പുത്തന്‍കലണ്ടര്‍ ചുമരിലെത്തി
മുത്തശ്ശി ചാരത്തണഞ്ഞു മന്ദം
കട്ടിയാം കണ്ണട തെല്ലുയര്‍ത്തി
കാഴ്ചയുറപ്പിച്ചു കണ്ണയച്ചു
മേടവിഷുഫലം മോശമില്ല
വ്യാഴപ്പകര്‍ച്ചയും ദോഷമില്ല
ആണ്ടുപിറന്നാളു തിങ്കളാഴ്ച
ആശിച്ച പോലെ ഭവിച്ചുവല്ലോ
ശ്രാദ്ധം തിഥിബന്ധമില്ല പോലും
അച്ഛനകമേ പരിഭവിച്ചു
ആയില്യപൂജയടുത്ത വാരം
അമ്മയരികത്തു വന്നു ചൊല്ലി
ആതിര നേരത്തെയെന്നു പെങ്ങള്
ഓണമൊടുവിലാണെന്നനുജന്
ഇത്തിരി നൂലുമായ് സൂചിയെത്തി
നാളും തിഥിയും വിറച്ചു നിന്നു
നാഴിക വിനാഴിക ഞാറ്റുവേല
രാശി പന്ത്രണ്ടും പകച്ചു നിന്നു
കുത്തേറെയേറ്റ പഴങ്കലണ്ടര്
പുത്തനു പിന്നില്‍ പതുങ്ങി നിന്നു
സൂചിക്കിടമേതു രാശി നല്‍കും?
പുത്തന്‍കലണ്ടര്‍ തരിച്ചുനിന്നു
ഉത്തരം താങ്ങിത്തളര്‍ന്ന പല്ലി
ഉത്തരമോതാന്‍ മടിച്ചു നിന്നു.