Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

കശ്മീർ ഫയൽസ് പറയാത്തത്..

ജഗത് ജയപ്രകാശ്

Print Edition: 25 March 2022

കശ്മീരിലെ ഹിന്ദു കൂട്ടക്കൊലയെ ആസ്പദമാക്കി വിവക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദ കാശ്മീര്‍ ഫയല്‍സ്’ മാര്‍ച്ച് 11 ന് തിയേറ്ററുകളില്‍ എത്തി. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ഈ ചിത്രം ലോകമാകമാനമുള്ള പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. 15 കോടി ചിലവില്‍ നിര്‍മിച്ച ഈ സിനിമ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ നൂറ് കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നു. എടുത്തു പറയത്തക്ക വലിയ താരങ്ങള്‍ ഇല്ലാതെയാണ് ഈ സിനിമ വലിയ നേട്ടം നേടിയിരിക്കുന്നത്. രണ്ട് തിയറ്ററില്‍ മാത്രമാണ് കാശ്മീര്‍ ഫയല്‍സ് കേരളത്തില്‍ റിലീസ് ചെയ്തത്. അഭൂതപൂര്‍വമായ തിരക്ക് കാരണം ഇപ്പോഴിതാ ചിത്രം കേരളത്തിലെ അമ്പതോളം തിയേറ്ററുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിച്ചു.

കശ്മീരി ഹിന്ദുക്കളുടെ കയ്‌പ്പേറിയ ജീവിതത്തെ തുറന്നു കാട്ടുന്ന ഈ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തുന്നതിനെതിരെ മതമൗലിക വാദികളും കപട ബുദ്ധിജീവികളും രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ ആകെ രണ്ട് തിയേറ്ററുകളില്‍ മാത്രമേ പ്രദര്‍ശനം ഉണ്ടായിരുന്നുള്ളൂ. റിലീസ് ദിനം ഇക്കൂട്ടരുടെ അപ്രഖ്യാപിത വിലക്ക് കാരണം കൊച്ചി പി.വി.ആറില്‍ രണ്ട് ഷോയും കോഴിക്കോട് ക്രൗണ്‍ തീയേറ്ററില്‍ ഒരു ഷോയും മാത്രമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ഷോകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം ഇതിനെ തുടര്‍ന്ന് ഉയര്‍ന്നു.

ജമ്മുവില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ജോലി ചെയ്തു ജീവിക്കുന്ന ഒരു മലയാളി എന്ന നിലയിലും കുറെയധികം കശ്മീരി പണ്ഡിറ്റുകള്‍ എന്റെ സഹപ്രവര്‍ത്തകരായുളളതിനാലും പണ്ഡിറ്റുകളുടെ കാര്യത്തില്‍ എന്താണ് നടന്നതെന്ന് എനിക്ക് വ്യക്തമായി മനസ്സിലാക്കാനായി. ജമ്മുപട്ടണത്തിന്റ സമീപ പ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമമാണ് നഗ്രോട്ട. ഇവിടെയാണ് ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം. ഇതിനോട് ചേര്‍ന്ന് ദേശീയ പാതയിലുള്ള ഒരു സ്ഥലമാണ് ജഗ്തി. ഇവിടെയാണ് 1990 ല്‍ തീവ്രവാദം കൊടികുത്തിവാണ കശ്മീരില്‍ നിന്നും പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച ജഗ്തി മൈഗ്രന്റ് കോളനി സ്ഥിതി ചെയ്യുന്നത്. ജോലി സംബന്ധമായും അല്ലാതെയും നിരവധി തവണ അവിടേക്കു എനിക്കു പോകേണ്ടി വന്നിട്ടുണ്ട്. ഏകദേശം 20,000 ത്തോളം വരുന്ന ആളുകള്‍ ഈ കോളനിയില്‍ വസിക്കുന്നുണ്ട്. 176 കെട്ടിടങ്ങളിലായി 4300 ഓളം ഫ്‌ളാറ്റുകള്‍ ഉണ്ട്. എല്ലാം രണ്ട് ബെഡ് റൂം ഫ്‌ളാറ്റുകള്‍ ആണ്.

കശ്മീരിര്‍ താഴ്‌വരയിലെ ഒരേയൊരു ഹിന്ദു വിഭാഗമായ കശ്മീരി പണ്ഡിറ്റുകള്‍ എന്നറിയപ്പെടുന്ന ജനവിഭാഗമാണ് ഇവിടെ പാര്‍ക്കുന്നത്. സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ഭാഗമാണ് ഇവര്‍. മറ്റ് ഹിന്ദു വിഭാഗങ്ങള്‍ ജമ്മുവില്‍ ഉണ്ടെങ്കിലും കശ്മീരി ഹിന്ദുക്കള്‍ ഇവര്‍ മാത്രമാണ്. ഉയര്‍ന്ന സാക്ഷരതയും തികഞ്ഞ സാമൂഹിക ബോധവുമുള്ള ഇവര്‍ മുഗള്‍, രജപുത്ര ഭരണകാലത്ത് ഉന്നത പദവികള്‍ വഹിച്ചിരുന്നവരാണ്. പില്‍ക്കാലത്ത് ഇവര്‍ ദോഗ്ര രാജാക്കന്‍മാരുടെ ദര്‍ബാറിലും മികച്ച സ്ഥാനങ്ങള്‍ വഹിച്ചു. 1947ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍, ഏകദേശം 7% ഹിന്ദുക്കള്‍ കശ്മീരിലെ ജനസംഖ്യയില്‍ ഉണ്ടായിരുന്നു. 1950 ആയപ്പോഴേക്കും അത് 5 ശതമാനത്തിലേക്ക് താഴ്ന്നു. പലതരത്തിലുള്ള സാമൂഹ്യ, സാമ്പത്തിക പ്രശ്‌നങ്ങള്‍ വിഭജനത്തിനുശേഷം ഹിന്ദുക്കളെ മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നതിന് പ്രേരിപ്പിച്ചു.

പിന്നീട് എണ്‍പതുകളില്‍ കശ്മീര്‍ താഴ്‌വരയില്‍ പാകിസ്ഥാന്റെ ചിലവില്‍ ഭീകരവാദികളുടെ അഴിഞ്ഞാട്ടവും വിഘടനവാദവും ശക്തിപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രന്റ് (ജമ്മു കശ്മീര്‍ വിമോചന മുന്നണി) അഥവാ ജെ.കെ.എല്‍.എഫ് പാക് അധീന കശ്മീരിലെ മുസഫറാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചത്. ഇവരുടെ നേതൃത്വത്തില്‍ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് 1989 സപ്തംബര്‍ 14നു കശ്മീരിലെ മുതിര്‍ന്ന അഭിഭാഷകനും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവുമായ ടിക്കലാല്‍ തപ്ലുവിനെ നടുവീഥിയില്‍ നിരവധി ആളുകളുടെ മുന്നില്‍വെച്ച് ഒരുകൂട്ടം തീവ്രവാദികള്‍ പരസ്യമായി കൊന്നുതള്ളി.

ഇതായിരുന്നു തീവ്രവാദികള്‍ ഹിന്ദുക്കളുടെമേല്‍ ആദ്യമായി നടത്തിയ പരസ്യമായ ആക്രമണം. ഇതിനെത്തുടര്‍ന്ന് പണ്ഡിറ്റുകളുടെ ഉള്ളില്‍ നാള്‍ക്കുനാള്‍ ഭയം ഏറിവന്നു. സമൂഹത്തിലെ ഉന്നതനായ ഒരു വ്യക്തിയെ പട്ടിയെപ്പോലെ പട്ടാപ്പകല്‍ കൊന്നുതള്ളിയപ്പോള്‍ സാധാരണക്കാരുടെ അവസ്ഥ ആലോചിച്ച് പാവം പണ്ഡിറ്റുകള്‍ ഭയചകിതരായി. തപ്ലുവിന്റെ കൊലയാളികളെ പിടികൂടാത്ത സാഹചര്യം തീവ്രവാദികള്‍ക്ക് കൂടുതല്‍ ധൈര്യം കൈവരിക്കാന്‍ ഇടനല്‍കി. ഏത് നിമിഷവും തീവ്രവാദികളുടെ കൊലക്കത്തിക്കോ, എ.കെ. 47 തോക്കിനോ തങ്ങള്‍ ഇരയായേക്കുമെന്നുള്ള ഭയം പണ്ഡിറ്റുകള്‍ക്കിടയില്‍ നാള്‍ക്ക് നാള്‍ കൂടിവന്നു. പിന്നീടങ്ങോട്ട് പണ്ഡിറ്റുകളുടെ കൊലപാതക പരമ്പരയായിരുന്നു താഴ്‌വരയില്‍ തീവ്രവാദികള്‍ നടത്തിയത്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്റ്‌സ്) നിര്‍ലോപമായ പിന്തുണ തീവ്രവാദികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. ആയുധങ്ങളും മറ്റും പാക് അധീന കശ്മീരില്‍ നിന്നുമാണ് തീവ്രവാദികള്‍ക്ക് നല്കിയത്. ആയുധ പരിശീലനത്തിനായി കുറെയധികം തീവ്രവാദികള്‍ എല്‍.ഓ.സി (Line of Control) കടന്ന് പാക് അധീന കശ്മീരിലെ ആസാദ് കശ്മീരിലേക്ക് (പാകിസ്ഥാന്‍ അവകാശപ്പെടുന്ന) പോയി തിരിച്ചുവന്നാണ് ഈ ക്രൂര കൂട്ടക്കുരുതികള്‍ നടത്തിയത്. യാസിന്‍ മാലിക്കിനെപ്പോലെയുള്ള തീവ്രവാദികളുടെ തുടക്കം ഇതില്‍നിന്നാണ്.

അടുത്തതായി തീവ്രവാദികളുടെ തോക്കിനിരയായത് ജെ.കെ.എല്‍.എഫ് സ്ഥാപക നേതാവ് മഖ്ബൂല്‍ ഭട്ടിനെ തൂക്കിലേറ്റാന്‍ വിധിച്ച ശ്രീനഗര്‍ ഹൈക്കോടതി ജഡ്ജ് നീല്‍കണ്ഠ ഗഞ്ചു ആയിരുന്നു. 1989 ഡിസംബറില്‍ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളും പിന്നീട് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ സഹോദരിയുമായ ഡോ.റൂബയ്യ സെയ്ദിനെ തട്ടിക്കൊണ്ടുപോയി. ഇവരെ മോചിപ്പിക്കാനായി അഞ്ച് തീവ്രവാദികളെ വിട്ട് നല്‍കേണ്ടിവന്നു.

പിന്നീട് 1990 ജനുവരിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണുണ്ടായത്. ശ്രീനഗറില്‍നിന്നും പ്രസിദ്ധീകരിച്ചുവന്ന ചില പത്രങ്ങളില്‍ ഹിന്ദുക്കള്‍ ഉടന്‍ താഴ്‌വര വിട്ടുപോകണമെന്നും അല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നൊക്കെ വാലും തലയുമില്ലാത്ത ചില അറിയിപ്പുകള്‍ വന്നു. പാകിസ്ഥാന്‍ ചെല്ലും ചിലവും കൊടുക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. തുടര്‍ന്നങ്ങോട്ട് ഭീകരവാദികള്‍ അഴിഞ്ഞാട്ടം തുടങ്ങി. നഗരത്തിലെ ചുമരുകളിലും മറ്റും ഇസ്ലാമിക നിയമം പിന്തുടരണമെന്നും അല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും എന്നുമുള്ള പോസ്റ്ററുകള്‍ ഭീകരന്‍മാര്‍ പതിപ്പിച്ചു.

ഇസ്ലാമിക വസ്ത്രധാരണ രീതികള്‍ പിന്തുടരുക, മദ്യം, സിനിമ, വീഡിയോ പാര്‍ലറുകള്‍ എന്നിവ നിരോധിക്കുക, സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്നിങ്ങനെ പലവിധത്തിലുള്ള ചുവരെഴുത്തുകളും, പോസ്റ്ററുകളും ശ്രീനഗര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും നിറഞ്ഞു. എ.കെ 47 തോക്കുമേന്തി മുഖം മൂടി അണിഞ്ഞെത്തിയ തീവ്രവാദികള്‍ സമയം പാകിസ്ഥാന്‍ സമയത്തിലേക്ക് പുനഃക്രമീകരിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കി.

കടകള്‍, കച്ചവടസ്ഥാപനങ്ങള്‍, വീടുകള്‍, തെരുവോരത്തിലെ മതിലുകള്‍ എന്നിവ ഇസ്ലാമിക ഭരണത്തിന്റെ അടയാളമായ പച്ചനിറം ബലമായി പൂശി. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകള്‍, വ്യവസായ ശാലകള്‍, വീടുകള്‍ എന്നിവ തിരഞ്ഞുപിടിച്ച് അഗ്‌നിക്കിരയാക്കി. അമ്പലങ്ങള്‍ പൊളിച്ചുമാറ്റി വിലകൂടിയ വസ്തുവകകള്‍ എല്ലാംതന്നെ കൊള്ളയടിക്കപ്പെട്ടു. തുടര്‍ന്ന് ഹിന്ദുക്കളുടെ വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ച ഭീകരവാദികള്‍ അവരുടെ ഒരു പട്ടിക തയ്യാറാക്കി. ഹിന്ദുക്കളുടെ വീടിന്റെ പ്രധാന വാതലില്‍ മുന്നറിയിപ്പ് നോട്ടീസ് തീവ്രവാദികള്‍ പതിച്ചു. എത്രയും പെട്ടെന്ന് താഴ്‌വര വിട്ടുപോകണമെന്നായിരുന്നു അതില്‍.

പിന്നീട് ജനുവരി 18,19 തീയതികളില്‍ കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദികള്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു. നഗരം ഇരുട്ടിലായിരുന്നെങ്കിലും പള്ളികളില്‍ മാത്രം വൈദ്യുതിബന്ധം ഉണ്ടായിരുന്നു. ഹിന്ദുക്കളെ ആട്ടിപ്പായിക്കാനും, കൊന്നൊടുക്കാനും നിര്‍ദ്ദേശം നല്‍കുന്ന രീതിയിലുള്ള പ്രകോപനപരമായ പ്രസംഗങ്ങള്‍ പള്ളികളിലെ ഉച്ചഭാഷിണിയിലൂടെ ഇടതടവില്ലാതെ മുഴങ്ങി.

ഇതേസമയം കുപ്രസിദ്ധ രാഷ്ട്രീയ നാടകത്തിന് അരങ്ങേറുകയായിരുന്നു ദല്‍ഹി. അക്കാലത്ത് ജമ്മു കാശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്ന തന്റെ രാഷ്ട്രീയ എതിരാളിയായ ഫാറൂഖ് അബ്ദുള്ളയെ തകര്‍ക്കാനും, ദുര്‍ബലപ്പെടുത്താനുമായി കേന്ദ്രമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദ് പ്രധാനമന്ത്രി വി.പി.സിങ്ങിന്റെ മേല്‍ സമ്മര്‍ദം ചെലുത്തി. തന്റെ അടുപ്പക്കാരനായ ജഗ്‌മോഹനെ സംസ്ഥാന ഗവര്‍ണ്ണറാക്കി നിയമിച്ചു.

ബദ്ധ വൈരികളായിരുന്നുജഗ്‌മോഹനും അബ്ദുള്ളയും. 1984ല്‍ അബ്ദുള്ള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം ചെയ്ത ആളായിരുന്നു ജഗ്‌മോഹന്‍. ജഗ്‌മോഹനെ ഗവര്‍ണ്ണറാക്കിയാല്‍ താന്‍ രാജിവെക്കുമെന്ന് അബ്ദുള്ള നേരത്തേ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 1990 ജനവരി 19നു ജഗ്‌മോഹന്‍ ഗവര്‍ണ്ണറായി സ്ഥാനമേറ്റ അന്ന് തന്നെ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവയ്ക്കുകയും സംസ്ഥാന നിയമസഭ ഗവര്‍ണ്ണര്‍ പിരിച്ചുവിടുകയും ചെയ്തു. എരിതീയില്‍ എണ്ണ പകര്‍ന്നതുപോലെയായിരുന്നു പിന്നെ കാര്യങ്ങള്‍. അതിഭീകരമായ കലാപമാണ് പിന്നീട് താഴ്‌വരയില്‍ അരങ്ങേറിയത്. അരാജകവാദത്തിന്റെയും അധാര്‍മികതയുടേയും വിളനിലമായി താഴ്‌വര മാറി. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് തീവ്രവാദികള്‍ നഗരത്തില്‍ തോക്കുമേന്തി അഴിഞ്ഞാടി. ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഗര്‍ഭിണികളുടെ വയര്‍ വെട്ടിപ്പിളര്‍ക്കപ്പെട്ടു. അമ്മമാരുടെ സ്ത്‌നങ്ങള്‍ ഛേദിക്കപ്പെട്ടു. പിഞ്ചു പെണ്‍കുട്ടികളെപ്പോലും നരാധമന്‍മാര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. പുരുഷന്മാര്‍ ഈയാംപാറ്റകളെപ്പോലെ ചത്തുവീണു.

മതം തലക്ക് പിടിച്ചവര്‍ അയല്‍ക്കാരെപ്പോലും വെറുതെവിട്ടില്ല. ജീവനും കൊണ്ട് ഉടുത്തിരുന്ന തുണിമാത്രം കൈമുതലാക്കി കിട്ടിയ വാഹനങ്ങളില്‍ ഹിന്ദുക്കള്‍ പലായനം ചെയ്തു. ഈ ഭീകരതയുടെ നേര്‍ സാക്ഷ്യം എന്നോട് എന്റെ കൂടെ ജോലിചെയ്യുന്ന പല പണ്ഡിറ്റുകളും പറഞ്ഞിട്ടിട്ടുണ്ട്. എല്ലാം വിട്ട് എറിഞ്ഞ് രായ്ക്കുരാമാനം നാടുവിടേണ്ടി വന്ന അവരുടെ ദുരവസ്ഥ കേട്ടപ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോയി. സമാനതകളില്ലാത്ത ഈ ക്രൂരതയെക്കുറിച്ച് രാഹുല്‍ പണ്ഡിത എന്ന എഴുത്തുകാരന്‍ തന്റെ ‘ഔവര്‍ മൂണ്‍ ഹാസ് ബ്ലഡ് ക്ലോട്‌സ്’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. മനഃസാക്ഷി മരവിച്ചുപോകുന്ന തരത്തിലുള്ള ക്രൂരതയാണ് അന്ന് നടപ്പാക്കിയതെന്ന് ആ പുസ്തകം വായിച്ചപ്പോള്‍ എനിക്കു മനസ്സിലായി. സമാധാനം എന്നും പറഞ്ഞ് ആളുകളെ കൂട്ടക്കൊല ചെയ്യുന്ന വിരോധാഭാസം. മതവെറിയന്മാരുടെ കൊലവിളിയില്‍ വിറങ്ങലിച്ചുപോയ കാശ്മീര്‍ താഴ്‌വര.

കശ്യപ മഹര്‍ഷി പണ്ട് തപസ്സിരുന്ന അതേ താഴ്‌വര. ആദിശങ്കരാചാര്യന്‍ സൗന്ദര്യലഹരി എഴുതിയ അതേ കാശ്മീര്‍ അന്ന് ഒരു കൂട്ടം മതതീവ്രവാദികളുടെ വിളയാട്ട കേന്ദ്രമായി മാറി.

ഈ കലാപം നടക്കുന്നതിനിടയില്‍ പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ജീവന്‍ രക്ഷിക്കണം. കിട്ടിയ വാഹനങ്ങളില്‍ കയറിപ്പറ്റി പലരും ജമ്മുവിലേക്കും, തുടര്‍ന്ന് ദല്‍ഹിയിലേക്കും പലായനം ചെയ്തു.

ഇതിന്റെയെല്ലാം പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നിരുന്നതായി പിന്നീട് വ്യക്തമായി. ഒന്നും പെട്ടെന്ന് സംഭവിച്ചതല്ലെന്നും പാകിസ്ഥാന്റെയും അവരുടെ ചാരസംഘടനയായ ഐ.എസ്.ഐയുടെയും കറുത്ത കരങ്ങളായിരുന്നു ഇതിനെല്ലാം ആളും അര്‍ത്ഥവും നല്കി കൂടെ നിന്നിരുന്നതെന്നും വ്യക്തമായി. ഇതിന് മുന്നോടിയായി പാകിസ്ഥാന്‍ ഏകാധിപതിയായിരുന്ന സിയ ഉള്‍ ഹഖ് 1988ല്‍ ഒരു രഹസ്യ യോഗം വിളിച്ചിരുന്നു.

കശ്മീരിന്റെ കാര്യത്തില്‍ സിയ ഉള്‍ ഹഖിന് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരുന്നു. കശ്മീര്‍ താഴ്‌വരയുടെ വിമോചനം എന്നതായിരുന്നു അയാളുടെ നിലപാട്. തുടര്‍ന്ന് അയാള്‍ ഇങ്ങനെ പറഞ്ഞു: ”നമ്മളുടെ മുസ്ലിം സഹോദരീ സഹോദരന്മാരെ, ഇന്ത്യയുടെ അടിമത്തത്തില്‍ തുടരാന്‍ നമ്മള്‍ അനുവദിക്കരുത്. കശ്മീരിലുള്ള നമ്മുടെ സഹോദരന്‍മാര്‍ക്ക് വളരെയധികം നല്ല സ്വഭാവ ഗുണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം അവരുടെ കുശാഗ്രബുദ്ധിയാണ്. പിന്നീട് അവരിലുള്ള ഗുണം എന്തെന്നാല്‍ ഏത് സമ്മര്‍ദ്ദത്തിലും, അടിയന്തിര സാഹചര്യങ്ങളിലും പിടിച്ചുനില്‍ക്കാനുള്ള അസാമാന്യമായ കഴിവാണ്. അടുത്ത ഗുണം രാഷ്ട്രീയ തന്ത്രങ്ങളില്‍ അവര്‍ക്കുള്ള നിപുണതയാണ്. ഇത്രയും ഗുണങ്ങള്‍ ഉള്ള നമ്മുടെ കശ്മീരി മുസ്ലിം സഹോദരന്‍മാര്‍ക്ക് നമ്മള്‍ ഇതൊക്കെ പ്രാവര്‍ത്തികമാക്കാനുള്ള ഒരു സാഹചര്യം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. അതിന് വേണ്ടുന്ന തന്ത്രങ്ങളും ആയുധങ്ങളും പണവും എല്ലാം നമ്മള്‍ നല്കണം. ഏത് വിധേനയും കശ്മീരിനെ ഭാരതത്തില്‍നിന്നും മോചിപ്പിക്കണം. ഇതിനുവേണ്ടി തയ്യാറാക്കിയ രഹസ്യപദ്ധതിയുടെ പേരാണ് ‘ഓപ്പറേഷന്‍ ടു പാക്ക്’. ഈ പദ്ധതിയുടെ ഭാഗമായി കശ്മീരി വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും പണം നല്കുക, ആയുധം നല്കി സുരക്ഷാ സേനയുടെ നേര്‍ക്ക് ആക്രമണം അഴിച്ചുവിടുക, അന്യമതത്തില്‍പ്പെട്ട ആളുകളെ കൂട്ടക്കൊല ചെയ്യുക. അങ്ങനെ ഘട്ടം ഘട്ടമായി കശ്മീരിന്റെ വിമോചനം സാധ്യമാക്കുക.”

ഇതിന്റെ ഭാഗമായി പോലീസിലും, സര്‍ക്കാരിലും ഉന്നത സ്ഥാനങ്ങള്‍ കൈയാളുന്ന മുസ്ലിം മത വിശ്വാസികളെ പലതരത്തില്‍ സ്വാധീനിച്ച് ഏത് വിധേനയും തങ്ങളുടെ പക്ഷമാക്കി എടുത്ത് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ തിരിച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍, വാര്‍ത്താമാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലും ഇന്ത്യ വിരുദ്ധ വികാരം ഉണ്ടാക്കിയെടുക്കാന്‍ പാക്ക് ചാരസംഘടന കോടിക്കണക്കിന് രൂപ ഇന്ത്യയിലേക്ക് ഒഴുക്കി. സമൂഹത്തിലെ ഉന്നതരായ രാഷ്ട്രീയക്കാര്‍ക്കും ഇവരുടെ പക്കല്‍ നിന്നും യഥേഷ്ടം പണം കിട്ടി. ഇതിനെതുടര്‍ന്ന് ഇന്ത്യ വിരുദ്ധവികാരം താഴ്‌വരയില്‍ അലയടിച്ചു. വിദ്യാര്‍ത്ഥികളെയും കര്‍ഷകരെയും മധ്യവര്‍ഗത്തൊഴിലാളികളെയും കരുവാക്കി സമൂഹത്തിലെ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞു. ഈ പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് കശ്മീര്‍ താഴ്‌വര ഒരു സ്വതന്ത്ര ഇസ്ലാമിക രാജ്യമായി മാറ്റേണ്ടത് എന്നതായിരുന്നു അവരുടെ കണക്കുകൂട്ടല്‍. കശ്മീരിലും ദോഡയിലും നടക്കുന്ന കലാപ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന കുടില തന്ത്രവും ഇതിനോട് ചേര്‍ന്ന് പാകിസ്ഥാന്‍ പദ്ധതിയിട്ടിരുന്നു. ദല്‍ഹി കേന്ദ്രമാക്കി ഭരിക്കുന്ന സത്യനിഷേധികളുടെ ഭരണത്തില്‍നിന്നും മോചനം എന്നതായിരുന്നു കശ്മീരിലെ യുവാക്കള്‍ക്ക് അന്ന് പാകിസ്ഥാന്‍ കൊടുത്ത വ്യക്തവും ശക്തവുമായ സന്ദേശം. ഇതിന് മുന്നോടിയായി അടിച്ചാല്‍ തിരിച്ചടിക്കാത്ത ഹിന്ദുക്കളെ കശാപ്പു ചെയ്യുക, അവരെ ആട്ടിപ്പായിക്കുക, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്നതായിരുന്നു അവരുടെ പ്രഖ്യാപിത ലക്ഷ്യം. ഇസ്ലാമിക പരമാധികാര രാജ്യത്തിന് എതിര് നില്ക്കുന്നു എന്ന പേരും പറഞ്ഞ് ഹിന്ദുക്കളെയെല്ലാം മതദ്രോഹികളാക്കി കൊലചെയ്തു. വിഘടനവാദ പ്രസ്ഥാനത്തിന് പണ്ഡിറ്റുകള്‍ വിനയാകുമെന്ന് അവര്‍ക്ക് കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. ഹിന്ദുക്കള്‍ ഭാരതത്തിന്റെ ചാരന്‍മാരാണെന്നും അവിശ്വാസികളും കാഫിറുകളും ആണെന്നും പറഞ്ഞ് പരസ്യമായി വിദ്വേഷപ്രചാരണം അഴിച്ചുവിട്ടു. കശ്മീരിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പിന്നില്‍നിന്നും കുത്തിയ ദ്രോഹികള്‍ എന്ന് മുദ്രകുത്തിയാണ് പല രാജ്യസ്‌നേഹികളായ പണ്ഡിറ്റുകളുടെയും കഴുത്തുകള്‍ തീവ്രവാദികള്‍ അറുത്തുമാറ്റിയത്. മതം ഒരു ശക്തമായ വികാരമാക്കി മാറ്റുന്നതില്‍ ഇതിലൂടെ പാകിസ്ഥാന്‍ വിജയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ധനകാര്യസ്ഥാപനങ്ങളിലും പോലീസ് സേനയിലും തീവ്രവാദം വളര്‍ന്നുവന്നു. അഥവാ വളര്‍ത്തിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ വിജയിച്ചു. വിചാര്‍ നാഗ് ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയിലായിരുന്ന ഒരു പോലീസുകാരന്‍ തന്നെയാണ് മതം മാറാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അവിടുത്തെ പ്രധാന പൂജാരിയെ തന്റെ തോക്കിനിരയാക്കിയത്. ഇത് പോലെയുള്ള ധാരാളം സംഭവങ്ങള്‍ താഴ്‌വരയില്‍ മതഭ്രാന്തന്‍മാര്‍ നടത്തി.

ധനികരായ ചില കശ്മീരി പണ്ഡിറ്റുകളുടെ വീടുകളില്‍ ജോലിചെയ്തിരുന്ന മുസ്ലിങ്ങള്‍ തങ്ങളുടെ യജമാനന്മാരെ കൊന്നുതള്ളിയശേഷം അവരുടെ ഭാര്യമാരെയും പെണ്‍മക്കളെയും കൂട്ട ബലാല്‍സംഗത്തിനിരയാക്കി. മതമൗലികവാദം മാത്രമായിരുന്നു ഇതിനെല്ലാം ഊര്‍ജ്ജം പകര്‍ന്നത്. ഒട്ടുമിക്ക പോലീസുകാരും സര്‍ക്കാര്‍ ജീവനക്കാരും മതമൗലികവാദികളുടെ കൂടെ ചേര്‍ന്ന് ഹിന്ദുക്കളെ കശാപ്പു ചെയ്തു. ആഴത്തിലാര്‍ന്ന മതഭ്രാന്ത്, മതപരമായ മുന്‍വിധി എന്നിവ അസിഹിഷ്ണതയുടെ അഗ്‌നിപര്‍വതം പൊട്ടാന്‍ കാരണമായി. വംശീയ ഉന്മൂലനം വഴി ഹിന്ദുക്കളെ ആസൂത്രിതമായി തുടച്ചുനീക്കാന്‍ അവര്‍ക്ക് സാധ്യമായി. ഇന്ത്യക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഇത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ, ഈ അടിയന്തിര ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഉള്ള കലാപം ആസൂത്രിതമായിതന്നെ എല്ലാ തീവ്രവാദികളുടെയും മനസ്സിലിരിപ്പായിരുന്നു. ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ തച്ചുതകര്‍ക്കപ്പെട്ടു. വിഗ്രഹങ്ങളില്‍ ഷൂസ് ഇട്ട് മതമൗലിക വാദികള്‍ നിഷ്‌ക്കരുണം ചവിട്ടിമെതിച്ചു. തങ്ങളുടെ എല്ലാവിധ സന്നാഹങ്ങളും ഉപയോഗിച്ച് നിസാം-ഇ-മുസ്തഫ അഥവാ ഷറിയ നിയമം നിര്‍ബന്ധപൂര്‍വം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ തീവ്രവാദികള്‍ കഠിനപ്രയത്‌നം നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു.

സാത്വികരും സമാധാനപ്രിയരുമായ കശ്മീരി പണ്ഡിറ്റുകള്‍ പൊതു മാനസികാവസ്ഥയും സര്‍ക്കാരിന്റെ ഭീകരവാദികളോടുള്ള മൃദുസമീപനവും മറ്റ് മൗലികവാദ പ്രവണതകളും വിശകലനം ചെയ്തു. ജാഗരൂകരായെങ്കിലും അവര്‍ സ്വപ്‌നം പോലും കാണാത്തത്ര രീതിയിലുള്ള പൈശാചിക കൃത്യം ആണ് അന്ന് അരങ്ങേറിയത്. ജനാധിപത്യം, സഹിഷ്ണുതാഭാവം, ബഹുസ്വരത, മതേതരത്വം, ദേശീയ സമഗ്രത, മത സ്വാതന്ത്ര്യം എന്നിവയിലുള്ള കശ്മീരി പണ്ഡിറ്റുകളുടെ വിശ്വസം ഒരു ചില്ലുപാത്രം പോലെ പൊട്ടിത്തകര്‍ന്നു. എല്ലാവിധ സര്‍ക്കാര്‍ സംവിധാനങ്ങളും നോക്കുകുത്തിയായ അവസ്ഥ.

ദിനങ്ങള്‍ കഴിയുംതോറും ഓരോ പുതിയ തീവ്രവാദ സംഘടനകള്‍ പൊങ്ങിപ്പൊങ്ങി വന്നു. മൗലികവാദികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവന്നു. ജെ.കെ.എല്‍.എഫ്. കൂടാതെ അല്‍-ജിഹാദ്, സ്ത്രീകളുടെ തീവ്രവാദ സംഘടനയായ ദുഖ്തരന്‍ ഇ-മില്‍ട്ട, മുസ്ലിം ജന്‍ബാസ് ഫോഴ്‌സ്, ഇഖ്വന്‍ -ഉല്‍- മുസരമീന്‍, അല്ലാ ടൈഗേര്‍സ്, ഹിസ്-ബുള്‍-മുജാഹിദ്ദീന്‍ എന്നിവര്‍ കൂടെ ഈ നരവേട്ടയില്‍ മുന്നിട്ട് നിന്നു. ആര് കൂടുതല്‍ ഹിന്ദുക്കളെ കൊല്ലും, ആര് കൂടുതല്‍ വീടുകള്‍ കൊള്ളയടിക്കും, ആര് കൂടുതല്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കും എന്നതില്‍ ഒരു കിടമത്സരം തന്നെയായിരുന്നു പിന്നീട് നടന്നത്. ന്യൂനപക്ഷങ്ങളായ ഇറാഖിയ യസീദികള്‍ക്കു നേരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തെക്കാള്‍ പതിന്‍മടങ്ങ് ഭീതിജനകമായിരുന്നു അന്നത്തെ ആക്രമണങ്ങളെന്ന് എന്റെ കൂടെ ജോലി ചെയ്യുന്ന നിരവധി പണ്ഡിറ്റുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കശ്മീര്‍ താഴ്‌വരയിലെ വായുവും മഞ്ഞും സൂര്യപ്രകാശവും മണ്ണും വരെ മതവെറിയന്‍മാരുടെ ദുഷ്ട പ്രവൃത്തികള്‍ കണ്ട് ഭയന്ന് വിറങ്ങലിച്ച് നിന്നു. പേടിച്ചരണ്ട പ്രാവുകളെപ്പോലെയാണ് അന്ന് പണ്ഡിറ്റുകള്‍ ഈ അവസ്ഥ നേരിട്ടത്. ഈ അവസ്ഥ ജമ്മുകശ്മീരില്‍ എല്ലാ പണ്ഡിറ്റുകളും അനുഭവിച്ചുവന്നിരുന്നതാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിലെ വേട്ടമൃഗങ്ങളായിരുന്നു ഹിന്ദുക്കള്‍. ഏറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഇരകളും ഇവര്‍ തന്നെയായിരുന്നു എന്നതിന് ചരിത്രത്തില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ട്.
ഏകദേശം 5 ലക്ഷത്തോളം വരുന്ന കശ്മീരി ഹിന്ദുക്കള്‍ 1989 നെ തുടര്‍ന്ന് പലായനം ചെയ്തു. ഇന്നിവര്‍ ജമ്മു, ദല്‍ഹി, ചണ്ഡിഗഢ്, അമൃത്‌സര്‍ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്നു. കുറെയധികം ആളുകള്‍ വിദേശത്തേക്കും രക്ഷപ്പെട്ടു.
പണ്ഡിറ്റുകളുടെ മേലുള്ള ആദ്യത്തെ കൂട്ടക്കുരുതി 500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. നിസ്സംഗ സ്വേച്ഛാധിപതിയായിരുന്ന സുല്‍ത്താന്‍ സിക്കന്തര്‍ ഷാ (1389-1413) കണ്ണില്‍ ചോരയില്ലാത്ത ഭീകരവാദി ആയിരുന്നു. വിഗ്രഹാരാധനയെ നഖശിഖാന്തം എതിര്‍ത്തിരുന്ന ഇയാള്‍ ധാരാളം ക്ഷേത്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അനന്ത്‌നാഗ് ജില്ലയിലെ മാര്‍ത്താണ്ഡ സൂര്യ ക്ഷേത്രം. കശ്മീരി ഹിന്ദുക്കളെ ഏതുവിധേനയും മതപരിവര്‍ത്തനം ചെയ്യണം എന്നത് അയാളുടെ ഒരു ഉറച്ച തീരുമാനമായിരുന്നു. ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ മതം മാറുക ഇതായിരുന്നു നിരാലംബരായിരുന്ന പണ്ഡിറ്റുകള്‍ക്ക് അയാള്‍ നല്കിയ നിര്‍ദ്ദേശം. പേര്‍ഷ്യന്‍ മതപണ്ഡിതനായിരുന്ന മിര്‍ സയിദ് അലി ഹമദാനിയുടെ തികഞ്ഞ അനുയായിയായിരുന്ന ഇയാളുടെ കശ്മീര്‍ സന്ദര്‍ശനവും, തുടര്‍ന്നുള്ള സ്വാധീനവുമാണ് കടുത്ത മൗലികവാദത്തിലേക്ക് ഷായെ നയിച്ചത്. മതം മാറാന്‍ വിസമ്മതിച്ചവര്‍ നിര്‍ദ്ദയം വാളിന് ഇരയാക്കപ്പെട്ടു. കുറെയധികമാളുകള്‍ ജീവനുംകൊണ്ട് പലായനം ചെയ്തു. നിരവധി പുണ്യ പുരാതന ബുദ്ധവിഹാരങ്ങള്‍, പൈതൃക സ്മാരകങ്ങള്‍ എന്നിവ അനിസ്ലാമികം എന്ന പേരില്‍ തച്ചു തകര്‍ക്കപ്പെട്ടു. സംഗീതം, നൃത്തം, മറ്റ് കലകള്‍ എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മണി അടിക്കാനോ, ശംഖ് വിളിക്കാനോ പോലും അനുമതി ആര്‍ക്കും ഇല്ലായിരുന്നു. ഹിന്ദുക്കളുടെയും ബുദ്ധന്മാരുടെയും ശവശരീരം അഗ്‌നിയില്‍ ദഹിപ്പിക്കുന്നതിന് പകരം മണ്ണില്‍ കുഴിച്ചിട്ടാല്‍ മതിയെന്ന് അയാള്‍ പ്രഖ്യാപിച്ചു. നെറ്റിയില്‍ തിലകക്കുറി അണിയുന്നതിന് അയാള്‍ വിലക്കേര്‍പ്പെടുത്തി. ഇസ്ലാമിക രാജ്യത്തു ജീവിക്കുന്ന അമുസ്ലീങ്ങള്‍ കൊടുക്കേണ്ട മത കരം ആയ ജസിയ ഈടാക്കാന്‍ തുടങ്ങി. അതിഭീകരമായ കരമാണ് ഓരോ അമുസ്ലീങ്ങളും ഒടുക്കേണ്ടി വന്നത്. മറ്റ് മത ഗ്രന്ഥങ്ങളും, അനിസ്ലാമികവുമായ എല്ലാ ഗ്രന്ഥങ്ങളും വൈക്കോല്‍കൂനപോലെ കൂട്ടിയിട്ട് കത്തിച്ചു. ഷായുടെ കാലം മുതല്‍ തുടങ്ങിയ അക്രമപരമ്പര ഔറംഗസീബിന്റെ കാലത്ത് അതിന്റെ ഉച്ചകോടിയില്‍ എത്തി. ഇതിനെതിരെ പരസ്യനിലപാട് എടുത്ത ഒമ്പതാമത്തെ സിഖ് ഗുരുവിനെ ഔറംഗസീബിന്റെ ഉത്തരവിന്‍മേല്‍ ശിരച്‌ഛേദം നടത്തി. 1675ല്‍ ദല്‍ഹിയിലെ ചാന്ദ്‌നിചൗക്കിലായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. കശ്മീരി പണ്ഡിറ്റുകളുടെ ജീവനും, ആത്മാഭിമാനത്തിനും വേണ്ടി സ്വന്തം ജീവന്‍ ബലിനല്‍കിയ പരമ പരിത്യാഗിയായിരുന്നു ഗുരു തേജ് ബഹാദൂര്‍.

ഭാരതത്തിന്റെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ മരണത്തോടുകൂടിയാണ് കശ്മീരില്‍ സ്ഥിതിഗതികള്‍ മോശമായി തുടങ്ങുന്നത്. പിന്നീട് കേന്ദ്രത്തിന് കശ്മീരിന്റെ ഭരണത്തിലും രാഷ്ട്രീയത്തിലും തീരെ ശ്രദ്ധയില്ലാതായി. ഇത് മുതലെടുത്ത രാഷ്ട്രീയ കക്ഷികള്‍ സംസ്ഥാന സര്‍ക്കാരിനെ ഒരു സ്വതന്ത്ര രാജ്യത്തെ സര്‍ക്കാരിനെ പോലെ കണക്കാക്കാന്‍ തുടങ്ങി. 370 ാം വകുപ്പ് ഇതിന് ഒരു വളമായി മാറി. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാതെയായി.

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിക്ക് പുറത്ത് മാത്രമായിരുന്നു ജോലി. ജമ്മു-കശ്മീരില്‍ ഈ കലാപങ്ങള്‍ എല്ലാം നടക്കുമ്പോള്‍ ഒരു ദൃക്‌സാക്ഷിയെപ്പോലെ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു സേനയുടെ നിയോഗം. ജനാധിപത്യ മതേതര രാഷ്ട്രമായ ഭാരതത്തില്‍ ഹിന്ദുക്കള്‍ വിധ്വംസക ശക്തികളുടെ കശാപ്പിനിരയായി. ഒരേ ഒരു കാരണം മാത്രമായിരുന്നു അതിനുണ്ടായിരുന്നത്. അവരെല്ലാം അവിശ്വാസികള്‍ അഥവാ സത്യ നിഷേധികളായിരുന്നു. ഒരിക്കല്‍ ഇസ്രയേലില്‍ സ്ഥിതിചെയ്യുന്ന അഖ്‌സ പള്ളിയെ നിന്ദിച്ചു എന്നും പറഞ്ഞ് ചില മൗലിക വാദികള്‍ ശ്രീനഗറിലെ ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ കൂടി ഒരു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഈ പ്രതിഷേധ സംഗമത്തിന് നേരെ നോക്കിയതിന് രണ്ട് സ്ത്രീകളുടെ ഗുഹ്യഭാഗത്ത് ചൊറിയണംചെടി വെട്ടി അടിക്കുകയും ദേഹമാസകലം പരിക്കേല്‍പ്പിക്കുകയും ചെയ്തു. അതില്‍ ഒരു വനിത വിദേശ വനിതയായിരുന്നു. ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങളാണ് മൗലികവാദികളെ നോക്കുന്നവരോട് പോലും കാണിച്ചത്. ഈ മൗലികവാദികള്‍ ഇറാനില്‍ നിന്നോ, അഫ്ഗാനില്‍ നിന്നോ വന്നവരല്ല. സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞ ഇസ്ലാമിക സഹോദരരായിരുന്നു ഇവര്‍. സമത്വത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞവര്‍ ബാഹ്യപ്രേരണയില്‍ മൗലികവാദികളായി മാറി, അഥവാ മാറ്റി. സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത മൃഗതുല്യരായ അവരെ മാറ്റിയെടുക്കാന്‍ പാകിസ്ഥാനിലെ അന്നത്തെ ഏകാധിപതിയായിരുന്ന സിയ ഉല്‍ ഹഖിന് സാധിച്ചു. വിദ്വേഷം കുത്തിനിറച്ച് ഇസ്ലാമിക രാജ്യത്തിന് വേണ്ടി പോരടിക്കുന്ന പ്രാകൃതജീവികളായി മാറി കശ്മീരിലെ മുസ്ലിങ്ങള്‍. ഇത് മനസ്സിലാക്കിയെടുക്കാന്‍ ഹിന്ദുക്കള്‍ ഏറെ താമസിച്ചുപോയി.

1979-ല്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ വധിച്ചതിന്റെ പേരില്‍ ഒരു ദിവസം കലാപകാരികള്‍ അക്രമം അഴിച്ചുവിട്ടു. അന്നത്തെ ജനറല്‍ സിയ ഉല്‍ ഹഖിന്റെ കോലം കത്തിച്ച മൗലികവാദികള്‍ കശ്മീര്‍ താഴ്‌വരയില്‍ കലാപമഴിച്ചുവിട്ടു. ഈ സമയം വെള്ളവും, വൈദ്യുതിയും കിട്ടാതെ കൂട്ടിലടക്കപ്പെട്ട പ്രാവുകളെപ്പോലെ വിലപിക്കുകയായിരുന്നു ഹിന്ദുക്കള്‍. അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്ന ഇടപാടാണ് അന്ന് ഈ മൗലികവാദം തലക്കുപിടിച്ചവന്‍മാര്‍ കാട്ടികൂട്ടിയത്.

കശ്മീരിനെ ഭാരതത്തില്‍നിന്നും അടര്‍ത്തിയെടുക്കുന്നതിന് ഓപ്പറേഷന്‍ ടു പാക്ക് ആരംഭിച്ചു. നേരിട്ടുള്ള സൈനിക നടപടിയിലൂടെ അത് സാധ്യമല്ലെന്ന് മനസ്സിലാക്കിയ ജനറല്‍ സിയ ഉല്‍ ഹഖ്, മറ്റുള്ള മത വര്‍ഗീയ രാഷ്ട്രീയ മാര്‍ഗങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. നിശബ്ദമായ മത, സാംസ്‌കാരിക, വര്‍ഗീയ ധ്രുവീകരണമായിരുന്നു ഇതിന് വളം. മൗലികവാദികളുടെ കടമയാണ് അവിശ്വാസികളുടെ നിഷ്‌ക്കാസനം എന്നു തുടരെ തുടരെയുള്ള പ്രബോധനങ്ങള്‍ ഇതിന്റെ ഫലമായി നടന്നു വന്നു. ഇത് മതപരമായ കടമയാണെന്ന് അവിടെയുള്ള മൗലികവാദികളെ വിശ്വസിപ്പിച്ചു.

ഇന്ത്യയുടെ, കശ്മീരിലെ അധിനിവേശത്തിന്റെ അടയാളമാണ് പണ്ഡിറ്റുകള്‍ എന്ന ഹിന്ദുക്കളെന്നു മത തീവ്രവാദികള്‍ വിളംബരം നടത്തി. എണ്ണത്തില്‍ വളരെ കുറവുള്ള ഈ കൂട്ടരെ ഒഴിവാക്കിയാല്‍ കശ്മീര്‍ സ്വതന്ത്രമാകും എന്നു മൗലികവാദികള്‍ പ്രഖ്യാപനം ചെയ്തു. ഇതിന്റെ ഫലമായി താഴ്‌വരയില്‍ എങ്ങും വിമോചനത്തിനുള്ള മുറവിളികള്‍ മുഴങ്ങി. ജെ.എന്‍.യുവില്‍ കേട്ട അതേ ”ആസാദി” വിളിയായിരുന്നു അത്. ഈ ആസാദി എന്നാല്‍ പണ്ഡിറ്റുകളുടെ രക്തം വീഴ്ത്താനുള്ള കൊലവിളിയായിരുന്നുവെന്ന് പിന്നീടാണ് ആ പാവപ്പെട്ടവര്‍ക്ക് മനസ്സിലായത്. എല്ലാ തരത്തിലും, തുറയിലും പെട്ട ഇസ്ലാമിക വിശ്വാസികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള തന്ത്രമായിരുന്നു ആസാദി അഥവാ വിമോചനം. അവിശ്വാസികളുടെ ഭരണത്തില്‍നിന്നുള്ള മോചനം എന്ന മുദ്രാവാക്യം. ആസാദി എന്ന മാളിക പണിയേണ്ടത് ഓരോ പണ്ഡിറ്റിന്റെയും ശവവും, ചോരയും ഉപയോഗിച്ചായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഓരോ പണ്ഡിറ്റും കൊല്ലപ്പെട്ടാല്‍ വിവേചനത്തിന് അന്ത്യമാകുമെന്ന് മൗലികവാദികള്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. ഇതിനെതുടര്‍ന്ന് കൊല്ലപ്പെടേണ്ട പണ്ഡിറ്റുകളുടെ ഒരു പട്ടിക തയ്യാറാക്കി തെരുവീഥികളിലും, ആരാധനാലയങ്ങളിലും പതിപ്പിച്ചു. പരസ്പര സ്‌നേഹത്തില്‍ വിശ്വസിച്ചിരുന്ന രണ്ട് കൂട്ടര്‍ മതമൗലികവാദികളുടെ ചട്ടുകമാകാന്‍ ഏറെ താമസമുണ്ടായില്ല. കൊല്ലപ്പെടേണ്ട ആളുകളുടെ പേരുകള്‍ മുന്‍ഗണന പ്രകാരമായിരുന്നു പട്ടികയായി തയ്യാറാക്കിയിരുന്നത്. ഭാരതത്തോട് കൂറും സ്‌നേഹവും പരസ്യമായി കാണിച്ചവരെ ആദ്യം വകവരുത്തേണ്ട ലിസ്റ്റില്‍ കൊണ്ടുവന്നു. രാജ്യസ്‌നേഹം ഒരു അളവുകോലാക്കിയായിരുന്നു മരണപ്പട്ടിക തയ്യാറാക്കിയിരുന്നത്. ഈ പട്ടികയില്‍പ്പെട്ടവരെ ‘മുക്ബീര്‍’ എന്ന പേര് നല്കി. ഒറ്റുകാരന്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. അതെ ഭാരതത്തോട് കൂറുകാട്ടിയവര്‍ മൗലികവാദികള്‍ക്കു ഒറ്റുകാരായിരുന്നു.

പത്ത് വയസ്സുപോലും തികയാത്ത കൗമാരക്കാരായ കുട്ടികള്‍ പോലും കൈയ്യില്‍ എ.കെ. 47 തോക്കുമേന്തി പരസ്യമായി നടക്കുകയായിരുന്നു. വേട്ടപ്പട്ടികളെപ്പോലെ അവര്‍ പണ്ഡിറ്റുകളുടെ മേല്‍ ചാടി വീണ് കൊന്നുതള്ളി. ആത്യന്തികമായി ഇസ്ലാമിക രാജ്യമായിരുന്നു അവരുടെ ലക്ഷ്യം. നിയമപാലകന്മാര്‍ നോക്കുകുത്തികളെപ്പോലെ പെരുമാറി. മൗലികവാദികളും, പോലീസുകാരും തമ്മിലുള്ള ബന്ധം പരസ്യമായിരുന്നു. പോലീസ് സേനയില്‍ മുഴുവന്‍ പാകിസ്ഥാന്‍ അനുകൂലികള്‍ ആയിരുന്നു. ദേശവിരുദ്ധതയില്‍ രമിക്കുകയായിരുന്നു ജമ്മു-കശ്മീരിലെ നിയമ വ്യവസ്ഥ.

വിദ്യാസമ്പന്നരായ കശ്മീരിലെ മുസ്ലിം വിഭാഗങ്ങള്‍ മൗനം പാലിച്ചു. വനിതകള്‍ പുരുഷന്മാരെക്കാള്‍ വിദ്വേഷവാദികള്‍ ആയിരുന്നു. ദൈവം പുറംതള്ളിയ ജനസമൂഹത്തെപ്പോലെ ഹിന്ദുക്കള്‍ തങ്ങളുടെ നരകയാതന അനുഭവിച്ചു.

ഈ മൗലികവാദികള്‍ ചെയ്തതിനെ ന്യായീകരിക്കാന്‍ വേണ്ടി ഇവര്‍ തന്നെ പടച്ചിറക്കിയ ചില കാരണങ്ങള്‍ ദേശവിരുദ്ധ മാധ്യമങ്ങളില്‍ വിസര്‍ജ്ജിച്ചു. താഴ്‌വരയിലെ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ, ജന്മികളായ പണ്ഡിറ്റുകളുടെ പക്ഷപാതസ്വഭാവം, അവഗണന, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള ചിറ്റമ്മ നയം എന്നിങ്ങനെ തരംതാണ ചില ന്യായീകരണങ്ങള്‍ അവര്‍ നിരത്തി. തികഞ്ഞ നിസ്സംഗതയോടെ ഈ മൗലികവാദികള്‍ക്ക് മുന്നില്‍ മുട്ടു മടക്കാന്‍ മാത്രമേ അന്നത്തെ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞുള്ളൂ. അറവ് ശാലയിലേക്ക് മാടുകളെ കൊണ്ടുപോകുന്നതുപോലെ ട്രക്കുകളിലും മറ്റും കുത്തിനിറച്ചാണ് പാവം ഹിന്ദുക്കളെ സര്‍ക്കാര്‍ സഹായത്താല്‍ താഴ്‌വരയില്‍ നിന്നും കുടിയൊഴിപ്പിച്ചത്.

കുറെയധികം പേര്‍ ജമ്മുവില്‍ എത്തി. അവിടെ താല്‍ക്കാലികമായി തയ്യാറാക്കിയ കുടിലുകളിലും ക്യാംപുകളിലും വഴിയരികിലും നരകതുല്യമായ ജീവിതം നയിച്ചു. ഒരു ചെറിയ മുറിയില്‍ 10 പേര്‍ വരെ ജീവിച്ചുവെന്ന് പറയുമ്പോള്‍ തന്നെ വല്ലാത്തൊരു വിങ്ങല്‍ മനസ്സില്‍ വരുന്നു. കുടുംബങ്ങള്‍ കണ്ണാടി പാത്രങ്ങളെ പോലെ വീണുടഞ്ഞു. വിധവകളുടെയും വിഭാര്യരായവരുടെയും എണ്ണം അതിഭീകരമായിരുന്നു. ജീവിത സയാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ മാനസിക വിഭ്രാന്തിക്ക് അടിമപ്പെട്ടുപോയി. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പലവഴിക്ക് പിരിഞ്ഞു. കുഞ്ഞുങ്ങള്‍ അനാഥരായി. ആയിരക്കണക്കിന് ആളുകളെ കാണാതായി. ഈ ദുരിതത്തിന്റെ ബാക്കിപത്രവുമായി കുറെയധികം പണ്ഡിറ്റുകള്‍ ഇന്നും ഭാരതത്തിന്റെ പല ഭാഗങ്ങളിലായി ജീവിക്കുന്നു. കാലാകാലങ്ങളായി അവര്‍ മനസ്സില്‍ ഒരു തീരാ മുറിവായി സൂക്ഷിച്ച സത്യങ്ങളാണ് കശ്മീര്‍ ഫയല്‍സ് എന്ന ചലച്ചിത്രത്തിലൂടെ വെളിച്ചം കാണുന്നത്. വിവേക് അഗ്‌നിഹോത്രി എന്ന സംവിധായകന്‍ കാണിച്ച അസാമാന്യമായ ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല. ഈശാവാസ്യോപനിഷത്തില്‍ പറഞ്ഞത് പോലെ – ‘ഹിരണ്‍മയേന പാത്രേണ, സത്യസ്യാപി ഹിതം മുഖം സത്യം, സത്യം പൂഷന്നപാവൃണു, സത്യധര്‍മ്മായ ദൃഷ്ടയേ’. സ്വര്‍ണ്ണമയമായ പാത്രം കൊണ്ട് സത്യത്തിന്റെ മുഖം മൂടപ്പെട്ടിരിക്കുന്നു – അല്ലയോ സൂര്യദേവാ സത്യധര്‍മ്മനായ എന്റെ ദൃഷ്ടിക്കു അത് തുറന്നു കാട്ടിയാലും. അതെ, സത്യം തുറന്നു കാട്ടപ്പെടുകയാണ്. ഈ അവസരത്തില്‍ ഏവരും സത്യത്തെ അറിയാന്‍ കാശ്മീര്‍ ഫയല്‍സ് കാണുക. കശ്മീരി ഹിന്ദുക്കള്‍ക്ക് സംഭവിച്ച ദുരവസ്ഥ ഇനി ഒരു ഹിന്ദുവിനും ഉണ്ടാകരുത്.

 

Tags: The Kashmir FilesKashmir files
Share1TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies