തിരുവനന്തപുരം: ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം പോരാട്ടങ്ങളുടെ ചരിത്രമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ്. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനവധി പോരാട്ടങ്ങള്‍ക്കും ബലിദാനങ്ങള്‍ക്കും ശേഷമാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യ സമരത്തില്‍ അനേകം ധാരകളുണ്ടായിരുന്നു. കോണ്‍ഗ്രസ്സിനുള്ളില്‍ പോലും മിതവാദികളും തീവ്രവാദികളുമുണ്ടായിരുന്നു. 1920-ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഡോ.ഹെഡ്ഗേവാര്‍ പൂര്‍ണ്ണ സ്വരാജ് എന്ന ആവശ്യമുയര്‍ത്തിയിരുന്നു. രാജ്യം അതിന് പാകമായിട്ടില്ല എന്നായിരുന്നു അതിനോട് ഗാന്ധിജിയുടെ പ്രതികരണം. എന്നാല്‍ ഏഴ് വര്‍ഷത്തിന് ശേഷം 1927 ല്‍ കോണ്‍ഗ്രസ് പൂര്‍ണ്ണ സ്വരാജ് എന്ന പ്രമേയം അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയാണ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ഏഴു പതിറ്റാണ്ടായി നിലനിര്‍ത്തുന്നതും മുന്നോട്ടു കൊണ്ടുപോകുന്നതും. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും വലുതുമായ ഭരണഘടനയാണ് നമ്മുടേത്. ഭരണഘടനയില്‍ യൂറോപ്യന്‍ മാതൃക സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ജനാധിപത്യമെന്നത് എന്നും ഭാരതത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ആശയമാണ്. വേദകാലത്തും അതിനുശേഷം ബുദ്ധ, സംഘ കാലത്തും ഈ ആശയം ഇവിടെ ശക്തമായി നിലനിന്നിട്ടുണ്ട്. ജനാധിപത്യം ശക്തനും അശക്തനും ഒരുപോലെ അധികാരം നല്കുന്നു. അധികാരത്തിലേറുന്നവര്‍ മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്. രമേശ് അദ്ധ്യക്ഷത വഹിച്ചു.