ന്യൂദല്‍ഹി: ചരിത്രത്തില്‍ ഭാരതം നേരിട്ടിട്ടുള്ള പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം ആത്മവിസ്മൃതിയാണെന്നും സമാജത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ശക്തിയെ ഉണര്‍ത്തുകയാണ് അതിനുള്ള പരിഹാരമെന്നും ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍ പറഞ്ഞു. രത്തന്‍ ശാര്‍ദയും യശ്വന്ത് പാഠകും ചേര്‍ന്നെഴുതിയ ‘കോണ്‍ഫ്ളിക്റ്റ് റെസൊല്യൂഷന്‍: ദ ആര്‍എസ്എസ് വേ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു രാഷ്ട്രം, ഒരു ജനത, ഒരു സംസ്കൃതി’ എന്നത് ഒരിക്കലും നമുക്ക് മുദ്രാവാക്യമല്ല, മറിച്ച് അത് നമ്മുടെ ബോധ്യമാണ്. നമ്മുടെ പൂര്‍വ്വികര്‍ ഒന്നായിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃകമാണ് നമ്മുടേത്. സംഘര്‍ഷം എന്ന ആശയം സംഘത്തിന്റെ നിഘണ്ടുവിലില്ല. സമാജത്തിലെ ചിലര്‍ സംഘത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും സംഘം ആരെയും എതിരാളികളായി കണക്കാക്കുന്നില്ല. ഇന്നത്തെ സ്വയംസേവകരും നാളെ സ്വയംസേവകരാവേണ്ടവരും എന്ന നിലയിലാണ് സംഘം ആളുകളെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു മാനം രാജ്യത്തിനും ലോകത്തിനും മുന്നില്‍ എത്തിക്കുന്നതിനുള്ള മഹത്തായ ശ്രമമാണ് ഗ്രന്ഥകാരന്മാര് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് പറഞ്ഞു. പുസ്തകത്തിന്റെ പ്രസാധകനായ സംക്രാന്ത് സാനു ചടങ്ങില്‍ സംബന്ധിച്ചു.