അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ ദേശീയ കോര്‍പ്പറേറ്റുകളെ വിഴുങ്ങുന്നു വെന്നതാണ് സാധാരണ കേള്‍ക്കാറ്. കടുവയെ കിടുവ പിടിക്കാന്‍ തുടങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. അന്താരാഷ്ട്ര കോര്‍പ്പറേറ്റായ ആമസോണിന് നല്ലൊരു പണി കൊടുത്തിരിക്കയാണ് നമ്മുടെ രാജ്യത്തെ വന്‍കിടക്കാരായ റിലയന്‍സ്. ചില്ലറ വില്പന വിപണിയിലെ വമ്പന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ 3.4 ശതകോടി ഡോളറിന് ഭാരതത്തിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് വിലക്കെടുത്തു. തങ്ങള്‍ വാങ്ങിച്ചതാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്നു പറഞ്ഞുകൊണ്ട് ആമസോണ്‍ സുപ്രീംകോടതിയിലെത്തി.
ഫെബ്രുവരി 25 ന് അംബാനി ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപനത്തിലെ എല്ലാ ജീവനക്കാരെയും സാധനങ്ങളും സ്വന്തമാക്കിക്കൊണ്ട് അതിലും മീതെ കളിച്ചു. കോടതി വിധി അനുകൂലമായാല്‍ പോലും ആമസോണിന് ഒന്നും ചെയ്യാനാകാത്ത അവസ്ഥ. വെറും കെട്ടിടം ഉണ്ടായിട്ട് അവര്‍ക്ക് എന്തുചെയ്യാന്‍ പറ്റും? വന്‍കിട സാമ്രാജ്യത്വ കോര്‍പ്പറേറ്റ് ശക്തികളെ വെല്ലാന്‍ ഭാരതത്തിലെ വമ്പന്‍മാര്‍ക്ക് സാധിക്കുന്നു എന്നത് സാമ്പത്തിക രംഗത്തെ പുതിയ പ്രവണതയാണ്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന, ബിഗ് ബസാര്‍ പോലുള്ള ചില്ലറവില്പന ശൃംഖലകളുടെ നിയന്ത്രകരാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. ഓരോ ദിവസവും കോടികളുടെ കച്ചവടമാണ് ഇവിടെ നടക്കുന്നത്. അതിലെ ജീവനക്കാരെയും ആസ്തിയുമാണ് റിലയന്‍സ് കൈവശമാക്കിയത്. ഭാരതീയ വമ്പന്‍ സ്രാവുകള്‍ അന്താരാഷ്ട്ര ഭീമന്‍മാരോട് കിടപിടിക്കുന്നു എന്നത് ശുഭസൂചനയാണല്ലോ.