രണ്‍ജിത്ത് ശ്രീനിവാസന്‍- ഓര്‍മ്മയുടെ ഓളങ്ങളില്‍ വലിയ അലകള്‍ സൃഷ്ടിച്ചു കടന്നുപോയ പ്രിയ സ്വയംസേവക സഹോദരന്‍. പൂനിലാവൊഴുകുംപോലെ പുഞ്ചിരിക്കുന്ന ആ നിഷ്‌കളങ്ക മുഖം മനസ്സിന്റെ സ്മൃതിപഥത്തില്‍ മായാതെ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ആരായിരുന്നു എനിക്ക് രണ്‍ജിത്ത്? കുറച്ചു കാലത്തെ ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് ആ വ്യക്തിത്വത്തെ ആഴത്തില്‍ അറിയാനും അനുഭവിക്കാനും സാധിച്ചു. ഏറ്റെടുത്ത കാര്യം ആത്മാര്‍ത്ഥതയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി ചെയ്തു തീര്‍ക്കുന്നതില്‍ രണ്‍ജിത്ത് അതീവ ശ്രദ്ധാലുവായിരുന്നു. സംഘശാഖയില്‍ നിന്നും ആര്‍ജ്ജിച്ച ഗുണങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രസരിപ്പിക്കുന്നതില്‍ വിജയം കൈവരിച്ച മാതൃകാ സ്വയംസേവകനായിരുന്നു രണ്‍ജിത്ത്. മത്സ്യപ്രവര്‍ത്തക സംഘത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പുതിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിലും പുതിയ ആളുകളെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുന്നതിലും ഏറെ പ്രയത്‌നിച്ചിരുന്നു. പ്രവര്‍ത്തനം തുടങ്ങാനായി ഒരിടത്ത് പലതവണ പോകുന്നതില്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല. അവരോട് സ്‌നേഹത്തോടും വിനയത്തോടും കൂടി മാത്രമേ സംസാരിച്ചിരുന്നുള്ളൂ. താന്‍ ഏറ്റെടുത്ത പ്രവര്‍ത്തന മേഖലയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും ഏറ്റവും പുതിയ അറിവ് നേടുവാനും രണ്‍ജിത്ത് ശ്രദ്ധിച്ചിരുന്നു.
സംഘാദര്‍ശം സ്വന്തം ജീവിതത്തിലും കുടുംബത്തിലും പകര്‍ത്താന്‍ രണ്‍ജിത്തിന് സാധിച്ചിരുന്നു. സംഘപ്രവര്‍ത്തനത്തിന്റെ മഹത്വവും പ്രസക്തിയും അവരെ ബോധ്യപ്പെടുത്തിയിരുന്നു. പലയിടത്തും സംഘപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമത്തെക്കുറിച്ചറിയുമ്പോള്‍ പതറിപ്പോയിരുന്ന വീട്ടുകാര്‍ക്ക് ധൈര്യം പകരുകയും അവരെ സംഘ മാര്‍ഗ്ഗത്തില്‍ കൂടെകൊണ്ടുനടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. സംഘത്തിന്റെ ചരിത്രവും സംഘപ്രവര്‍ത്തകര്‍ അനുഭവിച്ച കഷ്ടപ്പാടുകളും വേദനകളുമെല്ലാം അവര്‍ക്ക് ബോധ്യംവരുന്നതുവരെ പറഞ്ഞു മനസ്സിലാക്കുമായിരുന്നു. വീട്ടിലെത്തുന്ന സംഘപ്രവര്‍ത്തകരേയും കാര്യകര്‍ത്താക്കളേയും കുടുംബത്തിന് വിശദമായി പരിചയപ്പെടുത്തുകയും അവര്‍ക്ക് ആതിഥ്യമരുളുന്നതില്‍ ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഘത്തെ നേരിട്ടനുഭവിച്ച രണ്‍ജിത്തിന്റെ പ്രിയപത്‌നി ലിഷ തന്റെ പ്രിയതമനെ ഗണവേഷം ധരിപ്പിച്ച് അന്ത്യയാത്രയാക്കിയത് രണ്‍ജിത്തിന്റെ ഉള്ളറിഞ്ഞതുകൊണ്ടായിരുന്നു. ജീവനേക്കാള്‍ സ്‌നേഹിച്ച സംഘാദര്‍ശത്തെ മരണത്തിലും പുല്‍കുവാന്‍ ആ ധീര സ്വയംസേവകന് സാധിച്ചു.
ജാതി – മത – രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം പുലര്‍ത്തുവാനും മനുഷ്യരെ ഹൃദയത്തോടു ചേര്‍ത്ത് നിര്‍ത്തുവാനും രണ്‍ജിത്തിന് സാധിച്ചിരുന്നതുകൊണ്ടാണ് ആലപ്പുഴ ബാറിലെ അഭിഭാഷക സുഹൃത്തുക്കള്‍ രണ്‍ജിത്തിനെ ഇല്ലാതാക്കിയവര്‍ക്കു വേണ്ടി വക്കാലത്ത് എടുക്കില്ലെന്ന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പ്രതിജ്ഞയെടുത്തത്. ലളിതജീവിതം മുഖമുദ്രയാക്കിയ ആ സ്വയംസേവകന്‍ പ്രശസ്തി പരാങ്മുഖന്‍ കൂടിയായിരുന്നു. തനിക്ക് അര്‍ഹതയില്ലെന്ന് കരുതിയ എല്ലാറ്റില്‍ നിന്നും അകന്നു നില്‍ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംഘടനാ നിര്‍ദ്ദേശം വന്നപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും നിര്‍ബന്ധത്തെ തുടര്‍ന്ന് മത്സരിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ മുന്‍കാലത്തേതില്‍ നിന്നും രണ്ടോ മൂന്നോ ഇരട്ടിയായി വോട്ട് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചത് രണ്‍ജിത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടുകൂടിയായിരുന്നു.
പലപ്പോഴും ചിന്തിക്കാറുണ്ട്, ഇത്ര നിഷ്‌കളങ്കനും നിരുപദ്രവകാരിയുമായ ഒരു ജീവനെ ഇത്ര ഭീകരമായി കൊല ചെയ്യാന്‍ എങ്ങനെ മനുഷ്യകുലത്തില്‍ ജനിച്ച ഒരു പറ്റം ആളുകള്‍ക്ക് സാധിച്ചു എന്നുള്ളത്. മതഭ്രാന്ത് തലയ്ക്ക് പിടിച്ച് മസ്തിഷ്‌കം മരവിച്ച ഇവര്‍ പിശാചുക്കളേക്കാള്‍ ഭീകരരാണെന്ന് ആ കൊലപാതകം തെളിയിക്കുന്നു. ആ ജീവിതം ഒരുപാടു പേര്‍ക്ക് പ്രേരണയായിരുന്നു. ഇപ്പോള്‍ ആ മരണവും.
(ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)