ചിത്രകൂട്: ഭാരതത്തിന്റെ സ്വത്വം ഹിന്ദുത്വമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ ചിത്രകൂടില്‍ നടന്ന ഹൈന്ദവ സമ്മേളനമായ ഹിന്ദു ഏകതാ മഹാകുംഭില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭേദഭാവനകള്‍ക്ക് അതീതമായി ഹിന്ദു സമാജം ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. സനാതനധര്‍മ്മം ഉപേക്ഷിച്ചു പോയവര്‍ നമ്മുടെ തന്നെ കുടുംബാംഗങ്ങളാണ്. അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. സമാജത്തെ സംഘടിപ്പിക്കാന്‍ ധര്‍മ്മപ്രചാരകന്മാര്‍ നിസ്വാര്‍ത്ഥതയോടെയും സേവാഭാവത്തോടെയും അവിശ്രമം പ്രവര്‍ത്തിക്കണം. പുതുതായി ആരും സനാതനധര്‍മ്മം ഉപേക്ഷിച്ചു പോകുന്നില്ലെന്ന് ഉറപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുധര്‍മ്മ സംരക്ഷണത്തിനായുള്ള പ്രതിജ്ഞയും ഡോ.മോഹന്‍ ഭാഗവത് ചൊല്ലിക്കൊടുത്തു.
മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടിയിലെ വിവിധ ഘട്ടങ്ങളിലായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, കവി കുമാര്‍ വിശ്വാസ്, മനോജ് തിവാരി എം.പി, ബോളിവുഡ് താരം അശുതോഷ് റാണ എന്നിവരും സംസാരിച്ചു. അഞ്ച് ലക്ഷത്തോളം പേര്‍ അണിനിരന്ന സമ്മേളനത്തില്‍ നിരവധി സന്യാസിമാരും ഹൈന്ദവ ആചാര്യന്മാരും പങ്കെടുത്തു.