ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി എത്തുകയാണ്. രാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് സ്ത്രീകള്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ ആകുന്നതിനോടൊപ്പം അവയെ മുന്നില്‍ നിന്ന് നയിക്കുക കൂടി ചെയ്യണം എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു നേതൃത്വത്തിന്റെ തലയെടുപ്പില്‍ ഭാരതം കുതിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തെ നാം സ്വാഗതം ചെയ്യുന്നത് അഭിമാനത്തോടെയാണ്.
മഹാമാരിയുടെ ഭീതിജനകമായ തരംഗങ്ങളെ സധൈര്യം നേരിട്ട് കൊണ്ട് സാമ്പത്തിക മേഖലയിലും ആരോഗ്യ രംഗത്തും സ്ത്രീകളുടെ മുന്നേറ്റത്തിലും ഭാരതം കൈവരിക്കുന്ന നേട്ടങ്ങളെ ലോകരാഷ്ട്രങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളായ പ്രകൃതി ദുരന്തങ്ങളും അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന സാമ്പത്തിക സാമൂഹ്യ ആഘാതങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഏറ്റവും അധികം ബാധിക്കുന്നത് കുടുംബങ്ങളേയും പ്രത്യേകിച്ച് സ്ത്രീകളേയുമാണ്. അതുകൊണ്ട് തന്നെ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് കണക്കിലെടുത്തുകൊണ്ട് 2022-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ചിന്താവിഷയം ‘സുസ്ഥിരമായ നാളേക്ക് ഇന്ന് സ്ത്രീപുരുഷ സമത്വം’ ( Gender Equality Today for Sustainable tomorrow) എന്നതാണ്. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനത്തിനും പ്രകൃതി ക്ഷോഭങ്ങളുടെ ഫലമായുണ്ടാകുന്ന ദുരന്തങ്ങളുടെ നിവാരണങ്ങള്‍ക്ക് ദീര്‍ഘകാല പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും സ്ത്രീകളുടെ സുപ്രധാന പങ്ക് ഉറപ്പിക്കുകയാണ് പുതിയ പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്ത്രീ-പുരുഷ സമത്വം എല്ലാ മേഖലകളിലും പ്രാവര്‍ത്തികമാക്കുക, സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നേതൃത്വം വഹിക്കാന്‍ അവസരം നല്‍കുക, സ്ത്രീത്വം ബഹുമാനത്തിന്റെ ആദരവിന്റെ പര്യായമാകുക. ഒറ്റക്കെട്ടായി നിന്ന് സ്ത്രീപുരുഷ വിവേചനത്തിനെതിരെ പോരാടുക. ചുരുക്കത്തില്‍, Break The Bias (അസമത്വത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക) എന്ന മുദ്രാവാക്യവുമായി 2022 അന്താരാഷ്ട്ര വനിതാ ദിനം ലോകം മുഴുവനും സ്ത്രീകള്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.
പശ്ചാത്തലം:
1908 ലാണ് തൊഴില്‍ മേഖലയിലെ അസമത്വത്തിനെതിരെ ആദ്യമായി സ്ത്രീകള്‍ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയത്. അതേ വര്‍ഷം ഫെബ്രുവരിയില്‍ പതിനയ്യായിരം സ്ത്രീകള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ തുല്യവേതനത്തിനും തൊഴില്‍ശാലകളിലെ ചുറ്റുപാടുകള്‍ ആരോഗ്യപ്രദമാക്കുവാനുമായി പ്രതിഷേധയോഗവും റാലിയും നടത്തി.
1910ല്‍ ഡെന്‍മാര്‍ക്കില്‍ നടന്ന വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പതിനായിരത്തില്‍ പരം തൊഴിലാളി സ്ത്രീകളുടെ യോഗത്തില്‍ ജര്‍മ്മന്‍കാരിയായ ക്ലാര സെകിനാണ് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം മുന്നോട്ടു വച്ചത്. വമ്പിച്ച പിന്തുണയായിരുന്നു ക്ലാരയുടെ നിര്‍ദ്ദേശത്തിന് ലഭിച്ചത്. 1911 മാര്‍ച്ചില്‍ ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ആസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു. തുല്യ വേതനം, സ്ത്രീ-പുരുഷ സമത്വം, വോട്ടവകാശം തുടങ്ങിയ ആവശ്യങ്ങള്‍ നിരത്തി വിവിധ രാജ്യങ്ങളില്‍ റാലികളും യോഗങ്ങളും സംഘടിപ്പിക്കപ്പെട്ടു.
1914 ഫെബ്രുവരി 23 ന് റഷ്യയില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് എല്ലാവര്‍ഷവും മാര്‍ച്ച് 8 ആഗോള വനിതാ ദിനമായി ആചരിക്കുവാന്‍ തീരുമാനമായത്. 1975ല്‍ യുണൈറ്റഡ് നേഷന്‍സ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുകയും ഇതേ തുടര്‍ന്ന് 1996 ല്‍ ‘ഇന്നലെകളെ ആഘോഷമാക്കി നാളെകള്‍ ആസൂത്രണം ചെയ്യൂ’എന്ന് പ്രഥമ ചിന്താവാക്യം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് എല്ലാവര്‍ഷവും സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് വിവിധ ചിന്താവാക്യങ്ങള്‍ യുണൈറ്റഡ് നേഷന്‍സ് അവതരിപ്പിക്കാറുണ്ട്.
2000 -2001 ല്‍ അതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നതില്‍ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല എന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര വനിതാ ദിനം എത്തിയത്. 2011 ല്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ നൂറാം വാര്‍ഷികം വമ്പിച്ച ആഘോഷങ്ങളോടെ കൊണ്ടാടപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഒരു ചരിത്ര സംഭവമായി ആഘോഷത്തെ വിശേഷിപ്പിച്ചു. അതിനോടനുബന്ധിച്ച് ഹിലാരി ക്ലിന്റണ്‍ സ്ത്രീകളുടെ ഉന്നമനത്തിനായി 100 പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
സ്ത്രീ ശാക്തീകരണ ഭാരതം
എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ സ്ത്രീയെ പൂജിതയായി കണ്ട് ആരാധിച്ച സംസ്‌കാരമാണ് ഭാരതത്തിനുള്ളത്. പ്രകൃതിയെ അമ്മയായി കാണുകയും ഭൂമിയെ ഭൂമീദേവിയായി ആരാധിക്കുകയും വിദ്യാരംഭത്തിന് സരസ്വതി ദേവിയെ പൂജിക്കുകയും ശക്തിക്കും സഹനത്തിനും സ്ത്രീയുടെ പരിവേഷം നല്‍കുകയും ചെയ്യുന്ന സംസ്‌കാരം ഭാരതത്തിന്റെ തനതായ സവിശേഷതയാണ്.
ഇന്ന് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുമ്പോള്‍ സ്ത്രീശാക്തീകരണത്തിന് മോദി ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പദ്ധതികളിലൂടെ കണ്ണോടിക്കുന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ആവിഷ്‌കരിച്ചിട്ടുള്ള കേന്ദ്രഗവണ്‍മെന്റ് പദ്ധതികളുടെ വിവരങ്ങളാണ് ഇവിടെ ചുരുക്കത്തില്‍ കൊടുത്തിരിക്കുന്നത്.
1. ബേട്ടി ബച്ചാവോ പഠാവോ സ്‌കീം
പെണ്‍കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം, സ്ത്രീപുരുഷ സമത്വം, പെണ്‍കുഞ്ഞുങ്ങളാണെങ്കില്‍ ജനിക്കുന്നതിന് മുമ്പ് ഹത്യ നടത്തുന്നത് തടയുക ഇവയെ മുന്‍നിര്‍ത്തി Ministry of Women and Child Development, Ministry of Health and Family Welfare, Ministry of Human Resource Development എന്നീ മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് BBBP നടപ്പിലാക്കുന്നത്.
ലക്ഷ്യങ്ങള്‍:
പെണ്‍ഭ്രൂണഹത്യ നിയമപരമായി തടയുക. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ശൈശവം മുതല്‍ ആരോഗ്യ പരിപാലനം നല്‍കുക. നല്ല വിദ്യാഭ്യാസത്തിന് അവസരം നല്‍കുക. സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക. ജീവിതസുരക്ഷ ലഭ്യമാക്കുക. പാരമ്പര്യമായി ലഭിക്കേണ്ട സ്വത്തിന് നിയമപരമായി അര്‍ഹരാക്കുക.
2.സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ തുറക്കുന്ന സേവിംഗ്‌സ് പദ്ധതിയാണ് ഇത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഉപയോഗമാകുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം.
3. ബാലിക സമൃദ്ധി യോജന
പെണ്‍കുഞ്ഞുങ്ങളുടെ ജനനസമയം മുതല്‍ ആരംഭിക്കുന്ന പദ്ധതിയാണ് ബാലിക സമൃദ്ധി യോജന. ഓരോ പെണ്‍കുഞ്ഞ് ജനിക്കുമ്പോഴും അമ്മക്ക് 500രൂപ ധനസഹായമായി ലഭിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സഹായമായി പത്താം ക്ലാസ് വരെ 300 മുതല്‍ 1000 രൂപവരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നു.
4. സിബി എസ് ഐ ഉഠാന്‍ സ്‌കീം
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി ആണ് ഇത്. ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാന്‍ പദ്ധതി സഹായകരമാകുന്നു.
11 -12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വീഡിയോ ഉള്‍പ്പെടെ ഉള്ള പഠനസാമഗ്രികള്‍ ലഭിക്കുന്നു. ഹെല്‍പ്പ് ലൈന്‍ വഴി സംശയനിവാരണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കും. ആറ് ലക്ഷത്തിലധികം വാര്‍ഷികവരുമാനമില്ലാത്ത കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം കിട്ടുന്നത്.
5. നാഷണല്‍ സ്‌കീം ഓഫ് ഇന്‍സന്റീവ് ഫോര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. താഴെ പറയുന്നവയാണ് പദ്ധതിയുടെ വിവരങ്ങള്‍.
എട്ടാം ക്ലാസ് പാസ്സായ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 16 വയസ്സില്‍ കൂടാന്‍ പാടില്ല.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആദ്യം തന്നെ 3000 രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിക്കുന്നു. പത്താം ക്ലാസ് പാസ്സായി കഴിഞ്ഞാല്‍ മിച്ചമുള്ള തുക പലിശ സഹിതം എടുക്കാവുന്നതാണ്.
6.വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍
ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കുവാനും അവരുടെ കുഞ്ഞുങ്ങള്‍ക്ക് ഡേ കെയര്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇത്. പിന്നാക്ക വിഭാഗത്തില്‍പെട്ട അവിവാഹിതര്‍ വിവാഹമോചനം നേടിയവര്‍, വിധവകള്‍, വികലാംഗര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയുടെ പ്രത്യേക ആനുകൂല്യങ്ങളും കൂടുതല്‍ പരിഗണനയും ലഭിക്കും. വിമന്‍ ആന്റ് ചൈല്‍ഡ് കെയര്‍ ഡവലപ്‌മെന്റ് മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്.
7. വണ്‍ സ്റ്റോപ്പ് സെന്റര്‍ സ്‌കീം
അക്രമങ്ങള്‍, പീഡനങ്ങള്‍, ബലാത്സംഗം തുടങ്ങിയവക്ക് ഇരയാകേണ്ടിവന്ന സ്ത്രീകളാണ് പദ്ധതിയുടെ ഉപഭോക്താക്കള്‍. നിര്‍ഭയ വഴിയാണ് വിമന്‍ ആന്റ് ചൈല്‍ഡ് കെയര്‍ ഡവലപ്‌മെന്റ് മന്ത്രാലയം പദ്ധതിക്ക് ആവശ്യമായ ധനസഹായം നടത്തുന്നത്. വൈദ്യസഹായം, നിയമസഹായം, കൗണ്‍സിലിംഗ് തുടങ്ങിയ എല്ലാവിധ സഹായങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
വിമന്‍ഹെല്‍പ്പ് ലൈന്‍ വഴിയോ നേരിട്ടോ സഹായത്തിന് അഭ്യര്‍ത്ഥിക്കാവുന്നതാണ്.
8. വിമന്‍ ഹെല്‍പ്പ് ലൈന്‍ സ്‌കീം
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങള്‍ക്ക് സഹായം തേടുന്ന പദ്ധതിയാണ് ഇത്. ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 181 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. വിളി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും വിളിച്ച സ്ത്രീയുടെ നമ്പര്‍ പിന്‍തുടര്‍ന്ന് സഹായം നല്‍കുന്നു.
9. മഹിളാ ഇ-ഹാത്ത്
വിമന്‍ ആന്റ് ചൈല്‍ഡ് ഡവലപ്‌മെന്റ് മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.
വനിതാ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നൂതന സാങ്കേതിക വിദ്യ സ്വായത്തമാക്കുവാനും വിപണനം നടത്തുവാനും സഹായകരമാകുന്ന പദ്ധതിയാണ് മഹിളാ ഹാത്ത്. മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിച്ച് വനിതാ സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ വിവരണങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാം. ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ നേരിട്ടോ സംരംഭകരെ സമീപിക്കാം.
10. സ്റ്റെപ്പ്
വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യം ലഭിക്കുവാന്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണ് സ്റ്റെപ്പ്. ഇത്തരം തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്രഗവണ്‍മെന്റ് ധനസഹായം നല്‍കുന്നുണ്ട്. പിന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
11. മഹിളാ ശക്തി കേന്ദ്രങ്ങള്‍
ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴില്‍ നൈപുണ്യം, ജോലി, ഡിജിറ്റല്‍ വിദ്യാഭ്യാസം ഇവയില്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ആയിരത്തോളം മഹിളാ ശക്തി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.
12. പ്രധാനമന്ത്രി മാതൃവന്ദന യോജന
2017ല്‍ ആരംഭിച്ച പ്രധാ നമന്ത്രി മാതൃവന്ദന യോജന(PMMVY) യില്‍ ഏകദേശം ഒന്നരക്കോടി സ്ത്രീകള്‍ക്കാണ് പ്രയോജനം ലഭിച്ചത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. അമ്മമാരുടെ അക്കൗണ്ടില്‍ നേരിട്ട് പണം നിക്ഷേപിക്കും. മാത്രമല്ല 2017 ല്‍ Maternity Benefit (Amend ment)Bill പ്രകാരം ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് അതുവരെ നിലവിലുണ്ടായിരുന്ന ശമ്പളത്തോടുകൂടിയ 12 ആഴ്ച പ്രസവാവധി എന്നത് 26 ആഴ്ച ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഗ്രാമീണ്‍ സ്വച്ഛ് ഭാരത് മിഷനിലൂടെ രാജ്യത്ത് പത്ത് കോടിയിലധികം ടോയ്‌ലറ്റുകളാണ് നിര്‍മ്മിച്ചത്. UNICEF ഒരു പഠന റിപ്പോര്‍ട്ടില്‍ ഇതിനെ വിശേഷിപ്പിക്കുന്നത് ‘ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യം മാത്രമല്ല ആത്മാഭിമാനവും ഉയര്‍ത്തിയ പദ്ധതി’ എന്നാണ്.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം 2016 മുതല്‍ 2020 വരെ 28 ലക്ഷത്തോളം സ്ത്രീകള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുകയും തൊഴില്‍ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ അവസരം ഉണ്ടാക്കുകയും ചെയ്തു.
സ്ത്രീ കരുത്ത്
ഭാരതത്തിന് സ്ത്രീ ശാക്തീകരണം എന്നത് വെറും ഒരു വാക്കല്ല. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി പതിനാറിലധികം വനിതാ പൈലറ്റുമാര്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഫൈറ്റര്‍ വിമാനങ്ങള്‍ പറപ്പിക്കാന്‍ പരിശീലനം നേടി.
വ്യോമസേനയുടെ MiG-21s, Sukhoi-30s , MiG-29 തുടങ്ങിയ യുദ്ധവിമാനങ്ങള്‍ മാത്രമല്ല അത്യാധുനിക റാഫേല്‍ ജെറ്റുകളും പറപ്പിക്കാന്‍ വനിതകള്‍ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞു.
ഇവരെ സേനയില്‍ സ്ഥിരം ‘കമ്മീഷണ്‍ഡ് ഓഫീസര്‍’ മാരാക്കുകയും ചെയ്തു. രാജ്യത്തിന്റെ ആദ്യ വനിതാ റഫേല്‍ ജെറ്റ് പൈലറ്റ് ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ശിവാങ്കി സിങ്ങ് റിപ്പബ്ലിക് ദിനപരേഡില്‍ വ്യോമസേനാപ്രകടനത്തില്‍ പങ്കെടുത്തിരുന്നു.
ഇതേ തുടര്‍ന്ന് യുദ്ധക്കപ്പലുകള്‍ നിയന്ത്രിക്കാന്‍ വനിതകളെ പരിശീലിപ്പിക്കാന്‍ ഇന്ത്യന്‍ നേവിയും മുന്നോട്ട് ഇറങ്ങിയിരിക്കുന്നു. 2022 മുതല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നേടാം എന്ന സാഹചര്യം വന്നു.
അതെ. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീ പുരുഷ സമത്വത്തിനും ലിംഗനീതിക്കും വേണ്ടി ആഗോളതലത്തില്‍ വനിതകള്‍ സംഘടിക്കുമ്പോള്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്തമാതൃകയായി ഭാരതം തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു.