കവിപൗര്‍ണമി
(എസ്. രമേശന്‍നായര്‍
കവിയും കവിതയും)
കാവാലം ശശികുമാര്‍
വേദ ബുക്‌സ്, കോഴിക്കോട്
പേജ്: 153 വില: 200
ഓര്‍മ്മയിലൊഴുകുന്ന നിത്യനിര്‍മ്മലപൗര്‍ണമിയുടെ നിറനിലാവലയിലാണ് കാവാലം ശശികുമാറിന്റെ കവിപൗര്‍ണമി പിറന്നതെന്ന് ആദ്യവായനയില്‍ത്തന്നെ അനുഭവപ്പെടും. കവി എസ്.രമേശന്‍നായരെ ആസ്വദിച്ച് വായിക്കുകയും സാകൂതം അറിയുകയും ചെയ്ത ഒരു ആരാധകന്റെ സമര്‍പ്പണം കൂടിയാണ് വേദബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകം. കവിയുടെ ജീവിതവും നിലപാടും ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നുണ്ട്. കവി കവിത എഴുതുകയാണോ കവിത കവിയെ എഴുതുകയാണോ ചെയ്യുന്നതെന്ന് തിരിച്ചറിയാനാവാത്ത വിധം രണ്ടും ഒത്തൊഴുകിയ യമുനയാണ് രമേശ കവിതകളെന്ന തീര്‍പ്പുണ്ട് ഈ കൃതിക്ക് പിന്നില്‍.
എസ്. രമേശന്‍നായരുടെ സമ്പൂര്‍ണകവിതകളെയും സമഗ്രമായി അപഗ്രഥിച്ചുകൊണ്ട് യുവസാഹിത്യനിരൂപകരിലൊരാളായ ഡോ.ആര്‍.അശ്വതി രചിച്ച ‘കാവ്യപൗര്‍ണമി’ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കവിതയിലൂടെ കവിയെ അറിയാനുള്ള പരിശ്രമമായിരുന്നു അതെങ്കില്‍ ഇവിടെ ഒരു കവി തന്നെ കവിയെയും കവിതയെയും തേടുകയാണ് ചെയ്യുന്നത്. ‘എഴുതിയാല്‍ തീരാത്ത കവിത’യെന്ന് ആ കാവ്യജീവിതത്തെനോക്കി അമ്പരന്നുപോയ ഒരുവന്റെ കവിതാനിരീക്ഷണമാണ് കവിപൗര്‍ണമി. എഴുത്തുകാരന്‍ ഒരു കവി കൂടിയാകുമ്പോള്‍ കവിതപോലെയാകും എഴുത്തും.
രമേശന്‍നായരുടെ എല്ലാ കവിതകളും ഒരു വട്ടമെങ്കിലും വായിക്കണമെന്ന് ‘നാല് കവിതകള്‍’ എന്ന അധ്യായത്തിന്റെ തുടക്കത്തില്‍ കാവാലം ശശികുമാര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വായനയില്‍ വിട്ടുപോകാതിരിക്കാന്‍ നാല് കവിതകള്‍ അതിലെടുത്തു ചേര്‍ത്തിട്ടുമുണ്ട്. ‘ഹാ പുഷ്പമേ’ എന്നതാണ് ആദ്യത്തേത്. പൂവെന്ന് ലോകം വാഴ്ത്തുന്ന എല്ലാറ്റിനോടുമുള്ള, പെണ്‍കുഞ്ഞിന്, യുവതിക്ക്, അമ്മയ്ക്ക്, ആക്ടിവിസ്റ്റിന്, സമൂഹത്തിന് ഒക്കെ നല്കുന്ന സന്ദേശമാണ് ഈ കവിതയെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
”പൂവേ! പിറക്കരുത്;
നോവിന്റെ കഥകളിനി
യാരാരുമെഴുതരുത്
കരയരുത് കരയരുത്….” എന്ന് പാടി അവസാനിപ്പിക്കുന്ന കവിത വ്യാഖ്യാനങ്ങള്‍ വേണ്ടാത്ത പുതിയ കാലത്തിനുള്ള ആഹ്വാനമാണ്.
അക്ഷരവടിവിന്റെ അഭിമാനം വിളിച്ചു പറയുന്ന ‘എഴുതുമ്പോള്‍’ എന്ന കവിതയെ പരിചയപ്പെടുത്തുമ്പോള്‍ അതിലും കവി നിറയുന്നതിന്റെ അനുഭവം നമുക്ക് വായിക്കാം, ‘തല നിവര്‍ത്തി, നട്ടെല്ല് വളയ്ക്കാതെ എഴുതി എഴുപത്തിമൂന്ന് വയസ്സുവരെ ജീവിച്ച കവി’യുടെ എഴുത്ത് ഇങ്ങനെയാണ്,
”നിവര്‍ന്നുതാനിരിക്കേണം,
നിവര്‍ന്നുനില്‍ക്കേണം,
തല നിവര്‍ത്തിയേ നടക്കേണ
മഭിമാനികള്‍,
എഴുന്നൊരക്ഷരവും തല നിവര്‍ന്നിരിക്കേണ മഭിമാനപ്രതീകമായചഞ്ചലമായ്…”
കാലത്തെ ഗ്രസിക്കുന്ന പകര്‍ച്ചപ്പനിയുടെ കടന്നുകയറ്റത്തിന്റെ വ്യാപ്തി ശരീരവ്യഥകളിലൊതുങ്ങുന്നതല്ല, ‘പനി’ എന്ന കവിത കാലത്തിനപ്പുറത്തേക്കും വായിക്കപ്പെടേണ്ടതാണെന്ന നിരീക്ഷണം കാലോചിതമാവുന്നത് ഇങ്ങനെയാണ്,
”ധര്‍മ്മഭൂവിലധര്‍മ്മം പനിക്കുന്നൂ
പര്‍ണശാലയില്‍പ്പാപം പനിക്കുന്നു
ഔഷധങ്ങളില്‍ മായം പനിക്കുന്നു
ആതുരാലയച്ചന്ത പനിക്കുന്നൂ
തൂലികത്തുമ്പില്‍ രക്തം പനിക്കുന്നു
താളിലക്ഷരം പൊള്ളിപ്പനിക്കുന്നു
മാമരക്കിളിമണ്ണില്‍പ്പനിക്കുന്നു
‘മാ നിഷാദ’യില്‍ കാലം പനിക്കുന്നു….”
കാവാലം വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്ന നാലാമത്തെ കവിത കവിയുടെ ‘ഭാഗപത്ര’മാണ്. ഒരു ജീവിതത്തിന്റെ, പ്രണയത്തിന്റെ, സമര്‍പ്പണത്തിന്റെ ഭാഗപത്രമാണത്. കവിതയും അക്ഷരവും പാരമ്പര്യവും സംസ്‌കാരവുമെല്ലാം നാളേയ്ക്ക് പങ്കുവയ്ക്കുന്ന കവിത… ആവണിയും വിഷുവും ആതിരയും കുളിരും പങ്കുവയ്ക്കുന്ന, വീണപൂവിന്റെ വസന്തവും വീണ്ടുമെത്തുന്ന വസന്തവും നാളേക്കായി നീക്കിവയ്ക്കുന്ന കവിഹൃദയത്തിന്റെ ഭാഗപത്രമാണത്.
”ഒന്നിനൊന്നായ് മത്സരിച്ചെത്തും
ഒന്നുമില്ലായ്മയെല്ലാം തരുന്നു” എന്ന നിസ്വകവിയുടെ ഹൃദയമാണ് ഭാഗപത്രമായി നമുക്ക് മുന്നിലെത്തുന്നത്.
പൗര്‍ണമിയായി കവി നിറയുന്ന വഴി നാല് കവിതകളിലൂടെ കൃത്യമായി ചൂണ്ടിക്കാണിക്കുമ്പോഴാണ് ഈ കൃതി കവിപൗര്‍ണമിയാകുന്നത്. ഈ പുസ്തകത്തില്‍ കവിതയ്‌ക്കൊപ്പം അനുഭവങ്ങളുടെ ഒഴുക്കുണ്ട്. കവിയുമൊത്ത് ചെലവിട്ട നിമിഷങ്ങളുടെ ധന്യതയുണ്ട്. കവിയുടെ ‘ഹൃദ്‌രമ’ പങ്കുവയ്ക്കുന്ന ഹൃദയവര്‍ത്തമാനങ്ങളുണ്ട്, കവിയുടെ ജീവിതവും സൗഹൃദങ്ങളുമുണ്ട്. കവി നമുക്ക് നല്കിയതും നാം കവിക്ക് നല്കിയതും എണ്ണിപ്പറയുന്നുണ്ട്. കവിയെ അറിഞ്ഞവര്‍ നടത്തിയ വിലയിരുത്തലുകളുണ്ട്. കവിയുടെ നിലപാട് പ്രഖ്യാപനവുമുണ്ട്.
സ്വാര്‍ത്ഥചിന്തകള്‍ ഭരണം നടത്തുന്ന സമകാലിക കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തിലേക്ക്, അവര്‍ ബോധപൂര്‍വം തമസ്‌കരിക്കാന്‍ താത്പര്യപ്പെടുന്ന ഒരു ജീവിതത്തെ, കവിതയെ, കാഴ്ചപ്പാടിനെ പൗര്‍ണമി നിലാവിന്റെ സാരള്യത്തോടെ അവതരിപ്പിക്കുന്നുണ്ട് ഈ കവിപൗര്‍ണമി…
Comments