കൊച്ചി: സമാജത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായം എത്തിക്കാന്‍ അഭിഭാഷകര്‍ മുന്നോട്ടു വരണമെന്ന് ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു. കൊച്ചിയില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കാര്യാലയത്തിന്റെയും നിയമപഠന ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. കാലതാമസം കൂടാതെ കേസുകള്‍ കോടതികളില്‍ എടുപ്പിക്കാന്‍ അഭിഭാഷകര്‍ തയ്യാറാവണം. സമാജത്തിന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയുള്ളതാണ് കോടതികള്‍. അതിനാല്‍ അത് എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിക്കുന്നതാകണം. കോടതി ഭാഷകള്‍ എല്ലാവര്ക്കും മനസ്സിലാകുന്നതിന് പ്രാദേശിക ഭാഷകള്‍ക്ക് ഊന്നല്‍ നല്‍കണം. നിരപരാധികളായ ആയിരക്കണക്കിന് ആളുകള്‍ രാജ്യത്തെ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് കിടക്കുന്നുണ്ട്. ഇവരെ കണ്ടെത്തി നിയമസഹായം നല്കാന് അഭിഭാഷകര്‍ തയ്യാറാവണമെന്നും ഭയ്യാജി ജോഷി പറഞ്ഞു.
ദേശീയതയിലടിയുറച്ച മൂല്യബോധമുള്ള അഭിഭാഷകരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആര്. രാജേന്ദ്രന് പറഞ്ഞു. അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. രാജേന്ദ്രന് അധ്യക്ഷനായി. ദേശീയ വര്‍ക്കിങ് വൈസ് പ്രസിഡന്റ് അഡ്വ.കെ. ശ്രീനിവാസ മൂര്‍ത്തി, ജനറല്‍ സെക്രട്ടറി അഡ്വ.ഡി. ഭരത് കുമാര്‍, സ്ഥാപക പ്രസിഡന്റ് അഡ്വ. ഗോവിന്ദ് കെ. ഭരത്, മുന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ.പി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.