അനേകം സഹസ്രാബ്ദങ്ങളായി ഭൂമുഖത്തു നിലനിന്നു പോരുന്ന ഒരു പൗരാണിക രാഷ്ട്രമാണ് ഭാരതം. ഭാരതത്തിന്റെ പേരു തന്നെ പ്രകാശവുമായി ബന്ധപ്പെട്ടതാണല്ലോ. പ്രകാശത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഇടമാണ് ഭാരതം. സ്വയം പ്രകാശിക്കുകയും മുഴുവന്‍ ലോകത്തിനും പ്രകാശം നല്‍കുകയും ചെയ്യുന്ന ഭാരതത്തെ പ്രാചീന കാലം മുതല്‍ ലോകം വിശ്വഗുരുവായി കണക്കാക്കുന്നു.
ആയുധം കൊണ്ടും ആശയം കൊണ്ടും ഭാരതത്തെ കീഴടക്കാന്‍ വന്ന വിദേശ അക്രമികള്‍ ഭാരതത്തില്‍ ഉണ്ടാക്കിത്തീര്‍ത്തിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ ചില്ലറയല്ല. നമ്മുടെ മതത്തെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും തെറ്റായി ചിത്രീകരിക്കുകയും ഭാരതീയരില്‍ സ്വയമേവ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ ഒരു പരിധി വരെ അവര്‍ വിജയിച്ചു. ദീര്‍ഘകാലമായി അടിമത്തത്തില്‍ കഴിഞ്ഞതു മൂലം ഭാരതീയരുടെ സ്വത്വബോധം പല തരത്തില്‍ വികലമായി. ഭാരതം പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയങ്ങളെയും കാലക്രമത്തില്‍ വന്നു ചേര്‍ന്ന ആശയക്കുഴപ്പങ്ങളെയും ഇഴ കീറി പരിശോധിക്കുകയും സത്യം കണ്ടെത്താന്‍ വായനക്കാരെ സഹായിക്കുകയും ചെയ്യുന്ന ഒരു ബൃഹദ് ഗ്രന്ഥമാണ് ഉദയഭാനു പണിക്കരുടെ ദ്യോതക: ഭാരതം. ഭാരതം തന്നെ പ്രകാശം എന്ന ശീര്‍ഷകത്തിന്റെ അര്‍ത്ഥം ഗ്രന്ഥനാമത്തോടൊപ്പം നല്‍കിയതിനാല്‍ സംസ്‌കൃതം അറിയാത്തവര്‍ക്കും ഉള്ളടക്കത്തെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നു.
‘വിശ്വഗുരുവായ ഭാരതം മാനവരാശിക്ക് നല്‍കുന്ന ചിരന്തന മൂല്യങ്ങളെയും അനാദിയായ ജ്ഞാന സമ്പത്തിനെയും പരിചയപ്പെടുത്തുന്ന ബൃഹദ് ഗ്രന്ഥം. ലളിതമായ ആഖ്യാനം, ആധികാരികമായ വിവരങ്ങള്‍, ലളിതമായ ഭാഷ.’ ഇങ്ങനെയാണ് പ്രസാധകര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്. സനാതന ധര്‍മ്മത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയ വ്യക്തിയാണ് ഗ്രന്ഥകാരന്‍ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. പത്തനംതിട്ട സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലാണ് താമസം.
ഭാരതവുമായി ബന്ധപ്പെട്ട ആശയ വിചിന്തനം 44 പ്രൗഢ ലേഖനങ്ങളിലായി പരന്നുകിടക്കുന്നു. മതം, ധര്‍മ്മം തുടങ്ങിയ പദങ്ങളെയെല്ലാം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ വിശദീകരിക്കാന്‍ ലേഖകന് കഴിയുന്നു എന്നത് ഈ പുസ്തകത്തിന്റെ ഒരു മേന്മയാണ്. ആമുഖത്തില്‍ അദ്ദേഹം എഴുതിയത് : ‘മതം’ എന്ന വാക്കിന്റെ ശരിയായ തര്‍ജ്ജമയല്ല ‘ഞലഹശഴശീി’ എന്ന വാക്കെന്നും, അതു പാശ്ചാത്യ നിര്‍മ്മിതം ആണെന്നും, ‘സനാതന ധര്‍മ്മം ‘ഞലഹശഴശീി’ മാത്രമോ, ഒരു ‘മതം’ മാത്രമോ അല്ല എന്നും, അതിലും ഉന്നതമായ ‘ബ്രഹ്‌മവിദ്യ’ ആണെന്നും മനസ്സിലായി. ‘ബ്രഹ്‌മവിദ്യ’ പഠിച്ച്, യുക്തിപൂര്‍വ്വം ചിന്തിച്ച്, ‘ധര്‍മ്മാധര്‍മ്മ വിവേചനം’ നടത്തി, അതിനനുസരിച്ചു ജീവിക്കുന്നത് ‘സനാതനധര്‍മ്മം’ ആണെന്നും, അങ്ങനെ ജീവിക്കുന്നവര്‍ ‘സനാതന ധര്‍മ്മികള്‍’ ആണെന്നും അറിഞ്ഞു”. ജാതി, വര്‍ണ്ണം, ആര്യന്‍, ദ്രാവിഡന്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ആധികാരികമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിദേശികള്‍ എങ്ങനെയാണ് ഭാരതീയ സംസ്‌കാരവുമായി ബന്ധപ്പെട്ട വസ്തുതകളെ വളച്ചൊടിച്ചതെന്നും ഗ്രന്ഥകാരന്‍ പല സന്ദര്‍ഭങ്ങളിലായി വിശദീകരിക്കുന്നു.
ഈ ഗ്രന്ഥത്തിന്റെ ഒരു പ്രധാന സവിശേഷത ഓരോ അധ്യായത്തോടുമൊപ്പം ചേര്‍ത്തിട്ടുള്ള വിശദമായ ഗ്രന്ഥസൂചനകളാണ്. ഏതെങ്കിലും ഒരു പുസ്തകത്തെ പരാമര്‍ശിക്കുന്നതിനു പകരം സൂചിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ഗ്രന്ഥങ്ങളുടെയും വിവരങ്ങള്‍ വിശദമായി നല്‍കിയിരിക്കുന്നു. മിക്ക പുസ്തകങ്ങളും ഇംഗ്ലീഷിലാണെന്നതിനാല്‍ അവ ഇംഗ്ലീഷില്‍ തന്നെ നല്‍കിയിരിക്കുന്നു. ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കും ഇത് വളരെ പ്രയോജനപ്രദമാണ്. ഭാരതീയ സംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു മികച്ച ഗ്രന്ഥം വായനക്കാര്‍ക്കു നല്‍കിയ ഗ്രന്ഥകാരനായ ഉദയഭാനുപണിക്കര്‍ക്കും പ്രസാധകരായ വേദ ബുക്‌സിനും തീര്‍ച്ചയായും അഭിമാനിക്കാം.
ദ്യോതക: ഭാരതം
(ഭാരതം തന്നെ പ്രകാശം)
– ഉദയഭാനു പണിക്കര്‍
വേദ ബുക്‌സ്, കോഴിക്കോട്
പേജ്:703 വില: 1000 രൂപ