അടൂര്‍: രാഷ്ട്രധര്‍മ്മത്തെ ജനഹൃദയങ്ങളില്‍ പുന:പ്രതിഷ്ഠിച്ച ദേശാഭിമാനിയാണ് വേലുത്തമ്പി ദളവയെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. മണ്ണടിയില്‍ സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വേലുത്തമ്പി ദളവ അനുസ്മരണവും പുഷ്പാര്‍ച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ധീര ദേശാഭിമാനികള്‍ നാടിന് വേണ്ടി ജീവത്യാഗം ചെയ്തവരാണ്. അധികാരവും സുഖസൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും വേലുത്തമ്പി ദളവ ജനനന്മയ്ക്കായി സ്വജീവന്‍ ബലിയര്‍പ്പിച്ചു. ഭാരത ചരിത്രത്തില്‍ കേരളത്തിനും നിര്‍ണായക സ്ഥാനമുണ്ട്. എന്നാല്‍ ഭൗതിക നേട്ടങ്ങള്‍ക്കായി സംസ്ഥാന ഭരണകര്‍ത്താക്കള്‍ നമ്മുടെ സംസ്കാരത്തേയും മാനബിന്ദുക്കളേയും വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി പ്രസിദ്ധീകരിച്ച ‘സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കുമ്മനം രാജശേഖരന് അടൂര്‍ പുതുശേരി ഭാഗം ശിവലോകാശ്രമം അധിപതി ശങ്കരാനന്ദ തീര്ത്ഥപാദസ്വാമിക്ക് നല്കി നിര്‍വ്വഹിച്ചു. ആസാദി കാ അമൃത് മഹോത്സവ സംഘാടക സമിതി ജില്ലാ അധ്യക്ഷന്‍ എം.കെ. അരവിന്ദന് അധ്യക്ഷത വഹിച്ചു.