ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എ.ബി.ആര്‍.എസ്.എം) കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിശാങ്കിന് നിവേദനം നല്‍കി. രാജ്യത്തെ പ്രൈമറി, സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ പ്രശ്‌നങ്ങള്‍ പ്രത്യേകം പ്രത്യേകം മന്ത്രിയെ ധരിപ്പിച്ചു. ആഗസ്റ്റ് 23നായിരുന്നു കൂടിക്കാഴ്ച.
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായി മാതൃഭാഷയിലാക്കണമെന്നും അദ്ധ്യാപകരെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഉച്ചഭക്ഷണ വിതരണച്ചുമതല അദ്ധ്യാപകരെ ഒഴിവാക്കി മറ്റ് സംവിധാനത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കണമെന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌കരിക്കണമെന്നും ആവശ്യമുന്നയിച്ചു.
രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം അദ്ധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് എ.ബി.ആര്‍.എസ്.എം. ശൈക്ഷിക് മഹാ സംഘ് ദേശീയ പ്രസിഡന്റ് ഡോ.ജെ.പി.സിംഘാള്‍, ജനറല്‍ സെക്രട്ടറി ശിവാനന്ദ് സിന്തന്‍കെരാ, സംഘടനാ സെക്രട്ടറി മഹേന്ദ്ര കപൂര്‍, സെക്രട്ടറി പി. എസ്.ഗോപകുമാര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് നിവേദനം സമര്‍പ്പിച്ചത്.