ഭരണം ഇനി ഒരിക്കലും തിരികെപ്പിടിക്കുവാന്‍ ആവില്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ അസ്വസ്ഥരായി മാറിയിരിക്കുകയാണ്. വെറുതെ എന്തിനുമേതിനും കുറ്റം പറഞ്ഞുകൊണ്ട് നടന്നാല്‍ കൈവശമുള്ള സീറ്റും ഇല്ലാതാവുമെന്ന ചിന്തയില്‍ നേതാക്കന്മാര്‍ ദ്വന്ദ്വയുദ്ധം തുടരുകയാണ്. ലോകമാകെ നരേന്ദ്രമോദിയെ ആദരിക്കുകയാണ്. മോദിതരംഗം ആഗോള വ്യാപകമായി മാറുന്നതുകണ്ട് അസൂയപൂണ്ട ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ ചില വെളിപാടുകളുമായി രംഗത്തേയ്ക്ക് വരുമ്പോള്‍ നരേന്ദ്രമോദിയെ വെറുതെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ പൊതുജനം കോണ്‍ഗ്രസ്സിനെ പഴിക്കുമെന്നും കൈവിടുമെന്നും ചിലനേതാക്കന്മാര്‍ തറപ്പിച്ചു പറയുകയാണ്. ശശി തരൂര്‍ – ജയ്‌റാം രമേശ് – അഭിഷേക് മനു സിംഘ്‌വി തുടങ്ങിയവര്‍ നടത്തിയ പ്രസ്താവനകളെ ഭയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കന്മാരില്‍ കടന്നുകൂടിയിരിക്കുന്ന നിരാശ ആര്‍ക്കും തിരിച്ചറിയുവാനും സാധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്ന നല്ലകാര്യങ്ങളെ അംഗീകരിക്കുമെന്ന് ശശി തരൂര്‍ വീണ്ടും ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ? ഇതില്‍ അരിശം പൂണ്ട ചില നേതാക്കന്മാര്‍ കേരളത്തില്‍ ശബ്ദകോലാഹലത്തിന് വട്ടംകൂട്ടിയെങ്കിലും ഒരു ഭാഗത്തു നിന്നും കയ്യടി ലഭിക്കുന്നില്ലെന്നു വന്നപ്പോള്‍ പിന്‍മാറിയിരിക്കുകയാണ്. അപ്പോഴാണ് വീരപ്പമൊയ്‌ലി ലങ്കോട്ടിയും ഉടുത്ത് പോര്‍ക്കളത്തിലേക്ക് ചാടി വീണിരിക്കുന്നത്.
മൊയ്‌ലി പറയുന്നത് നരേന്ദ്രമോദിയെ സ്തുതിച്ച് പ്രസംഗിക്കുന്നവരെ ശിക്ഷിക്കണമെന്നാണ്. കുറെക്കാലമായി കര്‍ണ്ണാടകയില്‍ മൗനവ്രതവുമായി കഴിഞ്ഞുവന്ന വീരപ്പമൊയ്‌ലിയ്ക്ക് വീണുകിട്ടിയ ഒരവസരം കൂടിയാണിത്. അദ്ദേഹം വിളിച്ചു പറയുന്നത് യു.പി.എ. സര്‍ക്കാരിന്റെ പരാജയത്തിന് കാരണം ജയറാം രമേശ് ആയിരുന്നുവെന്നാണ്. കോണ്‍ഗ്രസ്സിലെ ചില നേതാക്കന്മാര്‍ താമസിയാതെ ബി.ജെ.പി.യിലേക്ക് പോകുമെന്ന ചിന്ത പല നേതാക്കന്മാര്‍ക്കും ഭീതി ഉണര്‍ത്തുന്നുമുണ്ട്. അഴിമതി ഇല്ലാത്ത ഭരണത്തിന് ഭാരതജനത നല്‍കിയ അംഗീകാരമാണ് തുടര്‍ഭരണം. ഇക്കഥകളൊന്നും അറിയാത്തവരല്ല കോണ്‍ഗ്രസ്സുകാരും. എന്നിരുന്നാലും സമുന്നത നേതാക്കന്മാരുടെ മോദി സ്തുതി സൃഷ്ടിച്ചിരിക്കുന്ന അമ്പരപ്പ് ചെറുതല്ലയെന്നതാണ് മനസ്സിലാക്കേണ്ടത്. ശശി തരൂര്‍ എം.പിയുടെ പ്രസ്താവന ജനം പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞതില്‍ നിന്നും ചില ഭാഗങ്ങള്‍ നോക്കാം.
”….താന്‍ എതിര്‍ത്തതിന്റെ പത്തു ശതമാനമെങ്കിലും കേരളത്തില്‍ നിന്നുള്ള ഒരു നേതാവും എതിര്‍ത്തിട്ടില്ല. 17 ബില്ലുകളുടെ ചര്‍ച്ചയ്ക്കിടെ 50 തവണ താന്‍ ഇടപെട്ടു. മോദിയുടെ കഴിഞ്ഞ ഭരണകാലത്തെക്കുറിച്ചെഴുതിയ ‘പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകം മോദിസ്തുതി നടത്തുന്ന ഒരാള്‍ എഴുതുന്നതാണോയെന്നും ഓര്‍ക്കണം. ജയ്‌റാം രമേശിന്റെയും അഭിഷേക് മനുസിംഘ്‌വിയുടെയും പ്രസ്താവനകളോടുള്ള തന്റെ ഒരു പരാമര്‍ശത്തിന്റെ പുറത്താണ് ഇപ്പോഴത്തെ ബഹളം. മോദി ശരിയായ കാര്യം ചെയ്യുമ്പോള്‍ അനുകൂലിക്കണമെന്നത് ആറ് വര്‍ഷമായി താന്‍ പറയുന്നു.”
ഇവിടെ ശശിതരൂര്‍ കോണ്‍ഗ്രസ് നേതാക്കന്മാരെ വെല്ലുവിളിച്ചിരിക്കുകയാണ്. അതായത് പാര്‍ലമെന്റില്‍ 17 ബില്ലുകള്‍ കൊണ്ടുവന്നപ്പോഴും ആ ബില്ലുകളുടെ പേരില്‍ കമാന്നൊരക്ഷരം ഉരിയാടുവാന്‍ പോലും കഴിയാതിരുന്നവരുടെ കഥ! എന്നാല്‍ ശശി തരൂര്‍ 50 തവണ പ്രശ്‌നത്തില്‍ ഇടപെട്ടു! മറ്റൊരു സംഗതി നരേന്ദ്രമോദിയെ ശശി തരൂര്‍ എതിര്‍ത്ത സന്ദര്‍ഭങ്ങളില്‍ അതിന്റെ പത്തില്‍ ഒരു തവണപോലും എതിര്‍ക്കുവാന്‍ കഴിയാതെ ഇരുന്ന നേതാക്കളുടെ ചിന്തകള്‍; അവസാനമായി ശശി തരൂരിന്റെ പാണ്ഡിത്യം വിളിച്ചോതുന്ന ഒരു പുസ്തക രചനയുടെ കഥകൂടി അദ്ദേഹം കോണ്‍ഗ്രസ് നേതാക്കന്മാരുടെ നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബി.ജെ.പി. ഭരണകാലത്തെക്കുറിച്ച് ‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകരചന!
ഇന്ന് പാര്‍ലമെന്റില്‍ വെറുതെ കുത്തിയിരുന്നു സമയം പാഴാക്കുന്ന കോണ്‍ഗ്രസ് എം.പി.മാരിലൊരാളെങ്കിലും ഈ പുസ്തകം വായിച്ചു നോക്കിയിട്ടുണ്ടോ? എന്ന ചോദ്യം കൂടിയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. കൂടാതെ ശശി തരൂര്‍ ഒരു മഹാസത്യം കൂടി തുറന്നു കാട്ടിയിരിക്കുന്നു. അതായത് കഴിഞ്ഞ ആറ് വര്‍ഷമായി മോദി ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിച്ചു അനുകൂലിക്കണമെന്ന് താന്‍ പറയുമായിരുന്നുവത്രെ! ഭാരതജനതയുടെ മുന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തിരഞ്ഞെടുപ്പ് വേളയില്‍ എന്തെല്ലാം കഥകളാണ് പറഞ്ഞു നടന്നത്. പ്രബുദ്ധരായ വോട്ടര്‍മാര്‍ അത്തരം കഥകള്‍ക്ക് ചെവി കൊടുത്തില്ല. കേന്ദ്രത്തില്‍ അഴിമതിയില്ലാത്ത ഒരു ഉറച്ച സര്‍ക്കാര്‍ അതാണ് ഭാരത ജനത ചിന്തിച്ചതും. എല്ലാവിധത്തിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടി സ്വന്തം പാളയത്തിലെ പടയൊരുക്കം അതിജീവിക്കുവാന്‍ കഴിയാതെ ഉഴലുകയാണ്. ഏതായാലും ദീര്‍ഘനാള്‍ ഭരണസിംഹാസനത്തില്‍ വാണരുളിയ ചരിത്രപരമായ ചിന്തകള്‍ കോണ്‍ഗ്രസ് നേതാക്കന്മാരെ മറ്റു പല ആരോപണങ്ങളും ഉന്നയിക്കുവാന്‍ പ്രേരിപ്പിക്കുകയാണ്. അതിലൊന്നാണ് സമ്പദ്ഘടന ആകെ തകര്‍ന്നടിഞ്ഞുവെന്ന ആരോപണം. ചില സാമ്പത്തിക വിദഗ്ദ്ധന്മാര്‍ പറഞ്ഞുനടക്കുന്ന ഒന്നാണല്ലോ ജി.ഡി.പിയെന്നത്. വാസ്തവത്തില്‍ ഈ ജി.ഡി.പിയെന്നത് എന്താണെന്ന് സാധാരണക്കാര്‍ക്ക് ആര്‍ക്കും തന്നെ ഒരു പിടിയുമില്ലാത്ത സംഗതിയും. ഒരു രാജ്യത്തെ നടപ്പുവിലയുടെ അടിസ്ഥാനത്തിലുള്ള ജി.ഡി.പി. വളര്‍ച്ചാ നിരക്കില്‍ നിന്നും ആ രാജ്യത്തെ പണപ്പെരുപ്പനിരക്ക് കുറയ്ക്കുമ്പോള്‍ ലഭിക്കുന്നതിനെയാണ് യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ചാ നിരക്കായി കണക്കാക്കുന്നത്.
പ്രധാനമന്ത്രിയുടെ ലക്ഷ്യം അഞ്ച് ലക്ഷം കോടിയുടെ ഡോളര്‍ സമ്പദ്ഘടന നമുക്ക് കൈവരിക്കണമെന്നാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു ഉത്തരവാദിത്വ സങ്കല്പത്തില്‍ നിന്നാണ് ഈ ആഗ്രഹം ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ നടപ്പുവിലയനുസരിച്ച് ഒരു ഡോളറിന് 70 രൂപയെന്ന ക്രമത്തില്‍ നമ്മുടെ മൊത്ത ആഭ്യന്തര ഉല്പാദനം 3,50,00,000 കോടിരൂപയാക്കി ഉയര്‍ത്തേണ്ടതുണ്ട്. 2018-19ല്‍ ഭാരതത്തിന്റെ ജി.ഡി.പി. 1,88,40,731 കോടി രൂപയ്ക്കുള്ളതായിരുന്നു. അതായത് 2.692 ലക്ഷം കോടി ഡോളര്‍. 2019-20-ല്‍ ഇത് 2,11,00,607 കോടി രൂപ അഥവാ 3.01 ലക്ഷം കോടി ഡോളറായി ഉയര്‍ത്തണമെന്നാണ് ധനകാര്യ മന്ത്രാലയം കണക്കുകൂട്ടുന്നത്. നമ്മുടെ രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള ചിന്തകളാണ്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ന്നുവെന്ന പ്രചരണം തെറ്റാണ്. അധികാരം നഷ്ടപ്പെട്ട നേതാക്കളുടെ ഇച്ഛാഭംഗത്തില്‍ നിന്നും ഉയരുന്ന ചില വായ്ത്താരികളാണ് ഇവയെല്ലാം. നമ്മുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. എന്നാല്‍ സാമ്പത്തിക രംഗം പാടെ തകര്‍ന്നെന്നും മാന്ദ്യമാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ വസ്തുതകള്‍ ഒന്നും പഠിക്കാത്തതുമൂലമാണ്.
ഒരു രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം തുടര്‍ച്ചയായി രണ്ട് തവണ താഴുമ്പോഴാണ് സാമ്പത്തിക മാന്ദ്യമെന്നു പറയുന്നത്. എന്നാല്‍ നമ്മുടെ മാതൃഭൂമിയില്‍ അത്തരം ഒരു മാന്ദ്യം ഉണ്ടായിട്ടുമില്ല. ഭാരതത്തിന്റെ സമ്പദ്ഘടന ആറു ശതമാനത്തില്‍ കൂടുതല്‍ ആകുമെന്ന ദര്‍ശനമുണ്ട്. ഇത് അത്ര ചെറുതാണോ? 2019 സാമ്പ ത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്കായ 6.8 ശതമാനം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കുതന്നെ. എന്നാലും 2020 സാമ്പത്തിക വര്‍ഷത്തെ ആദ്യഘടനയിലും വളര്‍ച്ചാനിരക്ക് ആറുശതമാനത്തിലും താണുപോയാല്‍ മാത്രമേ മാന്ദ്യം എന്നു പറയുവാന്‍ കഴിയൂ. ഇവിടെ ഒരു സംഗതികൂടി പഠിക്കുവാനുണ്ട്. അതായത് നമ്മുടെ ആഭ്യന്തര ഉല്പാദനത്തിന് പ്രധാനമായി നാലു ഭാഗങ്ങളുണ്ട്. ഉപഭോഗം-സ്വകാര്യ നിക്ഷേപം – സര്‍ക്കാരിന്റെ ഭരണച്ചെലവുകള്‍ – കയറ്റുമതിയിലൂടെ ഉളവാകുന്നത്. കയറ്റുമതിയിലെ വളര്‍ച്ച ആഗോളവ്യാപാരരംഗത്തെ മാന്ദ്യം മൂലം അല്പം പിന്നിലുമാണ്. എന്നാല്‍ സര്‍ക്കാരിന്റെ ചെലവുകള്‍ വര്‍ദ്ധിച്ചും വരുന്നു. സ്വകാര്യ നിക്ഷേപവും ഗണ്യമായി കുറയുന്നുണ്ട്. സമ്പാദ്യം – നിക്ഷേപം എന്നിവയുടെ കുറവും പഠിക്കേണ്ടതുണ്ട്.
ഭരണം നടത്തുന്ന സര്‍ക്കാരിനെക്കുറിച്ച് വെറുതെ കുറ്റം പറഞ്ഞു നടക്കരുതെന്നാണ് ശശി തരൂരും മറ്റും വിളിച്ചു പറഞ്ഞത്. അക്കാര്യം ശരിവയ്ക്കുന്നതാണ് ഭാരതം സാമ്പത്തികമായി തകര്‍ന്നുവെന്ന വിളംബരം. സ്വകാര്യ ഉപഭോഗ വളര്‍ച്ച കഴിഞ്ഞ നാലുവര്‍ഷമായി കോട്ടം തട്ടാതെ എട്ട് ശതമാനത്തില്‍ തന്നെ തുടരുകയാണ്. ഉപഭോഗ രംഗത്തെ കുറവ് ഇയ്യിടെ സംഭവിച്ചുവെന്നത് വസ്തുതമാത്രവും. നമ്മുടെ രാജ്യത്തെ ബാങ്കിംഗ് – ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിസന്ധികള്‍ നാം മനസ്സിലാക്കണം. മൂലധനസ്ഥിതിയുടെ അപര്യാപ്തതയും റിസര്‍വ്വ് ബാങ്ക് കൊണ്ടുവന്ന നിബന്ധനകളും ബാങ്ക് വായ്പകളെ നല്ലതുപോലെ ബാധിച്ചു. ഇവിടെ പ്രതിസന്ധി നേരിടുവാന്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഇടപെട്ടു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ ഗണ്യമായി കുറഞ്ഞപ്പോള്‍ ഉപഭോഗവും കുറഞ്ഞുവെന്നത് കാണാതെ പോകരുത്. നിലവിലുള്ള ഈ സാഹചര്യമാണ് പ്രതിലോമ ശക്തികള്‍ ഭരണ രംഗത്തെ കുഴപ്പമായി കൊട്ടിഘോഷിച്ചു വരുന്നതും. കേന്ദ്രത്തിലെ ബി.ജെ.പിയുടെ ഭരണം മൂലമാണിതെല്ലാമെന്ന് പറഞ്ഞു നടക്കുന്നവരുടെ ചിന്താപരമായ അധഃപതനത്തെ ശശിതരൂര്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. പ്രധാനമന്ത്രിയ്ക്ക് ലോകമെമ്പാടും വമ്പിച്ച സ്വീകരണങ്ങളും അവാര്‍ഡുകളും ബഹുമതികളും നല്‍കിവരുന്ന സന്ദര്‍ഭത്തില്‍ തികച്ചും നിരുത്തരവാദപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ മറഞ്ഞിരിക്കുന്ന പാമരത്വമാണ് ശശിതരൂര്‍ ചൂണ്ടിക്കാട്ടിയതും.