മലയാളിയുടെ സാംസ്‌കാരിക-രാഷ്ട്രീയ ജീവിതത്തില്‍ സവിശേഷമായ സ്ഥാനം നേടിയ പ്രസിദ്ധീകരണങ്ങളാണ് മാതൃഭൂമി ദിനപത്രവും ആഴ്ചപ്പതിപ്പും. ദിനപത്രം 100-ാം വര്‍ഷത്തിലേക്കും ആഴ്ചപ്പതിപ്പ് 90-ാം വര്‍ഷത്തിലേക്കും പ്രവേശി ച്ചിരിക്കുന്നു. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങള്‍ മാര്‍ച്ച് 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ ഈ മാധ്യമ സ്ഥാപനത്തിന്റെ ചരിത്രവും പ്രസക്തിയും ഒരിക്കല്‍ക്കൂടി വായനക്കാരുടെ മനസ്സിലേക്ക് കടന്നുവരികയാണ്.
കോളനിവാഴ്ചക്കെതിരെ രാജ്യത്തെ ജനങ്ങളെ അണിനിരത്തിയ മാധ്യമങ്ങളില്‍ മാതൃഭൂമിയുടെ സ്ഥാനം മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാന്‍ മാതൃഭൂമിക്കു സാധിച്ചുവെന്നും പഴയകാല സാരഥികളായ കെ.പി.കേശവമേനോന്‍, കെ. കേളപ്പന്‍ , കെ.എ. ദാമോദര മേനോന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ സംഭാവനകള്‍ വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനു വേണ്ടി പോരാടിയ, പണ്ഡിതനും വാഗ്മിയുമായ എം.പി. വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്കും മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി.മുരളീധരന്‍ മാധ്യമ ധര്‍മം എന്ന ഉത്തരവാദിത്തത്തോട് എത്രകണ്ട് നീതി പുലര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ചും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും സാധിക്കുന്നുണ്ട് എന്ന ആത്മവിമര്‍ശനം നടത്തേണ്ട കാലമാണിതെന്ന് സൂചിപ്പിച്ചു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് പുലര്‍ത്തുന്ന അന്ധമായ വിരോധവും ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമാണെന്ന് വിലയിരുത്താന്‍ പറ്റുമോ എന്ന ശക്തമായ ചോദ്യവും ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം ഉന്നയിക്കുകയുണ്ടായി.
രണ്ടിനും വിത്തിട്ടത് ഒരേ കൈകള്‍
1923 മാര്‍ച്ച് 18 – നാണ് കോഴിക്കോട്ടു നിന്ന് മാതൃഭൂമി ദിനപത്രത്തിന്റെ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി തിലകനും ഗാന്ധിജിയും അരവിന്ദഘോഷുമൊക്കെ വിവിധ ഭാഷകളില്‍ പത്രങ്ങള്‍ നടത്തിയപ്പോള്‍ മലയാളത്തില്‍ അത്തരമൊരു നിയോഗം ഏറ്റെടുത്തത് കെ.പി. കേശവമേനോന്‍ ഉള്‍പ്പെടെയുള്ള അന്നത്തെ കോണ്‍ഗ്രസ് നേതാക്കന്മാരാണ്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 5 രൂപ ഷെയറുകള്‍ സ്വരൂപിച്ച് അവരാണ് മാതൃഭൂമിക്ക് തുടക്കം കുറിച്ചത്. 1923 മാര്‍ച്ച് മാസം 17-ാം തിയ്യതി, അന്നത്തെ രാത്രിയുടെ കുളിരുന്ന അന്ത്യയാമങ്ങളില്‍ മാതൃഭൂമിയുടെ ആദ്യ ലക്കത്തിന്റെ അപ്പോഴും ചൂടാറിയിട്ടില്ലാത്ത ഒന്നാമത്തെ പ്രതിയും കൈയിലേന്തിക്കൊണ്ടു ചാലപ്പുറത്തെ വസതിയിലേക്കു മടങ്ങിയ കേശവമേനോന്റെ ആത്മസാഫല്യത്തെക്കുറിച്ച് ‘മാതൃഭൂമിയുടെ ചരിത്രം’ രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചടിച്ച പത്രം മടക്കി ആദ്യത്തെ പ്രതി ഫോര്‍മാന്‍, ഒരു പൂജാരി ദേവന്റെ പാവനമായ പ്രസാദമെന്ന പോലെ, ആദരപൂര്‍വ്വം പത്രാധിപര്‍ കേശവമേനോന്റെ കൈയില്‍ കൊടുക്കുകയായിരുന്നു. കേശവമേനോന്റെ ‘കഴിഞ്ഞ കാലം’ എന്ന ആത്മകഥയിലും ഈ ശുഭ മുഹൂര്‍ത്തം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. 1921 ലെ മാപ്പിള ലഹളക്കുശേഷം താറുമാറായ മലബാറിലെ ജനസമൂഹത്തിന്റെ ഇടയിലേക്കാണ് സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന സന്ദേശവുമായി മാതൃഭൂമി കടന്നുവരുന്നത്. മാപ്പിള ലഹളയുടെ ചരിത്രം രേഖപ്പെടുത്തിയ കെ.മാധവന്‍ നായരായിരുന്നു മാതൃഭൂമിയുടെ ആദ്യത്തെ മാനേജിംഗ് ഡയറക്ടര്‍.
പത്രധര്‍മ്മത്തിന്റെ എല്ലാ മൂല്യങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടാണ് കേശവമേനോന്റെ നേതൃത്വത്തില്‍ മാതൃഭൂമി പുരോഗതിയിലേക്ക് കുതിച്ചത്. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി അത് എപ്പോഴും നിലകൊണ്ടു. സ്വാതന്ത്ര്യാനന്തരവും രാഷ്ട്രത്തിനു പരമപ്രാധാന്യം നല്‍കി. കക്ഷി രാഷ്ടീയത്തിനതീതമായി ദേശീയതക്കു പ്രാധാന്യം നല്‍കി വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. 1948 ല്‍ ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ്സിനെ നിരോധിച്ചിരുന്നു. വിചാരണ കഴിഞ്ഞ്, വിധി വന്ന്, ആര്‍.എസ്.എസ്സിന് ഗാന്ധി വധത്തില്‍ യാതൊരു പങ്കുമില്ലെന്ന് വ്യക്തമായ ശേഷവും നിരോധനം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ദേശവ്യാപകമായി സമാധാനപരമായ പ്രക്ഷോഭം നടത്തിയിരുന്നു. അതിന്റെ ഭാഗമായി കോഴിക്കോട്ട് നിരോധനം ലഘിച്ച സംഘപ്രവര്‍ത്തകരെ പോലീസ് നിര്‍ദ്ദയം തല്ലിച്ചതച്ചപ്പോള്‍ ആ സംഭവത്തിനെതിരെ മുഖപ്രസംഗത്തിലൂടെ ശക്തമായി പ്രതികരിച്ച പത്രമാണ് മാതൃഭൂമി. അതുപോലെ ആര്‍.എസ്.എസ്. പ്രാര്‍ത്ഥനയുടെ മലയാള വിവര്‍ത്തനം ആദ്യമായി പ്രസിദ്ധീകരിച്ചതും മാതൃഭൂമിയാണ്. 1975 ല്‍ അടിയന്തരാവസ്ഥയില്‍ പത്രമാരണ നിയമത്തിന്റെ ഭാഗമായി കേസരി വാരികയുടെ പ്രസിദ്ധീകരണം മൂന്നു മാസം മുടങ്ങിയപ്പോള്‍ അതിന്റെ പുനരുജ്ജീവനത്തിനു വേണ്ടി അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിയത് മാതൃഭൂമിയുടെ സാരഥികളായ കെ.പി. കേശവമേനോനും വി.എം. കൊറാത്തുമൊക്കെയാണെന്നതും സ്മരണീയമാണ്. ദേശീയതക്കും ഭാരതീയസംസ്‌കാരത്തിനും തികച്ചും അനുകൂലമായ നിലപാടാണ് അക്കാലങ്ങളിലെല്ലാം മാതൃഭൂമി സ്വീകരിച്ചിരുന്നത്.
കാലം മാറി കഥ മാറി
സ്വാതന്ത്ര്യസമരസേനാനികളുടെ കാലം കഴിയുകയും മലയാളികളുടെ പൊതു ജീവിതം കക്ഷിരാഷ്ടീയത്തിന്റെ പിടിയിലമരുകയും ചെയ്തതോടെ മാതൃഭൂമി ദിനപത്രവും സ്വാഭാവികമായി അതിന്റെ പ്രതിഫലനമായി മാറി. ചില കച്ചവടക്കണ്ണുള്ള നിക്ഷിപ്ത താല്പര്യക്കാര്‍ അനേകം വ്യക്തികളുടെ കൈയിലായിരുന്ന ഷെയറുകള്‍ വാങ്ങിക്കൂട്ടുകയും അങ്ങനെ ജനകീയ പത്രമായിരുന്ന മാതൃഭൂമി ഏതാനും മുതലാളിമാരുടെ കൈകളില്‍ എത്തുകയും ചെയ്തു. ആദര്‍ശം ലാഭത്തിനു വഴിമാറുകയും മുതലാളിമാരുടെ രാഷ്ടീയം പത്രത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.1998 ല്‍ മാതൃഭൂമിയുടെ 75-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ്. ചടങ്ങില്‍ അധ്യക്ഷത വഹിച്ച അന്നത്തെ മാനേജിംഗ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിന്റെ ഈ വാക്കുകള്‍ മാതൃഭൂമിയുടെ നടത്തിപ്പില്‍ വന്ന മാറ്റത്തിന്റെ സൂചനകള്‍ കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു: ‘മാതൃഭൂമി ദേശീയ പാരമ്പര്യത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന പത്രമാണ്. ദേശീയ പാരമ്പര്യത്തിന്റെ ഭാഗമെന്ന നിലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു ഈ പത്രം. പക്ഷേ, ഇന്ന് മാതൃഭൂമിയുടെ സ്ഥാനം മലയാളികളുടെ സ്വതന്ത്ര വര്‍ത്തമാനപത്രം എന്ന നിലയിലാണ്. ‘മാതൃഭൂമിയുടെ പൈതൃകത്തെയും ദേശീയ പാരമ്പര്യത്തെയും തള്ളിപ്പറയുകയാണ് ഈ പ്രസംഗത്തിലൂടെ മാനേജിംഗ് ഡയറക്ടര്‍ ചെയ്തത്.
ആഴ്ചപ്പതിപ്പിന്റെ അധോഗതി
ആഴ്ചപ്പതിപ്പ് എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആരാധ്യനായ പണ്ഡിതശ്രേഷ്ഠനും എഴുത്തുകാരനുമായ ഡോ. എന്‍.വി.കൃഷ്ണവാരിയരും മലയാളത്തിന്റെ വിശ്രുത കഥാകാരന്‍ എം.ടി. വാസുദേവന്‍ നായരും നേതൃത്വം നല്‍കിയ മലയാളത്തിന്റെ സാഹിത്യ, സാംസ്‌കാരിക മുഖമായിരുന്ന ആഴ്ചപ്പതിപ്പിനെ ജിഹാദികള്‍ക്കും അരാജകവാദികള്‍ക്കും നിര്‍ബ്ബാധം മേയാന്‍ വിട്ടു കൊടുക്കുകയാണ് പുതിയ കാലത്ത് മാനേജ്‌മെന്റ് ചെയ്തത്. തത്ഫലമായി ആഴ്ചപ്പതിപ്പിന്റെ താളുകള്‍ മലീമസമായ ലേഖനങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞു. മുന്‍കാലത്ത് വീടിന്റെ പൂമുഖത്തെ അലങ്കരിച്ചിരുന്ന ഒന്നായിരുന്നു മാതൃഭൂമി ആ ഴ്ചപ്പതിപ്പെങ്കില്‍ പിന്നീടത് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ഒരു വസ്തുവായി മാറി. ഈ കാലത്തെ കുറിച്ച് പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ എഴുതിയത് ഇങ്ങനെയാണ്: ‘ഇടയ്ക്കു വെച്ച് എനിക്ക് പ്രവേശനം ഇല്ലാത്ത ഒരു ഗ്രഹണകാലം ആഴ്ചപ്പതിപ്പിന് ഉണ്ടായി. എനിക്കു മാത്രമല്ല, എന്റെ തലമുറയില്‍ പെട്ട ആര്‍ക്കും പ്രവേശനമില്ലായിരുന്നു. ആ കാലം ഒന്നര പതിറ്റാണ്ടോളം നീണ്ടു.’
‘മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സാംസ്‌കാരിക വായനയില്‍’ എന്ന പുസ്തകത്തില്‍ ആഴ്ചപ്പതിപ്പിന്റെ 90 വര്‍ഷത്തെ ചരിത്രം ഡോ.എന്‍.പി.ചന്ദ്രശേഖരന്‍ വിശദമായ പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. അടിയന്തിരാവസ്ഥയോടുള്ള ആഴ്ചപ്പതിപ്പിന്റെ സമീപനം അദ്ദേഹം വിശദീകരിക്കുന്നത് നോക്കുക: ‘1975 ജൂണില്‍ അടിയന്തിരാവസ്ഥാ പ്രഖ്യാപനമുണ്ടായിട്ടും പിന്നാലേയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകളില്‍ അക്കാര്യം കടന്നുവന്നില്ല. സ്വാതന്ത്ര്യ ദിനപ്പതിപ്പാകാമായിരുന്ന 1975 ആഗസ്റ്റ് 10 ലക്കത്തില്‍പ്പോലും അടിയന്തിരാവസ്ഥ പരാമര്‍ശിക്കപ്പെട്ടില്ല. ഇരുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തിന് വായനക്കാരുടെ കൈയിലെത്തിയ ആ മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒരു സാധാരണ ലക്കമായിരുന്നു. സ്വാതന്ത്ര്യദിനത്തെയോ അടിയന്തിരാവസ്ഥയെയോ പരാമര്‍ശിക്കാത്ത ആ ആഴ്ചപ്പതിപ്പിന്റെ മുഖചിത്രം ബെല്‍ ബോട്ടം പാന്റ്‌സും ടോപ്പുമിട്ട് തള്ളവിരല്‍ കടിച്ചു നില്‍ക്കുന്ന ഒരു യുവതിയുടേതായിരുന്നു. വാസു, വടകരയുടെ ഈ ഫോട്ടോയ്ക്ക് മാതൃഭൂമി നല്‍കിയ അടിക്കുറിപ്പ്, ‘മധുര സ്മരണകള്‍’ എന്നായിരുന്നു.’ മാതൃഭൂമിയുടെ ആദര്‍ശ വാക്യത്തിലെ സത്യത്തോടും സമത്വത്തോടുമൊപ്പം സ്വാതന്ത്ര്യവും പാഴ്ക്കിനാവായി മാറിയ ഒരു സന്ദര്‍ഭമായിരുന്നു അടിയന്തിരാവസ്ഥ.
ചുംബനസമരത്തിലെ പുളകം കൊള്ളല്‍
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നിലവാരത്തകര്‍ച്ചയുടെ രണ്ട് ഉദാഹരണങ്ങളാണ് അയോദ്ധ്യാ പ്രക്ഷോഭത്തോടും ചുംബന സമരത്തോടും അത് സ്വീകരിച്ച നിലപാടുകള്‍. രണ്ട് വിഷയങ്ങളിലും ആഴ്ചപ്പതിപ്പ് കൃത്യമായി കക്ഷിചേരുകയും എതിരഭിപ്രയങ്ങളെ പൂര്‍ണ്ണമായി തമസ്‌ക്കരിക്കുകയും ചെയ്തു. അയോദ്ധ്യാ വിഷയത്തില്‍ 3 മുഖലേഖനവും 3 ലേഖനവും 20 കത്തുകളും പ്രസിദ്ധീകരിച്ചപ്പോള്‍ , ‘രാമന്റെ ദുഃഖം’ എഴുതിയ മാനേജിംഗ് ഡയറക്ടറെ ഭയന്നാകണം രാമ ക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായി ഒരു കത്തുപോലും പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി തയ്യാറായില്ല. അതേസമയം കേരളത്തില്‍ ചുരുക്കം സ്ഥലങ്ങളില്‍ അരാജകവാദികള്‍ നടത്തിയ ചുംബന സമരത്തിന് വന്‍ പ്രാധാന്യമാണ് മാതൃഭൂമി നല്‍കിയത്. ഈ വിഷയത്തില്‍ ഒരു മുഖലേഖനവും 10 ലേഖനവും 17 കത്തുകളും സമരത്തെ അനുകൂലിച്ച് ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി.
ആഴ്ചപ്പതിപ്പിന്റെ അധ:പതനത്തിന്റെ നെല്ലിപ്പടി കണ്ട സംഭവമായിരുന്നു ‘മീശ’ നോവലിന്റെ പ്രസിദ്ധീകരണം. ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിച്ചും ലൈംഗികമായി ചിത്രീകരിച്ചും എഴുതപ്പെട്ട ഈ നോവല്‍ വന്നതോടെ മാതൃഭൂമിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മലയാളി സമൂഹത്തില്‍ നിന്നുണ്ടായത്. നോവലിന്റെ പ്രസിദ്ധീകരണം ഇടയ്ക്കു വെച്ച് നിര്‍ത്തിയെങ്കിലും ഹിന്ദു സമൂഹത്തോട് ഒരു മാപ്പുപറയാന്‍ പോലും മാനേജ്‌മെന്റ് തയ്യാറായില്ല. മുമ്പ് മുസ്ലീങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒരു പരാമര്‍ശം മാതൃഭൂമി പത്രത്തില്‍ വന്നപ്പോള്‍ മുസ്ലീം സംഘടനകള്‍ മാതൃഭൂമിക്കെതിരെ അക്രമാസക്തമായ പ്രകടനങ്ങള്‍ നടത്തുകയും പത്രക്കെട്ടുകള്‍ കത്തിക്കുകയും ചെയ്തപ്പോള്‍ മാപ്പുപറഞ്ഞവരാണ് ഹിന്ദു സംഘടനകളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിച്ചത്. മാനേജ്‌മെന്റിന്റെ ഇരട്ടത്താപ്പാണ് ഇതില്‍ പ്രകടമായത്. ക്രമേണ ഹിന്ദു വിരുദ്ധ സമീപനം മാതൃഭൂമി പത്രത്തിന്റെ സര്‍ക്കുലേഷനെയും ബാധിക്കുമെന്നു വന്നപ്പോഴാണ് ആഴ്ചപ്പതിപ്പിന്റെ പത്രാധിപ സമിതി പുന:സംഘടിപ്പിക്കാന്‍ അവര്‍ തയ്യാറായത്. ഇതിലൂടെ ആഴ്ചപ്പതിപ്പിന്റെ സാഹിത്യമുഖം വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും ലേഖനങ്ങളിലൂടെയുള്ള ദേശീയ വിരുദ്ധ സമീപനം ഇപ്പോഴും തുടര്‍ന്നു വരികയാണ്.
1985-ല്‍ ആര്‍.എസ്.എസ്സിന്റെ 60-ാം പിറന്നാളിനോടനുബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സംവാദ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ആര്‍.എസ്.എസ്സിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ലേഖകര്‍ ഈ പരമ്പരയില്‍ ലേഖനങ്ങള്‍ എഴുതി. നിത്യചൈതന്യ യതിയായിരുന്നു വിഷയം അവതരിപ്പിച്ചത്. ഇതിനെ കുറിച്ച് മുമ്പ് ആഴ്ചപ്പതിപ്പിന്റെ ചുമതല ഉണ്ടായിരുന്ന കെ.സി. നാരായണന്‍ ഈയിടെ ഇങ്ങനെയാണ് ആഴ്ചപ്പതിപ്പിലൂടെ അഭിപ്രായം പ്രകടിപ്പിച്ചത്: ‘ആര്‍.എസ്.എസ്. എന്ന സംഘടന സാമൂഹികമായും രാഷ്ട്രീയമായും ആധിപത്യം സ്ഥാപിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളെ വിശദമായി അടയാളപ്പെടുത്തുന്ന ലേഖനം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ആഴ്ചപ്പതിപ്പിലൂടെയാണ്.’ തന്റെ ലേഖനം ഉപസംഹരിച്ചു കൊണ്ട് നിത്യചൈതന്യ യതി അഭിപ്രായപ്പെട്ടത് ആര്‍.എസ്. എസ്. സ്ഥാപകനായ ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ കാലത്തിലേക്കു തിരിച്ചു പോകണമെന്നാണ്. ആര്‍.എസ്.എസ്. ആദര്‍ശത്തിലും പ്രവര്‍ത്തനത്തിലും ഡോക്ടര്‍ജി ചിട്ടപ്പെടുത്തിയ അതേ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പലരും വ്യക്തമാക്കുകയും ചെയ്തിരുന്നു. 2025 ല്‍ ആര്‍.എസ്.എസ്സിനും 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. മാതൃഭൂമിയാണ് ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചത്. ഇപ്പോള്‍ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന മാതൃഭൂമി അതിന്റെ സ്ഥാപകരുടെ ആദര്‍ശങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറാവുകയാണെങ്കില്‍ മലയാള പത്രമാധ്യമ രംഗത്ത് നഷ്ടപ്പെട്ട അതിന്റെ ഒന്നാം സ്ഥാനവും പ്രൗഢിയും വീണ്ടെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
Comments