാര’-ത്തിലെ
നിനക്കു നല്‍കുവാന്‍ തിളച്ച വാളുകള്‍
മനം കടഞ്ഞു ഞാനെടുത്ത നേരുകള്‍
ഉലച്ചു നീയിനിക്കുതിച്ചുകൊള്ളുക
ഉറഞ്ഞ പാതമേലെരിഞ്ഞ് പായുക
വരുന്ന കാലവും വരുംവരായ്കയും
ഇതിന്‍ സ്വരങ്ങളില്‍ പകര്‍ന്നു പാടുക.
തുടങ്ങിയ വരികളില്‍ കാണാം. കാലങ്ങളുടെ സ്പന്ദനമുള്‍ക്കൊള്ളുന്നവനും അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കുന്നവനുമാണ് ത്രികാല ജ്ഞാനിയായ കവി എന്ന ധ്വനി ഇതില്‍ പടര്‍ന്നേറുന്നു. ധാര്‍മ്മിക മാനവികതയെ നിലനിര്‍ത്തുവാന്‍ കഴിയുന്നത് സര്‍ഗ്ഗ ശക്തിക്കുമാത്രമാണെന്നും അതിനുവേണ്ടി മനുഷ്യനൊപ്പം നിലകൊള്ളുന്നവന്‍ കവിമാത്രമാണെന്നും ഈ കവിത ബോധ്യമാക്കുന്നുണ്ട്. പല സംസ്‌കാരപൊലിമകളും നന്മകളും നഷ്ടമാകുന്നുവെന്ന വ്യഥ
പാകികിളിര്‍പ്പിച്ചു നട്ടതും രാപ്പകലുകളു-
രാകിത്തിളക്കി നാം കൊയ്തതുമളന്നതും
കൊച്ചഴികൂട്ടിലൊരു തത്തയെ വളര്‍ത്തിയതും
കൊച്ചരിപ്രാവുകളെ സ്വപ്‌നമായ്ക്കണ്ടതു-
മൊലിച്ചുപോയേക്കാം, നമുക്കു നാമേ തുണ.
‘മേഘങ്ങളെ കീഴടങ്ങുവിന്‍’എന്ന കവിതയിലെ ഈ വരികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. .
അഭയമരുളേണ്ട കാളി ‘കുടിയിരുപ്പും വിട്ട് പാഞ്ഞുവോ
പരിരംഭണങ്ങളിലമര്‍ന്നുവോ
കോവിലില്‍ പഴയ ബലിപീഠത്തിനടിയിലോ,
മദമാണ്ട മേല്‍ശാന്തിമാര്‍ തന്‍ കിടപ്പറയിലോ’ (ഒരുപന്തമെരിയുന്നു.)
എന്ന ചോദ്യങ്ങളില്‍ ആധുനിക ജീവിതത്തില്‍ ആത്മീയതയ്‌ക്കേറ്റ അപചയവും ച്യുതിയും കര്‍ക്കശമുനപ്പില്‍ കോറിയിട്ടിരിക്കുന്നു.
‘കത്തി വീഴ്‌വതെന്റെ കരളില്‍
രക്തമൊഴുകുവതെന്റെ വിളിയില്‍’ എന്ന് സാക്ഷി എന്ന കവിതയില്‍ വിളിച്ചു പറയുന്ന കവിയുടെ സാമൂഹ്യ പ്രതിബദ്ധത വിശ്വമാനവികതയിലേക്ക് വളര്‍ന്ന് വികസിച്ചിരിക്കുന്നു. ഇന്നും ദരിദ്രനാരായണന്മാരായി ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരുടെയും, വനസംസ്‌കൃതിയിലിന്നും ജീവിച്ച് മണ്ണടിയുന്നവരുടെയുമെല്ലാം ദുഖസ്ഥലികള്‍ സ്വന്തം കാല്‍ച്ചുവടുതന്നെയെന്നു കാണുന്ന മഹോന്നത മാനവികതയാണ് ഈ കവിത.
ബാല്യത്തിന്റെ വിശുദ്ധ സ്വപ്‌നങ്ങളും സങ്കല്പങ്ങളും പരിഷ്‌ക്കാരമൂര്‍ദ്ധന്യത്തില്‍ നമുക്കിന്ന് എന്നെന്നേക്കുമായി കൈമോശം വന്നുകഴിഞ്ഞിരിക്കുന്നു. വിദ്യയുടെ അമിതഭാരംചുമക്കേണ്ടിവന്ന ബാല്യങ്ങള്‍ക്ക് അവരുടെ സ്വതസിദ്ധവികാരങ്ങളെ അമര്‍ത്തി മൂടിവെയ്‌ക്കേണ്ടിവന്നു.അതോടെ ആ നിഷ്‌ക്കളങ്കതയും നൈര്‍മ്മല്യവും അവര്‍ക്കുനഷ്ടമായി. ഇത്തരം ബാല്യങ്ങളുടെ നഷ്ടബോധത്തെ സ്മൃതിചെപ്പിലൂടെ നമുക്ക് തുറന്നുതരുകയാണ് ബാലശാപങ്ങളില്‍. പ്രകൃതിദത്തമായ കാഴ്ചകളും കളിക്കോപ്പുകളും വിശുദ്ധപാഠങ്ങളേകി പ്രകൃത്യനുകൂലമായ ജീവിതശൈലിയും ജീവിതപാഠവും നല്കി വളര്‍ത്തിയ കാലം ഒരു ഓര്‍മ്മമാത്രമായി മാറിയിരിക്കുന്നു. ആ സ്ഥാനത്ത് കൃത്രിമവും യാന്ത്രികവുമായ ആധുനികത ശൈശവത്തിന്റെ ശാപമായി മാറിയിരിക്കുന്ന അവസ്ഥയെ ലളിതമായിട്ടും എന്നാല്‍ ചിന്തനീയമായിട്ടും ഈ കവിത സമ്മാനിക്കുന്നു. പൗരനെ സാമൂഹ്യബോധവും പ്രകൃതിബോധവും പ്രതിബദ്ധതയുമെല്ലാമുള്ളവനായി രൂപാന്തരപ്പെടുത്തുവാനുതകുന്ന പഴയശൈശവപ്പെരുമകള്‍ക്ക് ഇന്ന് ഒരു സ്ഥാനവും സമൂഹത്തിലില്ല എന്ന ആന്തരിക സത്യമാണ് ഈ കവിത അനാവൃതമാക്കുന്നത്.
മനുഷ്യചിന്താഗതികള്‍ക്കും മനുഷ്യസംസ്‌കാരത്തിനുമുണ്ടായ പരിണതികളെ മനശ്ശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടോടെ വിലയിരുത്തുകയാണ് അന്യോന്യം എന്ന കവിതയില്‍.
‘ഇന്ന് ദുഃശങ്കാവിഷ്ടര്‍ നിന്‍ സ്വരപ്പച്ചയ്ക്കകം
ഖരമൂകതയുടെ ദുസ്തരതമോഗര്‍ത്തം.’
മനുഷ്യനും മനുഷ്യനും തമ്മിലുള്ള മാനസികമായ അകലം ഈ കാലയളവില്‍ എവിടംവരെ എത്തി നില്ക്കുന്നു എന്ന പരമാര്‍ത്ഥത്തെ അപഗ്രഥിക്കുവാനുള്ള ശ്രമമാണ് ഇതില്‍ നടക്കുന്നത്.
ഗ്രാമ്യം, ഗ്രാമം, കേരളീയം, കേരളപ്രകൃതി, നിഷ്‌കളങ്കത, സ്‌നേഹവിശ്വാസങ്ങള്‍, കേരളമണ്ണിന്റെ തനതുപച്ചപ്പുകള്‍, എന്നിങ്ങനെ കേരളത്തനിമകളെല്ലാം ഒന്നൊന്നായി നഷ്ടപ്പെടുന്ന ഈ കാലത്തിന്റെ വിഷാദ പര്‍വ്വമാണ് ‘നമുക്കിനി മറക്കാം’ എന്ന കവിത. ഇതേവ്യഥിതബോധത്തിന്റെ മറ്റൊരുമുഖം തന്നെയാണ് കലിനളന്‍ എന്ന കവിതയും. നഷ്ടമായ നന്മകളോര്‍ത്തുള്ള നൊമ്പരംതന്നെയാണീക്കവിതയും.
‘ ഉലകിനിന്നൊരു ഹൃദയമില്ല ദുഷിച്ചു കീറിയ നെഞ്ചിനുള്ളിലെ-
ആളയിലോരോ കീടമായ് മൃതിനോറ്റിരിക്കുന്നു.’എന്ന വിതുമ്പലില്‍ അത് വ്യക്തമാണ്.
പാരമ്പര്യവും പൈതൃകവും നഷ്ടപ്പെട്ട് തറവാടുകള്‍ ക്ഷയിച്ചുപോയ കാലത്തിന്റെ അഭിശപ്ത സന്തതികളാണ് ഇന്നത്തെ കേരളത്തിലുള്ള പലരും. വേദനിക്കുന്ന ആ സ്ഥിതികഥനമാണ് സ്വജീവിതത്തിന്റെ ഗന്ധമാപിനിയില്‍ പുരുഷമേധത്തില്‍ പുനര്‍ജ്ജനിപ്പിക്കുന്നത്. ദയനീയമായ ആ തറവാടിത്ത മഹത്വ സ്ഥിതികഥനം അതിന്റെ പച്ചയായ യാഥാര്‍ഥ്യത്തോടെ പച്ചമലയാളത്തില്‍ ഇങ്ങനെ കുറിക്കപ്പെടുന്നു.
‘ഉരിയരിക്കഞ്ഞിവെള്ളത്തിനായ് വിറ്റ-
തൊരു കതിര്‍പ്പാടം,ആവണിപ്പുത്തരി,
നിറപറ,നാഴി, വെള്ളോട്ടു കിണ്ടിയും
നിലവിളക്കും വെളിച്ചവും പൂമുഖ-
പ്പലകയും താളിയോല,നാരായവും
ഹൃദയമാരൂഢമായൊരെന്‍ വീടിന്റെ
ഉടലുമാത്മാവുമസ്ഥിത്തറകളും’
ഈ സ്ഥിതിവിശേഷത്തിലേക്കെറിയപ്പെട്ട നിരവധി കുടുംബ പരമ്പരകളുടെ തീവ്ര ദുഃഖ സങ്കീര്‍ത്തനമായ ഈ കവിതയുടെ തുടക്കത്തില്‍ കവിതന്നെ ഇങ്ങനെ ചോദിച്ചുപോകുന്നു.
‘നരകഗാഥയിലെന്നെയാര്‍ത്തസ്വര-
കണികയായികൊരുത്തിട്ടതെന്തു നീ?.
ഇത് സ്വകവിതകളുടെ മുഖമുദ്രയാകുന്നതും നമുക്ക് കാണാം.
നവകേരളത്തിന്റെ സന്തതിപരമ്പരകള്‍ മാതൃഭാഷയോട്കാട്ടുന്ന നിന്ദ്യമായ മനോഭാവങ്ങള്‍ ഏറെനൊമ്പരങ്ങളില്‍ പകര്‍ത്തിയിരിക്കുകയാണ് ‘അമ്മയുടെ എഴുത്തുകളില്‍’.ആര്‍ഭാടങ്ങളിലും ആഡംഭരങ്ങളിലും ജീവിതത്തെ മഹത്വവല്‍ക്കരിക്കുന്ന ശരാശരി മലയാളി സ്വന്തം പൈതൃകങ്ങളെ ഓരോന്നോരോന്നായി കുഴിച്ചുമൂടുമ്പോള്‍ അതില്‍ അവന്റെ മാതൃഭാഷയും ആത്മഭാഷയുമായ മലയാളവും മറഞ്ഞുപോകുമോയെന്ന് കവി ഭയപ്പെടുന്നു. ആയിരമായിരമാണ്ടുകളിലൂടെ നേടിയ ഒരു മഹത്തായ സംസ്‌കാരത്തെയാണ് ഇതിലൂടെ നാം ഇല്ലായ്മ ചെയ്യുന്നത് എന്ന് ഈ കവിത നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. കേരളത്തിലെ ഇന്നിന്റെ സന്തതി പരമ്പരകള്‍ സ്വന്തം ഭാഷയെക്കുറിച്ച് അജ്ഞരാകുന്ന കാലം അതിവിദൂരമല്ലെന്നാണ് കവിക്ക് പറയുവാനുള്ളത്. സ്വന്തം പ്രാണസ്പന്ദം പോലുള്ള മലയാളത്തിന്റെ താളവും തായ്‌മൊഴികളും മാധുര്യവുമൊന്നുമറിയാത്ത, മലയാളം കണ്ടിട്ട് ഇത് ഏതു ഭാഷയെന്നു ചോദിക്കുന്ന മലയാളികളുടെ കാലം ഉടനുണ്ടാകുമെന്നാണ് കവിക്കു പറയുവാനുള്ളത്. ഇതും ഒരു കാലസ്പന്ദനം തന്നെയാണ്.
പൗരാണിക സന്ദര്‍ങ്ങളില്‍ തന്റെ സര്‍ഗ്ഗാശ്വം മേയുമ്പോഴും സമകാലിക വിഹ്വലതകള്‍ തന്നെയാണ് കവിയെ വേട്ടയാടുന്നത് എന്ന് കാണിക്കുന്ന ഒരു കവിതയാണ് ഗാന്ധി എന്ന സമാഹാരത്തിലെ ഏതന്‍മേ, സംശയം കൃഷ്ണ എന്ന കവിത. ഈ കവിത മലയാളത്തിലെ തന്നെ വേറിട്ടൊരു കൃഷ്ണചിത്രമാണെന്നതില്‍ സംശയമില്ല. എങ്കിലും അതിലും സമകാലിക ദുഃഖത്തെ അവതരിപ്പിക്കുവാന്‍ കവി വിസ്മരിക്കുന്നില്ല.
‘ തപിക്കുന്നൂ മണ്ണാമകവുമുടലും പ്രാണകണവും
മനസ്സിന്‍ കാളിന്ദീരയവുമതിമോഹാര്‍ത്തകലുഷം
വിഷപ്പാലൂട്ടുന്നു വിമലതയെ ലോഭാന്ധതിമിരം
വിതുമ്പിപ്പോകുന്നെന്‍ ഹൃദയ, മതിനെന്താവതു ഹരേ’
എന്നിങ്ങനെ തുടര്‍ന്നുപോകുന്നവരികളില്‍ പ്രകൃതിക്കും മനുഷ്യമനസ്സിനും പരിസ്ഥിതിക്കും മനുഷ്യ പ്രകൃതത്തിനും എല്ലാം സംഭവിച്ച ക്രൂരദാരുണമായ അവസ്ഥാന്തരം അതിദാരുണമായ ദുഃഖ ശ്രുതിയില്‍ കവി പകര്‍ന്നു തരുന്നു.
അനുഗാമിയില്ലാത്ത പഥികനായ് ഗാന്ധിജിയെ ഗാന്ധിയെന്ന കവിതയില്‍ കവി അവതരിപ്പിക്കുമ്പോള്‍ ലോകത്തിനുതന്നെ ആരാധ്യനും വഴികാട്ടിയും ഗുരുവുമായിരുന്ന ഗാന്ധിജിയെ സമകാലത്തിന്റെ ഭാരതമക്കള്‍ എങ്ങനെയാണ് നോക്കികാണുന്നതും മുതലെടുക്കുന്നതെന്നും തുറന്നുകാട്ടുന്നുണ്ട്. വചനസിദ്ധിയുടെ ദ്വിതീയവും ത്രിതീയവുമായ അര്‍ത്ഥ തലങ്ങള്‍ ഏറെസമര്‍ത്ഥമായി കവി ഈ രചനയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഗാന്ധിയേയും ഗാന്ധി ദര്‍ശനങ്ങളേയും എങ്ങനെയെല്ലാം സ്വാര്‍ത്ഥതയ്ക്കുവേണ്ടി തമസ്‌ക്കരിക്കുന്നു എന്ന പരമസത്യം ഒരു പ്രവാചകന്റെയും ദാര്‍ശനികന്റെയും കാഴ്ചപ്പാടില്‍ ഈ കവിതയില്‍ അവതരിപ്പിക്കപ്പെടുന്നു. അവിടെയും തന്റെ വ്യഥിതബോധത്തിനു പോലും ദൃശ്യവത്ക്കരിക്കാനോ, വചനവത്ക്കരിക്കാനോ കഴിയാത്ത നൊമ്പരങ്ങളായിട്ടാണ് അദ്ദേഹം ഓരോന്നും വിളിച്ചുപറയുന്നത്. പ്രതിമയാക്കിയും ചില്ലിട്ടും ഇന്ന് പുതുതലമുറ സൂക്ഷിക്കുന്ന ഗാന്ധി പ്രതിമകള്‍ അവരുടെ പ്രവൃത്തിദോഷങ്ങള്‍ക്ക് മറയായിമാറിയിരിക്കുന്ന കാഴ്ച ഏറെ ചിന്തനീയമായ സ്വരപ്പകര്‍ച്ച നല്കിയിരിക്കുകയാണിതില്‍. ഗാന്ധിജിയെ സംബന്ധിക്കുന്ന അത്ഭുതകരമായ ഒരു വൈരുദ്ധ്യാത്മക കാല പ്രാപ്തിയായിട്ടുവേണമിതിനെ കാണുവാന്‍.
‘താന്‍ തീര്‍ത്ത വറചട്ടിയില്‍ വീണു താനേ
പുകഞ്ഞവനും
വെറുതേ കിനാവിന്റെ കഥകള്‍ പുലമ്പിയോനുമായ’
ഗാന്ധിജിയെ
‘എത്രമിഴികള്‍കൊണ്ടു കാണ്‍കിലും കാഴ്ചകള്‍-
ക്കപ്പുറം നില്ക്കുന്ന ഗാന്ധി
എത്ര വര്‍ണം മാറ്റിയെഴുതിലുമെഴുത്തുകള്‍-
ക്കപ്പുറത്തെഴുതുന്നു ഗാന്ധി.’
എന്നുമാത്രമാണ് കവി കരുതുന്നത്. ഗാന്ധി ഭൂതകാലത്തിന്റെ നിനവിലും മറവിലും ഒരു സ്വപ്‌നബോധം മാത്രമായിത്തീര്‍ന്ന സമകാലത്തിന്റെ ദൃശ്യവൈകൃതം വളരെ വ്യക്തമാണിവിടെ.’
ഈ കവിത അവസാനിക്കുന്നതുതന്നെ ഭാരതത്തിലെ നദികളായ യമുന, ഗംഗ, സരസ്വതി, സിന്ധു, നര്‍മ്മദ, കാവേരി എന്നീ പുണ്യ നദികള്‍ക്ക് ആധുനിക മനുഷ്യന്റെ പ്രവൃത്തിദോഷംകൊണ്ട് സംഭവിച്ച മലിനമുഖം എടുത്തുകാട്ടിക്കൊണ്ടാണെന്നതും ഇതിന്റെ സമകാലിക പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
18-ാം നൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവുംവലിയ സമകാലിക വിമര്‍ശനത്തിന്റെ ജ്വലനാഗ്നിയായിരുന്നു കുഞ്ചന്‍നമ്പ്യാര്‍. ആ കവികുലഗുരുവിന്റെ ആത്മസ്പന്ദനമുള്ള കവിതയാണ് കനല്‍മൊഴികള്‍. 18-ാം നൂറ്റാണ്ടിലെ മനുഷ്യസമൂഹത്തിലെ സകല വൈകൃതങ്ങളേയും ആക്ഷേപ ഹാസ്യത്തിന്റെയും ഹാസ്യത്തിന്റെയും ശക്തിസ്രോതസ്സുകൊണ്ട് വചനഗൃഹമൊരുക്കി മനുഷ്യരെ മുള്‍മുനയില്‍ നിര്‍ത്തിയ നമ്പ്യാരുടെ പുനരവതാരത്തിന് കാലമായിട്ടുണ്ട് എന്നാണ് ഈ കവിതയുടെ അവസാനം കവി കുറിക്കുന്നത്.
‘ഒളിമങ്ങുമിപ്പഴയ സൂര്യനെയെടുത്തിനിയുമുരസിത്തിളക്കൂ
കുളിര്‍വറ്റി മറയുന്ന ചന്ദ്രനെയെടുത്തിനിയുമൊരു ചാണയാക്കൂ
വമ്പിന്റെ കൊമ്പും തിടമ്പമടിയട്ടെ
തുമ്പത്തിലാണ്ട നരദേവനുണരട്ടെ
അമ്പത്തൊരക്ഷരവുമൊന്നിച്ചു പൂക്കുന്ന
സംഗീതമെങ്ങുമൊഴുകട്ടെ.’
കാലവൈപരിത്യവും കാലവൈചിത്ര്യവുമാണ് ഇവിടെ നാം കാണുന്നതും കേള്‍ക്കുന്നതും.നമ്പ്യാരിലൂടെയാണെങ്കിലും കവി ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
”ദൈവങ്ങള്‍-കുഴലൂതും ദൈവപ്പുരയില്‍പ്പിശാചിനഭിഷേകം
കുടിലതയുടെ ധര്‍മ്മാഘോഷം കുറുനരിയുടെ സത്യോപായം
കഴുതകളുടെ വേദാഹ്വാനം അടിമകളുടെ ഭക്ത്യാലാപം
കേളിക്കൈ-മുറുകുന്നു കേള്‍വിക്കാരതില്‍ മയങ്ങിയൊഴുകുന്നു.”
നമ്പ്യാരുടെ കാലത്തുമാത്രമല്ല ഏതുകാലത്തും സാമൂഹ്യമായ അവസ്ഥാവിശേഷങ്ങള്‍ അഭിരുചിവ്യത്യാസങ്ങളോടുകൂടി പ്രകടമാകുന്നു എന്ന സത്യമാണ് ഈ വാക്കുകള്‍ പൊലിപ്പിക്കുന്നത്.
മക്കള്‍ പൊതിച്ചോറും വഴിച്ചോറും തേടി പ്രവാസികളാകുമ്പോള്‍ അന്ത്യനാളുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വാര്‍ദ്ധക്യങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ദുഃഖം ചെറുതൊന്നുമല്ല. സ്വഗൃഹങ്ങളിലും വൃദ്ധസദനങ്ങളിലും ഇങ്ങനെ ഒറ്റപ്പെട്ട് നെടുവീര്‍പ്പിട്ടുകഴിയുന്ന വൃദ്ധമാതാപിതാക്കളുടെ ആത്മവൈവശ്യവും അവരുടെ അന്ത്യവും നൊമ്പരത്തിന്റെയും ചിന്തയുടേയും ഭാവലയത്തില്‍ അനുഭവിപ്പിക്കുകയാണ് കള്ളനെക്കാത്ത് എന്ന കവിതയില്‍. നമ്മുടെ പുതുകാലത്തിന്റെ ഏറ്റവും ശോചനീയമായ ഒരവസ്ഥയാണിത്.
ഐശ്വര്യം, സമൃദ്ധി, സന്തോഷം, ഐക്യം, നന്മ, ദേശീയബോധം എന്നിങ്ങനെ എണ്ണിയെണ്ണിപ്പറയാവുന്ന പലതിന്റെയും സ്മരണയും ആഘോഷവുമായിരുന്നു കേരളത്തെ സംബന്ധിച്ചടത്തോളം ഓണം. എന്നാല്‍ ഇന്ന് അതിനു സംഭവിച്ച പരിണതി സമകാല കേരള പരിസരങ്ങളെ തിട്ടപ്പെടുത്തിക്കൊണ്ട് എന്തെന്റെ മാവേലി……..! എന്ന കവിതയില്‍ മധുസൂദനന്‍ നായര്‍ അവതരിപ്പിക്കുന്നു.ഇങ്ങനെ തന്റെ കാലത്തിന്റെ സമീപവിദൂരതകളിലെല്ലാം ഇന്ദ്രിയ സഞ്ചലനം ചെയ്ത് അവിടെ കണ്ടെത്തിയ ജീവിത, പ്രകൃതി, പരിസ്ഥിതി യാഥാര്‍ത്ഥ്യങ്ങളെ സര്‍ഗ്ഗലാവണ്യം നല്കി മൂന്ന് സമാഹാരങ്ങളില്‍ മധുസൂദനന്‍ നായര്‍ അടയാളപ്പടുത്തിയിരിക്കുന്നു. നാലാമത്തെ സമാഹാരമായ ‘അച്ഛന്‍ പിറന്ന വീട്’ ഇവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കാവ്യതലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് കാണാം. അത് ഭാരതീയ ദര്‍ശനങ്ങളേയും കേരളീയമായ മാതൃപിതൃ സംസ്‌കാര സങ്കല്പങ്ങളേയും കുടുംബ സങ്കല്പങ്ങളേയും വിശ്വാസപ്രമാണങ്ങളേയും അധികരിച്ചുള്ള വീക്ഷണതലങ്ങളിലൂടെയും പഠനസാമഗ്രികളിലൂടെയും വിശകലന വിധേയമാക്കേണ്ടവയാണ്.
എഴുത്തുകാരന് സമകാലസ്പന്ദനം സ്വന്തം ഹൃദയസ്പന്ദനമാവുക ഒരു സാഹിത്യ സത്യമാണെങ്കില്‍ ആ വൈകാരികതയെ ഏറ്റവും അര്‍ത്ഥവത്തായ കാവ്യശില്പങ്ങളാക്കിയിരിക്കുന്നു മധുസൂദനന്‍ നായര്‍. ഇക്കാര്യത്തില്‍ കവികാണിക്കുന്ന ആത്മാര്‍ത്ഥതയുടെ ആഴം തന്റെ പ്രതിഭ പ്രസരിക്കുന്ന കവിതയുടെ ധ്വനനത്തിലും സൗന്ദര്യത്തിലും വ്യഞ്ജിപ്പിച്ചെടുക്കുന്നതില്‍ പ്രയാസമില്ലയെന്ന് അദ്ദേഹത്തിന്റെ കാവ്യപാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഉത്തരമില്ലാത്ത ഒരു ദാര്‍ശനിക വ്യഥ തന്നെയാണ് കവിക്ക് സമകാലത്തിന്റെ സ്ഥിതിവിശേഷങ്ങള്‍. എങ്കിലും അദ്ദേഹം പ്രത്യാശാനിര്‍ഭരന്‍ തന്നെയെന്നാണ് പല രചനകളിലേയും സൂചനകള്‍ നല്കുന്നത്. കാലമെല്ലാത്തിനും സാക്ഷിയായി വര്‍ത്തിക്കുന്ന ഒരുയാഥാര്‍ത്ഥ്യം മാത്രമാണെന്ന് വിശ്വസിക്കുന്ന കവി ഗാന്ധര്‍വ്വം എന്ന കവിതയില്‍ ഇങ്ങനെ കുറിക്കുന്നു.
”കാലമുയര്‍ത്തുന്ന വാക്ക് കാലംതന്നെ കാത്തു പൊലിപ്പിക്കട്ടെ”
ഇത് എത്രമാത്രം സത്യമാണെന്ന് തെളിയിക്കുന്നവയാണ് അദ്ദേഹത്തിന്റെ കവിതകള്‍. തനിക്ക് അനുഭവവേദ്യമായ സത്യങ്ങളെ ധ്വനിപ്രതലങ്ങളിലൂടെ കാവ്യലാവണ്യത്തിന്റെ ചിന്തനീയ വ്യാഖ്യന തലങ്ങളിലൂടെ അദ്ദേഹം ആവിഷ്‌ക്കരിക്കുന്നു. കാലവും കാലസ്പന്ദനങ്ങളും വൈകാരികമായി ചിന്തിക്കുന്ന ഏതൊരു കവിയിലും ചലനങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ അവര്‍ തങ്ങളുടെ രചനകളില്‍ കാലസ്മൃതികുടീരങ്ങള്‍തീര്‍ക്കുന്നു.