സൗദിയിലെ ഭരണാധികാരികള്‍ക്ക് ജിന്ന് ബാധിച്ചോ എന്ന് ദേവബന്ദിലെ സുന്നി പണ്ഡിതന്മാര്‍ക്ക് കലശലായ സംശയം. ഈ ബാധ ഒഴിപ്പിക്കാനായി ഉറുക്കു മന്ത്രിച്ചുകെട്ടാനുള്ള തിരക്കിലാണവര്‍. സൗദി തബ്‌ലീഗ് ജമാഅത്തിനെ ഭീകരപ്രസ്ഥാനമെന്ന നിലയ്ക്ക് നിരോധിച്ചതാണ് ജിന്നുബാധയുടെ ലക്ഷണം. ചെറിയ ലക്ഷണങ്ങള്‍ വേറെയും കണ്ടിരുന്നു. ഫാഷന്‍, സംഗീതം, സിനിമ എന്നിവയോടുള്ള നിലപാട് സൗദി മാറ്റിത്തുടങ്ങി. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യമുള്‍പ്പെടെ നല്‍കി. ഒടുവിലിതാ വസ്ത്രത്തിലും ചിന്തയിലും വരെ ഇസ്ലാമികത നിഷ്‌കര്‍ഷിക്കുന്ന തബ്‌ലീഗിനെയും നിരോധിച്ചിരിക്കുന്നു. തബ്‌ലീഗ് ഭീകരവാദത്തിന്റെ കവാടമാണെന്നും അതുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും പള്ളികളില്‍ വെള്ളിയാഴ്ച്ച നിസ്‌കാരവേളയില്‍ നിഷ്‌കര്‍ഷിക്കണമെന്നും സൗദി മതകാര്യവകുപ്പ് കര്‍ശനമായി പറഞ്ഞിരിക്കയാണ്. ഈ ജിന്ന് ചില്ലറക്കാരനല്ല എന്നര്‍ത്ഥം. അതിനെ ഒഴിപ്പിക്കാന്‍ ഉറുക്കും മന്ത്രിച്ചവെള്ളം കൊടുക്കലും ഒന്നും പോര; ഹദ്ദടി തന്നെ വേണ്ടിവരും.
ലോകമെമ്പാടും ഇസ്ലാമിക ഭീകരവാദികള്‍ കൊലയും സ്‌ഫോടനവും നടത്തുമ്പോള്‍ തങ്ങള്‍ സുരക്ഷിതരാണ് എന്നു കരുതി അതിനു സാമ്പത്തികസഹായം നല്‍കിയത് സൗദിയിലെ പണക്കാരായിരുന്നു. എന്നാല്‍ സൗദിയില്‍ ബോംബു പൊട്ടാന്‍ തുടങ്ങിയതോടെ കളിമാറി എന്ന് ഭരണകൂടത്തിന് ബോധ്യമായി. ഭീകരര്‍ക്കെതിരെ നിലപാട് കടുപ്പിച്ചതോടെ പല ഭീകര സംഘടനകളും പ്രതിസന്ധിയിലായി. അന്വേഷണം ശക്തമായപ്പോഴാണ് സുന്നി ഭീകര സംഘടനകളുമായുള്ള തബ്‌ലീഗ് ബന്ധം പുറത്തായത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെയുള്ളവരുടെ തബ്‌ലീഗ് പശ്ചാത്തലം പുറത്തായി. പുറത്തു ഭികരവാദ വിരോധം പറയുന്ന തബ്‌ലീഗ് ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്നു ബോധ്യപ്പെട്ടതോടെയാണ് സൗദി നിരോധിച്ചത്. തബ്‌ലീഗിന്റെ തലയ്ക്കടിയേറ്റപ്പോള്‍ വേദനിച്ചത് ദേവബന്ദിലെ സുന്നി പണ്ഡിതര്‍ക്കാണ്. ദേവബന്ദിന്റെ ഉല്പന്നമാണ് വഹാബി പ്രസ്ഥാനമായ തബ്ലീഗ്. അതിന്റെ ആറു തത്വങ്ങളില്‍ ഒന്നു മതംമാറ്റമാണ്. ഇസ്ലാമിന്റെ ഈറ്റില്ലമായ സൗദി പോലും നിരോധിക്കുന്ന ഭീകരപ്രസ്ഥാനത്തെ പാലൂട്ടുന്നത് ഭാരതത്തിലെ മതപണ്ഡിതവിഭാഗമാണെന്നത് നിസ്സാരമായി തള്ളിക്കളയേണ്ടതാണോ?