കന്യാകുമാരി: സ്വാമി വിവേകാനന്ദന് പകര്‍ന്നു നല്‍കിയത് സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും സന്ദേശമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച സഭാഗൃഹത്തിന്റെ സമര്‍പ്പണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവേകാനന്ദന് ശക്തിയെ ഉപാസിച്ചു. ആ ശക്തിയുടെ പ്രേരണയിലാണ് ഭാരതം മുന്നേറുന്നത്. വിവേകാനന്ദ ദര്‍ശനങ്ങളെ സാക്ഷാത്കരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വിവേകാനന്ദകേന്ദ്രം വിജയിച്ചിട്ടുണ്ട്. ഭാരതമെമ്പാടും സേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഭാരതീയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. വിവേകാനന്ദ കേന്ദ്രത്തിന്റെ വളര്‍ച്ചയിലും സാഫല്യത്തിലും സ്വാമികളുടെ പ്രേരണയും അനേകം തപസ്വികളുടെ പരിശ്രമവുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതം നൂറ്റാണ്ടുകളുടെ അധിനിവേശത്തിന്റെ അപമാനങ്ങളെല്ലാം കഴുകിക്കളയുകയാണെന്ന് സഭാഗൃഹം ഉദ്ഘാടനം ചെയ്ത തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി പറഞ്ഞു. ഭാരതം സ്വാഭിമാനം വീണ്ടെടുത്തുകൊണ്ട് ലോകനേതൃപദവിയിലേക്കുള്ള യാത്രയിലാണ്. സ്വച്ഛ്ഭാരത്, ബേഠി പഠാവോ, സബ്കാ സാഥ് സബ്കാ വികാസ് തുടങ്ങി പുല്‍വാമ സര്‍ജിക്കല്‍ സ്ട്രൈക്ക് വരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജ്യം മുന്നോട്ടു കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്മശ്രീ നിവേദിതാ ഭിഡെ രചിച്ച ‘ഓണ്‍ ദി മിഷന് ഓഫ് ഹ്യൂമന്‍ ഇവല്യൂഷന്‍- ഇന്ത്യന്‍ കള്‍ച്ചര്‍ ചാലഞ്ചസ് ആന്‍ഡ് പൊട്ടന്ഷ്യാലിറ്റിസ്’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. പരിപാടിയില്‍ വെള്ളിമല സ്വാമി ചൈതന്യാനന്ദ മഹാരാജ്, വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എ. ബാലകൃഷ്ണന്, സെക്രട്ടറി ഭാനുദാസ് എന്നിവരും പങ്കെടുത്തു.