”എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമി നല്‍കുന്നുണ്ട്. ആരുടെയും അത്യാഗ്രഹത്തിന് തികയില്ല”: മഹാത്മാഗാന്ധി.
ലോകം പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചൊക്കെ ചിന്തിക്കുന്നതിന് എത്രയോ മുമ്പ് ഗാന്ധിജി ഇങ്ങനെ പറഞ്ഞു വച്ചു. ഒരു മരം മുറിക്കുമ്പോള്‍ പത്ത് തൈകള്‍ പകരം വച്ചും വൃക്ഷപൂജ നടത്തിയും പ്രകൃതിയെ സംരക്ഷിച്ചിരുന്ന ഒരു സംസ്‌കൃതിയുടെ പിന്‍മുറക്കാരാണ് നാമെന്നതും സാന്ദര്‍ഭികമായി മനസ്സിലാക്കുക. കാവുതീണ്ടല്ലേ മക്കളെ കുടിവെള്ളം മുട്ടും എന്ന് മുത്തശ്ശിമാര്‍ പറഞ്ഞത് കേള്‍ക്കാതെ വാദങ്ങളുയര്‍ത്തി അതിബൃഹ ത്തായ ആവാസവ്യവസ്ഥയിലുള്‍പ്പെട്ട കാവുകള്‍ നാമൊന്നായി ഇല്ലാതാക്കി. പത്ത് സെന്റ് വയല്‍ 1,60,000 ലിറ്ററും ഒരു ഹെക്ടര്‍ വനം 32000 ചതുരശ്രകിലോമീറ്ററിലുള്‍ക്കൊള്ളുന്നത്ര മഴയെയും ഉള്‍ക്കൊള്ളും. കാടും കാവും വയലും എല്ലാം അന്യമാകുന്നിടത്ത് ഇല്ലാതാകുന്നത് ദാഹനീരാണ്.
ജൂണ്‍ 5 -ലോകപരിസ്ഥിതിദിനം. ഒരു ഭൂമി മാത്രം പ്രകൃതിയോട് സൗഹൃദപ്പെട്ട് സുസ്ഥിരമായി പരിരക്ഷിക്കുകയെന്നതാണ് ഈ വര്‍ഷത്തെ വിഷയമായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തിരിക്കുന്നത്. 1698ല്‍ തോമസ് സവേരി ആവി എഞ്ചിന്‍ കണ്ടുപിടിച്ചതോടെയാണ് മാനവചരിത്രം വഴി മാറി തുടങ്ങിയത്. 1764ല്‍ ജെയിംസ് വാട്ട് ആവിയന്ത്രത്തിന്റെ പരിഷ്‌കൃതരൂപം വികസിപ്പിച്ചത് മുതല്‍ കല്‍ക്കരിയുടെ ഉപയോഗവും വ്യാപകമായി. അപ്പോള്‍ മുതലാണ് അന്തരീക്ഷത്തിലേക്ക് കൃത്രിമമായി കാര്‍ബണ്‍ഡയോക്‌സൈഡ് പകരുന്നത്. തുടര്‍ന്നിങ്ങോട്ട് വ്യവസായ, ഇലക്ട്രോണിക് വിപ്ലവങ്ങളുടെ പെരുമഴക്കാലമായി. ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു. വന ആവാസവ്യവസ്ഥകളെ വ്യാപകമായി മനുഷ്യര്‍ വാസസ്ഥലങ്ങളാക്കി മാറ്റി. പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്നവര്‍ കാലാന്തരത്തില്‍ പ്രകൃതിവിഭവങ്ങളെ കീഴ്‌മേല്‍ മറിച്ച് തേരോട്ടം നടത്തി. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലയളവില്‍ ഏകദേശം 1960-കളിലാണ് പിന്നെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകത്ത് സജീവമാകുന്നത്. 1962ല്‍ റയിച്ചല്‍ കഴ്‌സണ്‍ പ്രസിദ്ധീകരിച്ച നിശഃബ്ദ വസന്തമെന്ന പുസ്തകം പരിസ്ഥിതി സംരക്ഷണ ചര്‍ച്ചകള്‍ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കിയത്. അമേരിക്കന്‍ ഭരണകൂടത്തിന് ഡി.ഡി.റ്റിയുടെ നിരോധനം പോലും നടപ്പിലാക്കേണ്ടി വന്നു.
1972 ല്‍ സ്വീഡനിലെ സ്റ്റോക്ക് ഹോമില്‍ നടന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ വെച്ച് ഐക്യരാഷ്ട്രസഭ പരിസ്ഥിതിയേയും വികസനത്തെയും ബന്ധപ്പെടുത്തി സുസ്ഥിരവികസനമാണ് ഇനി വേണ്ടതെന്ന പ്രഖ്യാപനവും നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി ഇരുപത്തിയാറിന പരിപാടിയും പ്രഖ്യാപിച്ചു. ഈ സമ്മേളനത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ ലോകവും മാനവരാശിയും എവിടെ എത്തി നില്‍ക്കുന്നു എന്ന് നാം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്.
വികലമായ വികസന കാഴ്ച പ്പാടില്‍ ലോകം മുന്നേറിയപ്പോള്‍ ഇല്ലാതായത് മണ്ണും ജലവും ജൈവ സമ്പത്തുകളുമാണ്. ഭൂമി രൂപപ്പെട്ടതു മുതല്‍ കാലാവസ്ഥാമാറ്റം ഉണ്ട്. അത് ആവശ്യവുമാണ്. ജല ചക്രവും (Water cycle) കാര്‍ബണ്‍ ചക്രവും (Carbon cycle) നൈട്രജന്‍ ചക്രവും (Nitrogen Cycle) ചലനാത്മകമായി തന്നെ മുന്നോട്ടു പോകണം. വസന്തവും ശിശിരവും ഹേമന്തവും വേനലും മഴയും എല്ലാം ആവശ്യമാണ്. സൂര്യപ്രകാശം, വായു, ജലം, ഭൂമി എന്നിവയുടെ സഞ്ചാരമുള്ളത് വളരെ പ്രധാനമാണ്. മനുഷ്യ പ്രേരിതമായ (അിവേൃീുീഴലിശര) കാരണങ്ങളാല്‍ കാലാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമെന്നതാണ് പുതിയ പ്രതിസന്ധിയായി മുന്നിലുള്ളത്. കല്‍ക്കരി, പെട്രോളിയം ഉല്‍പന്നങ്ങള്‍ രാസവളങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗത്താല്‍ അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നു. സൂര്യകിരണങ്ങളും ചൂടും അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന തെങ്കിലും സൗരവികിരണ പ്രക്രിയയിലൂടെയാണ് ജലം ചൂടാകുന്നത്. സൂര്യനിലെ ചൂട് കരയിലും കടലിലും പതിച്ച ശേഷം തിരിച്ച് അന്തരീക്ഷപാളികളിലൂടെ മുകളിലേക്ക് സഞ്ചരിക്കുന്നത് അനുസരിച്ചാണ് ചൂട് അനുഭവപ്പെടുന്നത്. അന്തരീക്ഷത്തില്‍ കൂടുതല്‍ കാര്‍ബണ്‍ വാതകങ്ങള്‍ ഉണ്ടായാല്‍ ചൂടുള്ള വായുവിന്റെ സഞ്ചാരം തടസ്സപ്പെടുത്തി ഒരുപോലെ അവ നിലനില്‍ക്കും. പിന്നെ മുകളിലേക്ക് പോകാന്‍ തടസ്സം ഉള്ളതിനാല്‍ അന്തരീക്ഷത്തിലെ താഴെ നിരകളില്‍ ഉള്ള ട്രോപോസ്ഫിയറില്‍ ചൂട് കൂടുന്നതാണ്. തല്‍ഫലമായി കരയിലും കടലിലും ക്രമാതീതമായി ചൂട് വര്‍ദ്ധിക്കും. ചൂടുള്ള വായുവിലെ സഞ്ചാരപാത തടസ്സപ്പെടുന്നത് കൊണ്ടാണ് ആഗോളതാപനം സംഭവിക്കുന്നത്. ഭൂമിയുടെ പനി വര്‍ധിപ്പിക്കുന്നതില്‍ കാര്‍ബണ്‍ വാതകങ്ങള്‍ക്ക് നിര്‍ണായകമായ പങ്കാണുള്ളത്. കാര്‍ബണ്‍ വാതകങ്ങള്‍ അന്തരീക്ഷത്തിലെത്തിക്കുന്നതില്‍ മനുഷ്യരുടെ ഇടപെടലുകള്‍ വളരെ വലുതാണ്. ആഗോളതാപനത്തെ വേഗത്തില്‍ ആക്കുന്നതില്‍ നേരിട്ട് 5% പങ്കുവഹിക്കുന്നത് സിമന്റാണ്.
വനനശീകരണം, പ്രകൃതിവിഭവങ്ങളുടെ നാശം, ഭൂവിനിയോഗത്തിലെ മാറ്റം, മാലിന്യ സംസ്‌കരണത്തിലെ കുറവ്, അശാസ്ത്രീയത, പരിസ്ഥിതി ഘടകങ്ങളെ കണക്കിലെടുക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, മലിനീകരണം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ അന്തരീക്ഷ താപനില ഉയരുകയാണ്. കടല്‍ ചൂടാകുന്നതും നല്ല ലക്ഷണമല്ല. പേമാരിയും മഴയും മണ്ണിടിച്ചിലും മഞ്ഞുമലകള്‍ താഴേക്ക് വരുന്നതും ഒന്നും ഇന്ന് വാര്‍ത്തയല്ല, നിത്യ കാഴ്ചകളാണ്. പരിസ്ഥിതി പ്രകൃതി വിഭവങ്ങളില്‍ കുറവും മലിനീകരണവും മാനവരാശി നേരിടുന്ന വലിയ വെല്ലുവിളികളാണ്. രണ്ടു ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിച്ചാല്‍ തന്നെ വലിയ പ്രതിസന്ധികള്‍ രൂപപ്പെടുമെന്ന ആശങ്കയില്‍ താപനില 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറയ്ക്കണമെന്ന് ലോകരാജ്യങ്ങള്‍ സ്റ്റോക്ക്‌ഹോമില്‍ തുടങ്ങി പാരീസ് വരെ എത്തി ചര്‍ച്ചകള്‍ ചെയ്‌തെങ്കിലും അമ്പതാണ്ട് കഴിയുമ്പോഴും ഒരു രാജ്യവും വേണ്ടത്ര പരിഗണന പരിസ്ഥിതി സംരക്ഷണത്തിന് നല്‍കിയിട്ടില്ല. പരിസ്ഥിതി സംരക്ഷണമെന്ന കാഴ്ചപ്പാട് രൂപപ്പെട്ടത് വലിയ കാര്യമായി കാണാമെങ്കിലും ഇനി വേണ്ടത് മൂര്‍ത്തമായ കര്‍മപരിപാടികള്‍ ആണ്. പുതിയ വികസന സമീപനങ്ങളും കാഴ്ചപ്പാടുകളും അവയില്‍ അധിഷ്ഠിതമായ കര്‍മ്മ പരിപാടികളുമാണ് ലോകം കാത്തിരിക്കുന്നത്. വികസനമെന്ന വാക്കുതന്നെ മാറ്റേണ്ടിവരും. ക്ഷേമവും ആനന്ദവുമൊക്കെ ആണ് വേണ്ടത്. കൊറോണയുള്‍പ്പെടെ വന്നതിനുശേഷമുള്ള പുതിയ ലോകത്ത് മാനവരാശി ഇപ്പോള്‍ പിന്തുടരുന്ന വികസന രീതികള്‍ മാറ്റുവാനുള്ള ചര്‍ച്ചകള്‍ എല്ലാ തലത്തിലും ആവശ്യമാണ്.
ഭൂമധ്യരേഖക്കടുത്ത് എട്ട് ഡിഗ്രിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന കേരളത്തില്‍ നല്ല ചൂടും സൂര്യപ്രകാശവും ലഭിക്കുന്നതിനാല്‍ മരുഭൂമിയാകേണ്ടതായിരുന്നു. എന്നാല്‍ പടിഞ്ഞാറ് ഭാഗത്തെ കടലും കിഴക്കന്‍ സഹ്യാദ്രി മലനിരകളുമുള്ളതുകൊണ്ടാണ് കേരളം മണ്‍സൂണിലൂടെ സമശീതോഷ്ണ മേഖലയായി മാറിയത്. ഇത്തരം സവിശേഷതകളുള്ള ഒരു പ്രദേശം ലോകത്തില്‍ ഒരിടത്തും ഇല്ലെന്നത് നാം തിരിച്ചറിയുന്നില്ല. പഠിക്കുന്നുമില്ല. ആരും പഠിപ്പിക്കുന്നില്ല. 44 നദികള്‍, ആയിരക്കണക്കിന് പുഴകള്‍, കായലുകള്‍, ലക്ഷക്കണക്കിന് കിണറുകള്‍, കുളങ്ങള്‍, നീരുറവകള്‍, വര്‍ഷത്തില്‍ നല്ല രണ്ടു മഴക്കാലം, വേനലിലും മഴ എന്നിവയെല്ലാം കൊണ്ട് ജലസമ്പന്നമായ കേരളത്തില്‍ ജലപ്രതിസന്ധി വളരെയേറെയാണ്. മഴക്കാലങ്ങളില്‍ വെള്ളപ്പൊക്കം, പ്രളയം, ദുരിതാശ്വാസ പരിപാടികള്‍, മഴ മാറിയാല്‍ ജലക്ഷാമം, വരള്‍ച്ച ദുരിതാശ്വാസ പരിപാടികള്‍. പ്രകൃതിയുടെയും മഴയുടെയും സ്വന്തം ദേശമായ കേരളത്തില്‍ എന്തുകൊണ്ട് ജലക്ഷാമം ഉള്‍പ്പെടെ സംഭവിക്കുന്നുവെന്നത് നാം ഗൗരവമായി മനസ്സിലാക്കുന്നില്ല.
കാലാവസ്ഥ ശാസ്ത്രജ്ഞന്റെ വര്‍ഗീകരണമനുസരിച്ച് കേരളത്തില്‍ പര്‍വ്വതജന്യമായ (Orographic rainfall) ) മഴയാണ് ലഭിക്കുന്നത്. അതിലാകട്ടെ ഇടനാടന്‍ കുന്നുകള്‍ക്കും മലനിരകള്‍ക്കും വാഹനങ്ങള്‍ക്കും വലിയ പങ്കാണുള്ളത്. സൂര്യതാപമേറ്റ് കടലിലെ ജലം നീരാവിയായി മേല്‍പ്പോട്ട് ഉയര്‍ന്ന് പിന്നെ തിരശ്ചീന (Horizontal) ദിശയിലാണ് കൂടുതലും സഞ്ചരിക്കുന്നത്. പശ്ചിമഘട്ട മലനിരകളാണ് വായുസഞ്ചാരം തടസ്സപ്പെടുത്തുന്നത്. തുടര്‍ന്ന് ലംബമായി സഞ്ചരിക്കേണ്ടി വരുന്ന ചൂടുള്ള വായു മലനിരകളിലെ മരങ്ങളിലെല്ലാം തട്ടി മുകളിലേക്ക് പോകുമ്പോള്‍ ചൂട് കുറയുന്നതിനനുസരിച്ച് വായു തണുക്കുകയും നീരാവി തുള്ളികള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഭൂഗുരുത്വാകര്‍ഷണം കൂടിയാകുമ്പോള്‍ അതിനനനുസരിച്ച് മഴത്തുള്ളികള്‍ മഴയായി തിരിച്ചെത്തുന്നു. കേരളത്തിന്റെ 75 ശതമാനവും കാടായിരുന്നു. അതിജീവനത്തിനായി കാട് നശിപ്പിച്ചത് മനസ്സിലാക്കാം. പക്ഷെ റിയല്‍ എസ്റ്റേറ്റും അനധികൃത കയ്യേറ്റവും കൂടി ഇല്ലാതാക്കുന്നത് നമ്മുടെ വനസമ്പത്താണ്.
ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പരിസ്ഥിതി ലോല മേഖലയായ പശ്ചിമഘട്ട മലനിരകള്‍ നമുക്ക് കേവലം മലനിരകളും കാടും മാത്രമാണ്. 44 നദികളും ഉത്ഭവിക്കുന്ന കേരളത്തിലെ ജല ഗോപുരമാണ് സഹ്യാദ്രിയെന്ന് നാം അറിയുന്നില്ല.
ജൈവവൈവിധ്യ കലവറയായ പശ്ചിമഘട്ടത്തില്‍ 40 ഗണത്തില്‍പ്പെട്ട സസ്തനികളും 275 ഗണത്തില്‍പെട്ട ഇഴജന്തുക്കളും 326 ഇനത്തില്‍പ്പെട്ട പക്ഷി ജാതികളും 318 വിഭാഗത്തിലുള്ള ജൈവജാത നിശാശലഭങ്ങളും 96 ജാതി ചിത്രശലഭങ്ങളും 285 വിഭാഗം കശേരുക്കളും 30 ഇനം ലിസാര്‍ഡുകളും 4000 ജൈവജാതിയില്‍പ്പെട്ട പുഷ്പിത സസ്യങ്ങളും കാണപ്പെ ടുന്നുണ്ട്. കാടു കയറുന്നവര്‍ക്ക് എന്ത് ജൈവ വൈവിധ്യം, എത്ര ജീവജാതി പോയാലെന്താ! കേരളത്തിലെ കാലാവസ്ഥയിലും ജലസ്രോതസ്സുകളുടെ നില്‍പ്പിലും പശ്ചിമ ഘട്ടനിരകള്‍ വലിയ പങ്കാണ് വഹിക്കുന്നത്.
നാമിന്ന് ജീവിക്കുന്നത് കാലാവസ്ഥ മാറിയ കേരളത്തിലാണ്. പതിവിനു വിപരീതമായി ബംഗാള്‍ ഉള്‍ക്കടലിനോടൊപ്പം അറബിക്കടലും വര്‍ദ്ധിച്ച തോതില്‍ ചൂടാവുകയാണ്. തല്‍ഫലമായി ചക്രവാത ചുഴി (Cyclonic depression) കള്‍ രൂപപ്പെടുന്നതിന്റെ സമയക്രമത്തില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നു. 2016 ല്‍ തൊട്ടു മുന്നോട്ടുള്ള 150 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വരള്‍ച്ച സംസ്ഥാനത്തിന് അനുഭവപ്പെട്ടു. കൃത്രിമമായി മഴ (Artificial rainfall) പെയ്യിപ്പിക്കുന്നതിനെക്കുറിച്ച് പോലും വലിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ലോകം ഉപേക്ഷിച്ച ഇത്തരം കാര്യങ്ങള്‍ നാം ചര്‍ച്ചയ്ക്കടുക്കുന്നു എന്നത് തല്‍ക്കാലം മാറ്റിവെക്കാം. 2017ല്‍ ഓഖി, 2018, 2019, 2020, വര്‍ഷങ്ങളില്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവയെല്ലാം നേരിട്ട് നാം കണ്ടു കഴിഞ്ഞു. കേരളത്തിലെ സൂക്ഷ്മ കാലാവസ്ഥയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. കുറഞ്ഞ സ്ഥലത്ത് ചെറിയ കാലയളവില്‍ വലിയ മഴ എന്നതാണ് പുതിയ രീതിയായി കാണുന്നത്. ഒരു പ്രദേശത്തെ ഭൂവിനിയോഗത്തില്‍ ഉണ്ടാകുന്ന ഏതൊരു മാറ്റവും ആ പ്രദേശത്തെ സൂക്ഷ്മ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്ന് 460 ബിസിയില്‍ പ്ലേറ്റോ നിരീക്ഷിക്കുകയുണ്ടായി. കേരളത്തില്‍ വളരെ ചലനാത്മകമായ ഭൂവിനിയോഗ രീതികള്‍ ആണുള്ളത്. ബഹു വിളകളും മിശ്രിത വിളകളുമെല്ലാം നാം ഉപേക്ഷിച്ചു. ഭക്ഷ്യ വിളകള്‍ക്കു പകരം നാണ്യ വിളകള്‍ക്കും ദീര്‍ഘകാല വിളകള്‍ക്കും ഏക വിളകള്‍ക്കും വലിയ പ്രാധാന്യം നല്കിയപ്പോള്‍ ഇല്ലാതായത് പ്രകൃതിയുടെ തനതായ താളമാണ്.
കണിക്കൊന്ന കാലം മാറി പൂക്കുന്നതും വരണ്ട ഭൂമികളില്‍ കാണുന്ന മയിലുകള്‍ നനഞ്ഞ ഭൂപ്രദേശങ്ങളില്‍ വരുന്നതും നല്ല ലക്ഷണമല്ല. അടിക്കടിയുണ്ടാകുന്ന പ്രളയവും വരള്‍ച്ചയും ദീര്‍ഘകാലത്തില്‍ മരുവല്‍ക്കരണം സൃഷ്ടിക്കും. കടലില്‍ ചൂട് കൂടിയപ്പോള്‍ മത്തി (ചാള) യുടെ ഉത്പാദനത്തില്‍ വലിയ കുറവുണ്ടായി. പ്രളയത്തിനുശേഷം മണ്ണിന്റെയും മൃഗങ്ങളുടേയും ഉല്‍പ്പാദനശേഷിയില്‍ വലിയ കുറവാണനുഭവപ്പെട്ടത്. കേരളത്തിലെ മണ്ണിന് ശരാശരി 3 മീറ്റര്‍ വരെ മാത്രമേ ആഴമുള്ളൂ. ആയതിനാല്‍ അധികം മഴയെ കരുതുവാന്‍ പരിമിതികളുണ്ട്. വിവിധ കാരണങ്ങളാല്‍ സ്വാഭാവികമായി ഭൂജല സമ്പത്ത് വര്‍ധിക്കുന്നുമില്ല. ചരിഞ്ഞ ഭൂഘടന ആയതിനാല്‍ പെയ്യുന്ന മഴയുടെ എഴുപതു ശതമാനവും ഉപരിതല നീരൊഴുക്കായി പോവുകയാണ്. മഴക്കാലങ്ങളില്‍ വര്‍ധിച്ച നീരൊഴുക്ക്, വെള്ളപ്പൊക്കം, പ്രളയം എന്നിവയെല്ലാമുണ്ട്. മഴ കഴിഞ്ഞാല്‍ ജലസ്രോതസ്സുകളില്‍ ഉള്‍പ്പെടെ വെള്ളമില്ല. നദികളില്‍ വേനല്‍ക്കാലങ്ങളില്‍ മിനിമം ഒഴുക്കിനുള്ള(Minimum Flow) വെള്ളമില്ലാതെ വരുമ്പോള്‍ ഉപ്പുവെള്ളം നദികളിലൂടെ കരയിലേക്ക് കയറുന്നു. പൊതു കുടിവെള്ള വിതരണ പദ്ധതികള്‍ എല്ലാം നദികളെയാണ് ജലസ്രോതസ്സുകള്‍ ആയി ഉപയോഗിക്കുന്നത്. വേനലുളില്‍ നദികളില്‍ ഉപ്പുരസം കലരുന്നതിനാല്‍ കുടിവെള്ളം പോലും പ്രതിസന്ധിയില്‍ ആകാറുണ്ട്.
ഒരിഞ്ചു കനത്തില്‍ സ്വാഭാവികമായി മണ്ണ് ഉണ്ടാകുവാന്‍ ആയിരം വര്‍ഷം വേണം. മണ്ണൊലിപ്പിലൂടെ നഷ്ടമാകാന്‍ കേവലം നാലു വര്‍ഷം മതി. ഒരു മില്ലിമീറ്റര്‍ മണ്ണുപോലും കൃത്രിമമായി സൃഷ്ടിച്ചു ജീവനുള്ള മണ്ണിന് പകരം വയ്ക്കാന്‍ നമുക്കാവില്ല. ഹൈഡ്രജനും ഓക്‌സിജനും ചേര്‍ത്താല്‍ ജലം ആക്കാന്‍ കഴിയും. പക്ഷേ അങ്ങനെ നാടിന്റയും നാട്ടുകാരുടെയും ദാഹനീര് തീര്‍ക്കുവാനുള്ള വര്‍ധിച്ച തോതിലുള്ള ജലസൃഷ്ടി എളുപ്പമല്ല. സൂര്യതാപവും വായുവും കാറ്റും മണ്ണും വെള്ളവും ഒന്നും കൃത്രിമമായി സൃഷ്ടിക്കുന്നില്ല എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം.
ഗോവ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ ഉള്ളത് കേരളത്തിലാണ്. സ്വകാര്യ ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണ്. 30 ലക്ഷത്തോളം കെട്ടിടങ്ങള്‍ കേരളത്തില്‍ ഒഴിഞ്ഞു കിടക്കുമ്പോഴും വീണ്ടും തകൃതിയായി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ട്. മണലും സിമന്റും ചുടുകല്ലുകളുള്‍പ്പെടെ എന്തിനാണ് ഇങ്ങനെ നിശ്ചല നിക്ഷേപമായി (Dead Invest) കുഴിച്ചിടുന്നതെന്ന് ആരും ചര്‍ച്ച ചെയ്യുന്നില്ല. ഒരു ലക്ഷം കോടി രൂപയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഓരോവര്‍ഷവും ഔദ്യോഗികമായി കേരളത്തില്‍ എത്തുന്നത്. അനൗദ്യോഗികമായി എത്തുന്ന തുകയും വസ്തുക്കളും വേറെയുണ്ട്. മലയാളിയുടെ നിക്ഷേപം കൂടുതലും പോകുന്നതും കെട്ടിടനിര്‍മ്മാണത്തിനും വാഹനങ്ങള്‍ വാങ്ങുന്നതിനുമാണ്. ഈ രണ്ട് ആഡംബരങ്ങള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ നാം ചര്‍ച്ച ചെയ്യുന്നില്ല. പ്രളയത്തിനും കോവിഡിനും ശേഷമുള്ള കേരളത്തെ നാം ഗൗരവമായി പഠിക്കുന്നില്ലയെന്നത് പ്രധാന വിഷയമാണ്.
പാരിസ്ഥിതികമായി ലോലവും കലുഷിതവുമായ തീരപ്രദേശങ്ങള്‍, ദുര്‍ബലമാകുന്ന മലനാട് എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള പുതിയ കേരളത്തെ കുറിച്ചാണ് നാമിനി ചിന്തിക്കേണ്ടത്. സൂക്ഷ്മ കാലാവസ്ഥാമാറ്റം മുന്നിലെ യാഥാര്‍ത്ഥ്യമാണ്. പരമ്പരാഗത മഴദിനങ്ങളിലും സീസണുകളിലും പ്രദേശങ്ങളിലും വലിയ വ്യത്യാസമാണുണ്ടാകുന്നത്. ഏതു സീസണിലും മഴയും വരള്‍ച്ചയും വരാവുന്ന നിലയില്‍ കേരളം മാറിക്കഴിഞ്ഞു. വര്‍ദ്ധിച്ച മഴ, രൂക്ഷമായ വരള്‍ച്ച എന്നീ നിലകളിലാണ് സംസ്ഥാനം മാറുന്നത്. നാമിന്ന് പിന്തുടരുന്ന വികസന രീതികളും മുന്‍ഗണനകളും തീര്‍ച്ചയായും മാറേണ്ടതാണ്. മാലിന്യ സംസ്‌കരണത്തില്‍ തികഞ്ഞ അലംഭാവവും അശാസ്ത്രീയവുമാണ് നാം പിന്തുടരുന്നത്. ജലസ്രോതസ്സുകളുടെ മലിനീകരണം ഇന്നൊരു വാര്‍ത്തയല്ല. വ്യാപകമായി വനങ്ങള്‍, വയലുകള്‍, കാവുകള്‍, കായലുകള്‍ എന്നിവ നശിപ്പിക്കുകയാണ്. മലിനീകരണത്തിന്റെ തോതും വര്‍ദ്ധിക്കുന്നുണ്ട്. സ്വാഭാവികമായുള്ള മണ്ണ്, ജല സംരക്ഷണത്തില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. മഴവെള്ള സംഭരണവും ജല പരിപോഷണവും വേണമെന്ന് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പറയുന്നുണ്ട്. ഇത്തരം സംവിധാനം ഉണ്ടെങ്കിലേ കെട്ടിടനിര്‍മ്മാണത്തിന് അനുവാദം നല്‍കാന്‍ പാടുള്ളൂ എന്നാണ് നിയമം. ഇതൊന്നും ഒരിടത്തും പാലിക്കപ്പെടുന്നില്ല. മാലിന്യ സംസ്‌കരണവും മഴവെള്ളസംഭരണവും കെട്ടിടനിര്‍മ്മാണത്തിന്റെ ഭാഗമായി കര്‍ശനമായി നടപ്പിലാക്കണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നാട്ടില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ ഇനി എന്നാണ് വരുന്നത്. പരിസ്ഥിതി സൗഹൃദ നിര്‍മ്മിതികളുടെ കാലമാണ് മുന്നിലുള്ളത്. അതിനാവശ്യമായ നിയമങ്ങളും ചട്ടങ്ങളുമാണ് വേണ്ടത്.
വികസനം എന്ന പദം ഏറെ വികലമാക്കപ്പെട്ടു കഴിഞ്ഞു. വന്‍കിട നിര്‍മ്മിതികളാണ് വികസനമെന്നതുകൊണ്ട് പലപ്പോഴും പരിഗണിക്കുന്നത്. നമുക്കിനി വേണ്ടത് ക്ഷേമമാണ്. സന്തോഷവും ആനന്ദവും സമാധാനവുമാണ്. കൊറോണയും പ്രളയവും പ്രകൃതി പ്രതിഭാസങ്ങളുടെ ഭാഗമായുണ്ടാകുന്ന ദുരന്തങ്ങളും നമ്മോട് ആവശ്യപ്പെടുന്നത് പുതിയ രീതികള്‍ ആണ്. മണ്ണിനെയും ജലത്തെയും വായുവിനെയും സസ്യജന്തു സമ്പത്തുകളേയും ദീര്‍ഘകാലയളവില്‍ നിലനിര്‍ത്തുന്ന പുതിയ നിര്‍മ്മാണ രീതികള്‍, കാര്‍ഷിക പ്രയോഗങ്ങള്‍, വിളകള്‍, മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, മണ്ണ്, ജലം, ജൈവ സംരക്ഷണ പരിപാടികള്‍, ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയാണ് കാലം ആവശ്യപ്പെടുന്നത്. ഈയൊരു പുതിയ സംസ്‌കാരമാണ്, ജീവിത ശൈലിയാണ്, പുതിയ കേരളത്തിന് ആവശ്യം, പുതിയ ഭൂമിക്കും. കാരണം നമുക്കും ഭാവി തലമുറകള്‍ക്കും ജീവിക്കാനുള്ളത് ഒരു ഭൂമി മാത്രം ഒരേയൊരു കേരളവും.
”കടലില്‍ മഴ പെയ്യുന്നത് മരങ്ങള്‍ ഉണ്ടായത് കൊണ്ടാണോ? മരങ്ങള്‍ ഇല്ലെങ്കിലും കടലില്‍ മഴ പെയ്യുന്നില്ലെ?” മുന്‍പ് കേരളത്തില്‍ കേട്ട ചോദ്യമാണിത്. എന്നാല്‍ ഇന്ന് കരയില്‍ മരങ്ങള്‍ കുറഞ്ഞ് അന്തരീക്ഷ താപനിലക്ക് വ്യത്യാസം വന്നാല്‍ കടലില്‍ മഴ കൂടുന്നുവെന്ന് പുതിയ കണ്ടെത്തലുകളുണ്ട്. മഴ പെയ്യിക്കുന്നതില്‍ മരങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് കാലം പറഞ്ഞുതരുന്നു. കടലിലെ ഉപ്പു വെള്ളത്തിന്റെ തോത് കുറയുന്നു. കടലിന് ചൂട് കൂടുന്നു. കരകള്‍ അപ്രത്യക്ഷമാവുന്ന പുതിയ കാലത്ത് എന്തൊക്കെയാണ് വരാനിരിക്കുന്നത്?