തെക്കുവടക്കു നീണ്ടുകിടക്കുന്ന ഒരു നഗരമാണ് കേരളം എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. നഗരവത്ക്കരണമെന്നാല്‍ അത് ഫ്‌ളാറ്റ് ജീവിതം കൂടിയായി മാറിയിരിക്കുന്നു. അത് കമ്പോളവത്കരണം കൂടിയാണ്. കമ്പോളവത്കരണത്തിന്റെ ആത്മാവ് കച്ചവടമാണ്. കച്ചവടം ഇന്ന് വ്യക്തി അധിഷ്ഠിതമായ ഒരു പ്രക്രിയയല്ല; അത് സംഘടിത കോര്‍പ്പറേറ്റ് സംരംഭങ്ങളാണ്. ഭരണകൂടവുമായി അവര്‍ ഏര്‍പ്പെടുന്ന അവിഹിത ക്രയവിക്രയങ്ങളില്‍ വമ്പന്‍ ലാഭങ്ങള്‍ക്കുവേണ്ടി പൊതുജനങ്ങളുടെ താത്പര്യങ്ങള്‍ പലപ്പോഴും ഹനിക്കപ്പെട്ടെന്നിരിക്കും. അത്തരമൊരു അവിഹിത വ്യവഹാരത്തിന്റെ ഇരകളാണ് കൊച്ചിയില്‍ മരട് നഗരസഭയിലെ കുടിഒഴിപ്പിക്കല്‍ ഭീഷണിയില്‍ കഴിയുന്ന ഫ്‌ളാറ്റ് നിവാസികള്‍.
തീരദേശ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് കായലോരത്ത് കെട്ടിപ്പൊക്കിയ പടുകൂറ്റന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടിരിക്കുന്നത് രാജ്യത്തെ പരമോന്നത നീതിപീഠമാണ്. 360 കുടുംബങ്ങള്‍ വിലകൊടുത്തുവാങ്ങി വര്‍ഷങ്ങളായി താമസിക്കുന്ന വസതികളാണ് ഈ ഫ്‌ളാറ്റുകളില്‍ ഉള്ളത്. സുപ്രീംകോടതി ഉത്തരവ് വന്നതോടെ നിരവധി പേരുടെ അഭയകേന്ദ്രവും ദീര്‍ഘകാലമായി അദ്ധ്വാനിച്ച് സ്വരൂപിച്ച സമ്പാദ്യവുമാണ് നഷ്ടമാകുന്നത്. അഞ്ച് ദിവസത്തിനകം അന്തേവാസികളോട് ഒഴിയാന്‍ ആവശ്യപ്പെട്ടുകൊണ്ട് നാലു ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ക്കാണ് അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരിനം കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ് ഫ്‌ളാറ്റ് നിവാസികള്‍. കോടതി നിയമഗ്രന്ഥങ്ങളുടെ വ്യാഖ്യാനമാണ് ഓരോ ഉത്തരവിലൂടെയും നടത്തുന്നത്. അതില്‍ ഒറ്റ ഉത്തരവിലൂടെ അഭയാര്‍ത്ഥി ആക്കപ്പെടുന്നവന്റെ മാനുഷികത ചര്‍ച്ച ചെയ്യപ്പെട്ടു എന്നു വരില്ല. ഒരു പരിധിവരെ കോടതിയെ നമുക്കതിന് കുറ്റം പറയാനൊക്കില്ല. കാരണം പരിസ്ഥിതി രക്ഷ എന്നത് വിശാലമായ അര്‍ത്ഥത്തില്‍ മനുഷ്യകുലത്തിന്റെ രക്ഷകൂടിയാണ്. പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ ഫ്‌ളാറ്റുകളും വില്ലകളും റിസോര്‍ട്ടുകളും പടുത്തുയര്‍ത്തുന്നതിന്റെ ദുരന്തമാണ് ഇന്ന് കേരളത്തില്‍ ഉരുള്‍പൊട്ടലും മലയിടിച്ചിലും വെള്ളപ്പൊക്കവുമായി ദുരന്തം വിതയ്ക്കുന്നത്. അതുകൊണ്ട് പരിസ്ഥിതി നശീകരണത്തിനെതിരെ നിലപാടെടുക്കുന്ന കോടതിയെ കുറ്റപ്പെടുത്താനൊക്കില്ല. മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വസ്തുനിഷ്ഠമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തേ മതിയാകൂ.
ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും തദ്ദേശ ഭരണസംവിധാനവും തമ്മില്‍ നടത്തിയ കൊടുക്കല്‍ വാങ്ങലുകള്‍ക്കും പരിസ്ഥിതിനിയമ ലംഘനത്തിനും വിലകൊടുക്കേണ്ടി വന്നിരിക്കുന്നത് മുന്നൂറ്റി അറുപതോളം കുടുംബങ്ങളാണ്. ഇന്ന് ഫ്‌ളാറ്റിലെ കുടിയിറക്കപ്പെടുന്ന കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഇടത്-വലത് രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരിച്ച് നടത്തിയ അവിഹിത ഇടപാടുകളുടെ ഇരകളാണ് ഈ കുടുംബങ്ങള്‍ എന്ന് ആദ്യം നാം തിരിച്ചറിയണം. ഇത് കേരളത്തിലെ ഏതെങ്കിലും ഒരു സ്ഥലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ മാത്രം കഥയല്ല. സംസ്ഥാനത്തെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണ് എന്നതാണ് സത്യം. ഇതിന്റെ എല്ലാം പിന്നില്‍ കോടികളുടെ അഴിമതിക്കഥകള്‍ ഉണ്ട് എന്നത് പച്ചപരമാര്‍ത്ഥം മാത്രമാണ്. പൊളിക്കുവാനാണെങ്കില്‍ കേരളത്തിലങ്ങോളമിങ്ങോളം നിരവധി ഫ്‌ളാറ്റുകളും വില്ലകളും റിസോര്‍ട്ടുകളുമുണ്ട്.
ശബരിമലയിലെ യുവതീ പ്രവേശനമൊഴികെ മറ്റ് കേസ്സുകളിലൊന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കോടതി ഉത്തരവ് നടപ്പിലാക്കുവാന്‍ താത്പര്യമുണ്ടായില്ല എന്നു മനസ്സിലാക്കിയിട്ടാണ് കേരളം ഭാരതത്തിന്റെ ഭാഗം തന്നെ അല്ലേ എന്നുപോലും ജഡ്ജിക്ക് ചോദിക്കേണ്ടിവന്നത്. അതിന്റെ പരിണതിയായിട്ടാണ് മരട് കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചത്. ഇതില്‍ ആര്‍ക്കും കോടതിയെ കുറ്റം പറയാനൊക്കില്ല.
പരിസ്ഥിതി നശീകരണം നടത്തുന്ന കുത്തകകളും കോര്‍പ്പറേറ്റുകളുമായി ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഉടമ്പടികള്‍ ഒന്നും പൊതുജന താത്പര്യം മാനിച്ചല്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 31 ക്വാറികള്‍ക്ക് കഴിഞ്ഞ ദിവസം പ്രവര്‍ത്തനാനുമതി നല്‍കിയത്. പശ്ചിമഘട്ടം തകര്‍ക്കുന്ന ക്വാറി മാഫിയകളാണ് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും നിരവധി പേരുടെ മരണത്തിനിടയാക്കിയ മറ്റ് പരിസ്ഥിതി ദുരന്തങ്ങള്‍ക്കും കാരണമെന്ന് കേരളം ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് മൂന്നു ജില്ലകളിലെ 31 അപേക്ഷകളില്‍ മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് ക്വാറികള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 2015ലെ മൈനിങ്ങ് ചട്ടം ലംഘിച്ചുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുപോലെ ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തപ്പെട്ട നിരവധി നിയമലംഘനങ്ങളാണ് നമുക്കു ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന പല ഫ്‌ളാറ്റുകളും വില്ലകളും ഒക്കെ.
ഒരു ഫ്‌ളാറ്റ് നിര്‍മ്മിക്കുവാന്‍ എത്ര മലകള്‍ തകര്‍ക്കണമെന്നും എത്ര പുഴകള്‍ ഊറ്റി മണല്‍ എടുക്കണമെന്നതുമൊക്കെ ഊഹിച്ചു നോക്കുക. ഇങ്ങനെ ഉയര്‍ത്തപ്പെടുന്ന പല ഫ്‌ളാറ്റുകളിലും ഇന്ന് താമസക്കാര്‍ പോലുമില്ലെന്നതാണ് സത്യം. ഗ്രാമങ്ങളിലെ വിളയിടങ്ങള്‍ വിറ്റ് നഗരങ്ങളുടെ പ്രലോഭനങ്ങളിലേക്ക് ചേക്കേറുന്ന മലയാളി ഒന്നുമാത്രം അറിയുന്നില്ല. മണ്ണില്‍നിന്നും ഫ്‌ളാറ്റിലെ ആകാശവാഴ്ചയിലേക്ക് പറിച്ചു നടപ്പെടുന്നവന്റെ നഷ്ടപ്പെടുന്ന വേരുകളെപ്പറ്റി. ഫ്‌ളാറ്റുകളില്‍ വൈദ്യുതിക്കും വെള്ളത്തിനും ശുചീകരണത്തിനും സുരക്ഷയ്ക്കുംവരെ പ്രതിമാസം പണമടച്ച് വാടകക്കാരനെപ്പോലെ ജീവിക്കുന്ന മലയാളി അക്ഷരാര്‍ത്ഥത്തില്‍ അഭയാര്‍ത്ഥി ജീവിതം വിലയ്‌ക്കെടുക്കുന്നവരാണ്.
പ്രകൃതി ദുരന്തങ്ങളില്‍ ആദ്യം ഉടഞ്ഞു വീഴുക അംബരചുംബികളായ ഫ്‌ളാറ്റുകളായിരിക്കും. മണ്ണ് വിറ്റ് ആകാശത്ത് ചേക്കേറുന്ന പ്രവണത മലയാളി അവസാനിപ്പിച്ചില്ലെങ്കില്‍ മരിച്ചുറങ്ങാന്‍ പോലും കാത്തുകിടക്കേണ്ടിവരുമെന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്. മരടിലെ കുടിയൊഴിപ്പിക്കപ്പെടുന്ന ഫ്‌ളാറ്റ്‌നിവാസികളുടെ മനുഷ്യാവകാശങ്ങളോട് ഐക്യപ്പെടുന്നതോടൊപ്പം അവരെ അഭയാര്‍ത്ഥിയാക്കിമാറ്റുന്നതില്‍ മുഖ്യ പങ്ക് വഹിച്ച രാ ഷ്ട്രീയ കോര്‍പ്പറേറ്റ് മാഫിയ സംഘങ്ങളോട് ഇനിയെങ്കിലും നാം ഒത്തുതീര്‍പ്പിലെത്തരുതെന്ന് ഓര്‍മ്മപ്പിക്കുക കൂടി ചെയ്യുന്നു.