സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം കൊണ്ടാടുന്ന വേളയില്‍ ഒരു വീരയോദ്ധാവിന് അര്‍ഹിക്കുന്ന അംഗീകാരമാണ് രാഷ്ട്രം സമ്മാനിച്ചത്. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമായ അന്തമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ ‘റോസ് ഐലന്റി’ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് നല്‍കിയിരിക്കുന്നു.
കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായാണ് ഒക്ടോബര്‍ 17ന് ആ ചരിത്രദൗത്യം നിര്‍വ്വഹിച്ചത്. രണ്ടാം ലോകമഹായുദ്ധവേളയില്‍ ബ്രിട്ടന്റെ കീഴില്‍നിന്നും ജപ്പാന്‍ പിടിച്ചടക്കിയ കാലാപാനിയിലെ ദ്വീപിന്റെ ഭരണം 1943ല്‍ അവര്‍ യുദ്ധത്തില്‍ തോറ്റതോടെ അവസാനിച്ചു. ജപ്പാന്‍ പക്ഷത്ത് നിന്നിരുന്ന ഐ.എന്‍.എ.യെ പിന്നീട് ദ്വീപ് ഭരണം ഏല്‍പ്പിക്കുകയായിരുന്നു. 1943 ഡിസംബര്‍ 29ന് റോസ് ഐലന്റിലെ ചീഫ് കമ്മീഷണറുടെ ബംഗ്ലാവിന് മുമ്പില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി നേതാജി ആസാദ് ഹിന്ദ് ഭരണം സ്ഥാപിച്ചു.
കൊളോണിയല്‍ ആധിപത്യത്തില്‍നിന്നും മോചിതമായി ത്രിവര്‍ണപതാക സ്വതന്ത്രമായി ആദ്യം പാറിയത് അവിടെയാണ്. ജീവിതം രാഷ്ട്രമോചനത്തിന് സമര്‍പ്പിച്ച നേതാജിയുടെ കൈകളിലൂടെ. സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഉജ്ജ്വല വിപ്ലവകാരിയായ വീരസാവര്‍ക്കര്‍ക്ക് തടങ്കല്‍പാളയമൊരുക്കിയ ആ മണ്ണിന് ത്രസിപ്പിക്കുന്ന ചരിത്രഗാഥകള്‍ ഏറെ പറയാനുണ്ട്. നമ്മുടെ ചരിത്രപുസ്തകങ്ങളില്‍ നിന്നും പക്ഷപാതികളായ ചരിത്രപണ്ഡിതന്മാര്‍ തമസ്‌കരിച്ച ഒട്ടേറെ യാഥാര്‍ത്ഥ്യങ്ങള്‍! റോസ് ഐലന്റിലൂടെ ഈ ലേഖകന്‍ നടത്തിയ യാത്രയുടെ സ്മരണകള്‍ പങ്കുവെക്കുകയാണിവിടെ.
സൗത്ത് അന്തമാനില്‍ പോര്‍ട്ട് ബ്ലെയര്‍ പട്ടണത്തിനു സമീപത്തെ ഫിനിക്‌സ്‌ബേയില്‍ നിന്നും വിളിപ്പാടകലെയാണ് ഒരു കാലത്ത് ‘കിഴക്കിന്റെ പാരീസ്’ എന്നറിയപ്പെട്ട റോസ് ദ്വീപ്. പതിറ്റാണ്ടുകളോളം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയി പ്രതാപൈശ്വര്യങ്ങളോടെ വിരാജിച്ച കൊച്ചു ദ്വീപ്. ചെറുതും വലുതുമായി നൂറുകണക്കിന് ദ്വീപുകളുള്ള കാലാപാനിയിലെ സുന്ദര ദ്വീപുകളില്‍ ഒന്നാണിത്. പോര്‍ട്ട് ബ്ലയറില്‍ നിന്നുമുള്ള കാഴ്ചയില്‍ നീലാകാശത്തിനു താഴെ നീലക്കടലിലെ ഒരു പച്ചത്തുരുത്ത്. കിഴക്കുപടിഞ്ഞാറ് കടലിനഭിമുഖമായി ചെരിഞ്ഞും മുകള്‍ഭാഗത്ത് വിശാലമായി പരന്നും കിടക്കുന്ന പ്രദേശം.
ഫിനിക്‌സ് ബേയിലെ ബോട്ടുജട്ടിയില്‍ നിന്നും റോസ് ഐലന്റിലേക്കുള്ളത് ഏകദേശം പത്തുമിനുട്ട് യാത്ര. വിദേശികളും മെയിന്‍ലാന്റില്‍ നിന്നുള്ളവരുമായി ബോട്ടുനിറയെ യാത്രക്കാരുണ്ട്. കാലാപാനിയുടെ ചരിത്രമഹിമകള്‍ക്ക് സാക്ഷിയാകാനെത്തിയ സ്വദേശികളും വിദേശികളും.
റോസിന്റെ പ്രവേശനകവാടത്തിനരികെ ചുവന്ന പെയിന്റടിച്ച ഒരു കോണ്‍ക്രീറ്റ് തറ അകലെ നിന്നേ കാണാം. ഇടക്കാലത്തെ ജപ്പാന്‍ ആധിപത്യകാലത്ത് ജാപ്പ് സൈന്യം തന്ത്രപ്രധാന ഇടങ്ങളിലൊക്കെ പണിത ബങ്കറുകളിലൊന്നാണത്. പീരങ്കികളുമായി സൈനികര്‍ കണ്ണിലെണ്ണയൊഴിച്ച് പതിയിരുന്ന സങ്കേതം.
ഇന്ത്യന്‍ നാവികസേനയുടെ സ്വീകരണ കേന്ദ്രം പിന്നിട്ട് റോസിലേക്ക് കാലുകുത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഞങ്ങളെ വരവേറ്റത് കലമാനുകളുടെ ഒരു കൂട്ടമായിരുന്നു. മനുഷ്യരുമായി നന്നായി ഇണങ്ങിയ മാന്‍പേടകള്‍ യാതൊരു കൂസലുമില്ലാതെ തെങ്ങിന്‍തോപ്പുകള്‍ക്കും മരക്കൂട്ടങ്ങള്‍ക്കുമിടയിലൂടെ തുള്ളിച്ചാടി നടക്കുന്നു. മാനുകളെപോലെ മയിലുകളുടെ വിഹാര കേന്ദ്രം കൂടിയാണ് റോസ്.
ആള്‍പ്പാര്‍പ്പില്ലാത്ത തെങ്ങുകളും വിവിധയിനം കൂറ്റന്‍ മരങ്ങളും ചൂരല്‍ക്കാടുകളും ഈന്ത് മരങ്ങളുമൊക്കെ ഇടതൂര്‍ന്ന് വളര്‍ന്ന ഹരിതഭൂമി ആരെയും വല്ലാതെ ആകര്‍ഷിക്കും.
ചരിത്രമുറങ്ങുന്ന മണ്ണ് എന്നത് വെറും വാക്കല്ലെന്ന് ദ്വീപുകളുടെ റാണിയായി ജ്വലിച്ചുനിന്ന റോസില്‍ എത്തിയപ്പോള്‍ തന്നെ മനസ്സിലായി. കാലം പരിക്കേല്‍പ്പിച്ച പാടുകള്‍ ചരിത്രസ്മൃതിയായി കണ്ണുകള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കുന്നു.
രാജകീയ പ്രൗഢിയോടെ ബ്രിട്ടീഷ് യജമാനന്മാര്‍ക്ക് പറുദീസയൊരുക്കിയ കെട്ടിട സമുച്ചയങ്ങളുടെ അവശേഷിപ്പുകള്‍ ആരെയും അദ്ഭുതപ്പെടുത്തും. തകര്‍ന്ന കെട്ടിടച്ചുമരുകള്‍ക്കുമേല്‍ വേരുകളാഴ്ത്തി വന്‍മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നത് ആശ്ചര്യത്തോടെയേ കണ്ടുനില്‍ക്കാനാവൂ. ഒന്നും രണ്ടുമല്ല, ചെറുതും വലുതുമായി തലങ്ങും വിലങ്ങും ഒട്ടനവധി കെട്ടിടങ്ങള്‍ക്കുമേല്‍ പച്ചക്കുട നിവര്‍ത്തിയ മരങ്ങളുണ്ട്. പഴയ ചരിത്രമന്ദിരങ്ങളെ ഒരര്‍ത്ഥത്തില്‍ ഇന്നും സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ കോളിപ്പടര്‍പ്പുകളാണ്.
1941 ജൂണ്‍ 26-ന് വൈകീട്ട് ഉണ്ടായ ശക്തമായ ഭൂമികുലുക്കത്തിലും 1942 മാര്‍ച്ചില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പ് സൈന്യം നടത്തിയ ബോംബാക്രമങ്ങളിലും തുടര്‍ന്നുള്ള നശീകരണ പ്രവര്‍ത്തനങ്ങളിലും കാര്യമായ കേടുപാടുകള്‍ റോസ് ദീപില്‍ ഉണ്ടായി.
ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ നിലംപരിശായി. 1945-ല്‍ വീണ്ടും ബ്രിട്ടന്റെ അധീനതയിലായ അന്തമാന്‍ നിക്കോബാറിന്റെ ആസ്ഥാനം റോസില്‍ നിന്നും പോര്‍ട്ടുബ്ലയറിലെ അബര്‍ഡീനിലേക്കുമാറ്റിയതു മുതലാണ് റോസിന്റെ ഐശ്വര്യം കെട്ടടങ്ങിയത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം നമ്മുടെ ഭരണാധികാരികള്‍ റോസ്‌ഐലന്റിനെ ക്രൂരമായി അവഗണിക്കുകയായിരുന്നു.

ബ്രിട്ടീഷുകാരുടെ തലസ്ഥാന മാറ്റത്തോടെ റോസ് ശപിക്കപ്പെട്ട മണ്ണാണെന്നും കടലിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു ദ്വീപാണതെന്നുമുള്ള കിംവദന്തി അന്തമാനില്‍ പടര്‍ന്നിരുന്നുവത്രേ. അതോടെ റോസ് അക്ഷരാര്‍ത്ഥത്തില്‍ പ്രേതഭൂമിയായി. കുറേകെട്ടിടങ്ങളുടെ മരസാമഗ്രികളും കല്ലുകളും ഇരുമ്പ് കമ്പികളും മറ്റും ഇളക്കിയെടുത്ത് ആദ്യം ജപ്പാന്‍കാരും സ്വാതന്ത്ര്യത്തിനുശേഷം പ്രാദേശിക ഭരണകൂടവും മറ്റ് ദ്വീപുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചു. കുറേ സാധനങ്ങള്‍ തദ്ദേശീയരായി മാറിയ ദ്വീപുവാസികളും കടത്തി. 1979-ല്‍ തന്ത്രപ്രധാനമായ ഈ ദ്വീപിന്റെ നിയന്ത്രണം നാവികസേന ഏറ്റെടുക്കുന്നതുവരെ തീര്‍ത്തും അനാഥമായിതന്നെ റോസ് കിടന്നു. അടുത്തിടെയാണ് നാവികസേനയുടെ നിയന്ത്രണത്തില്‍ ചില പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും മോടിപിടിപ്പിക്കല്‍ യജ്ഞങ്ങളും മറ്റും നടന്നത്.
നിത്യേന നൂറുകണക്കിന് സഞ്ചാരികളാണ് ഓരോ സീസണിലും റോസിലെത്തുന്നത്. പോര്‍ട്ട്ബ്ലയറിന്റെ കിഴക്കന്‍ പ്രവേശനകവാടം എന്നു വിളിക്കപ്പെടുന്ന റോസിന് ഏകദേശം 70 ഏക്കര്‍ വിസ്തൃതിയേയുള്ളൂ.
കോളനിവല്‍ക്കരണ ശ്രമത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം ലഫ്റ്റ്‌നന്റ് ആര്‍ച്ചിബാള്‍ഡ് ബ്ലയറിന്റെ നേതൃത്വത്തിലുള്ള പഠനസംഘം 1789-ലാണ് പോര്‍ട്ടുബ്ലയറിലും സമീപത്തെ ചാഥം, റോസ് ദ്വീപുകളിലും എത്തുന്നത്. കൊടും കാടുകള്‍ നിറഞ്ഞ ഈ ദ്വീപുകളില്‍ അപരിഷ്‌കൃതരായ ആദിമ ഗോത്രവര്‍ഗ്ഗങ്ങളായിരുന്നു അന്ന് അധിവസിച്ചിരുന്നത്. അക്കാലത്ത് തന്നെ കാടുകള്‍ വെട്ടിത്തെളിച്ച് വാസയോഗ്യമാക്കാനുള്ള പരിശ്രമങ്ങള്‍ റോസില്‍ നടന്നു. ആറേഴുവര്‍ഷം ഇന്ത്യയില്‍ നിന്നും തടവുകാരെയും തൊഴിലാളികളെയും കൊണ്ടുവന്ന് പലവിധ പരിശ്രമങ്ങളും നടത്തിയെങ്കിലും പകര്‍ച്ചവ്യാധികള്‍ പിടിപെട്ടും കാട്ടുമനുഷ്യരുടെ ഒളിയാക്രമണങ്ങളാലും ആളുകള്‍ മരിച്ചുവീഴാന്‍ തുടങ്ങിയപ്പോള്‍ 1796-ല്‍ കോളനി സ്ഥാപനശ്രമം ഈസ്റ്റിന്ത്യാ കമ്പനി ഉപേക്ഷിച്ചു. 60 വര്‍ഷങ്ങള്‍ക്ക് ശേഷം 1857-ലെ ഒന്നാംസ്വാതന്ത്ര്യ സമരമാണ് ബ്രിട്ടീഷ് ഭരണകൂടത്തെ ‘കാലാപാനി’ എന്ന വിദൂര കടല്‍ ദേശത്തെക്കുറിച്ച് വീണ്ടും ഓര്‍മ്മിപ്പിച്ചത്. വിപ്ലവകാരികളായ ഇന്ത്യന്‍ സമരഭടന്മാര്‍ക്ക് നരകം സമ്മാനിക്കുന്ന ക്രൂരതയുടെ തടവറ ഒരുക്കുക എന്ന ലക്ഷ്യം അവര്‍ യാഥാര്‍ത്ഥ്യമാക്കി. 1858-ല്‍ ഇന്ത്യന്‍ തടവുകാരെ നാടുകടത്താനുള്ള കേന്ദ്രമായി അന്തമാന്‍ മാറി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഈ ദ്വീപുകളെ ജനവാസയോഗ്യമാക്കി കോളനി വിപുലീകരിക്കുക എന്ന ലക്ഷ്യവും പിന്നീട് ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായി.
ഡോ. ആര്‍ച്ചിബാള്‍ഡ് ബ്ലയറിന്റെകൂടെ അന്തമാന്‍ സര്‍വ്വേചെയ്യാന്‍ ആദ്യമെത്തിയ സംഘത്തിലെ മറൈന്‍ സര്‍വ്വേയര്‍ സര്‍ ഡാനിയേല്‍ റോസിന്റെ പേരാണ് ഈ ബീച്ചിന് പിന്നീട് നല്‍കിയത്.
ജട്ടിയില്‍ നിന്നും കരയിലേക്കുള്ള കോണ്‍ക്രീറ്റ് പാത ചെന്നുമുട്ടുന്നത് റോസിലെ പഴയ രാജവീഥിയിലേക്കാണ്. പ്രധാന വീഥിയില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് ചെറുറോഡുകള്‍ നീളുന്നു.
നാവിക സേനയുടെ നേതൃത്വത്തില്‍ റോസിന്റെ ചരിത്രവും പഴയകാല ചിത്രങ്ങളും മാപ്പുകളുമൊക്കെ പ്രദര്‍ശിപ്പിക്കുന്ന ‘സ്മൃതിക’ എന്ന മ്യൂസിയം വലതു ഭാഗത്ത് കടലോരത്ത് കാണാം. വഴിയോരത്തെ ഇളനീര്‍ വില്പന കേന്ദ്രങ്ങള്‍ക്കപ്പുറം ചായയും ലഘുപാനീയങ്ങളും വില്ക്കുന്ന ചെറിയൊരു കടയും റോസിന്റെ പ്രവേശന കവാടത്തിന് എതിരായുണ്ട്. ഓരോ ബില്‍ഡിംഗിന്റെയും തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങളുടെ മുന്നില്‍ നെയിംബോര്‍ഡുകളുള്ളതും ഓരോ ജംഗ്ഷനിലും സമീപമുള്ള സ്ഥാപനങ്ങളെക്കുറിച്ച് സൂചനതരുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചതും സഞ്ചാരികള്‍ക്ക് ഏറെക്കുറെ റോസിന്റെ പ്രതാപകാലത്തെക്കുറിച്ചുള്ള അറിവുകള്‍ തരുന്നു.
എന്നാല്‍ റോസിന്റെ മുകള്‍പരപ്പിലെ ചില കെട്ടിടങ്ങള്‍ക്കും തറയുടെ അവശിഷ്ടങ്ങള്‍ക്കും മുന്നില്‍ ഇത്തരം ബോര്‍ഡുകള്‍ ഇല്ലതാനും.
കിഴക്കിന്റെ പാരീസ് എന്ന് റോസിനെ ബ്രിട്ടീഷുകാരും റോയല്‍ ഭരണകൂടവും വിശേഷിപ്പിക്കണമെങ്കില്‍ അക്കാലത്ത് അവിടത്തെ സൗകര്യങ്ങളും സൗന്ദര്യവും കാലാവസ്ഥയുമൊക്കെ എത്രമാത്രം ആകര്‍ഷകമായിരിക്കുമെന്ന് ഞാന്‍ റോസിലെ യാത്രാവേളയില്‍ ഓര്‍ത്തുപോയി.
ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രം, ഉന്നത ബ്രിട്ടീഷ്-ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ താമസസ്ഥലം തുടങ്ങിയ നിലകളിലൊക്കെ ശ്രദ്ധേയമായ പുരോഗതി അവിടെ ഉണ്ടായിരുന്നു എന്നു വിളിച്ചറിയിക്കുന്നതു തന്നെയാണ് അവശേഷിക്കുന്ന കാഴ്ചകള്‍.
തിയേറ്റര്‍ഹാള്‍, ടെന്നീസ് ഗ്രൗണ്ട്, വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെയും ഓഫീസര്‍മാരുടെയും ക്ലബുകള്‍, ബാര്‍, ടൈല്‍സ് പതിച്ച വിശാലമായ സ്വിമ്മിംഗ് പൂള്‍ തുടങ്ങിയവ വിവിധഭാഗങ്ങളില്‍ കാണാം. അപകട ഘട്ടങ്ങളില്‍ രക്ഷപ്പെടാന്‍ കടലിലേക്കു നീളുന്ന ഒരു തുരങ്കവും സ്വിമ്മിംഗ്പൂളിനു അടുത്തായുണ്ട്. ജര്‍മ്മന്‍ നിര്‍മ്മിതമായ കൂറ്റന്‍ ടാങ്കുകള്‍ സ്ഥാപിച്ച മിനറല്‍ വാട്ടര്‍ ടാങ്ക്, പവര്‍ഹൗസ്, ലൈറ്റ്ഹൗസ്, സപ്ലൈ ഓഫീസ്, ബെയ്ക്കറി, പ്രിന്റിംഗ് പ്രസ്സ്, ലൈബ്രറികള്‍, ഗോഡൗണ്‍, ബസാര്‍, സ്‌കൂള്‍, ചര്‍ച്ച്, ആശുപത്രി, ക്ഷേത്രങ്ങള്‍, സൈനിക ബാരക്കുകള്‍, പോസ്റ്റോഫീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, കൂറ്റന്‍ ബംഗ്ലാവുകള്‍ എന്നിവയുടെ തകര്‍ന്ന എടുപ്പുകള്‍, ദ്വീപിന്റെ വിവിധഭാഗങ്ങളിലായി കാണാം.
ഇന്ത്യാ ഭൂഖണ്ഡത്തിന്റെ വൈസ്രോയിമാരും ഉന്നത ഉദ്യോഗസ്ഥരും ബ്രിട്ടനിലെ ഉയര്‍ന്ന ഓഫീസര്‍മാരുമൊക്കെ പലവട്ടം അന്തിയുറങ്ങുകയും സന്ദര്‍ശിക്കുകയും ചെയ്ത ഗസ്റ്റ്ഹൗസുകളും, ചീഫ് കമ്മീഷണറുടെ കാര്യാലയവും റോസിലെ കൂറ്റന്‍ ചര്‍ച്ചിനു താഴെ വലതുവശത്തുള്ള ചെരിവിലാണ്. എല്ലാം തകര്‍ന്നടിഞ്ഞു കിടക്കുന്നു. 1943 ഡിസംബര്‍ 29-ന് ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ഔദ്യോഗികമായി ഉയര്‍ന്നുപാറിയത് ഇവിടെയാണ്. ജപ്പാന്റെ കൈയ്യില്‍ നിന്നും ആസാദ്ഹിന്ദ് സര്‍ക്കാരിന് ദ്വീപിന്റെ ഭരണം കൈമാറിക്കിട്ടിയപ്പോള്‍ നേതാജി സുഭാഷ്ചന്ദ്രബോസ് ഇവിടെ നേരിട്ടെത്തി ചീഫ് കമ്മീഷണറുടെ കാര്യാലയത്തിനുമുകളില്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സേനാനികളും ഐ.എന്‍.എ ഭടന്മാരും ജപ്പാന്‍ ഭരണകൂടവും നല്‍കിയ സ്വീകരണച്ചടങ്ങില്‍ അദ്ദേഹം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആവേശ്വോജ്വലമായ പ്രസംഗവും നടത്തി. ഈ ചരിത്രമുഹൂര്‍ത്തങ്ങളെപ്പറ്റി നമ്മുടെ ചരിത്ര പുസ്തകങ്ങളിലൊന്നും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത.
ദ്വീപിന്റെ മധ്യഭാഗത്ത് വിശാലമായ ഒരു കുളമുണ്ട്. കല്‍പ്പടവുകളില്ലാത്ത തടാകം കണക്കെ. നമ്മുടെ ധീരദേശാഭിമാനികള്‍ (തടവുകാര്‍) ചോര നീരാക്കി പണിതത്. ദ്വീപിലേക്കാവശ്യമായ ശുദ്ധജലം ഇവിടെ നിന്നാണ് വിതരണം ചെയ്തിരുന്നത്. തറയിലെമ്പാടും കൂറ്റന്‍ വേരുകള്‍ പടര്‍ത്തി അദ്ഭുതക്കാഴ്ചയൊരുക്കുന്ന ഒരു കൂറ്റന്‍ മരമുണ്ട് റോസിന്റെ മൂര്‍ത്തിയില്‍; കാലത്തിനു സാക്ഷിയായി.
തൊട്ടപ്പുറത്ത് വെള്ളപ്പടയുടെ സെമിത്തേരി. ഒട്ടേറെപ്പേരുടെ ഭൗതിക ദേഹങ്ങള്‍ അവിടെ അടക്കം ചെയ്തിരിക്കുന്നു. അവരുടെ പേരുവിവരങ്ങളും ഒപ്പമുണ്ട്. കൂട്ടത്തില്‍ 21 മണിക്കൂര്‍മാത്രം ജീവിച്ച ഒരാണ്‍കുഞ്ഞിന്റെ ശവകുടീരവും കണ്ടു. ഒരു നാവിക സേനാംഗത്തിന്റെ മകന്റെ കുടീരം.
1790-ല്‍ ഒന്നാമത്തെ പഠനസംഘം കോളനിവല്‍ക്കരണ ശ്രമങ്ങള്‍ക്കിടയില്‍ കുഴിച്ച കിണറുകള്‍ തകര്‍ന്നടിഞ്ഞ ആശുപത്രി കോമ്പൗണ്ടില്‍ ഇപ്പോഴും കാണാം. റോഡിന്റെ പടിഞ്ഞാറേതീരം സുന്ദരമായ ഒരു ബീച്ചാണ്. പഴയകാലത്ത് മദാമ്മമാരും സായിപ്പന്മാരും സൂര്യസ്‌നാനം നടത്തിയിരുന്ന വിശാലമായ പൂഴിപ്പരപ്പുകളുള്ള ബീച്ച്. സുനാമിക്ക് ശേഷം കടല്‍കയറി ഇവിടത്തെ പഴയ സൗന്ദര്യം നഷ്ടപ്പെട്ടുവത്രേ. തീരത്തോടുചേര്‍ന്ന മര്‍മ്മപ്രധാന ഭാഗങ്ങളിലെല്ലാം ജപ്പാന്‍ സേന സ്ഥാപിച്ച ബങ്കറുകള്‍ മറ്റൊരധിനിവേശ സ്മാരകമായി നിലകൊള്ളുന്നു.
മൂന്നു മണിക്കൂറിലധികം റോസ്ദ്വീപിലെ കാഴ്ചകള്‍ സാകൂതം കണ്ടറിഞ്ഞ് അന്തമാന്‍ പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയറും ചേര്‍ത്തല സ്വദേശിയുമായ നരേന്ദ്രന്റെ കൂടെ റോസിലെ കുന്നിറങ്ങുമ്പോള്‍ പേരറിയാ പക്ഷികളുടെ കളകൂജനങ്ങള്‍ കാതില്‍ വന്നലച്ചു, മയിലുകളുടെ കലപില ശബ്ദങ്ങള്‍കേട്ടു, പൂവരശ് പോലെ തോന്നിച്ച വലിയൊരുമരത്തിന്റെ ചില്ലയില്‍ ഇണകളായ മയിലുകള്‍ പ്രണയ ചാപല്യങ്ങളില്‍ ഏര്‍പ്പെടുന്നത് കണ്ടു. നട്ടുച്ചയിലും കുളിരുപകരുന്ന കാറ്റിലലിഞ്ഞ് ഞങ്ങള്‍ കിഴക്കിന്റെ പാരീസിനോട് വിടപറയാന്‍ ബോട്ടുജട്ടിയിലേക്ക് നടന്നു.