മറ്റു രോഗികളുടെ പരിചരണത്തിനായി വൈദ്യര്‍ പോയി. സഹവൈദ്യന്മാര്‍ ഇടയ്ക്കിടെ വന്ന് കണ്‍കെട്ടിലെ തൈലത്തിന്റെ ഉണക്കം പരിശോധിച്ചു കൊണ്ടിരുന്നു. ചില രോഗികളും കൂട്ടിരിക്കുന്നവരും അടുത്ത കെട്ടിടത്തിന്റെ വരാന്തയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോഴാണ് നേരം ഉച്ചയായി എന്ന് മാധവിക്ക് മനസ്സിലായത്.
ജനലിനപ്പുറത്തുനിന്ന് ഉച്ചക്കാറ്റ് അകത്തേക്ക് ഇടയ്ക്കിടെ വീശിയടിക്കുന്നതിന്റെ ആശ്വാസത്തില്‍ വേലായുധന്‍ മയങ്ങുകയാണ്.
വൈദ്യര്‍ വന്നപ്പോള്‍ മാധവി ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റു. അദ്ദേഹം വേലായുധന്റെ നെറ്റിയില്‍ തലോടി. മൂര്‍ദ്ധാവില്‍ അമര്‍ത്തിത്തിരുമ്മി. വേലായുധന്‍ മയക്കം വിട്ടുണര്‍ന്നു.
‘എഴുന്നേല്‍ക്ക്, നമുക്ക് നോക്കാം’.
വേലായുധന്‍ എഴുന്നേറ്റിരുന്നു. മാധവി അടുത്തേക്ക് വന്നു.
വൈദ്യര്‍ വേലായുധന്റെ തലയ്ക്കു പിറകിലെ നാടയുടെ കെട്ട് കത്രികകൊണ്ട് അറുത്തു. ചുറ്റുകള്‍ ഓരോന്നായി അഴിച്ചു.
അടുത്തുള്ള പള്ളിയില്‍ നിന്ന് ളുഹര്‍ വാങ്ക് മുഴങ്ങി. വിജയത്തിന്റെയും അതിജയത്തിന്റെയും ശബ്ദായമാനമായ അടയാളം. മഹത്തായൊരു ആരാധനാ കര്‍മ്മത്തിന് സത്യവിശ്വാസികളൊരുങ്ങി. അല്ലാഹു പ്രവാചകനില്‍ കൂടി മണ്ണിലേക്കെത്തിച്ച ശബ്ദം.
‘ഹയ്യ അലല്‍ ഫലാഹ്….’
‘വിജയത്തിലേക്ക് വരൂ എന്നതാണ് അതിന്റെ അര്‍ത്ഥം. സത്യം വിജയിക്കുക തന്നെ ചെയ്യും. നമ്മുടേത് സത്യത്തിന്റെ പാതയല്ലേ’. വൈദ്യര്‍ ചുരുളുകളെല്ലാം അഴിച്ചു മാറ്റി. ഇരുകണ്ണുകള്‍ക്കും മീതെയുള്ള മരുന്നിന്‍ ശകലങ്ങള്‍ പറിച്ചെടുത്തു.
മാധവി വിറയാര്‍ന്ന കൈകള്‍ മേശയിലമര്‍ത്തി. ശരീരഭാരം കൈകളിലേക്ക് ഊന്നി. കണ്ണുകളടച്ചു.
‘കണ്ണുതുറക്കൂ’. വേലായുധനെ മാധവിക്ക് അഭിമുഖമായിരുത്തി വൈദ്യര്‍ അയാളോട് പറഞ്ഞു. മിഴികള്‍ വിറച്ചു. പോളകളില്‍ കനം തൂങ്ങിക്കിടക്കുന്നു. ബലമായി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ മരുന്നിന്റെ പശിമയാര്‍ന്ന അവശേഷിപ്പുകളില്‍ അവ ചേര്‍ന്നുതന്നെ നിന്നു. വൈദ്യര്‍ അല്പം പഞ്ഞിയെടുത്ത് വെള്ളത്തില്‍ മുക്കി തുടച്ചു കൊടുത്തു.
‘ശ്രമിക്കൂ’.
കൈകളിലെ വിറയല്‍ മാധവിയുടെ മേലാകെ പടര്‍ന്നു. കണ്ഠമിടറി.
ഒട്ടിനില്‍ക്കുന്ന കണ്‍പോളകളെ ബലമായി അകത്തിയപ്പോള്‍ വെളിച്ചം ആര്‍ത്തിരമ്പി ഉള്ളിലേക്ക് കയറി. വേലായുധനൊന്ന് പിടഞ്ഞു. നിമിഷാര്‍ദ്ധംകൊണ്ട് വീണ്ടും ഇറുക്കിയടച്ചു.
‘പതുക്കെ ഒന്നുകൂടെ’.
വേലായുധന്‍ പതുക്കെ തുറന്നു. മുന്നില്‍ മങ്ങിയ മനുഷ്യരൂപം. ആ രൂപം മാധവിയുടേതായി വ്യക്തത കൈവരിക്കവേ പിറകില്‍ ജനാലയുടെ മങ്ങലുള്ള ചതുരക്കളം.
‘കാണുന്നുണ്ട് ‘.വേലായുധന്‍ തലതിരിച്ചു. വൈദ്യര്‍ ചിരിച്ചു. മാധവി കൈകള്‍ കൂപ്പി മുകളിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുകയാണ്. ഇപ്പോള്‍ ദൃശ്യവ്യക്തത വന്ന ജനാലയ്ക്കപ്പുറം പച്ചവിരിയിട്ട വയല്‍, നീലാകാശം.
‘ആയുര്‍വേദം ജീവന്റെ അറിവാണ്. ഉയിരറിവ്. ഉയിര് സത്യമാണ്. അതിനാല്‍ സത്യത്തിന്റെ അറിവാണ്’. വൈദ്യര്‍ വേലായുധനെ മാറിലേക്കമര്‍ത്തി മാധവിയോട് പറഞ്ഞു. മാധവി വൈദ്യരുടെ കാലില്‍പിടിച്ച് വിതുമ്പി. അവരെ പിടിച്ചെഴുന്നേല്‍പ്പിച്ച് വൈദ്യര്‍ തുടര്‍ന്നു. ‘ ആരെയെങ്കിലും കാട്ടാനുണ്ടെങ്കില്‍ ഇന്ന് തന്നെ കാണിച്ചുകൊടുക്കുക. അതിനുശേഷം മൂന്നു ദിവസം പാതി ഇരുട്ടുള്ള മുറിയില്‍ വിശ്രമിക്കട്ടെ’.
രണ്ടുപേരും തലയാട്ടി.
മരുന്നിന്റെ കുറിപ്പടികളും ഭക്ഷണത്തിലെ പത്ഥ്യവും എഴുതിവാങ്ങി പുറത്തേക്കിറങ്ങി. മരുന്നു കൗണ്ടറില്‍നിന്ന് വേണ്ടതൊക്കെ വാങ്ങി പടിയിറങ്ങുമ്പോള്‍ പിറകില്‍ നിന്നും വൈദ്യര്‍ വേലായുധനെ വിളിച്ചു. രണ്ടുപേരും തിരിഞ്ഞുനോക്കി.
‘അറിഞ്ഞോ’.
വൈദ്യരുടെ ചോദ്യത്തിലെ സങ്കടക്കലര്‍പ്പ് തിരിച്ചറിഞ്ഞ് വേലായുധന്‍ വൈദ്യര്‍ക്ക് നേരെ രണ്ടടി വെച്ചു.
‘കേളപ്പജി അന്തരിച്ചു’.
പ്രധാനവാര്‍ത്തയുടെ വെളുത്ത അക്ഷരങ്ങളിലുള്ള തലക്കെട്ടിനെ കറുത്ത ചതുരം പൊതിഞ്ഞുനിന്നു. കോഴിക്കോട് ഗാന്ധിഗൃഹത്തിലെ ഓഡിറ്റോറിയത്തില്‍ മൃതദേഹം കാണാന്‍ തടിച്ചുകൂടിയ ജനാവലിയുടേയും ഗാന്ധിആശ്രമത്തില്‍ ചുറ്റുമിരുന്ന് വിലപിക്കുന്നവരുടേയും ചിത്രങ്ങള്‍ താഴെ. ഉള്‍പ്പേജുകള്‍ നിറയെ ആ ജീവിത തപസ്സിന്റെ കഥകള്‍. സത്യാന്വേഷകന്റെ വഴിത്താരകള്‍.
ആ പ്രഭാതത്തില്‍ തവനൂര്‍ കാത്തുനില്‍ക്കുകയാണ്. മാധവിയോടൊപ്പം താനും.
വേലായുധന്‍ പത്രം മടക്കി പിറകിലുള്ള കസേരയിലേക്കിട്ടു. മൃതദേഹം വഹിച്ച ലോറി ശാന്തികുടീരത്തിനു മുന്നില്‍ വന്നു നിന്നു. അലങ്കരിച്ച ലോറിയില്‍നിന്ന് കുഞ്ഞിരാമന്‍ കിടാവും ഗോവിന്ദനും മറ്റു നാലഞ്ചാളുകളും ഇറങ്ങി. നനഞ്ഞ കണ്ണുകള്‍, ഇടറുന്ന കണ്ഠങ്ങള്‍.
ഉപവാസമനുഷ്ഠിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തപശ്ശക്തിയോടെ കിടന്ന അതേ ആറടി നീളത്തില്‍ കേളപ്പജി ചേതനയറ്റു കിടന്നു. ആ കിടപ്പ് കാണാന്‍ മന്ദമൊഴുകുന്ന വരിയിലേക്ക് വേലായുധന്‍ കയറി. പിറകില്‍ മാധവിയും. കണ്ണുകളടച്ചു, മുന്നില്‍ നീങ്ങുന്നയാളെ പിന്തുടര്‍ന്നു. മൃതദേഹത്തിനു മുന്നിലെത്തിയെന്നറിഞ്ഞപ്പോള്‍ കണ്ണുകള്‍ തുറന്നു.
വേലായുധന്‍ കേളപ്പജിയെ കണ്ടു.
നിളാതീരത്ത് കുഞ്ഞിരാമന്‍ കിടാവ് കൊളുത്തിയ തീയില്‍ ആ ഭൗതികശരീരം ദഹിക്കുന്നത് കാണാന്‍ വേലായുധന്‍ പോയില്ല. കെ.പി.കേശവമേനോന്‍, തായാട്ട് ബാലന്‍, എന്‍.പി ദാമോദരന്‍, എസ്.വി.ഗോവിന്ദന്‍. കണ്ണുകളെല്ലാം കലങ്ങിയിരിക്കുന്നു.
വെള്ളപൂശിയ തലമുടി, കാതുകളില്‍ കറുത്തുനീണ്ട രോമങ്ങള്‍, യൗവനത്തിളക്കമുള്ള മുഖം, വട്ടക്കഴുത്തുള്ള അരക്കൈ കുപ്പായം, ചുമലിലെ ഖാദിയുടെ കുഞ്ഞു രണ്ടാംമുണ്ട്. ആ ചിത്രം ആദര്‍ശ ധീരതയുടെ പ്രതീകമായി മനസ്സുകളില്‍ വരയ്ക്കപ്പെട്ടു.
വേലായുധന്റെ ചിന്തകള്‍ ആ വരകള്‍ക്കുള്ളില്‍ ഒതുങ്ങി.
ഭാരതപ്പുഴയും അകലാപ്പുഴയും ആ വിയര്‍പ്പുമണത്തെ സ്വന്തമെന്ന് വിശ്വസിച്ച് കാലത്തിലൂടെ ഒഴുകി. കറുത്ത കൈകള്‍ പിടിച്ച് ശ്രീകോവിലിനു മുമ്പിലേക്ക് നടന്ന ധീരതയെക്കുറിച്ചോര്‍ത്തുകൊണ്ട് കടമ്പഴിപ്പുറത്തെ പുലാപ്പറ്റ ഗ്രാമവും മുചുകുന്നും കീഴൂരും കാലങ്ങള്‍ നീക്കി.
കേളപ്പജിയില്ലാത്ത കേരളത്തെ കാലം സഹതാപം കൊണ്ട് വരിഞ്ഞു.
കുഞ്ഞിക്കൊട്ടന്‍ കിടപ്പിലാണെന്നറിഞ്ഞ് അയാളെ വീട്ടില്‍ സന്ദര്‍ശിക്കാനിറങ്ങിയ സായാഹ്നത്തിലാണ് വയലിനു നടുവില്‍ നിരവധി മുറികളുള്ള കെട്ടിടം പുത്തന്‍ നിറങ്ങളണിഞ്ഞ് നില്‍ക്കുന്നത് ശ്രദ്ധിച്ചത്. വല്ലപ്പോഴും പുറത്തിറങ്ങിമ്പോള്‍ വയലില്‍ എന്തോ പണി നടക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇത്രയും വലിയ കെട്ടിടമായി അത് പരിവര്‍ത്തനം ചെയ്തത് കഴിഞ്ഞ ഒരു മാസം കൊണ്ടാണ്. ഒരു മാസമായി തങ്ങള്‍ പുറത്തിറങ്ങാത്തതെന്ന് മാധവി വേലായുധനോടു പറഞ്ഞു.
‘മധ്യപൗരസ്ത്യ ദേശങ്ങളില്‍ നിന്നും പണമൊഴുകുന്നുണ്ട്. നാടെമ്പാടും പുത്തന്‍പള്ളികളും മത പാഠശാലകളും പെരുകുകയാണ്’.
ശരിയായിരുന്നു. അങ്ങിങ്ങായി കെട്ടിടങ്ങള്‍, മിക്കതും ഒരേ നിറത്തിലുള്ളവ, തങ്ങളുടെ പഴയ വഴികളെയെല്ലാം തെറ്റിക്കും വിധം നിരന്നു നില്‍പ്പുള്ളതായി ചിലപ്പോഴൊക്കെയുള്ള യാത്രകളില്‍ വേലായുധനും മാധവിയും കണ്ടു. വീടുകള്‍ ആരാധനാലയങ്ങളെന്നു തോന്നിപ്പിക്കും വിധം വളര്‍ന്നു വരുന്നു. അവയെ നിഗൂഢമാക്കി നിര്‍ത്തി അടഞ്ഞുകിടക്കുന്ന ഗേറ്റുകള്‍.
വീടുകളെപ്പോലെ ആകമാനം മൂടുന്ന വേഷപ്പകര്‍ച്ചയോടെ സ്ത്രീകള്‍.
പട്ടണത്തില്‍ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ ഒരിക്കല്‍ കവലയിലെ ആള്‍ക്കൂട്ടത്തെ കണ്ട് വേലായുധന്‍ അടുത്തേക്കു പോയി. ഒരാള്‍ വേലായുധനു നേരെ വന്ന് എന്തോനീട്ടി. ലഡുവാണ്. അതു വാങ്ങി വേലായുധന്‍ ചോദിച്ചു. ‘എന്താ കാര്യം?’
‘അറിഞ്ഞില്ലേ, ഇറാനില്‍ ഇസ്ലാമിക വിപ്ലവം. ഖൊമൈനി അധികാരത്തിലെത്തി’. അവര്‍ ആഹ്ലാദത്തിന്റെ മുദ്രാവാക്യങ്ങളുതിര്‍ക്കവേ വേലായുധന്‍ തിരിഞ്ഞു നടന്നു.
തിന്മയ്ക്കു നേരെ നന്മയുടെ പക്ഷം ചേര്‍ന്ന് പൊരുതാന്‍ ആഹ്വാനം ചെയ്ത സൊരാഷ്ട്രരുടെ വേരുകളാഴ്ന്ന മണ്ണ്. വിശുദ്ധഗ്രന്ഥമായ അവെസ്‌തെയിലെ ആര്യാനാം വജേഹ്. പേര്‍ഷ്യന്‍ ഭാഷയിലെ എറാന്‍ വേജ്, പാര്‍ത്ഥിപന്‍മാരുടേയും സസ്സാനിയന്‍മാരുടേയും പേര്‍ഷ്യ, എണ്ണവിറ്റ് ആധുനിക വികാസം കൊയ്യാനൊരുങ്ങുന്ന ഇറാന്‍.
ചിന്തകളെ കൂട്ടുപിടിച്ച് വേലായുധന്‍ പുതിയ വഴിയിലൂടെ നടന്നു.
ഇറാനിലെ മതവിപ്ലവത്തിന് ഇങ്ങ് ഏറനാട്ടില്‍ ഓളങ്ങളുയരുന്നു.
കേളപ്പജി പറഞ്ഞുവെച്ചത് സത്യമാവുകയാണ്. തങ്ങളിലേക്കു ചുരുങ്ങുന്ന ആഘോഷങ്ങള്‍, ചിന്തകള്‍, വേഷങ്ങള്‍ ചുറ്റും പെരുകുകയാണ്.
അശീതി പിന്നിട്ടുവെന്ന കാരണത്തിനൊപ്പം നാടിന്റെ നീക്കത്തെക്കുറിച്ചുള്ള വേവലാതികളും കോറിയിട്ട ചുളിവുകള്‍ സ്വന്തം ദേഹത്തെ പൊതിഞ്ഞു തുടങ്ങിയത് വേലായുധനെ അസ്വസ്ഥപ്പെടുത്തി.
വേലായുധന്‍ ചുറ്റും കണ്ണോടിച്ചു. കേളപ്പജിയുടെ ഓര്‍മ്മകളല്ലാതെ അസ്വസ്ഥതകളില്‍ നിന്നുള്ള മോചനത്തിനായി മറ്റൊന്നുമില്ല. തവനൂരില്‍ ഫെബ്രുവരിയില്‍ നടക്കുന്ന സര്‍വ്വോദയ മേളകളില്‍ വേലായുധനും മാധവിയും കേളപ്പജിയുടെ സാന്നിധ്യം തേടി. എല്ലാം ചടങ്ങുകളാവുകയാണോ?
കേളപ്പജിയുടെ മരണശേഷം മുടങ്ങാതെ അഞ്ചാം വര്‍ഷവും മേളയ്ക്കു കൂടാന്‍ തിരുനാവായയിലെത്തിയപ്പോള്‍ വേലായുധന്‍ മാധവിയോട് പറഞ്ഞു. ‘പുഴയ്‌ക്കെന്താ ഒരു മൗനം?’
‘എന്തിനാണിങ്ങനെ ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത്. പുഴയ്‌ക്കൊരു കുഴപ്പവുമില്ല’. സമ്മതിക്കില്ലെന്ന അര്‍ത്ഥത്തില്‍ തലകുലുക്കി വേലായുധന്‍ തോണിയിലേക്ക് കയറി.
ഉദ്ഘാടനച്ചടങ്ങിലും ശാന്തിയാത്രയിലും മൗനത്തിന്റെ പുതപ്പണിഞ്ഞ് രണ്ടു പേരും പിറകിലായിരുന്നു.
കൊച്ചു കൊച്ചു സ്റ്റാളുകളില്‍ വിളിച്ചുചൊല്ലലുകള്‍, വില്പനകള്‍, വിലപേശലുകള്‍. കരകൗശല വസ്തുക്കള്‍, ഖാദി കൈത്തറി തുണിത്തരങ്ങള്‍, മണ്‍പാത്രങ്ങള്‍. ഇരുമ്പായുധങ്ങള്‍ വില്‍ക്കുന്ന സ്റ്റാളിനകത്തേക്ക് നോക്കി മാധവി പറഞ്ഞു. ‘ഇവിടുത്തെ പഴയ പരിചയക്കാരനാണ്. ഒന്നു മിണ്ടിയിട്ട് പോകാം’.
രണ്ടു പേരും അതിനു മുന്നിലേക്ക് നടന്നു.
‘ന്ത്ണ്ട് പൈങ്ങേ, സുഖാ?’
‘ന്ത് സുഖം, കച്ചോടൊന്നും പഴയ പോലില്ല. കേളപ്പജി പോയേപ്പിന്ന ഒക്കെ ബെര്‍തെയല്ലേ’.
‘പൊന്നേച്ചി?’
‘കെടപ്പിത്തന്നെ. കോരി കോയമ്പത്തൂര്ന്ന് വെര്ന്നതന്യാ എപ്പൂം വായില്’.
കോരി എന്ന പേര് കേട്ടപ്പോള്‍ വേലായുധന്‍ ഒന്ന് പതറി. നടക്കാമെന്ന് മാധവിയോട് ആംഗ്യം കാട്ടി.
രണ്ടു പേരും നടന്നു. നടത്തത്തിനിടയില്‍ മാധവി പറഞ്ഞു. ‘പൈങ്ങേന്റെ കെട്ട്യോന്‍ കുഞ്ഞാണ്ടേന്റെ അനിയനാ കോരി. അമ്മ പൊന്ന. പാവം അയാള് വരുന്നതും കാത്ത് കിടക്ക്വാ’.
ബസില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ വേലായുധന്റെ മനസ്സു നിറയെ കോരിയെക്കുറിച്ച് കേട്ട കഥയായിരുന്നു.
കുറ്റിപ്പുറം പാലത്തിന്റെ നിര്‍മ്മാണവേള. കോയമ്പത്തൂര്‍ക്കാരായിരുന്നു പണിക്കാരിലേറെയും. വെള്ളത്തില്‍ കുഴിച്ച കുഴികളൊക്കൊ ഒഴുക്കില്‍ മാഞ്ഞു പോകുന്നു. പലവട്ടം ശ്രമിച്ചിട്ടും പരിഹാരം ലഭിക്കാത്തതിനാല്‍ നിര്‍മ്മാണക്കമ്പനിക്ക് നഷ്ടം കനത്തു. പരിഹാരം ആരോ നിര്‍ദ്ദേശിച്ചു. ‘ചോര കൊടുത്ത് കര്‍മ്മം ചെയ്യണം. മനുഷ്യന്റെ ചോര’.
പണിസ്ഥലത്തേക്ക് ചായയും പലഹാരങ്ങളുമെത്തിക്കുന്ന പറയയുവാവായിരുന്നു കോരി. ഒത്ത കരുത്തും വലിപ്പവുമുള്ള കോരിയുടേതാവട്ടെ ചോരയെന്ന് രഹസ്യധാരണയെത്തി. പണിക്കാര്‍ക്ക് അവധിയായിരുന്ന ഒരു ഞായറാഴ്ച മുടി വെട്ടാന്‍ വീടുവിട്ടിറങ്ങിയ കോരി പാലം പണി സ്ഥലത്തെത്തി. ഒന്നാം തൂണിനായെടുത്ത കുഴിയ്ക്കടുത്ത് മുറുക്കാന്‍ ചെല്ലം മറന്നു വച്ചിട്ടുണ്ടെന്നും അതെടുത്തുവരണമെന്നും ഒരാള്‍ നിര്‍ദ്ദേശിച്ചപ്പോള്‍ കോരി അങ്ങോട്ടു പോയി.
പിന്നീട് അയാള്‍ തിരിച്ചു വന്നില്ല.
കുറച്ചു ദിവസം കഴിഞ്ഞ് പലക കൊണ്ട് കുഴിയടക്കാന്‍ വന്ന പറങ്ങോടന്‍ ആചാരി കുഴിയില്‍ കണ്ടത് രക്തവും ചെക്കിപ്പൂക്കളും.
കഥ മനസ്സില്‍ കിടന്ന് പിടയ്ക്കുമ്പോള്‍ ബസ് കുറ്റിപ്പുറം പാലത്തിലേക്ക് കയറിയിരുന്നു. നരബലിയുടെ ഭീതിദമായ ഓര്‍മ്മകളില്‍ വിറച്ചു വിറച്ചാണ് ഭാരതപ്പുഴ പാലത്തിന്റെ അടിയിലൂടെ ഒഴുകുന്നതെന്ന് വേലായുധന്‍ കണ്ടു.
കഥയുറങ്ങുന്ന തൂണിന് മുകളിലെത്തിയപ്പോള്‍ അയാള്‍ ചോദിച്ചു.
‘ കോരിയാണതെന്നത് കഥയായിരിക്കൂലേ, ആടിനെയാണ് കൊന്നതെന്നും കേട്ടിട്ടുണ്ട്’.
‘ അതു സത്യമാവാന്‍ പ്രാര്‍ത്ഥിക്കാം. കോരിയുടേതെന്നും പറഞ്ഞ് കോയമ്പത്തൂരില്‍ നിന്നും പൊന്നയെ തേടിയെത്തിയ കത്തുകള്‍ അയാളുടെ തന്നെയായിരുന്നാല്‍ മതിയായിരുന്നു’.
പാലം കടന്ന് സന്ധ്യയിലെ മങ്ങിയ വെട്ടത്തിലൂടെ ബസ് നീങ്ങുമ്പോള്‍ പിറകില്‍ ഭാരതപ്പുഴയില്‍ നിന്ന് പറയച്ചോരയുടെ ഗന്ധവുമായി കാറ്റ് കടന്നെത്തുന്നുണ്ടോ എന്ന് വേലായുധന്‍ ഭയപ്പെട്ടു.
‘കോരിയുടെ വംശജര്‍ക്കു വേണ്ടിയാണ് കേളപ്പജി തുറവൂര് കര്‍മ്മഭൂമിയാക്കിയത്. കേളപ്പജി ജനപ്രതിനിധിയായി നിന്ന കാലത്ത,് അതേ ഭൂമിയില്‍ നിന്ന്, അതേ കുലത്തില്‍ നിന്ന് ബലിയാവാന്‍ ഒരു ഇര തെരഞ്ഞെടുക്കപ്പെട്ടെങ്കില്‍……’ മാധവിയുടെ ശബ്ദം കരച്ചിലിന്റെ വക്കത്തായിരുന്നു.
‘കേളപ്പജി തോറ്റു എന്നല്ല, അദ്ദേഹത്തെ തോല്‍പ്പിച്ചു എന്നു പറയണം’.
കേളപ്പജിയില്ലാത്ത കേരളം തോറ്റു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ വരച്ച് കാറ്റേറെ വീശി. ഭാരതപ്പുഴ ഒത്തിരി ഒഴുകി.
ഒരിക്കലൊരു സന്ധ്യയ്ക്ക് വേലായുധന്‍ കലണ്ടര്‍ നോക്കി അല്‍പസമയം ഇരുന്നു. പിന്നീട് മാധവിയോട് പറഞ്ഞു.
‘കേളപ്പജി മടങ്ങിയിട്ട് പത്തുവര്‍ഷം തികയാന്‍ പോകുന്നു. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് അമ്പതുവയസ്സ് തികഞ്ഞു’.
‘അതിന് ?’ മാധവി ചോദിച്ചു.
‘എനിക്ക് ഗുരുവായൂര്‍ക്ക് പോകണം’.
‘പോകാം.’
പിറ്റേന്ന് പ്രഭാതത്തില്‍ രണ്ടുപേരും ഇറങ്ങി. പണ്ടത്തെപ്പോലെ ആരോഗ്യമില്ല. പക്ഷേ യാത്രയ്ക്ക് ഇടയ്ക്കിടെ ബസ്സുകളുണ്ട്. കവലവരെ മാത്രമേ നടക്കേണ്ടതുള്ളൂ. വേലായുധന്‍ ആയാസപ്പെട്ട് നടന്നു. വാര്‍ദ്ധക്യത്തിലേക്കെത്തിയെങ്കിലും മാധവി യൗവനയുക്ത തന്നെയെന്ന് വേലായുധന്‍ ആശ്വസിച്ചു.
വായുവില്‍ ദേവഗുരുവിന്റെ മന്ത്രണത്തിന് ചെവി കൊടുത്ത് ഇരുവരും ഗുരുവായൂരപ്പനു മുന്നില്‍ കൈകൂപ്പി. ശിവതപസ്സിന്റെ പുണ്യം നുകരുന്ന രുദ്രതീര്‍ത്ഥക്കരയിലെ വിശ്വകര്‍മ സൃഷ്ടിയായി സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ അംശിക ചേര്‍ച്ചയില്‍ ആധ്യാത്മിക അനുഭൂതി തെളിഞ്ഞുനിന്നു. ഭൂലോകവൈകുണ്ഠത്തില്‍ ഉണ്ണിക്കണ്ണന്‍ അപ്പനായി നിലകൊണ്ടു. പാതാളാഞ്ജനം ചൈതന്യ വലയത്തില്‍ പ്രഭചൊരിഞ്ഞു.
മനം നിറച്ച് മതില്‍ക്കെട്ടിന് വെളിയില്‍ കടന്നു.
അലങ്കാരങ്ങള്‍, ചിത്രങ്ങള്‍, പുസ്തകങ്ങള്‍, മധുരപലഹാരങ്ങള്‍. വില്പന തകൃതിയായി നടക്കുന്ന നടവഴിയിലൂടെ പുറത്തിറങ്ങി. ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ആലിന് ചുറ്റിക്കെട്ടിയ തറയില്‍ രണ്ടുപേരും ഇരുന്നു.
തൊട്ടപ്പുറം രണ്ടുമൂന്നു പേര്‍ നില്‍ക്കുന്നു. ഉച്ചവെയിലില്‍ തലങ്ങും വിലങ്ങും നിലത്തിന്റെ അളവെടുക്കുകയാണ് ഒരാള്‍. മറ്റൊരാള്‍ അളവുകള്‍ കുറിച്ച് വെക്കുന്നു. മാധവി അങ്ങോട്ട് വിരല്‍ചൂണ്ടി.
‘അവിടെയായിരുന്നു സത്യഗ്രഹപ്പന്തല്‍. കേളപ്പജി കിടന്നത് അവിടെ. എ.കെ.ജിക്ക് അടിയേറ്റത് അവിടെനിന്ന്. കൃഷ്ണപിള്ളയെ തള്ളിയിട്ടത് അവിടെ’. മാധവിയുടെ പ്രസരിപ്പില്‍ വേലായുധന്‍ കൗതുകപ്പെട്ടു.
വേലായുധന്‍ എഴുന്നേറ്റു. ‘വാ എന്താ അവിടെ പരിപാടീന്ന് നോക്കാം’. മാധവിയും എഴുന്നേറ്റു. രണ്ടുപേരും അവിടെയെത്തിയപ്പോള്‍ ഒരാള്‍ വിലക്കി. അല്പം കര്‍ശനസ്വരത്തില്‍ പറഞ്ഞു.
‘മാറി നില്‍ക്കങ്ങോട്ട്. അവിടെ പണി നടക്കുന്നത് കണ്ടുകൂടെ’.
രണ്ടുപേരും മാറിനിന്നു. കേളപ്പജിക്കരികെ വിശപ്പിന്റെ ക്ഷീണത്തോടെ വിളിച്ച മുദ്രാവാക്യങ്ങള്‍ മാധവി ഓര്‍ത്തു.
പണി കഴിഞ്ഞ് അവര്‍ മടങ്ങുമ്പോള്‍ പുസ്തകത്തില്‍ കണക്കുകള്‍ എഴുതി എടുക്കുകയായിരുന്ന വ്യക്തിയോട് വേലായുധന്‍ ചോദിച്ചു.
‘എന്താ സാറേ ഇവിടെ?’
‘നിങ്ങളാരാ?’
‘ഒന്നൂല, ഇവളുടേത് കൂടിയാ ഇത്രേം സ്ഥലം’. വേലായുധന്‍ പ്രായാധിക്യം കൊണ്ട് വളവു ബാധിച്ച ശരീരത്തില്‍ നിന്നുതിരുന്ന വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു. അയാള്‍ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. വേലായുധന്റെ തോളില്‍ കൈവെച്ചു.
‘ഇത്രയും സ്ഥലം മാത്രമല്ല, ഈ പുണ്യസങ്കേതം മുഴുവന്‍ എല്ലാവരുടേതുമാണ്. അങ്ങനെ ആക്കിത്തീര്‍ക്കാന്‍ പടനയിച്ച മഹാമനുഷ്യനുണ്ട്. കേളപ്പജി. അറിയാമോ?’
ആ നാമത്തിന്റെ കേള്‍വി വേലായുധന്റെ ശരീരത്തെ നിവര്‍ത്തി നിര്‍ത്തി. വേലായുധന്‍ മാധവിയുടെ മുഖത്ത് നോക്കി കണ്ണിറുക്കി. ചുണ്ടിലെ വലംകോണില്‍ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.
‘ഉം’.
‘അദ്ദേഹത്തിന്റെ ഒരു പ്രതിമ ഉയരാന്‍ പോകുന്നു’.
‘നല്ലത്, സന്തോഷം’.
വേലായുധന്‍ അയാളുടെ കൈകള്‍ പിടിച്ച് കുലുക്കി.
ഊരകത്ത് തിരിച്ചെത്തുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു പകലില്‍ മുറ്റത്ത് ഖാദര്‍ പ്രത്യക്ഷപ്പെട്ടു. വരാന്തയിലിട്ടിരിക്കുന്ന ബെഞ്ചില്‍ ചുമര്‍ചാരിയിരിക്കുന്ന വേലായുധന്‍ അയാളെ കണ്ടു.
‘ എന്തേ? ആരാ ?’
‘ വേലായുധേട്ടാ’. അദ്ദേഹം തന്നെ കാണുന്നു എന്നതിന്റെ അമ്പരപ്പോടെയാണ് ഖാദര്‍ അങ്ങനെ വിളിച്ചത്.
‘ഖാദര്‍?’
‘അതെ’.
വേലായുധന്‍ നിവര്‍ന്നിരുന്നു. ഖാദര്‍ വരാന്തയിലേക്ക് കയറി വേലായുധനടുത്തിരുന്നു. അകത്തുനിന്നും മാധവി പുറത്തേക്കെത്തി. ഖാദറിന്റെ മുടിയിലും താടിയിലും ഏറെയും വെള്ളി കെട്ടിക്കിടക്കുന്നു.
‘ഉപ്പ എങ്ങനെയിരിക്കുന്നു?’ വേലായുധന്‍ അത് ചോദിക്കാനോങ്ങുമ്പോഴേക്കും മാധവി ചോദിച്ചു കഴിഞ്ഞിരുന്നു.
‘അതു പറയാനാണ് ഞാന്‍ വന്നത്. ഉപ്പ പോയി. കഴിഞ്ഞ മാസായിരുന്നു മയ്യത്ത്’.
വേലായുധന്‍ ചുമരിലേക്ക് ഒന്നുകൂടി ചാഞ്ഞു. ഒന്നുമുരിയാടാതെ അകത്തേക്ക് കണ്ണെറിഞ്ഞ് അങ്ങനെയിരുന്നു. അവൂക്കര്‍ക്കൊപ്പം നടന്ന വഴികള്‍, ഉറങ്ങിയ രാത്രികള്‍, കഴിച്ച ഭക്ഷണം, വിളിച്ച മുദ്രാവാക്യങ്ങള്‍ ഓരോന്നായി ആ കാഴ്ചയിലേക്ക് ഊര്‍ന്നിറങ്ങി വന്നുകൊണ്ടിരുന്നു.
‘മരിക്കാതിരിക്കണമെന്ന് വാശി പിടിക്കാന്‍ നമുക്ക് അവകാശമില്ലല്ലോ’. മാധവി വാതില്‍പടിയില്‍ നിന്ന് ആ മൗനത്തെ ഭഞ്ജിച്ചു. ഖാദര്‍ തലയാട്ടി.
അവൂക്കര്‍ക്കായുടെ വീടിന്റെ ഉമ്മറപ്പടിയില്‍ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ച് കണ്ണുതുറന്നപ്പോള്‍ വെളിച്ചം പാളി വീണു തെളിഞ്ഞു നിന്ന അയാളുടെ മുഖം വേലായുധന് ഓര്‍മ്മ വന്നു.
ഓരോരുത്തരായി മടങ്ങുകയാണ്.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)