തിരുവനന്തപുരം: ഭാരതസ്വാതന്ത്ര്യസമരത്തിന്റെ തമസ്‌ക്കരിക്കപ്പെട്ടുപോയ ചരിത്രം വീണ്ടെടുക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷസമിതിയുടെ സംസ്ഥാനതല സംഘാടക സമിതി രൂപീകരണ യോഗം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതോടെയാണ് ദേശീയസ്വാതന്ത്ര്യ സമരം തുടങ്ങിയത് എന്ന തെറ്റായ പരിപ്രേക്ഷ്യമാണ് ചരിത്രമെന്ന വ്യാജേന നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. സ്വാതന്ത്ര്യത്തിനുവേണ്ടി ആത്മത്യാഗം ചെയ്തവരെ മനഃപൂര്‍വം തമസ്‌ക്കരിച്ചിട്ടുണ്ട്. ഡച്ചുകാരെ അടിയറവു പറയിച്ച മാര്‍ത്താണ്ഡവര്‍മ്മയുടെ യുദ്ധചരിത്രം കേരളത്തില്‍ പോലും പഠിപ്പിക്കുന്നില്ല. പഴശ്ശിരാജയുടേയും വേലുത്തമ്പി ദളവയുടേയും വേലുനാച്ചിയാരുടേയും റാണി ചന്നമ്മയുടേയുമൊക്കെ നേതൃത്വത്തില്‍ നടന്ന സമരങ്ങളും ചരിത്രരചനയില്‍ അവഗണിക്കപ്പെട്ടു. വനവാസികളും വനിതകളും കര്‍ഷകരും കുട്ടികളും ഭാരത സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്ക് വലുതാണെന്നും അമൃതോത്സവ ആഘോഷത്തിലൂടെ ഓരോ ഭാരതീയനും അവരെ പരിചിതമാക്കി കൊടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, ഒ.രാജഗോപാല്‍, ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് സര്‍കലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ സലാം അധ്യക്ഷനായി. കെ.ബി.ശ്രീകുമാര്‍ സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു. എം.ജയകുമാര്‍ സ്വാഗതവും പി.പി.സുരേഷ്ബാബു നന്ദിയും പറഞ്ഞു.