ചരിത്രത്തില്‍ നിന്നും സമകാലിക ലോകത്ത് നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക, അതില്‍നിന്നും കാലത്തിനും ഭാവിക്കും ആവശ്യമായവയെ സ്വീകരിക്കുക, അല്ലാത്തവയെ തള്ളിക്കളയുക എന്നത് ഓരോ പുരോഗമനാത്മക സമൂഹവും പുലര്‍ത്തേണ്ട അടിസ്ഥാന കര്‍ത്തവ്യമാണ്. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്ത ജനത സ്വയം നാശത്തിലേക്ക് പോകുന്നതിനോടൊപ്പം എന്നും ലോകത്തിനു തലവേദനയായിരിക്കുകയും ചെയ്യും. ഒന്നാം ലോകമഹായുദ്ധത്തിന്റെ പാഠങ്ങള്‍ പഠിക്കാത്തത് കാരണമാണ് ഇരുപത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു ലോകമഹായുദ്ധം ഉണ്ടായത്. ഇവ രണ്ടിന്റെയും പാഠങ്ങള്‍ പഠിച്ചത് കൊണ്ടാണ് കഴിഞ്ഞ എട്ട് പതിറ്റാണ്ടില്‍ മറ്റൊരു ലോകമഹായുദ്ധം ഉണ്ടാകാതിരുന്നതും ശാസ്ത്രീയ വിപ്ലവങ്ങളിലൂടെ മാനവരാശി ഒരുപാട് നാഴികക്കല്ലുകള്‍ താണ്ടിയതും. ഹിരോഷിമയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ടാണ് പിന്നീടൊരു അണുബോംബ് എങ്ങും തീമഴ വര്‍ഷിക്കാതിരുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ലോകക്രമത്തിലെ സോഷ്യലിസ്റ്റ്, മുതലാളിത്ത ശാക്തിക ചേരികള്‍ തമ്മില്‍ അഞ്ച് പതിറ്റാണ്ടുകളോളം നടന്ന ശീതയുദ്ധം ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അന്നുവരെ കണ്ടിട്ടില്ലാത്ത വാശിയോടെ നടന്ന ശാസ്ത്രീയഗവേഷണങ്ങള്‍ മാനവരാശിക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. അതേസമയം തന്നെ സമ്പന്നരാജ്യങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ കാരണം ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലേയുമൊക്കെ ചെറിയ രാജ്യങ്ങള്‍ക്ക് ഈ പുരോഗമനങ്ങളുടെ ഏഴയലത്ത് എത്താന്‍ കഴിഞ്ഞുമില്ല. ചുരുക്കത്തില്‍ ഈ ലോകത്തിന്റെ സമ്പത്ത് നിയന്ത്രിക്കപ്പെട്ടത് യൂറോപ്പ്, അമേരിക്ക, സോവിയറ്റ് യൂണിയന്‍ എന്നിവരിലൂടെ മാത്രമാണ്.
രണ്ടാം ലോകമഹായുദ്ധാനന്തരലോകത്ത് വന്‍ ശക്തികള്‍ കൃത്യമായ ആസൂത്രണത്തോടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് ചെറിയ സമൂഹങ്ങളുടേയും അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങളുടെയും സാംസ്‌കാരിക വ്യക്തിത്വങ്ങളെയാണ്. അതില്‍ ഒരു പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു. മധ്യകാലം മുതല്‍ അധിനിവേശ ശക്തികള്‍ സൈനികമായി നടപ്പാക്കിയിരുന്ന ഈ നയം ഇരുപതാം നൂറ്റാണ്ടില്‍ നടപ്പാക്കിയത് സാങ്കേതികവിദ്യകളിലൂടേയും ശാസ്ത്ര നേട്ടങ്ങളിലൂടെയുമാണെന്നു മാത്രം. പല സമൂഹങ്ങളും അതിനെ വിജയകരമായിത്തന്നെ ചെറുത്തു തോല്‍പ്പിച്ച സംഭവങ്ങളും ധാരാളമുണ്ട്.
യുദ്ധാനന്തരം രണ്ടു ശാക്തികചേരികളായി ലോകം വിഭജിക്കപ്പെട്ട കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. യൂറോപ്പിലെ അതിശക്തമായ ഒരു ദേശീയതയായിരുന്ന ജര്‍മ്മനി രണ്ടു ശത്രുരാജ്യങ്ങളായി മാറി, ഒരു വന്മതില്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ടു കൊലവിളിയുയര്‍ത്തി നിന്നത് അര നൂറ്റാണ്ടോളമാണ്. 1991-ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പ്രതാപത്തെ ഗോര്‍ബച്ചേവ് തകര്‍ത്തെറിഞ്ഞതോടെ സോഷ്യലിസ്റ്റ് ചേരി ചിതറിപ്പോയി. അപ്പോള്‍, തങ്ങളുടെ ദേശത്ത് വന്‍ശക്തികള്‍ പടുത്തുയര്‍ത്തിയ വിഭജനത്തിന്റെ മതില്‍ക്കെട്ട് തകര്‍ത്ത് കിഴക്കന്‍ ജര്‍മ്മനിയും പടിഞ്ഞാറന്‍ ജര്‍മ്മനിയും ഒന്നായി മാറിയത് ദേശീയതയുടെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ്. അക്കാലത്ത് സോവിയറ്റ് യൂണിയന്റെ നീരാളിപ്പിടുത്തത്തില്‍ ആണ്ടുപോയ ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ, കസാഖിസ്ഥാന്‍, ജോര്‍ജിയ തുടങ്ങി എല്ലാ സോവിയറ്റ് റിപ്പബ്ലിക്കുകളും സ്വതന്ത്രരായി. റഷ്യ തന്നെ ചെങ്കൊടി വലിച്ചെറിഞ്ഞു പരമ്പരാഗത റഷ്യന്‍ പതാക സ്വീകരിച്ചു. സ്റ്റാലിന്‍ പേരുമാറ്റി ലെനിന്‍ ഗ്രാഡ് ആക്കിയ സെന്റ് പീറ്റേഴ്‌സ് ബെര്‍ഗ്ഗ് ലെനിനെ തുടച്ചുകളഞ്ഞു പഴയ പേരിലേക്ക് മടങ്ങി. റഷ്യയുടെ ദേശീയ ചിഹ്നങ്ങളെ തമസ്‌കരിക്കാന്‍ ശ്രമിച്ച ലെനിന്റേയും സ്റ്റാലിന്റെയും പ്രതിമകള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. സത്യത്തില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ദേശീയത എന്ന വലിയ യാഥാര്‍ഥ്യത്തിന്റെ എക്കാലത്തെയും വലിയ ഉദാഹരണങ്ങളിലൊന്നാണ്.
അക്കാലത്ത് സ്വാതന്ത്ര്യം നേടിയ മുന്‍ സോവിയറ്റ് റിപ്പബ്ലിക്ക് ആണ് ഉക്രൈന്‍. സോവിയറ്റ് യൂണിയനെ സംബന്ധിടത്തോളം ഉക്രൈന്‍ വളരെ തന്ത്രപ്രധാനമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം, കരിങ്കടലിന്റെ സാമീപ്യം എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ കാരണം സോവിയറ്റ് യൂണിയന്‍ അവരുടെ ആയുധപ്പുരയായി തന്നെ കണക്കാക്കിയിരുന്ന റിപ്പബ്ലിക്ക് ആയിരുന്നു ഉക്രൈന്‍. വിഖ്യാതമായ T72, T80 യുദ്ധ ടാങ്കുകള്‍ നിര്‍മ്മിച്ചിരുന്നത് ഇവിടെയാണ്. റഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ വിന്യസിച്ചിരുന്നത് ഇവിടെയാണ്. ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ വിമാനം AN-225 arb വിമാനം നിര്‍മ്മിച്ചത് ഉക്രൈനില്‍ ആണ്. സ്വതന്ത്രമായപ്പോള്‍ റഷ്യയും അമേരിക്കയും കഴിഞ്ഞാല്‍ ഏറ്റവുമധികം ആണവായുധങ്ങള്‍ സ്വന്തമായുള്ള രാജ്യമായിരുന്നു ഉക്രൈന്‍.
ഈ പ്രാധാന്യം കൊണ്ടുതന്നെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉക്രൈന് മേല്‍ പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നു.അവിടേക്ക് വന്‍തോതില്‍ റഷ്യന്‍ റിപ്പബ്ലിക്കില്‍ നിന്ന് ജനങ്ങളെ കുടിയേറ്റി, റഷ്യന്‍ ശാസ്ത്രജ്ഞരുടെയും എഴുത്തുകാരുടേയുമൊക്കെ വന്‍ സംഘങ്ങളാണ് ഉക്രൈനില്‍ സ്ഥിരതാമസമാക്കിയത്. സത്യത്തില്‍ ഉക്രൈന്‍ എന്ന പ്രദേശത്തിന്റെ സാംസ്‌കാരിക ധാരയിലേക്ക് കൂടിയാണ് അന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം അധിനിവേശം നടത്തിയത്. ചുരുക്കത്തില്‍, സ്വതന്ത്രമായപ്പോഴേക്കും ഉക്രൈന്‍ എന്നത് ആത്മാവ് നഷ്ടപ്പെട്ട, സാങ്കേതികമായി മാത്രം മറ്റൊരു രാജ്യം എന്ന് പറയാവുന്ന പ്രദേശമായി മാറിയിരുന്നു.
സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനോ, നടപ്പാക്കാനോ സാധിക്കാതെ, റഷ്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും കളങ്ങളില്‍ മാറിമാറി ചാടിക്കളിച്ചുകൊണ്ടിരുന്ന ഒരു ഫുട്‌ബോളിന്റെ അവസ്ഥയില്‍ ആയിരുന്ന ഉക്രൈന് ഇവരിലാരെങ്കിലും പറയുന്നത് അനുസരിക്കുക എന്നത് മാത്രമേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് തങ്ങളുടെ വന്‍ ആണവായുധ ശേഖരം നിര്‍വീര്യമാക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്.
സോവിയറ്റ് യൂണിയന്‍ ഇല്ലാതായി, സോഷ്യലിസ്റ്റ് ചേരി നാമാവശേഷമായെങ്കിലും ലോകത്തിലെ ഏറ്റവും വലിയ രാജ്യം, ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തി, അപാരമായ വിഭവസമ്പത്തുള്ള രാജ്യം എന്നീ നിലകളില്‍ പുതിയ ലോകക്രമത്തിലും റഷ്യക്ക് അനിഷേധ്യമായ സ്ഥാനം ഉണ്ട്. ശീതയുദ്ധം അവസാനിച്ചെങ്കിലും, യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രകൃതിവാതകങ്ങള്‍ക്ക് വേണ്ടി റഷ്യയെ ആശ്രയിക്കുന്നുണ്ട് എങ്കിലും പഴയ സോവിയറ്റ് യൂണിയനോടുള്ള സംശയാസ്പദമായ സമീപനം തുടര്‍ന്നു. അതുകൊണ്ടാണ്, ശീതയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് ചേരിക്കെതിരെ രൂപപ്പെടുത്തിയ സൈനിക സഖ്യമായ NATO (North Atlantic Treaty Organ isation) കമ്മ്യൂണിസ്റ്റ് ചേരി തകര്‍ന്നതിനു ശേഷവും നിലനിര്‍ത്തിയതും വികസിപ്പിക്കുന്നതും. ശീതയുദ്ധം അവസാനിച്ച ലോകത്ത് ഇങ്ങനെയൊരു സൈനിക സഖ്യം തുടരുന്നത് തങ്ങളെ ലക്ഷ്യം വെച്ചാണ് എന്ന റഷ്യയുടെ ആശങ്കക്ക് അടിസ്ഥാനമുണ്ട്. പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളായ ലിത്വാനിയ, ലാത്വിയ എന്നിവരെയും സോഷ്യലിസ്റ്റ് ചേരിയിലുണ്ടായിരുന്ന പോളണ്ട് പോലുള്ള രാജ്യങ്ങളെയും നാറ്റോയില്‍ ചേര്‍ത്തത് റഷ്യയെ ഒരുപാട് അലോസരപ്പെടുത്തി.
ഇതിനെല്ലാം പുറമെയാണ് അടുത്തകാലത്തായി ഏറ്റവും തന്ത്രപ്രധാനമായ ഉക്രൈന്‍ കൂടി നാറ്റോയില്‍ അംഗമാകാന്‍ ശ്രമിച്ചത്. 2019 ല്‍ അധികാരത്തില്‍ വന്ന വ്‌ലാദിമിര്‍ സെലിന്‍സ്‌കി എന്ന യാതൊരു രാഷ്ട്രീയ പാരമ്പര്യമോ കാഴ്ചപ്പാടോ ഇല്ലാത്ത പ്രസിഡന്റ് കാട്ടിക്കൂട്ടിയ വിഡ്ഢിത്തങ്ങളാണ് ഇന്ന് ഉക്രൈനെ യുദ്ധഭൂമിയാക്കിയത്. രാഷ്ട്രതന്ത്രപരമായി നോക്കിയാല്‍ ഉക്രൈന്‍ സൗഹൃദം സൂക്ഷിക്കേണ്ടത് റഷ്യയുമായാണ്. ഉള്ളിലെ റഷ്യാ വിരുദ്ധതയും, യൂറോപ്യന്‍ യൂണിയന്‍ എന്ന അക്കരപ്പച്ചയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിചയമില്ലായ്മയും കൂടിച്ചേര്‍ന്ന അവസ്ഥയിലേക്ക് അമേരിക്ക എണ്ണ പകരുക കൂടി ചെയ്തപ്പോള്‍ റഷ്യ അപകടം മണത്തു. തങ്ങളുടെ നിലനില്‍പ്പിനു ഉക്രയിന്റെ നിലപാടുകള്‍ ഭീഷണിയാകും എന്ന് കണ്ടപ്പോഴാണ് എല്ലാ അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍ പറത്തി ഒരു വന്‍ യുദ്ധത്തിന് വ്‌ലാദിമിര്‍ പുട്ടിന്‍ പച്ചക്കൊടി വീശിയത്.
റഷ്യ പോലൊരു വലിയ ശക്തിയോട് പോരാടാനുള്ള ആത്മവീര്യമോ ദേശീയബോധമോ ഉക്രൈന്‍ ജനതയ്ക്കില്ല എന്ന് മനസ്സിലാക്കുന്നതില്‍ സെലിന്‍സ്‌കി പരാജയപ്പെട്ടു. വിയറ്റ്നാമില്‍ നിന്ന് തോറ്റോടിയ അമേരിക്കയുടെയും, ഇസ്രയേലിനോട് തോറ്റു തുന്നം പാടിയ അറബ് ശക്തികളുടെയും ചരിത്രം പഠിപ്പിക്കുന്നത് ജ്വലിച്ചുയരുന്ന ദേശീയബോധത്തെക്കാള്‍ വലുതല്ല ഒരു ആയുധ ശക്തിയും എന്നാണ്. ഉക്രൈന്‍ ജനതയില്‍ ആ ബോധം ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് കമ്മ്യൂണിസ്റ്റ് ഭരണകൂടം പണ്ടേക്ക് പണ്ടേ നശിപ്പിക്കുകയും ചെയ്തു. അങ്ങനെയുള്ള അവസ്ഥയില്‍ റഷ്യ എന്ന വന്‍ ശക്തിക്ക് മുന്നില്‍ നിരുപാധികം കീഴടങ്ങുക എന്ന ഒറ്റ മാര്‍ഗ്ഗമേ ഉക്രൈന് മുന്നില്‍ ഉള്ളൂ.
ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഉക്രൈയിനില്‍ പത്തുലക്ഷത്തോളം തദ്ദേശീയ അഭയാര്‍ത്ഥികള്‍ ആയിക്കഴിഞ്ഞു. നില്‍ക്കുന്ന നാടിനോടും ഭരണകൂടത്തോടും പ്രതിസന്ധിഘട്ടങ്ങളില്‍ വിശ്വാസമില്ലാതെ വരുമ്പോഴാണ് അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നത്. സ്വന്തമായ അസ്ഥിത്വബോധമോ ദേശീയതയോ ഉണ്ടായിരുന്നെങ്കില്‍ ഉക്രൈയിനില്‍ ഇത്രവലിയ അരക്ഷിതബോധം ജനങ്ങളില്‍ ഉണ്ടാകുമായിരുന്നില്ല. വന്‍ ആക്രമണങ്ങള്‍ നടന്നപ്പോഴും വിയറ്റ്‌നാമിലോ ജപ്പാനിലോ അഭയാര്‍ത്ഥികള്‍ ഉണ്ടായിട്ടില്ല. അതായത്, ദേശീയതയും ദേശസ്‌നേഹവും ഒരു ജനയതുടെ സുരക്ഷിതത്വത്തിന് തന്നെ വളരെ അത്യാവശ്യമാണ് എന്നാണിത് തെളിയിക്കുന്നത്.
ഭാരതത്തിന് ഇതില്‍ നിന്ന് പഠിക്കാനുള്ളത് ഏറെയാണ്. ജനങ്ങളില്‍ ഉണ്ടാകേണ്ട ദേശീയബോധത്തിന്റെയും ദേശീയവികാരത്തിന്റെയും പ്രാധാന്യമാണ് ഒന്നാമത്തേത്. ദേശസുരക്ഷ എന്നത് പ്രധാന ചോദ്യമാകുമ്പോള്‍ അവിടെ ഒരു നിയമങ്ങള്‍ക്കും പലപ്പോഴും മാനവികതക്ക് പോലും പ്രസക്തിയില്ല എന്നത് രണ്ടാമത്തെ പാഠം.
കിടയറ്റ, സമര്‍പ്പണമുള്ള ഒരു നേതൃത്വത്തിന്റെ ദൃഢനിശ്ചയം ഉണ്ടങ്കില്‍ ഏത് പ്രതിസന്ധിയെയും മറികടക്കാനാകും എന്നത് മൂന്നാമത്തെ പാഠം.
ഭാഗ്യത്തിന്, ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുന്ന, അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്ര നേതൃത്വമാണ് ഇന്ന് ഭാരതത്തിനുള്ളത് എന്നതില്‍ നമുക്ക് അഭിമാനിക്കാം, അതിലേറെ ആശ്വസിക്കാം.