എറണാകുളം: മലയോര മേഖലയിലേതടക്കം കേരളത്തിലെ മുഴുവന്‍ അനധികൃത കെട്ടിടങ്ങളും നീക്കം ചെയ്തും കയ്യേറ്റ‘ഭൂമി തിരിച്ചുപിടിച്ചും വരാന്‍ പോകുന്ന പ്രകൃതി ദുരന്തങ്ങളുടെ കെടുതിയില്‍ നിന്നും കേരളത്തെ രക്ഷിക്കണമെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏതാണ്ട് ഏഴായിരത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഈ തരത്തിലുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒഴിപ്പിക്കാന്‍ എല്ലാവിധ അധികാരങ്ങളോടും കൂടിയ ഒരു സമിതിയെ നിയോഗിക്കുകയും എല്ലാ അനധികൃത നിര്‍മ്മാണങ്ങളും ഒഴിവാക്കി കേരളത്തെ പരിസ്ഥിതി സൗഹൃദമാക്കണമെന്നും പ്രമേയത്തില്‍ പറഞ്ഞു.
അതോടൊപ്പംതന്നെ മൂന്നാറിലടക്കം കേരളത്തിലുടനീളം സഹ്യാദ്രി (പശ്ചിമഘട്ട) വനമേഖലയില്‍ നിര്‍മ്മിച്ചിട്ടുള്ള അനധികൃത റിസോര്‍ട്ടുകളും മറ്റ് കെട്ടിടങ്ങളും നീക്കം ചെയ്യണമെന്നും, കയ്യേറ്റഭൂമി മുഴുവന്‍ തിരിച്ചു പിടിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉണ്ടാവാതിരിക്കുന്നതിനായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം.
സപ്തംബര്‍ 28ന് നടന്ന സംസ്ഥാനസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രം ജോയന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ ബാബു, സംഘടനാ സെക്രട്ടറി വി.മഹേഷ്, ആര്‍.എസ്.എസ്. സംസ്ഥാന വ്യവസ്ഥാ പ്രമുഖ് കെ.വേണു തുടങ്ങിയവര്‍ സംസാരിച്ചു.