കോട്ടയം: കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടി അലയാതെ തൊഴില്‍ നല്കുന്നവരായി മാറണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന സ്വാവലംബി ഭാരത് അഭിയാന് ശില്‍പ്പശാലയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ളത് ഭാരതത്തിലാണ്. എന്നാല്‍ ഈ യുവത്വത്തെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന കാര്യത്തില്‍ മുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നില്ല. ഒരുകാലത്ത് ഉത്പാദനത്തില്‍ മുമ്പിലായിരുന്ന ഭാരതം പിന്നീട് ഇറക്കുമതി പ്രോത്സാഹിപ്പിക്കേണ്ട ഘട്ടത്തിലേക്ക് കൂപ്പുകുത്തി. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുകയാണ് ഇതിന് പരിഹാരം. സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടികളെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ അധ്യക്ഷന്‍ ആര്.സുന്ദരം ശില്പശാല ഉദ്ഘാടനം ചെയ്തു. സ്വാവലംബി ഭാരത് അഭിയാന് സംസ്ഥാന സംയോജക് ഡോ.അനില്‍ എസ്. പിള്ള അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് ടി.വി. പ്രസാദ് ബാബു, ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, അഡ്വ. സി.കെ.സജിനാരായണന്‍, സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജകന്‍ രഞ്ജിത്ത് കാര്ത്തികേയന്, എംഎസ്എംഇ അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് ബാബു, അഡ്വ. അനില്‍ ഐക്കര, അഡ്വ. കെ.എം. രശ്മി എന്നിവര്‍ സംസാരിച്ചു.