റഷ്യയും ഉക്രൈയിനും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തെ മറ്റൊരു ലോകമഹായുദ്ധത്തിന്റെ മുന്നൊരുക്കമായി കാണുന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളെ ഒരിക്കലും യുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ സാധ്യമല്ല. കാരണം യുദ്ധത്തിന് എല്ലായ്‌പ്പോഴും നിയതമായ ചില നിര്‍വ്വചനങ്ങളും നിയമങ്ങളുമെല്ലാമുണ്ട്. അതുവെച്ചു നോക്കുമ്പോള്‍ റഷ്യയും ഉക്രൈയിനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റുമുട്ടലിനെ കേവലമായ സംഘര്‍ഷം (Conflict) എന്നേ വിശേഷിപ്പിക്കാനാകൂ. ഒരുപക്ഷേ അതൊരു യുദ്ധത്തില്‍ ചെന്ന് കലാശിച്ചേക്കാനുള്ള എല്ലാ സാധ്യതയുമുണ്ടുതാനും.
നിലവില്‍ റഷ്യ ഉക്രൈയിനിനെ ആക്രമിക്കുകയും ആ രാജ്യം അതിനെ പ്രതിരോധിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ‘ഡിഫന്‍സ്’ എന്നത് ഒരിക്കലും യുദ്ധമല്ല. റഷ്യ ഉക്രൈയിനിനെ ആക്രമിച്ചതുപോലെ ആ രാജ്യം റഷ്യയിലേക്ക് കടന്നുകയറി ആക്രമണം നടത്താന്‍ തുടങ്ങുമ്പോഴാണ് ഈ സംഘര്‍ഷം ഒരു യുദ്ധമായി പരിണമിക്കുക. 1971 ലെ യുദ്ധത്തില്‍ ഭാരതവും പാകിസ്ഥാനും പരസ്പരം കടന്നുകയറി ആക്രമണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ടാണ് അതിനെ യുദ്ധമായി പരിഗണിക്കുന്നത്. അടിയും തിരിച്ചടിയും ചേര്‍ന്നതാണ് യുദ്ധം. എന്നാല്‍ തിരിച്ചടിയും പ്രതിരോധവും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു രാജ്യം അവരുടെ മണ്ണില്‍ വെച്ച് മറ്റൊരു രാജ്യത്തിന്റെ ആക്രമണത്തെ നേരിടുന്നതിനെ യുദ്ധമായി കാണാന്‍ കഴിയില്ല. അതൊരു പ്രതിരോധ പ്രവര്‍ത്തനം മാത്രമാണ്.
ലോക മഹായുദ്ധത്തിനും ചില ലക്ഷണങ്ങളുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളും അതില്‍ പങ്കെടുക്കുകയോ എല്ലാവരെയും അത് ബാധിക്കുകയോ ദീര്‍ഘകാലം അത് നീണ്ടുനില്‍ക്കുകയോ ചെയ്യും. അത്തരം യുദ്ധത്തെയാണ് ലോകമഹായുദ്ധമായി കണക്കാക്കുന്നത്. വാസ്തവത്തില്‍ മൂന്നാം ലോക മഹായുദ്ധം റഷ്യയുടെ ലഘൂകരണത്തിലൂടെ തന്നെ അവസാനിച്ചു കഴിഞ്ഞു. സത്യത്തില്‍ 1947 മുതല്‍ മൂന്നാം ലോക മഹായുദ്ധം തുടങ്ങി കഴിഞ്ഞു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അതിന് നല്‍കിയ പേരാണ് ശീതയുദ്ധം അഥവാ കോള്‍ഡ് വാര്‍. രണ്ടാം ലോക മഹായുദ്ധത്തേക്കാള്‍ വലിയ ആള്‍നാശം അതിലൂടെ ഉണ്ടായിട്ടുണ്ട്.
റഷ്യ- ഉക്രൈയിന്‍ പ്രശ്‌നം
റഷ്യയും ഉക്രൈയിനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ലോകത്തിന്റെ ശാക്തികച്ചേരികളും ഇരട്ട ധ്രുവീകരണവും (Bipolar system) ഒക്കെയായി അഭേദ്യമായ ബന്ധമുണ്ട്. റഷ്യ ഉക്രൈയിനിനെ ആക്രമിക്കുന്നത് ഇതാദ്യമായല്ല. സ്റ്റാലിന്റെ കാലത്ത് തന്നെ അവര്‍ അത് തുടങ്ങിക്കഴിഞ്ഞിരുന്നു. 1947 മുതല്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീണതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒരു ഗുരുതര പ്രശ്‌നമായി തുടര്‍ന്നു പോരുന്നുണ്ടായിരുന്നു. അതായത് വളരെക്കാലമായി വികസിച്ചു വന്ന ഒരു പ്രശ്‌നമാണിത് എന്ന് ചുരുക്കം. സ്വന്തം സാമ്രാജ്യത്വ വികാസമോ പഴയ സോവിയറ്റ് യൂണിയന്റെ പുനസ്ഥാപനമോ ഒന്നുമല്ല ഇപ്പോഴത്തെ സംഘര്‍ഷത്തിന് റഷ്യയെ പ്രേരിപ്പിച്ച ഘടകം. മറിച്ച് റഷ്യയുടെ സുരക്ഷാ ഭീതി മാത്രമാണ് അതിനുള്ള കാരണം. ഉക്രൈയിനിനെ അന്നുമിന്നും റഷ്യ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. അതുകൊണ്ടാണ് മിലിട്ടറി ഓഫീസറായിരുന്ന സമയത്ത് തന്നെ സ്റ്റാലിന്‍ ഉക്രൈയിനിനെ ആക്രമിച്ചത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തങ്ങളെ വഞ്ചിച്ചുവെന്ന വിശ്വാസമാണ് പൊതുവെ റഷ്യ വളരെക്കാലമായി വെച്ചു പുലര്‍ത്തുന്നത്. സോവിയറ്റ് യൂണിയന്റെ പതനശേഷവും നാറ്റോയെ പിരിച്ചുവിടാതിരുന്നത് തങ്ങള്‍ക്കെതിരായ പടയൊരുക്കത്തിന്റെ ഭാഗമായി അവര്‍ കരുതുന്നു. നാറ്റോ സൈന്യത്തെ റഷ്യയിലേക്ക് കടക്കാന്‍ അനുവദിക്കാതിരിക്കുക എന്ന ഒരേയൊരു ലക്ഷ്യമേ റഷ്യയുടെ ഇപ്പോഴത്തെ ഉക്രൈയിന്‍ ആക്രമണത്തിന് പിന്നിലുള്ളൂ.
ബാഹ്യശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു രാജ്യമാണ് ഉക്രൈയിന്‍ എന്ന് റഷ്യന്‍ ഭരണകൂടം കരുതുന്നു. ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഉക്രൈയിനിന്റെ ജീവിതരീതിയും ഭരണരീതിയും തങ്ങളുടെ രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കുന്നുവെന്ന ധാരണയും അവര്‍ക്കുണ്ട്. റഷ്യയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് ഉക്രൈയിന്‍ അഭയം നല്‍കുന്നുവെന്ന ആക്ഷേപവുമുണ്ട്. ആയുധക്കടത്തും മയക്കുമരുന്നും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് ഉക്രൈയിന്‍ എന്ന ആരോപണവും റഷ്യ ഉയര്‍ത്തുന്നുണ്ട്.
ഇതിന് പുറമേയാണ് നാറ്റോ സൈനിക സഖ്യത്തില്‍ പങ്കാളിയാവാനുള്ള ഉക്രൈയിനിന്റെ നീക്കം. ഇതിനുവേണ്ടിയുള്ള അപേക്ഷ വളരെ മുന്‍പ് തന്നെ അവര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജര്‍മ്മനിയും ഫ്രാന്‍സും ചേര്‍ന്ന് അത് നിരസിക്കുകയായിരുന്നു. യൂറോപ്പിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഉക്രൈയിനിലുണ്ട്. നാറ്റോ സൈന്യത്തിന്റെ ഇടത്താവളമായി അത് മാറാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് റഷ്യയെ ഉക്രൈയിനിനെതിരായ ആക്രമണത്തിന് പ്രേരിപ്പിച്ചത്. ഇപ്പോഴും വളരെ നിയന്ത്രിതമായ നീക്കങ്ങളാണ് റഷ്യ ഉക്രൈയിനില്‍ നടത്തിക്കൊണ്ടിരിക്കുന്നതും.
ആയുധവില്പന
യുദ്ധം എപ്പോഴും ആയുധങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഒരു വിപണി കൂടിയാണ്. അതുകൊണ്ട് തന്നെ റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷം ആയുധവില്പനയ്ക്കുള്ള മികച്ച അവസരമായി കരുതുന്ന ശക്തികള്‍ ലോകത്തുണ്ട്. അവര്‍ക്ക് ആയുധങ്ങള്‍ വിറ്റ് പണമുണ്ടാക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. എന്നാല്‍ റഷ്യയിലെയും ഉക്രൈയിനിലെയും ജനങ്ങളെ സംബന്ധിച്ച് ഈ സംഘര്‍ഷം അവരുടെ സാമ്പത്തികമായ തകര്‍ച്ചയ്ക്ക് മാത്രമേ വഴിവെക്കുകയുള്ളൂ. സംഘര്‍ഷത്തെയും അതുവഴി ഉണ്ടാകാവുന്ന സാമ്പത്തിക തകര്‍ച്ചയെയും നേരിടാന്‍ റഷ്യയ്ക്ക് ഒരുപക്ഷെ സാധിച്ചേക്കും. അതുകൊണ്ട് തന്നെയാണ് ആക്രമണത്തിന് തുനിഞ്ഞിറങ്ങാന്‍ അവര്‍ക്ക് പ്രയാസമില്ലാതിരുന്നതും.
ഇന്ത്യയുടെ പങ്ക്
ഇപ്പോള്‍ നടക്കുന്ന റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാന്‍ സാധിക്കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു മാതൃകാ രാഷ്ട്രമാണ് ഇന്ത്യ. മറ്റു രാജ്യങ്ങളെ ആക്രമിക്കാത്തത് മാത്രമല്ല ഇന്ത്യയുടെ സവിശേഷത. ആരെയും ആക്രമിക്കാത്ത രാഷ്ട്രങ്ങള്‍ ലോകത്ത് വേറെയുമുണ്ട്. എന്നാല്‍ ആരെയും വഞ്ചിച്ചിട്ടില്ലാത്ത ഒരേയൊരു രാഷ്ട്രമേയുള്ളൂ. അതാണ് ഇന്ത്യ. അതുകൊണ്ട് തന്നെ റഷ്യ- ഉക്രൈയിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് മാത്രമേ സാധിക്കൂ എന്ന് വേണമെങ്കില്‍ പറയാം. ഇന്ത്യയുടെ വാക്കുകള്‍ വളരെ പ്രാധാന്യത്തോടെയാണ് ഇരു രാജ്യങ്ങളും കണക്കാക്കുന്നത്. ശക്തവും മാതൃകാപരവുമായ നേതൃത്വമാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്. ഉക്രൈയിനില്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരു രാജ്യത്തലവന്മാരുമായും ചര്‍ച്ച നടത്തിയിരുന്നു. മറ്റു പല രാജ്യങ്ങളിലെയും പൗരന്മാര്‍ ഉക്രൈയിനിലെ സംഘര്‍ഷ ഭൂമിയില്‍ നിന്ന് രക്ഷനേടിയത് ഇന്ത്യന്‍ പതാകയുമേന്തിയാണ് എന്ന വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. ഉക്രൈയിനിലെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ പദ്ധതി വിജയകരമായി കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
രണ്ട് ധ്രുവങ്ങള്‍
രണ്ടാം ലോക മഹായുദ്ധാനന്തരം അമേരിക്കയും റഷ്യയും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് ശാക്തികചേരികളാണ് അഥവാ രണ്ട് ധ്രുവങ്ങളാണ് ലോകത്ത് ഉണ്ടായിരുന്നത്. ഈ ധ്രുവങ്ങള്‍ക്ക് ഒരിക്കലും നേരിട്ട് ഏറ്റുമുട്ടുക സാധ്യമല്ല. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും മറ്റു രാജ്യങ്ങളെ മറയാക്കിയും ഇവ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടും എതിര്‍ത്തുകൊണ്ടും നിലകൊള്ളുകയും ചെയ്യും. ഈ ധ്രുവീകരണത്തിന്റെ പശ്ചാത്തലം ഇപ്പോഴത്തെ റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷത്തിലും തെളിഞ്ഞു കാണാം. അതുകൊണ്ട് തന്നെ റഷ്യ- ഉക്രൈയിന്‍ പ്രശ്‌നത്തില്‍ സമവായം ഉണ്ടാവേണ്ടത് ലോകത്തിലെ രണ്ട് ശാക്തികചേരികള്‍ തമ്മിലാണ്. ഒരുപക്ഷെ നിലവിലുള്ള രണ്ട് ധ്രുവങ്ങള്‍ ഇല്ലാതായി ലോകത്ത് പുതിയ ധ്രുവങ്ങള്‍ ഉണ്ടായി വരാനും റഷ്യ- ഉക്രൈയിന്‍ സംഘര്‍ഷം കാരണമായേക്കാം.
(കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറലാണ് ലേഖകന്‍)