അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10 നാണ് പുറത്തുവന്നത്. പ്രവചനങ്ങളും പ്രഖ്യാപനങ്ങളും നിലംപരിശാക്കി ഭാരതത്തിന്റെ ഭാവിയുടെ ദിശാബോധം വ്യക്തമാക്കുന്ന ജനവിധിക്കാണ് സാക്ഷ്യം വ ഹിച്ചത്. ഭാരതത്തിന്റെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ചരിത്രം തിരുത്തിക്കുറിച്ച് യോഗി ആദിത്യനാഥ് രണ്ടാംതവണയും മുഖ്യമന്ത്രിയായി. യു.പി പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന ചൊല്ല് വീണ്ടും അന്വര്‍ത്ഥമാവുകയാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ നാലു സംസ്ഥാനങ്ങളിലും വ്യക്തമായ മേധാവിത്വമാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് അതിന്റെ ചരിത്രപരമായ നിയോഗം നിര്‍വ്വഹിച്ച് ജീവസമാധിയില്‍ ലയിച്ച് ചരിത്രത്താളുകളിലേക്ക് മറയുകയാണ്. 1885-ല്‍ അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം എന്ന വിദേശി ബ്രിട്ടീഷുകാര്‍ക്കു വേണ്ടി സ്വാതന്ത്ര്യസമരത്തിന്റെ തീജ്വാലകളെ ഒതുക്കാന്‍ ആരംഭിച്ച പ്രസ്ഥാനം, തിലകനും സുഭാഷ്ചന്ദ്ര ബോസും ഗാന്ധിജിയും അതിനെ ദേശീയ പ്രസ്ഥാനമാക്കി മാറ്റി. ഗാന്ധിജിയടക്കം ഈ നേതാക്കളുടെ കുടുംബക്കാരാരും അധികാരത്തിലേക്കുള്ള സോപാനമായി ഇതിനെ ഉപയോഗിച്ചില്ല. നെഹ്‌റു കുടുംബത്തിന്റെ ഊന്നുവടിയായി മാറിയ കോണ്‍ഗ്രസ് ഇന്ന് അപ്രസക്തമായിരിക്കുന്നു. മറ്റൊരു വിദേശ വനിതയായ അന്റോണിയോ അല്‍ബിനോ മെയ്‌നോ എന്ന സോണിയയാണ് കോണ്‍ഗ്രസ്സിന് അന്ത്യകൂദാശ നല്‍കിയത്. യു. പിയില്‍ ഏഴ് ശതമാനത്തോളം വോട്ടും ഏഴ് സീറ്റുമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 2.5 ശതമാനത്തോളം വോട്ടും രണ്ട് സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുമ്പോള്‍ ഒരു മഹാപ്രസ്ഥാനത്തിന് അതിന്റെ പാരമ്പര്യത്തിനും ചരിത്രത്തിനും അനുസൃതമായ സംസ്‌കാരകര്‍മ്മം പോ ലും അനുവദിക്കാതെ ഗംഗയില്‍ ജീവസമാധി നല്‍കുകയായിരുന്നു ഉത്തര്‍പ്രദേശ്. ഈ തിരഞ്ഞെടുപ്പോടെ ബി.ജെ.പിക്ക് ബദലായി മൂന്നാം മുന്നണി ഉണ്ടാകുമെന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെട്ട ഇടതുമുന്നണിയും അതേ വിധിതന്നെ ഏറ്റുവാങ്ങി. കെട്ടിവെച്ച കാശ് എല്ലായിടത്തും നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം വോട്ടു പോലും കൈവരിക്കാനായില്ല എന്നു കാണുമ്പോഴാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ദുരന്തമുഖം നമുക്ക് മനസ്സിലാകുന്നത്.
ഉത്തര്‍പ്രദേശില്‍ രണ്ടാംതവണ തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് യോഗി. ഗുണ്ടാരാജിന് അ വസാനം കുറിച്ച് മികച്ച ക്രമസമാധാനവും വികസനവും മുന്‍ നിര്‍ത്തിയുള്ള അഴിമതിരഹിത ഭരണമാണ് യോഗിക്ക് തുണയായത്. ഇരട്ട എഞ്ചിന്‍ ഭരണം എന്ന പേരില്‍ യോഗി-മോദി കൂട്ടുകെട്ട് മുന്നില്‍ നിര്‍ത്തിയതോടെ ആര്‍ ക്കും തടയാന്‍ കഴിയാത്ത പ്രതിഭാസമായി ബി.ജെ.പി മാറി. കര്‍ ഷകസമരവും ദേശീയ പൗരത്വ നിയമഭേദഗതിയും യോഗിക്കെതിരെ, ബി.ജെ.പിക്ക് എതിരായ ജനവിധിക്ക് ഇടയാക്കുമെന്നായിരുന്നു ഒരുപറ്റം ബുദ്ധിജീവികളുടെയും ഇടത് മാധ്യമപ്രവര്‍ത്തകരുടെയും വിലയിരുത്തല്‍. ഒപ്പം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചില ഒ. ബി.സി മന്ത്രിമാരെ അഖിലേഷ് യാദവ് അടര്‍ത്തിയെടുത്തതും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നായിരുന്നു വിലയിരുത്തല്‍. പശ്ചിമ യു.പിയില്‍ അ ഖിലേഷ് യാദവും ആര്‍.എല്‍.ഡി യുടെ ജയന്ത് ചൗധരിയും മുസ്ലീം -ഹിന്ദു പിന്നാക്ക ജാതി വോട്ടും ലക്ഷ്യമിട്ട് നടത്തിയ പ്രചാരണം ഭരണകക്ഷിയായ ബി.ജെ.പി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു എന്നായിരുന്നു. ഹിന്ദു സന്യാസിമാരില്‍ തീപ്പൊരിയായ യോഗി ആദിത്യനാഥ് തന്റെ ഹിന്ദുത്വ അജണ്ട ഒരിക്കലും മറച്ചുവെച്ചില്ല. ശ്രീരാമന്‍ എല്ലാ ഭാരതീയന്റെയും പൈതൃകത്തിന്റെ യും സംസ്‌കാരത്തിന്റെയും പ്രതീകമാണെന്ന് സാധാരണക്കാരായ മുസ്ലീങ്ങളെയും ഹിജാബ് ധരിച്ച മുസ്ലീം സ്ത്രീകളെയും കൊണ്ട് വരെപറയിപ്പിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കാന്‍ യോഗിക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒവൈസിയുടെ തീവ്രവാദ രാഷ്ട്രീയമോ, കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനമോ വിലപ്പോയില്ല. വികസനത്തെ മുന്‍നിര്‍ ത്തിയായിരുന്നു യോഗിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഒപ്പം, ഹിന്ദുത്വ അജണ്ട അതിശക്തമായി മുന്നോട്ടു വെയ്ക്കുകയും ചെയ്തു. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ഔറംഗസീബിന്റെയും മുഗള്‍ ഭരണകൂടത്തിന്റെയും ഹിന്ദു പീഡനത്തിന്റെ പ്രതീകമായിരുന്ന കാശി ഇടനാഴിയുടെ പുനരുദ്ധാരണവും വികസനവും, അയോദ്ധ്യയിലെ രാമായണം സര്‍വ്വകലാശാല, സന്യാസിമാര്‍ക്കുള്ള ക്ഷേമപദ്ധതികള്‍, ലൗജിഹാദ് അടക്കമുള്ള രാഷ്ട്രവിരുദ്ധ ശക്തികളുടെ പ്രവര്‍ത്ത നം, തീവ്രവാദത്തിനെതിരായ നിലപാട് എന്നിവയൊക്കെ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ചു.

23 കോടി ജനങ്ങളും 80 ലോക്‌സഭാ സീറ്റുകളുമുള്ള യു പിയില്‍ സര്‍ക്കാരിന് എതിരായ ജനവികാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച എല്ലാ സ്ഥലങ്ങളിലും ബി. ജെ.പി മുന്നേറി. കര്‍ഷകസമരത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയുടെ മകന്‍ ഓടിച്ച വാഹനം ഇടിച്ച് നാല് കര്‍ഷകര്‍ മരിച്ച ലഖിംപുര്‍ഖേരിയില്‍ ബി. ജെ.പി തിളക്കമാര്‍ന്ന വിജയം നേടി. സ്ത്രീപീഡനത്തിന്റെ പേ രില്‍ യോഗിക്കും മോദിക്കും എതിരെ ഏറ്റവും വലിയ വിവാദമാക്കി കൊണ്ടുവരാന്‍ ശ്രമിച്ച ഉന്നാവിലും ഹത്രാസിലും ബി. ജെ.പി വന്‍ വിജയം തന്നെ നേടി. നാലുതവണ യു.പി ഭരിച്ച മായാവതിയുടെ ബി.എസ്.പി ഇക്കുറി നിശ്ശബ്ദമായിരുന്നു. അവരുടെ വോട്ട് ആര്‍ക്ക് എന്ന ചോദ്യമായിരുന്നു യു.പി രാഷ്ട്രീയത്തെ വിലയിരുത്തുന്ന എല്ലാവരുടെയും ചോദ്യം.
2017 ലെ തിരഞ്ഞെടുപ്പില്‍ 47 സീറ്റ് മാത്രം നേടിയ സമാജ്‌വാദി പാര്‍ട്ടി ഇക്കുറി 111 സീറ്റിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 64 സീറ്റുകളാണ് ഇ ക്കുറി അവര്‍ അധികം നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്. പിക്ക് ലഭിച്ച 21.82 ശതമാനം വോട്ട് ഇക്കുറി 32.1 ശതമാനമായി ഉയര്‍ന്നു. ഇവിടെയാണ് മായാവതിയുടെ ബി.എസ്.പിയെ അഖിലേഷ്-ജിഹാദി സഖ്യം വിലയ്‌ക്കെടുത്തതിന്റെ സൂചനകള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22.23 ശതമാനം വോട്ട് ഉണ്ടായിരുന്ന ബി.എസ്. പിയുടെ വോട്ട് വിഹിതം 12.7 ശതമാനമായി കുറഞ്ഞു. ബി.എസ്. പിയുടെ വോട്ട് മറിക്കുന്നതിലും വിലയ്‌ക്കെടുക്കുന്നതിലും ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് പങ്കുണ്ട് എന്ന ആരോപണം തള്ളിക്കളയാവുന്നതല്ല. കഴിഞ്ഞ തവണ 19 സീറ്റ് നേടിയ ബി. എസ്.പിക്ക് ഇക്കുറി ഒറ്റ സീറ്റിലേക്ക് ചുരുങ്ങേണ്ടി വന്നതിന്റെ കാരണവും ഇതുതന്നെയാണ്. കഴിഞ്ഞതവണ 312 സീറ്റ് നേടിയ ബി.ജെ.പിക്ക് 39 സീറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും വോട്ടിംഗ് ശതമാനം കൂടുകയായിരുന്നു. കഴിഞ്ഞതവണ 39 ശതമാനം വോട്ട് വിഹിതം നേടിയ ബി.ജെ.പിക്ക് ഇക്കുറി അത് 41 ആയി ഉയര്‍ന്നു.
യു.പിക്ക് പിന്നാലെ ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ ഭരണത്തിലെത്തി. ഉത്തരാഖണ്ഡിലും ഭരണത്തുടര്‍ച്ച ചരി ത്രം തിരുത്തിക്കുറിച്ച് തന്നെയാണ് കൈവരിച്ചത്. യു.പി വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചതിനുശേഷം ഒരു പാര്‍ട്ടിക്കും ഉത്തരാഖണ്ഡില്‍ തുടര്‍ഭരണം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമി 6951 വോട്ടുകള്‍ക്ക് തോറ്റെങ്കിലും ബി.ജെ.പി ഭരണം നിലനിര്‍ത്തി. കഴിഞ്ഞതവണ 70 ല്‍ 57 സീറ്റോടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. മൂന്നുതവണ മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിച്ചിട്ടും 10 സീറ്റ് കുറഞ്ഞ് 47 സീറ്റോടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കഴിഞ്ഞതവണ 11 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇക്കുറി അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പറയുകയും വിശ്വസിക്കുകയും ചെയ്തതാണ്. എട്ട് സീറ്റ് അധികം നേടി 19 സീറ്റ് നേടാനല്ലാതെ തിരഞ്ഞെടുപ്പില്‍ കാര്യമായ ചലനമോ പ്രതികരണമോ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. ദേശീയ നേതൃത്വത്തോട് പോലും ഇടഞ്ഞ് മുഖ്യമന്ത്രി സ്ഥാനാര്‍ ത്ഥിയായി മാറിയ ഹരീഷ് റാവത്ത് 17,527 വോട്ടിനാണ് തോറ്റത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തില്‍ തന്നെയുള്ള ആളുമായ റാവത്തിന്റെ തോല്‍വി കോണ്‍ഗ്രസ്സിനെ ഞെട്ടിക്കുകയല്ല, കടപുഴക്കുകയാണ് ചെയ്തത്. ബി.ജെ.പിക്കാകട്ടെ, ഉത്തരാഖണ്ഡില്‍ വോട്ടിംഗ് ശതമാനം 46.5 ശതമാനത്തില്‍ നിന്ന് 44.3 ശതമാനമായി കുറഞ്ഞു. ഇത് ഗൗരവമായ ഒരു ഇടിവായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നില്ല. ഭരണം കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഉത്തരാഖണ്ഡില്‍ തകര്‍ന്നടിഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തെ പൂര്‍ണ്ണമായി അങ്കലാപ്പിലാക്കി. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സംസ്ഥാന നേതാക്കളേക്കാളേറെ ശക്തമായ പ്രചരണം കാഴ്ചവെച്ചത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആയിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ബി.ജെ.പിക്ക് തുടര്‍ഭരണം കിട്ടി എന്നതുമാത്രമല്ല, വെല്ലുവിളി ഉയര്‍ത്തിയിരുന്ന കോണ്‍ഗ്രസ് നാലാം സ്ഥനത്തേക്ക് തകര്‍ന്നുവീണു എന്നത് ഇരട്ടി മധുരമായി. 60 സീറ്റുള്ള മണിപ്പൂരില്‍ കഴിഞ്ഞതവണ ബി ജെ പി കേവലഭൂരിപക്ഷത്തിന് അടുത്തെത്തിയിരുന്നില്ല. 21 സീറ്റ് നേടിയ ബി.ജെ.പി കഴിഞ്ഞതവണ ഘടക കക്ഷികളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. കഴിഞ്ഞതവണ കോണ്‍ഗ്രസ്സിന് 28 സീറ്റാണ് ലഭിച്ചിരുന്നത്. ഇക്കുറി ബി.ജെ.പി ക്ക് ഒറ്റയ്ക്ക് തന്നെ ഭൂരിപക്ഷം ലഭിച്ചു, 32 സീറ്റുകള്‍. ഘടകകക്ഷികള്‍ക്ക് സീറ്റ് നില മെച്ചപ്പെടുത്താനുമായി. കോണ്‍ഗ്രസ് വെറും അഞ്ച് സീറ്റിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞതവണ 4 സീറ്റ് മാത്രം നേടിയിരുന്ന ബി.ജെ.പി ഘടകകക്ഷി എന്‍.പി.പി സീറ്റ് നില 11 ലേക്ക് ഉയര്‍ത്തി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞതവണത്തെ ഘടകകക്ഷികളായ എന്‍.പി.പിയെയും എന്‍.പി. എഫിനെയും ഇക്കുറി ഒപ്പം കൂട്ടുമോ എന്ന കാര്യത്തിലും ബി. ജെ.പിയില്‍ തീരുമാനം ആയിട്ടില്ല.

ഗോവയിലും ബി.ജെ.പി മിന്നുന്ന വിജയമാണ് കൈവരിച്ചത്. 40 അംഗ സഭയില്‍ 30 സീറ്റാണ് ബി.ജെ.പി നേടിയത്. കഴിഞ്ഞതവണ 17 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കാന്‍ ആലോചന തുടങ്ങും മുന്‍പുതന്നെ സ്വതന്ത്രരെയും മറ്റു ചെറു കക്ഷികളെ യും കൂട്ടി ഗവര്‍ണ്ണറുടെ മുന്നില്‍ ഭൂരിപക്ഷം തെളിയിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശം നേടുകയായിരുന്നു ബി.ജെ.പി. പ്രസിഡന്റായിരുന്ന അമിത്ഷായുടെ ചാണക്യബുദ്ധിയാണ് കോണ്‍ഗ്രസ്സിനെ തകര്‍ത്തെറിഞ്ഞതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അന്നേ പറഞ്ഞിരുന്നു. ഇക്കുറി 20 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബി.ജെ.പിക്ക് അധികാരം വലിയ കടമ്പയായില്ല. സ്വതന്ത്രന്മാരുടെ പിന്തുണ നേരത്തെ തന്നെ ഉറപ്പാക്കുക യും പകുതി സീറ്റ് കൈവരിക്കുകയും ചെയ്തതോടെ ഗോവയില്‍ ബി.ജെ.പി ഭരണം ഉറപ്പിച്ചു. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വീണ്ടും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ പരാജയപ്പെട്ടു. മൂന്നാംതവണയും ഗോവയില്‍ ബി.ജെ.പി അധികാരത്തിലെത്തുകയാണ്.

ദേശീയ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ വഴിത്തിരിവ് പഞ്ചാബിലാണുണ്ടായത്. ഡല്‍ഹിയിലെ പ്രാദേശിക പാര്‍ട്ടി മാത്രമായിരുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ 117 ല്‍ 92 സീറ്റോടെ വിജയം കൈവരിച്ചു. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും തോറ്റു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പുകച്ച് പുറത്തുചാടിച്ച നവജ്യോത് സിംഗ് സിദ്ദുവും ക്യാപ്റ്റനൊപ്പം തോറ്റു. അകാലിദള്‍ നേതാക്കളായ പ്രകാശ് സിംഗ് ബാദലും സുഖ്‌വീര്‍സിംഗ് ബാദ ലും പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു. കര്‍ഷകസമരത്തിന്റെ പേരില്‍ എന്‍.ഡി.എ വിട്ട, ആറുതവണ പഞ്ചാബ് ഭരിച്ച ശിരോമണി അകാലിദള്‍ മൂന്ന് സീറ്റില്‍ ഒതുങ്ങി. ബി.ജെ.പിക്ക് കാര്യമായ ക്ഷീണം ഉണ്ടായില്ല. കഴിഞ്ഞതവണ മൂന്നു സീറ്റ് ഉണ്ടായിരുന്നതില്‍ രണ്ട് സീറ്റ് നിലനിര്‍ത്തി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയും രണ്ടു സീറ്റില്‍ ഒതുങ്ങി. ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍ 58,000 വോട്ടുകള്‍ക്കാണ് വിജയം കൈവരിച്ചത്. സാധാരണക്കാരായ ആളുകളെ ഇറക്കിയാണ് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ്സിനും അകാലിദളിനും എതിരായ ജനവികാരം മുതലെടുത്തത്. പഞ്ചാബില്‍ മന്ത്രിമാരാകാന്‍ പോലും മതിയായ പരിചയമോ അനുഭവസമ്പത്തോ ഉള്ളവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ഇല്ല. ഹാസ്യകലാകാരനായി ജീവിതം കൊണ്ടുപോയിരുന്ന ഭഗവന്ത് മന്‍ പാര്‍ലമെന്റില്‍ അംഗമായത് മാത്രമാണ് രാഷ്ട്രീയ പരിചയം. പാകിസ്ഥാനുമായി 425 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ കാനഡയിലെയും മറ്റു വിദേശരാജ്യങ്ങളിലെയും പാകിസ്ഥാനിലെ ഐ.എസ്.ഐയുടെയും പിന്തുണയോടെ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നത് വെല്ലുവിളിയാകും. കേന്ദ്രഭരണത്തിന്റെ മൂക്കിനു താഴെ ഒരു മെട്രോ കോര്‍പ്പറേഷന്റെ വലിപ്പം മാത്രമുള്ള ഡല്‍ഹിയിലെ ഭരണം പോലെ എളുപ്പമാവില്ല പഞ്ചാബ്. മാത്രമല്ല, പുതിയ ശക്തികേന്ദ്രങ്ങളും അധികാരത്തിന്റെ വടംവലികളും ആം ആദ്മി പാര്‍ട്ടി യെ എവിടെ എത്തിക്കുമെന്ന് കണ്ടറിയണം. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ അണ്ണാ ഹസാരെയുടെ നിഴലായി വന്ന് ആ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയനേട്ടം കൈമുതലാക്കിയ കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഇന്ന് മറ്റ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തേക്കാളും അഴിമതി ആരോപണങ്ങളില്‍ മുങ്ങിയിരിക്കുന്നു എന്ന കാര്യം കാണാതിരിക്കാനാകില്ല. മയക്കുമരുന്ന് മാഫിയയുടെയും ഭീകരവാദികളുടെയും പ്രലോഭനത്തില്‍ നിന്നും സ്വാധീനത്തില്‍ നിന്നും എത്രമാത്രം മാറി നടക്കാന്‍ ആപ്പിന് കഴിയും എന്നതിനെ ആശ്രയിച്ചാകും അവരുടെ ഭാവിയും പഞ്ചാബിന്റെ ഭാവി രാഷ്ട്രീയവും.
2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാകും ഈ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നും അതുകൊണ്ടുതന്നെ അത് നിര്‍ണ്ണായകമാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞിരുന്നത്. ബി ജെ പിക്ക് എതിരായ മൂന്നാം മുന്നണി ശക്തമാക്കാനും നരേന്ദ്രമോദിക്ക് എതിരായ ദേശീയ ബദല്‍ സജ്ജമാക്കാനും ഈ തിരഞ്ഞെടുപ്പോടെ കഴിയുമെന്ന് അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയവര്‍ ഒന്നും രണ്ടും ആയിരുന്നില്ല. ബംഗാളിലെ ജിഹാദി കൂട്ടുകെട്ടിന്റെ പിന്‍ബലം കൂടി ആര്‍ജ്ജിച്ച മമതാ ബാനര്‍ജിയായിരുന്നു ഒന്നാമത്. അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിച്ച് പല പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുത്താണ് അവര്‍ മത്സരത്തിനിറങ്ങിയത്. കാര്യമായ പ്രതികരണം ഉണ്ടാക്കാനോ ദേശീയ നേതാവ് എന്ന പദവിയിലേക്കെത്താനോ കഴിയാതെ അവര്‍ തകര്‍ന്നടിഞ്ഞു. സ്വന്തം തട്ടകത്തിലെ വെളിച്ചപ്പാടിനപ്പുറം മമത ഒന്നുമല്ലെന്ന് തെളിഞ്ഞു. നിര്‍ണ്ണായകശക്തിയാകുമെന്നും യു.പിയിലെ കിംഗ്‌മേക്കര്‍ ആകുമെന്നും തൂക്കുസഭ വന്നാല്‍ ചുരുങ്ങിയ സീറ്റുകളോടെ താക്കോല്‍ സ്ഥാനത്ത് എത്താമെന്നും സ്വപ്‌നം കാണുകയും പറയുകയും ചെയ്ത മായാവതിയും ചരിത്രത്തിലേക്ക് നീങ്ങുകയാണ്. സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ടു മറിക്കുകയായിരുന്നു അവര്‍ എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
പ്രധാനമന്ത്രി സ്ഥാനത്തിന് കച്ചകെട്ടിയ സഹോദരന്‍ പോരെന്നു പറഞ്ഞ് മത്സരത്തിനിറങ്ങിയ പ്രിയങ്ക വാദ്രയും ഒന്നുമല്ലെന്ന് തെളിയിച്ചു. യു.പിയിലെ ഓരോ പ്രശ്‌നങ്ങളിലും എരിതീയില്‍ എണ്ണയൊഴിക്കാന്‍ എത്തിയിരുന്ന പ്രിയങ്ക ഗാന്ധി ഹത്രാസിലും ഉന്നാവിലും ലഖിംപുര്‍ഖേരിയിലുമൊക്കെ യോഗിക്കും മോദിക്കും എതിരെ വ്യക്തിഹത്യയും പ്രചാരണവുമായി എത്തിയിരുന്നു. ഇടത്-ജിഹാദി പിന്തുണയുള്ള ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അവരെ പെരുപ്പിച്ച് കാട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ സ്വതന്ത്ര നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന് അപമാനകരമാണ്. അവര്‍ പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിച്ച് ബി.ജെ.പിക്ക് എതിരെ പ്രചാരണം നടത്തിയ ഹത്രാസില്‍ 1,00,856 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി വിജയിച്ചത്. അവിടെ കോണ്‍ഗ്രസ്സിന് നേടാന്‍ കഴിഞ്ഞത് വെറും 2,346 വോട്ടാണ്. ഉന്നാവില്‍ 31,328 വോട്ടിനും ദാദ്രിയില്‍ 1,35,218 വോട്ടിനും ലഖിംപുര്‍ഖേരിയില്‍ 20,578 വോട്ടിനുമാണ് ബി.ജെ.പി വിജയിച്ചത്. ഇവിടെയൊക്കെ 1555 മുതല്‍ 5,392 വരെ വോട്ടുകള്‍ നേടാനേ കോണ്‍ഗ്രസ്സിന് കഴിഞ്ഞുള്ളൂ. മത്സരിച്ച സീറ്റുകളിലൊന്നും കെട്ടിവെച്ച പണം പോലും നേടാന്‍ അവര്‍ക്കായില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും അപ്രസക്തമായിരിക്കുന്നു. ഇതിന്റെ പ്രതിഫലനം എല്ലായിടത്തും പ്രതിഫലിക്കും. ജൂലൈ 24 ന് വരാന്‍ പോകുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പാണ് ഇതില്‍ ആദ്യത്തേത്. അഞ്ചു സംസ്ഥാനങ്ങളില്‍ നേടിയ തകര്‍പ്പന്‍ ജയത്തോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനായാസം ജയിച്ചുവരാന്‍ കഴിയും എന്നാണ് നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. എന്‍.ഡി.എക്ക് എതിരെ പൊതു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനും എന്‍.ഡി.എയില്‍ വിള്ളലുണ്ടാക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാനുമൊക്കെ ആലോചനകള്‍ ഉണ്ടായിരുന്നു. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ അതൊക്കെ മണ്ണടിഞ്ഞു. ഏപ്രില്‍ മുതല്‍ ജൂലൈ വരെ 73 രാജ്യസഭാ സീറ്റുകളും ഒഴിയുകയാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളില്‍ നിന്നാണ് 19 സീറ്റുകള്‍ ഒഴിവു വരുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം സീറ്റുകളും നേടിയെടുക്കാന്‍ ബി.ജെ. പിക്ക് കഴിയും. രാജ്യസഭയിലും കോണ്‍ഗ്രസ് മെലിയുന്നു എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം.
2024 ലെ തിരഞ്ഞെടുപ്പിലും ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും അധികാരത്തിലെത്തുമെന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. പൗരത്വനിയമ ഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങളും കര്‍ഷകസമരവും നരേന്ദ്രമോദിക്ക് എതിരായ ആക്ഷേപങ്ങളും ഒന്നും തന്നെ എവിടെയും ഏശിയില്ല എന്നുമാത്രമല്ല, ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള ദൗത്യം മോദിക്കും ബി.ജെ.പിക്കുമാണെന്ന് അര്‍ത്ഥശങ്കയില്ലാതെ അടിവരയിടുന്നതുമാണ് തിരഞ്ഞെടുപ്പ് ഫലം. അഴിമതിയുടെയും ജീര്‍ണ്ണതയുടെയും പ്രതീകമായി ഈ രാജ്യത്തെ സാധാരണക്കാരുടെ വിയര്‍പ്പിന്റെ വില ഊറ്റിക്കുടിച്ച രാഷ്ട്രീയം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടുകയാണ്. ബദല്‍ ആകുമെന്ന് സ്വപ്‌നം കണ്ട വസന്തത്തിന്റെ ഇടിമുഴക്കം കാത്തിരുന്ന ഇടതുപക്ഷവും കാലത്തിന്റെ കൂലംകുത്തിപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാനാവാതെ ഒഴുകി മറയുകയാണ്. ആര്‍നോള്‍ഡ് ടോയന്‍ബി പ്രവചിച്ചതുപോലെ പുതിയ വസന്തത്തിന്റെ ഇടിമുഴക്കത്തിനാണ് ഇന്ന് ലോകം കാതോര്‍ക്കുന്നത്. അത് ഭാരതത്തിന്റേതാണ്, കിഴക്കിന്റേതാണ്, ഭഗവക്കൊടിയുടേതാണ്, ധര്‍മ്മത്തിന്റേതാണ്, ഭാരതത്തെ വീണ്ടും ജഗദ്ഗുരുവാക്കാന്‍ സ്വന്തം പ്രാണന്‍ സമര്‍പ്പിക്കുന്ന, അരയും തലയും മുറുക്കിയ ദേശീയ പ്രസ്ഥാനത്തിന്റേതാണ്. ആ വസന്തത്തിലാണ് ഇനി ഭാരതീയ യുവതയുടെ കനവുകള്‍ കതിരണിയേണ്ടത്. മോദിയുടെ, യോഗിയുടെ നേതൃത്വത്തില്‍ അതിന് കഴിയും എന്ന കാര്യത്തില്‍ ഈ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിക്കുന്നു. അയോദ്ധ്യക്ക് പിന്നാലെ കാശിയും മഥുരയും മോചിതമാകുമെന്ന സാധാരണക്കാരന്റെ സ്വപ്‌നം പൂവണിയുകയാണ്.