ഒന്നിച്ചു നില്‍ക്കണം എന്ന് പറയുന്നവര്‍ വര്‍ഗീയവാദികള്‍ ; ഭിന്നിച്ചു നില്‍ക്കണം എന്ന് പറയുന്നവര്‍ മതേതരവാദികള്‍! ഇതാണ് നമ്മുടെ ദേശീയ രാഷ്ട്രീയത്തിന്റെ സ്വഭാവ വൈകൃതം. നവംബര്‍ 26ന് നോയിഡയില്‍ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ആര് എസ് എസ് സര്‍സംഘചാലക് ഡോക്ടര്‍ മോഹന്‍ ഭാഗവത് പറഞ്ഞത് വിഭജനം ഒന്നിനും പരിഹാരമല്ലെന്നും വിഘടിച്ചു നില്‍ക്കുന്നതിനെ സംയോജിപ്പിക്കുന്നതാണ് ദേശീയ ചുമതല എന്നുമാണ്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുക എന്നതിലാണ് പരമ്പരാഗത ഭാരതത്തിന്റെ ആശയ സത്ത കുടികൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നമ്മുടെ മതേതര രാഷ്ട്രീയക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും മോഹന്‍ ഭാഗവത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആളും വര്‍ഗീയവാദിയും ആണ്. ഭാരതത്തിലെ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പൊതു പൈതൃകമാണ് ഉള്ളതെന്നും മുസ്ലിങ്ങള്‍ക്ക് ഭാരതത്തില്‍ ജീവിക്കാന്‍ പറ്റില്ല എന്നു പറയുന്നവര്‍ ഹിന്ദുക്കള്‍ അല്ല എന്നും കഴിഞ്ഞ ജൂലായ് മാസത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് കെട്ടുകെട്ടിക്കാന്‍ ശ്രമിക്കുന്നവരാണ് ആര് എസ് എസുകാര്‍ എന്നാണ് ഹിന്ദുത്വ വിരുദ്ധരുടെ വാദം.
ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സംവാദം ഉണ്ടാകുന്നത് പോലും സഹിക്കാത്ത ഹിന്ദുത്വ വിരുദ്ധര്‍ മുസ്ലിങ്ങളെ ആര് എസ് എസ് ഉമ്മാക്കി കാട്ടി ഭയപ്പെടുത്തുന്നത് തങ്ങളുടെ മതേതര കടമയായി അഭിമാനിക്കുന്നു. ഏതെങ്കിലും മുസ്ലിം നേതാവ് ഹിന്ദു സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയാല്‍ അയാളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഇവിടെ പതിവാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലടിച്ച് തലകീറി ബദ്ധവൈരികളായി കഴിഞ്ഞാലേ ഇക്കൂട്ടര്‍ക്ക് തടിച്ചു കൊഴുക്കാനാകൂ. അതിനാല്‍ ഡോ. മോഹന്‍ ഭാഗവത് അവര്‍ക്കുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.