കൊച്ചി: കേരളത്തിലെ തെക്കും വടക്കും മധ്യത്തിലുമുള്ള വിവിധ ദേശങ്ങളിലെ കലാരൂപങ്ങളുടെയും സാംസ്കാരിക പ്രതീകങ്ങളുടെയും സമന്വയ വേദിയായി മാറുകയായിരുന്നു വിശാലാര്‍ത്ഥത്തില്‍ മൂലം നാളില്‍ തൃക്കാക്കരയപ്പന്റെ തിരുമുറ്റത്തരങ്ങേറിയ ഓണം പൊന്നോണം സാംസ്കാരികോത്സവം. തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ഓണം പൊന്നോണം പരിപാടിയില്‍ വിവിധ കലാരൂപങ്ങളുടെ സംഗമമായിരുന്നു. തപസ്യ മുന്നോട്ടു വെക്കുന്ന ഓണം പൊന്നോണം എന്ന സാംസ്കാരികോത്സവത്തിന്റെ ആശയവും ഈ സാംസ്കാരിക തനിമയില്‍ തെളിഞ്ഞു.
തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രാങ്കണത്തിലെ തിരുവോണം ഓഡിറ്റോറിയത്തില്‍ സപ്തംബര്‍ ഏഴിന് സാംസ്കാരികോത്സവത്തിന് എം.എ. കൃഷ്ണന് തിരി കൊളുത്തി. സാമൂഹ്യസാംസ്കാരിക സാഹിത്യകലാ മേഖലകളിലെ പ്രമുഖര്‍ സദസ്സിന് മാറ്റുകൂട്ടി. മുന്‍ പി.എസ്.സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്, രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എസ്. ജയശങ്കര്‍, മുരളി പാറപ്പുറം, സിനിമാതാരം കൃഷ്ണപ്രസാദ്, സംസ്കാര്‍ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് ലക്ഷ്മി നാരായണന്, പി.കെ. രാമചന്ദ്രന്, അനൂപ് കുന്നത്ത്, സി. റെജിത് കുമാര്‍, സി.സി. സുരേഷ്, വി.എന്‍. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ചു. തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന് അദ്ധ്യക്ഷത വഹിച്ചു.