കേരള നവോത്ഥാനം
ചരിത്രവും വര്‍ത്തമാനവും
കാ.ഭാ. സുരേന്ദ്രന്‍
കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി
പേജ്. 479 വില. 550
സമൂഹത്തിന്റെ സര്‍വ്വാംഗീണമായ പുനരുത്ഥാനത്തെയാണ് നവോത്ഥാനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജീവനുള്ള ഒരു സമൂഹം ആന്തരികമായ നവീകരണത്തിനും പരിഷ്‌കരണത്തിനും സ്വയം വിധേയമായിക്കൊണ്ടിരിക്കും. അത്തരം പുനരുത്ഥാനത്തിന്റെ അലയൊലികള്‍ സമാജജീവിതത്തിന്റെ സര്‍വ്വമേഖലകളെയും സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നവോത്ഥാനത്തിന് ഭൗതികവും ആദ്ധ്യാത്മികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഒട്ടേറെ പ്രേരകങ്ങളുണ്ടായിരിക്കും. എന്നാല്‍ നവോത്ഥാന ചരിത്രകാരന്മാര്‍ എല്ലായ്‌പ്പോഴും ഇത്തരം സൂക്ഷ്മാംശങ്ങളെ ഒരേ പ്രാധാന്യത്തോടെ പരിഗണിച്ചുകൊള്ളണമെന്നില്ല. നവോത്ഥാന ചരിത്രരചനകളുടെ മുഴുവന്‍ പരിമിതിയും പോരായ്മയുമാണത്. ഉദാഹരണത്തിന് കേരളീയ നവോത്ഥാന ചരിത്രത്തിന്റെ കാര്യമെടുത്താല്‍ അതിനു പിന്നിലെ ആദ്ധ്യാത്മിക ഉള്‍പ്രേരകങ്ങളെ പല ചരിത്രകാരന്മാരും വേണ്ടത്ര കണക്കിലെടുത്തിട്ടില്ലെന്നു കാണാം. മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ നവോത്ഥാനത്തിന്റെ ഭൗതികവും വര്‍ഗ്ഗപരവുമായ വസ്തുതകളെ മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ നവോത്ഥാന ചരിത്രം അപൂര്‍ണ്ണവും അബദ്ധജടിലവുമായിത്തീരും.
ആധുനിക കേരളീയ നവോത്ഥാനത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ധാരാളം പഠനങ്ങള്‍ മലയാളത്തില്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ നവോത്ഥാന നായകരെയും പരിചയപ്പെടുത്തുകയും അവരുടെ സംഭാവനകളെ സമഗ്രമായി പരിഗണിക്കുകയും ചെയ്യുന്ന ഗ്രന്ഥങ്ങള്‍ ഒട്ടധികമൊന്നും ഉണ്ടായിട്ടില്ല. ആ കുറവ് നികത്തുകയാണ് കാ.ഭാ. സുരേന്ദ്രന്‍ രചിച്ച ‘കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും’ എന്ന ഗ്രന്ഥം. കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ആദിമധ്യാന്തങ്ങളെ ഈ പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ കൃത്യമായി അടിവരയിട്ട് അടയാളപ്പെടുത്തുന്നു. അതോടൊപ്പം അപ്രമേയപ്രഭാവരായ നവോത്ഥാനനായകരുടെ ജീവിതത്തിലേക്ക് ഗവേഷണത്വരയോടെ കടന്നു ചെല്ലുകയും ചെയ്യുന്നു.
കേരളത്തില്‍ കാലങ്ങളായി തുടര്‍ന്നുപോരുന്ന നവോത്ഥാന ചരിത്രരചനകളുടെ വികലവായനകളെ പൊളിച്ചെഴുതുന്ന നവസമീപനം ഗ്രന്ഥകാരന്‍ തന്റെ എഴുത്തില്‍ ബോധപൂര്‍വം ദീക്ഷിച്ചിരിക്കുന്നതായി കാണാം. ഗുരുദേവന്റെ ‘ജാതിയില്ലാ വിളംബരം’ എന്ന പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന അസത്യപ്രചാരണങ്ങളെ തുറന്നു കാണിക്കുന്നതോടൊപ്പം നവോത്ഥാന നായകരുടെ ആദ്ധ്യാത്മിക സ്വാധീനങ്ങളെയും ഗ്രന്ഥകാരന്‍ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നു. കേരള നവോത്ഥാനത്തിന് അയ്യാ വൈകുണ്ഠസ്വാമികള്‍ മുതല്‍ ടി.എസ്. തിരുമുമ്പ് വരെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ നല്‍കിയ സംഭാവനകളെയും ശ്രീരാമകൃഷ്ണ മിഷന്‍ മുതല്‍ ചിന്മയമിഷന്‍ വരെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങള്‍ നടത്തിയ ഇടപെടലുകളെയും പ്രാധാന്യത്തോടെ എടുത്തു കാണിക്കുന്നു. നവോത്ഥാനത്തിന്റെ സാരഥി എന്ന നിലയിലുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കടന്നുവരവും പുസ്തകത്തില്‍ ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്.
നാല് ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ഒന്നാം ഭാഗം നവോത്ഥാന നായകരെയും അവരുടെ സംഭാവനകളെയും കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. രണ്ടാം ഭാഗത്തില്‍ നവോത്ഥാനത്തിന്റെ വിവിധ തലങ്ങളെയും പ്രസ്ഥാനങ്ങളെയും പഠനവിധേയമാക്കിയിരിക്കുന്നു. നവോത്ഥാനത്തിന്റെ വര്‍ത്തമാനകാലത്തെക്കുറിച്ചാണ് മൂന്നാം ഭാഗത്തിലെ പ്രതിപാദ്യം. നവോത്ഥാനത്തിന്റെ തുടര്‍ച്ചയെ അവലോകനം ചെയ്യുകയാണ് നാലാം ഭാഗത്തില്‍. ‘അറിവിന്റെയും അധികാരത്തിന്റെയും കുത്തകാവകാശം ഇല്ലാതാക്കാന്‍ സമരം നടത്തിയ മനീഷികളുടെ ജീവിതത്തെ പരിചയപ്പെടുത്തുകയും നവോത്ഥാനത്തിന്റെ വര്‍ത്തമാനകാല പ്രസക്തി പരിശോധിക്കുകയുമാണ്’ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് അവതാരികയില്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. കേരളീയ നവോത്ഥാനത്തെ അവധാനതയോടെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണിത്. ആധുനിക കേരള നവോത്ഥാന ചരിത്രത്തെ അടക്കം ചെയ്തിട്ടുള്ള ഒരു രത്‌നപേടകമായി ഈ പുസ്തകത്തെ കണക്കാക്കാം…