നമ്മുടെ നാട്ടില്‍ ഗാന്ധിമാരെ മുട്ടിയിട്ട് നടക്കാന്‍ വയ്യ എന്ന അവസ്ഥയാണ്. അക്കൂട്ടത്തിലിതാ പുതിയ ഒരു ഗാന്ധി കൂടി – പ്രശാന്ത് കിഷോര്‍ ഗാന്ധി. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയത് ഈ ഗാന്ധിയുടെ ചാണക്യതന്ത്രങ്ങളായിരുന്നു എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതോടെ പ്രശാന്ത് കിഷോറിന് രാഷ്ട്രീയ തന്ത്രം മെനയുന്നവരുടെ പട്ടികയില്‍ കുതിച്ചുകയറ്റം കിട്ടി. പിന്നെ നാം കേട്ടത് കിഷോര്‍ മോദിയുമായി തെറ്റിപ്പിരിഞ്ഞു എന്നാണ്. ഇതോടെ മോദിയുഗം അവസാനിച്ചു എന്ന് വിധിയെഴുതിയവരുമുണ്ട്. കിഷോറിനെ ലാലു യാദവന് പൊക്കിക്കൊണ്ടുപോയി എന്നാണ് പിന്നത്തെ വാര്‍ത്ത. കാലിത്തീറ്റ ചാണകക്കുഴിയില്‍ നിന്ന് ലാലു ബീഹാര്‍ മുഖ്യമന്ത്രി കസേരയിലേക്ക് വാണം പോലെ കുതിച്ചുയരാന്‍ പോകുന്നു എന്ന പ്രവചനം ഉണ്ടായി. എന്നാല്‍ ലാലു ജയിലില്‍ ഗോതമ്പ ്ഉണ്ടയും തിന്നു കഴിയുന്നതാണ് പിന്നീട് കണ്ടത്. അതോടെ കിഷോരന്‍ ലാലു താവളത്തില്‍ നിന്നു പുറത്തായി. കോണ്‍ഗ്രസ്സിന് കായകല്പ ചികിത്സ നല്കുന്ന മര്‍മ്മാണി വൈദ്യരുടെ വേഷത്തിലാണ് അദ്ദേഹത്തെ അടുത്ത രംഗത്ത് കണ്ടത്. കോണ്‍ഗ്രസ്സിന് മധുരപ്പതിനേഴ് തിരിച്ചു കിട്ടാന്‍ സോണിയ കുടുംബത്തിന്റെ വാഴ്ച അവസാനിപ്പിക്കണമെന്ന് വിധിച്ചതോടെ കുറിപ്പടി സഹിതം വൈദ്യര് പടിക്ക് പുറത്തായി. പിന്നെ കൂട്ട് മമത ദീദിയായി.
ഇപ്പോള്‍ എല്ലാം വിട്ട് ബീഹാറിനെ നന്നാക്കാന്‍ സാമൂഹ്യ നീതിയുമായി പുതിയ ഗാന്ധി വേഷത്തില്‍ ഇറങ്ങിയിരിക്കയാണ് കിഷോരന്‍. വരുന്ന ആഗസ്റ്റ് 15 ന് ചമ്പാരനില്‍ നിന്ന് അദ്ദേഹം പദയാത്ര ആരംഭിക്കാന്‍ പോകുകയാണ്. ഒറ്റയ്ക്ക് ബീഹാറില്‍ സാമൂഹ്യ നീതി ഉണ്ടാക്കാനാവുമോ എന്നു ചോദിച്ചവരോട് മോദി ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തില്ലേ എന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചത്. മോദിക്കു പിന്നില്‍ ഒരു സംഘടനയുണ്ടായിരുന്നു. – ആര്.എസ്.എസ്. പ്രശാന്ത് കിഷോറിന്റെ ചാണക്യതന്ത്രത്തേക്കാള് സംഘത്തിന്റെ സംഘടനായന്ത്രമാണ് മോദിയുടെ കക്ഷിയെ വിജയിപ്പിച്ചത്. അതാണ് മോദിക്കൊപ്പം നിന്നപ്പോള്‍ കിഷോറിന്റെ ചാണക്യ തന്ത്രങ്ങള്‍ വിജയിച്ചതും മോദിയെ വിട്ട് ലാലുവിന്റെയും രാഹുലിന്റെയും അടുത്തെത്തിയപ്പോള്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ ഫലിക്കാതെ പോയതും എന്ന് തിരിച്ചറിയണം.