ചോര മണക്കുന്ന വഴികളില്‍ നിന്ന് പതുക്കെ മാറി സഞ്ചരിക്കാന്‍ തുടങ്ങുകയായിരുന്നു കണ്ണൂര്‍. കൊലപാതകങ്ങളുടെയും നരനായാട്ടിന്റെയും ഇരുണ്ട നാളുകള്‍ പോയ് മറയുന്നു എന്ന ആശ്വാസവും അതുവഴിയുള്ള നെടുവീര്‍പ്പുകളും കണ്ണൂരിലെ വര്‍ത്തമാനകാല വ്യതിയാനമാണ്. ഏവരും ഏറെ പ്രതീക്ഷയോടെ അതാഗ്രഹിക്കുന്നുമുണ്ട്. എന്നാല്‍ എത്ര കുളിപ്പിച്ചാലും പുള്ളിപ്പുലിയുടെ പുള്ളി മായില്ല എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് കണ്ണൂരില്‍ കഴിഞ്ഞാഴ്ച ഒരു യുവാവിന്റെ അതിദാരുണമായ അന്ത്യം അരങ്ങേറിയത്. തലയില്‍ വന്നു പതിച്ച മാരക ശേഷിയുള്ള ബോംബിന്റെ ഉഗ്ര സ്‌ഫോടനത്തില്‍ തല പൊട്ടിച്ചിതറി 27 കാരനായ യുവാവ് മരണപ്പെട്ടു. ഏതെങ്കിലും സംഘര്‍ഷ മേഖലയിലല്ല, മറിച്ച് മാനസികോല്ലാസവും അത്യാഹ്ലാദവും നിറഞ്ഞു തുളുമ്പുന്ന അന്തരീക്ഷത്തില്‍ പരസ്പരം സ്‌നേഹം കൈമാറി ജനങ്ങള്‍ ഒത്തുകൂടിയ വിവാഹച്ചടങ്ങിലാണ് ഇതു സംഭവിച്ചത്.
അജ്ഞാതരായ അക്രമികള്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട് നേരത്തെ നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് എറിഞ്ഞതല്ല ആ ബോംബ്. കൊല്ലപ്പെട്ട ചെറുപ്പക്കാരന്‍ ഉള്‍പ്പെടുന്ന ഒരു ക്രിമിനല്‍ സംഘം ആരെയോ മനസ്സില്‍ കണ്ട് തരം കിട്ടുമ്പോള്‍ പ്രയോഗിക്കാന്‍ കരുതിക്കൂട്ടി കൊണ്ടുവന്ന ആയുധം അബദ്ധവശാല്‍ ലക്ഷ്യം തെറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. ഏതായാലും ഒന്നോ, അതിലധികമോ ആളുകള്‍ക്ക് ജീവാപായം സംഭവിക്കണമെന്ന താല്പര്യം അക്രമികള്‍ക്കുണ്ടായിരുന്നു എന്നു വേണം അനുമാനിക്കാന്‍. നൂറു കണക്കിനാളുകള്‍ നിഷ്‌ക്കളങ്ക ഭാവത്തോടെ സമ്മേളിക്കുന്ന സന്ദര്‍ഭത്തില്‍ ഉഗ്ര പ്രഹര ശേഷിയുള്ള ബോംബുമായി വരണമെങ്കില്‍ അക്കൂട്ടരുടെ ഉള്ളില്‍ അതു തന്നെയായിരുന്നു ഉന്നം എന്നതുറപ്പാണ്. ഏറെ ആശങ്കയുണര്‍ത്തുന്ന മറ്റൊന്നുണ്ട്. കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ വടിവാള്‍ ഉള്‍പ്പടെയുള്ള മറ്റായുധങ്ങളുമുണ്ടായിരുന്നു എന്നതാണത്. അതായത്, ബോംബു കൊണ്ട് ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കില്‍ വടിവാളുപയോഗിച്ചുള്ള പ്ലാന്‍ ബി അരങ്ങേറുമായിരുന്നു എന്നു ചുരുക്കം!
ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കണ്ണൂര്‍ പട്ടണത്തിനടുത്ത് തോട്ടടയില്‍ നടക്കുന്ന ഒരു വിവാഹം. വിവാഹത്തലേന്ന് രാത്രി വരന്റെ വീട്ടിലേക്ക് ഇയാള്‍ നേരത്തെ താമസിച്ചിരുന്ന അടുത്ത പ്രദേശമായ ഏച്ചൂരില്‍ നിന്ന് പഴയ കൂട്ടുകാരടങ്ങിയ ഒരു സംഘമെത്തുന്നു. രാത്രിയില്‍ മദ്യപാനവും പാട്ടും നൃത്തവുമൊക്കെയായി രംഗം കൊഴുത്തു. ഇതിനിടയില്‍ പാട്ടുമായി ബന്ധപ്പെട്ട് തോട്ടടയിലെ യുവാക്കളും ഏച്ചൂരില്‍ നിന്നെത്തിയവരുമായി തര്‍ക്കമുടലെടുക്കുന്നു. വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. നാട്ടുകാരിടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ചു. എന്നാല്‍ രാത്രി തിരിച്ചു പോയ ഏച്ചൂര്‍ സംഘം വിവാഹദിനത്തില്‍ ഉച്ചയോടെ സര്‍വ്വസന്നാഹങ്ങളുമായി തോട്ടടയിലെത്തുകയും വിവാഹച്ചടങ്ങിലേക്ക് നുഴഞ്ഞു കയറുകയും ചെയ്തു. പിന്നീടാണ് ബോംബു സ്‌ഫോടനം. ബന്ധുക്കളോടൊപ്പം ഘോഷയാത്രയായി നീങ്ങുകയായിരുന്ന വധൂവരന്‍മാരുടെ കണ്‍മുമ്പിലാണ് പ്രാകൃത താണ്ഡവം അരങ്ങേറിയതെന്ന് പിന്നീട് പ്രചരിച്ച മൊബൈല്‍ വീഡിയോ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരാള്‍ കൊല്ലപ്പെട്ടതിനു പുറമെ ബോംബിന്റെ ചീളുകളേറ്റ് പലര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. മരിച്ചയാളുടെ മാംസാവശിഷ്ടങ്ങളും രക്തവും പലരുടെയും ദേഹത്ത് വന്നു പതിച്ചത് ഭയവിഹ്വലതയോടെയാണ് അനുഭവസ്ഥര്‍ ഓര്‍ക്കുന്നത്.
കേസില്‍ പ്രാഥമിക പ്രതിപട്ടികയില്‍ അഞ്ച് പേരാണുള്ളത്. പ്രധാന പ്രതിയുള്‍പ്പടെ പലരും പോലീസ് പിടിയിലുണ്ട്. കൊല്ലപ്പെട്ട ജിഷ്ണു ഉള്‍പ്പടെയുള്ള ഗുണ്ടാസംഘം ബോംബ് നിര്‍മിച്ചത് സംഭവസ്ഥലത്തിനടുത്തുള്ള ചേലോറയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി.
ഏച്ചൂര്‍ സ്വദേശി മിഥുന്‍ എന്ന മാര്‍ക്‌സിസ്റ്റുകാരനാണ് മുഖ്യ സൂത്രധാരനെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരോ ആണ്. മരിച്ച ജിഷ്ണുവും പ്രതികളും സൈബര്‍ സഖാക്കളാണ്. പാര്‍ട്ടിക്കുള്ളിലും പുറത്തും കുപ്രസിദ്ധി നേടിയ ‘പി.ജെ.ആര്‍മി’യിലെ കിടിലന്‍ പോരാളികളുമാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അനുചരന്മാരെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇപ്പോള്‍ ഖാദി ബോര്‍ഡ് ചെയര്‍മാനായ പി.ജയരാജന്‍ ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ച് സാന്ത്വനിപ്പിച്ചത് സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് നമ്മെ നയിക്കുന്ന സംഭവ വികാസമാണ്.
ആചാരങ്ങളെ തകര്‍ക്കല്‍
ഈ സംഭവത്തെ കണ്ണൂരില്‍ നേരത്തെ നടക്കാറുള്ള പതിവ് അക്രമ രാഷ്ട്രീയത്തിന്റെ തലത്തിലല്ല വിലയിരുത്തേണ്ടത്. ഒറ്റപ്പെട്ടതായിക്കണ്ട് അവഗണിക്കേണ്ടതുമല്ല. സമൂഹത്തിന്, പ്രത്യേകിച്ച് ഹൈന്ദവ സമൂഹത്തിന് മാരകമായ പരിക്ക് ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഗുരുതര സാഹചര്യം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്ന സംഭവമാണിത്. കൃത്യമായ ലക്ഷ്യവും അതിനുതകുന്ന ആസൂത്രണവും ഇത്തരം സംഭവങ്ങളുടെ പിന്നിലുണ്ട്. ഹൈന്ദവമായ സാമൂഹ്യ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ത്ത് അരാജകത്വം സൃഷ്ടിച്ച് മതിഭ്രംശത്തോളമെത്തുന്ന മസ്തിഷ്‌ക്ക പ്രക്ഷാളനത്തിലൂടെ വിധേയത്വം സാധിച്ചെടുക്കാനുള്ള ഗൂഢ പദ്ധതി മാര്‍ക്‌സിസ്റ്റ് വിചാരശാലകളില്‍ രൂപപ്പെടുത്തുന്നതിന്റെ സൂചകങ്ങളാണ് ഈ സംഭവം. ഇതൊരു ദീര്‍ഘകാലീന പദ്ധതിയാണ്. നാട്ടില്‍ നിലനില്‍ക്കുന്ന തനത് പാരമ്പര്യ രീതികളും ആത്മീയ അന്തരീക്ഷത്തില്‍ നടക്കേണ്ട അനുഷ്ഠാനങ്ങളും അപ്രസക്തവും അപ്രത്യക്ഷവുമാക്കി വികൃതവും കൃത്രിമവുമായ ജീവിത രീതിയും ചടങ്ങുകളും ഉണ്ടാക്കിയെടുക്കാനുള്ള ദുഷ്ട നീക്കമാണിത്. സമൂഹത്തെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കി തരം മാറ്റാനുള്ള തന്ത്രങ്ങളും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.
വേട്ടക്കാരും ഇരകളാക്കപ്പെടുന്നവരും പക്ഷെ, ഇതിനെക്കുറിച്ചൊന്നും അറിയുന്നില്ല. സ്വകാര്യ ജീവിതത്തിലേക്കും കുടുംബ വ്യവഹാരങ്ങളിലേക്കും കടന്നു കയറി പാര്‍ട്ടി സര്‍വ്വാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള സംഘടിത നീക്കമാണിത്. ഇത് സാധൂകരിക്കുന്ന നിരവധി സംഭവങ്ങള്‍ കണ്ണൂരിലുണ്ടായിട്ടുണ്ട്. സംസ്ഥാനമെങ്ങും ഇത് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്. എത്രയും പവിത്രമായിക്കരുതുന്ന വിവാഹച്ചടങ്ങുകളിലും മരണാനന്തരച്ചടങ്ങുകളിലും സി.പി.എം പ്രാദേശിക നേതാക്കള്‍ അതിക്രമിച്ചു കയറി നിയന്ത്രണമേറ്റെടുത്ത് ആഭാസത്തരങ്ങള്‍ കാണിച്ചുകൂട്ടുന്ന സംഭവങ്ങള്‍ പതിവാണ്. ഏതാനും ചില സാംപിളുകള്‍ പരിശോധിക്കുന്നതിലൂടെ അത് ബോധ്യമാകും.
വിവാഹത്തിലും മരണത്തിലും
ഇരിട്ടിക്കടുത്ത ഒരു സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ നടക്കുന്ന വിവാഹം. വീരാജ്‌പേട്ടയിലുള്ള ഈഴവ കുടുംബാംഗമാണ് വരന്‍. ശ്രീനാരായണീയ സമ്പ്രദായത്തിലുള്ള വിവാഹച്ചടങ്ങുകള്‍ വേണമെന്ന താല്പര്യം വരന്റെ വീട്ടുകാര്‍ സി.പി.എം അനുഭാവികളായ വധുവിന്റെ വീട്ടുകാരെ നേരത്തെ അറിയിച്ചിരുന്നു. അവര്‍ സന്തോഷപൂര്‍വം അതംഗീകരിക്കുകയും ചെയ്തു. അലങ്കരിച്ചു വെച്ച ഗുരുദേവന്റെ ഛായാചിത്രത്തെ സാക്ഷിയാക്കി ചടങ്ങുകള്‍ ആരംഭിച്ചു. ഉടനെ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം മുന്നോട്ടുവന്നു. ഈ ഏര്‍പ്പാടുകളൊന്നും ഇവിടെ പറ്റില്ലെന്ന് കാര്‍ക്കശ്യത്തോടെ പ്രഖ്യാപിച്ചു. ഗുരുദേവന്റെ പടവും നിലവിളക്കും മറ്റും എടുത്തു മാറ്റാന്‍ വധുവിന്റെ വീട്ടുകാരോടാവശ്യപ്പെട്ടു. നിസ്സഹായരായ വീട്ടുകാര്‍ക്ക് വഴങ്ങേണ്ടി വന്നു. വരനും കൂടെ വന്ന ബന്ധുക്കളും പ്രതിഷേധിച്ചെങ്കിലും പാര്‍ട്ടി ഗ്രാമത്തിലെ സ്വയം പ്രഖ്യാപിത രാജാവ് കണ്ണുരുട്ടി. ഒരു സമന്വയത്തിന് നാട്ടിലെ പ്രമുഖര്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി വഴങ്ങിയില്ല. ഒടുവില്‍ ചടങ്ങുകളൊക്കെ ഒഴിവാക്കി വിവാഹകര്‍മ്മം നടന്നു. തങ്ങളുടെ താല്പര്യം ഹനിക്കപ്പെട്ടതിലുള്ള പ്രതിഷേധം പ്രകടിപ്പിച്ച് വരനും കൂട്ടരും വധുവിനെ കൂട്ടി വിവാഹസദ്യയില്‍ പങ്കെടുക്കാതെ വധൂഗൃഹം വിട്ടിറങ്ങി. പാര്‍ട്ടി ജയിച്ചു. ആചാരം മുടങ്ങി. ജനമനസ്സുകളിലെ മുറിപ്പാടുകള്‍ ബാക്കിയായി. ആചാരങ്ങള്‍ പഴഞ്ചനെന്നാണ് പാര്‍ട്ടിയുടെ വാദം !
മട്ടന്നൂരിനടുത്ത പരിയാരം എന്ന പാര്‍ട്ടി ഗ്രാമത്തില്‍ മരണാനന്തരച്ചടങ്ങിലാണ് സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ടത്. എന്‍.എസ്.എസ് യൂണിറ്റിലെ മാതൃസമിതി ഭാരവാഹിയുടെ അമ്മ മരിച്ചു. കരയോഗം പ്രവര്‍ത്തകര്‍ ലേബലൊട്ടിച്ച റീത്തുമായി വന്നു. നേതാക്കള്‍ കുതിച്ചെത്തി. ഇതൊന്നും ഇവിടെ പറ്റില്ലെന്ന കല്പന വന്നു. റീത്തുമായി വന്ന അഭിമാനികളായ ചെറുപ്പക്കാര്‍ ചെറുത്തു നിന്നു. പിന്നീടുണ്ടായത് കൊടിയ മര്‍ദ്ദനമാണ്. മരണ വീട്ടില്‍ നേരത്തെ തമ്പടിച്ച സഖാക്കള്‍ റീത്തുമായി വന്നവരെ ശരിക്കും കൈകാര്യം ചെയ്തു. റീത്തും നശിപ്പിച്ചു. ദുഃഖം തളം കെട്ടി നില്‍ക്കുന്ന വീട്ടിലാണിതെന്നോര്‍ക്കണം. ഇതുമായി ബന്ധപ്പെട്ട ഒരു കേസ് മട്ടന്നൂര്‍ കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്.
കുടുംബക്കാര്‍ക്ക് സ്ഥാനമില്ല
ഇങ്ങനെ നിരവധി സംഭവങ്ങളുണ്ട്. ചില ഉദാഹരണങ്ങള്‍ മാത്രമാണ് സൂചിപ്പിച്ചത്. മുമ്പൊക്കെ എല്ലാവരും ബഹുമാനിക്കുന്ന നാട്ടു മുഖ്യസ്ഥന്‍മാരെന്ന നിലയ്ക്ക് സ്വീകാര്യതയുള്ളവരുടെ കാര്‍മ്മികത്വത്തിലാണ് ഇത്തരം ചടങ്ങുകള്‍ നടക്കുക. അവര്‍ക്കിന്ന് ശബ്ദമില്ല. പകരം പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് കാര്യങ്ങള്‍ ഏറ്റെടുക്കും. വിവാഹമാണെങ്കില്‍ താലികെട്ടൊന്നും വേണ്ട. ഒരു രക്തഹാരം ഇങ്ങോട്ടും ഒന്നങ്ങോട്ടും. മറ്റു ചടങ്ങുകള്‍ ഇല്ല. മരണം സംഭവിച്ച വീട്ടിലാണെങ്കില്‍ സംസ്‌ക്കാര ക്രിയകള്‍ പൂര്‍ത്തിയായാല്‍ പ്രദേശിക നേതാവ് വന്നുകൂടിയ ആളുകളെ അഭിസംബോധന ചെയ്യും. എല്ലാം തീര്‍ന്നെന്നും മറ്റു ചടങ്ങുകളൊന്നുമില്ലെന്നും നേതാവ് പ്രഖ്യാപിക്കും. ഇതൊന്നും വീട്ടുകാരോട് ചോദിച്ചിട്ടല്ല. അവര്‍ക്ക് യാതൊരു റോളുമില്ല. പാര്‍ട്ടി നിശ്ചയിക്കും, പാര്‍ട്ടി പ്രഖ്യാപിക്കും. വേണമെങ്കില്‍ ഒരു നെടുവീര്‍പ്പിടാം.
ശവ സംസ്‌ക്കാരത്തിനുമുണ്ട് പാര്‍ട്ടി നിബന്ധനകള്‍. വീട്ടുവളപ്പില്‍ സൗകര്യമുണ്ടെങ്കില്‍ പോലും പൊതു ശ്മശാനത്തില്‍ വേണം അടക്കം ചെയ്യാന്‍. പൊതുശ്മശാനം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണ്! ഗ്യാസോ വൈദ്യുതിയോ ഉപയോഗിച്ചുള്ള അടുപ്പിലാണ് ദഹനം. ഹൈന്ദവ രീതിയനുസരിച്ചുള്ള ശേഷക്രിയകളൊന്നും പാടില്ല. ചിതയ്ക്കരികില്‍ നടത്തുന്ന ‘കണ്ടു കര്‍മ്മം’ മറ്റു തരത്തിലുള്ള ഉദകക്രിയകള്‍ ഇവയ്‌ക്കൊന്നും അനുവാദമില്ല. ബലികര്‍മ്മങ്ങളും സഞ്ചയനവുമില്ല. പരമ്പരാഗത വിശ്വാസമനുസരിച്ചുള്ള ചടങ്ങുകളിലൂടെ ദേഹം വിട്ടു പോകുന്ന ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കുമെന്ന വിശ്വാസത്തെയാണ് ഇവിടെ തകര്‍ക്കുന്നത്. ആര്‍ക്ക് എന്ത് നേട്ടമാണ് ഇതുകൊണ്ടൊക്കെ ഉണ്ടാകുന്നത്? നേട്ടമില്ലെന്നു മാത്രമല്ല, ആര്‍ക്കും നിയന്ത്രണമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.
ക്ഷേത്രാചാരങ്ങളിലും
ക്ഷേത്രോത്സവച്ചടങ്ങുകള്‍ അലങ്കോലമാക്കാനുള്ള സംഘടിത ശ്രമങ്ങളും വ്യാപകമാണ്. ഉത്സവപ്പറമ്പ് രാഷ്ട്രീയ പകപോക്കാനുള്ള വേദിയാക്കുക പതിവാണ്. അന്യദേശത്തു നിന്നെത്തുന്ന ഇതര പാര്‍ട്ടിക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് പരിപാടി. ആള്‍ക്കൂട്ട ആക്രമണമായിട്ടാണ് ആസൂത്രണം ചെയ്യുക. അക്രമം ഭയന്ന് അകലെയുള്ള തറവാട്ടു ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത എത്രയോ പൊതുപ്രവര്‍ത്തകര്‍ കണ്ണൂരിലുണ്ട്. ഈയിടെ പോലീസ് സംഘം പോലും സി.പിഎം ക്രിമിനലുകളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. കാവുകളിലേക്കുള്ള കലശഘോഷയാത്രകള്‍ മലബാറിലെ പ്രധാന ചടങ്ങാണ്. ഇതിലുപയോഗിക്കുന്ന കലശങ്ങള്‍ ചുവപ്പ് അരങ്ങുകള്‍ കൊണ്ട് നിര്‍മ്മിച്ച് അരിവാള്‍ ചുറ്റിക അടയാളം തുന്നിപ്പിടിപ്പിച്ച് പാര്‍ട്ടി മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിക്കുന്നത് പതിവുകാഴ്ചയാണ് കണ്ണൂരില്‍.
ആഭാസങ്ങള്‍ കടന്നുകയറുന്നു
വിശ്വാസങ്ങള്‍ തകര്‍ക്കപ്പെടുമ്പോഴുണ്ടാകുന്ന ശൂന്യതയിലേക്കാണ് ആഭാസങ്ങള്‍ കടന്നു കയറുന്നത്. വിവാഹ ഘോഷയാത്രയിലെ പടക്കം പൊട്ടിക്കലും വധൂവരന്മാരെക്കൊണ്ട് കുരങ്ങു കളിപ്പിക്കലും ഫാഷനായി മാറുന്നു. അറപ്പുളവാക്കുന്ന പദപ്രയോഗങ്ങള്‍ കൊണ്ട് നിറച്ച സാഹിത്യങ്ങള്‍ നോട്ടീസ് രൂപത്തില്‍ പ്രചരിപ്പിക്കുക, ആദ്യരാത്രിയില്‍ വധൂവരന്‍മാരുടെ മുറിക്കു പുറത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, അതിനു മുമ്പായി നവവധുവിനെ റാഗിംഗിന് വിധേയമാക്കുക തുടങ്ങിയ പ്രാകൃത രീതികളും വ്യാപകമായി വളര്‍ന്നു വരുന്നുണ്ട്.
ഹൈന്ദവ ആചാരങ്ങളെ അട്ടിമറിക്കുന്ന സിപിഎം
കണ്ണൂരില്‍ വിവാഹ-മരണ വേളകളില്‍ നടന്നിരുന്ന ഹൈന്ദവ ആചാരങ്ങളെ തടസ്സപ്പെടുത്താന്‍ സിപിഎം ഇതിനുമുന്‍പും ധാരാളം ശ്രമിച്ചിട്ടുണ്ട്. ആചാരപ്രകാരം നടക്കുന്ന ഏത് കാര്യവും അന്ധവിശ്വാസമാണെന്ന ധാരണയാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരിലേക്കും അണികളിലേക്കും പകര്‍ന്നു നല്‍കിയത്. ഇതിന് ഉദാഹരണമാണ് രണ്ടു വര്‍ഷം മുന്‍പ് പയ്യന്നൂരില്‍ നടന്ന ഒരു സംഭവം. 2019 ജനുവരി മാസത്തില്‍ പയ്യന്നൂരില്‍ നടന്ന ഒരു വിവാഹത്തിന്റെ തലേദിവസം പൂജാരിയും മറ്റ് ആചാരങ്ങളും ഒന്നും വിവാഹവേളയില്‍ വേണ്ട എന്ന് വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍ ആചാരപരമല്ലാതെ വിവാഹം നടത്താന്‍ പറ്റില്ലെന്ന് വരന്റെ വീട്ടുകാര്‍ നിലപാടെടുത്തു. പൂജാരിയെയും കൂട്ടി വിവാഹ ചടങ്ങിന് എത്തിയ വരന്റെ വീട്ടുകാര്‍ക്കെതിരെ എതിര്‍പ്പുമായി എത്തിയത് വധുവിന്റെ സഹോദരി കൂടിയായ സിപിഎം പ്രവര്‍ത്തകയാണ്. വിളക്കും പൂജയും ഒന്നും ആവശ്യമില്ലെന്നും ഇതൊന്നും ഇവിടെ പതിവില്ലെന്നും അവര്‍ പറഞ്ഞു. ഉത്സവങ്ങളുടെ നോട്ടീസിന് സമാനമായി വിവാഹക്ഷണക്കത്തുകള്‍ തയ്യാറാക്കുകയും അതിലൂടെ വിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ വ്യാപകമായി ഉണ്ടാവുന്നുണ്ട്.
മരണവേളയില്‍ രാമായണം വായിക്കാന്‍ പാടില്ല എന്ന് സിപിഎം നിലപാടെടുത്ത അനേകം സംഭവങ്ങളും കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിട്ടുണ്ട്.
വെറുപ്പ് ഹിന്ദു ആചാരങ്ങളോട് മാത്രം
ഇപ്പറഞ്ഞവയെല്ലാം ഹൈന്ദവ വിഭാഗത്തിനു നേരെ മാത്രമാണെന്നോര്‍ക്കണം. മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ളവര്‍ ശാന്തമായും സ്വസ്ഥമായും അവരുടെ വിശേഷ അവസരങ്ങള്‍ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്യുമ്പോള്‍ പാര്‍ട്ടിക്കു ശക്തി പകരാന്‍ വിധിക്കപ്പെട്ട ഹിന്ദുക്കള്‍ വിര്‍പ്പുമുട്ടലോടെയും ഭയാശങ്കകളോടെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴിയേണ്ടി വരുന്നു. ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ പുരോഗമന വിരുദ്ധ, വരട്ടു വാദ ഫാഷിസ്റ്റായി മാറും. ആക്രമിക്കപ്പെടുകയോ അധിക്ഷേപിക്കപ്പെടുകയോ ചെയ്യും. അതുകൊണ്ട് മൗനം ദീക്ഷിക്കും. കണ്‍മുന്നില്‍ ആചാരങ്ങള്‍ തകര്‍ക്കപ്പെടുന്നതും സ്വന്തം കുടുംബത്തില്‍ തങ്ങളുടെ ആഗ്രഹ പ്രകാരം നടക്കേണ്ടുന്ന ചടങ്ങുകളിലേക്ക് ബാഹ്യ ശക്തികള്‍ കടന്നുകയറുന്നതും നിസ്സംഗതയോടെ കണ്ടു നില്‍ക്കേണ്ടി വരും. എന്തും ആകാമെന്ന അവസ്ഥ വന്നാല്‍ പുഷ്പവൃഷ്ടി നടക്കേണ്ടയിടങ്ങളില്‍ ബോംബുകള്‍ വന്നു വീഴും. ആനന്ദത്താല്‍ ഉള്ളം ത്രസിക്കേണ്ടിടത്ത് ഭയപ്പാടിന്റെ കരിനിഴല്‍ പരക്കും. എന്തു പ്രതിവിധി എന്ന് കാലം കാണിച്ചു തരട്ടെ.