സുനാമി, ഓഖി, പ്രളയം, കൊറോണ ഇങ്ങനെയുള്ള വന്‍ ദുരന്തങ്ങളും മഹാമാരികളുമൊന്നൊന്നായി ആവര്‍ത്തിക്കുകയാണ് കേരളത്തിലിപ്പോള്‍. ആദ്യം പറഞ്ഞ രണ്ട് പ്രകൃതി പ്രതിഭാസങ്ങളേയും നിയന്ത്രിക്കുക എന്നത് നമുക്കസാദ്ധ്യമായിരുന്നെങ്കിലും പ്രളയവും കൊറോണയുമുണ്ടാക്കിയ ദുരന്തങ്ങളുടെ വ്യാപ്തിയും തീവ്രതയും ഒരു പരിധി വരെ നമുക്ക് തടയാനാകുമായിരുന്നു.
2018-ലെ പ്രളയത്തെ മഹാ ദുരന്തമാക്കിയത് പശ്ചിമഘട്ട മേഖലയിലുണ്ടായ മേഘവിസ്‌ഫോടനവും അതിതീവ്ര മഴയുമാണെന്ന് ലഘൂകരിച്ച് പറയാമെങ്കിലും ഇവിടങ്ങളിലെ അനിയന്ത്രിത കൈയേറ്റങ്ങളും ഖനനവും യാതൊരു മുന്‍കരുതലുമില്ലാതെ കേരളത്തിലെ 35 അണക്കെട്ടുകളും ഒറ്റയടിക്ക് തുറന്ന് വിട്ടതുമാണെന്നും തിരിച്ചറിയാന്‍ വലിയ വൈദഗ്ധ്യമൊന്നും ആവശ്യമില്ല. ഇക്കാര്യത്തില്‍ വളരെ നേരത്തെ തന്നെ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും കേരളത്തിലെ പിണറായി സര്‍ക്കാര്‍ അത് ഗൗരവത്തിലെടുത്തില്ല.
ഫലമോ, ആഗസ്ത് – 8 ന് കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും കേരളം ഒരു ശവപ്പറമ്പായിമാറി. 500 ഓളം ജീവന്‍ പൊലിഞ്ഞു. പല നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. വയനാട് ഒറ്റപ്പെട്ടു. കാലങ്ങളായി ഉണ്ടാക്കിവെച്ച ജീവിതോപാധികളെല്ലാം ജനങ്ങള്‍ക്ക് നഷ്ടമായി. 15 ലക്ഷത്തോളം പേര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്നു. 40,000 കോടി രൂപയാണ് ഈ പ്രളയം മൂലം കേരളത്തിനുണ്ടായ നഷ്ടം എന്നാണ് കണക്ക്. തിട്ടപ്പെടുത്താനാവാത്ത നാശനഷ്ടങ്ങള്‍ ഇതിലുമേറെയാണ്. 2018ല്‍ നിന്ന് നാം പാഠം പഠിച്ചില്ല, 2019 ലും പ്രളയം ആവര്‍ത്തിച്ചു.
കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലുമുണ്ടായി. 121-പേര്‍ക്ക് ജീവന്‍ നഷ്ടമായി. കവളപ്പാറയും പുത്തുമലയും നാടിന്റെ നൊമ്പരമായി. രണ്ടര ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി. ഇത് കൊണ്ടൊന്നും ഈ ദുരന്തങ്ങള്‍ അവസാനിക്കുന്നില്ലെന്നും കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ ഒരു തുടര്‍ക്കഥയായി ആവര്‍ത്തിക്കുകയാണെന്നുമുള്ള ഭീതിദായമായ യാഥാര്‍ത്ഥ്യമാണ് നമമുടെ മുന്നിലുള്ളത്. മുമ്പെല്ലാം ആന്ധ്രയിലും ഒഡീഷയിലും അസമിലുമെല്ലാം പ്രകൃതിയുടെ സംഹാര താണ്ഡവം നാശം വിതക്കുമ്പോള്‍ കേരളം അതില്‍നിന്നതീതമായ കേവലം സുരക്ഷിതമായ ഒരു തുരുത്താണെന്ന നമ്മുടെ മിഥ്യാബോധത്തിന് മീതെയാണിപ്പോള്‍ ഇവിടെ ഓരോ ദുരന്തങ്ങളും നിപതിച്ചു കൊണ്ടിരിക്കുന്നത്.
മുമ്പെല്ലാം മണ്‍സൂണ്‍ കാലത്ത് തിരിമുറിയാതെ മഴ പെയ്തിരുന്ന നാടാണ് കേരളം. മിഥുനം, കര്‍ക്കിടകം മാസങ്ങള്‍ അതിവൃഷ്ടിയുടെ കാലമാണ്. അന്നൊക്കെ ഈ അതിവൃഷ്ടിയെ ഉള്‍ക്കൊണ്ട് മണ്ണിലേക്ക് കിനിഞ്ഞിറക്കി ഭൂഗര്‍ഭ ജലമാക്കിയ നമ്മുടെ മാമലകള്‍ക്ക് ഇപ്പോള്‍ ശക്തമായ ഒരു മഴയെ പോലും താങ്ങാനാവുന്നില്ല. കാലം തെറ്റി പെയ്യുന്ന മഴയുടെ തോതും ശക്തിയും മാറി മറിയുന്നതും ദുരന്തങ്ങള്‍ വിതക്കുന്നതുമാണ് ഇപ്പോഴത്തെ അവസ്ഥ. കേരളത്തിലെ ഈ പ്രതിഭാസത്തിനും ദുഃസ്ഥിതിക്കും കാരണമായി എല്ലാവരും വിരല്‍ ചൂണ്ടുന്നത് പശ്ചിമഘട്ട മേഖലയിലുണ്ടായ വനനശീകരണവും അനിയന്ത്രിതമായ പ്രകൃതി ചൂഷണവും തന്നെയാണ്.
കേരളത്തില്‍ താപനില അനുദിനം കൂടിക്കൂടി വരികയാണ്. മഴക്കാലത്ത് പോലും ചൂട് അസഹ്യമായി തുടരുന്നു. ആഗോള താപനം കൊണ്ട് അടിക്കടി ഉണ്ടാകുന്ന വ്യതിയാനങ്ങളും ന്യൂനമര്‍ദ്ദങ്ങളും ചക്രവാത ചുഴികളും കേരളത്തിന്റെ ഭൂപ്രകൃതിക്ക് മേലെ നാശം വിതച്ച് നമ്മെ ഭയവിഹ്വലരാക്കുന്നു. മഴ പിന്‍വാങ്ങുന്നതോടെ കേരളത്തിലെ മിക്ക പ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലമര്‍ന്ന് മണ്ണ് ഊഷരമാകുന്നു. ഇങ്ങനെ പോയാല്‍ 2050 ഓടെ കേരളത്തിലെ മിക്ക ജില്ലകളും കൊടിയ വരള്‍ച്ചയും ജലക്ഷാമവും നേരിടുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അഭൂതപൂര്‍വ്വമായ ആഗോള പ്രതിഭാസങ്ങളെ നമുക്ക് തടയാനാകില്ലെങ്കിലും അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വീണ്ടുവിചാരത്തോടെ കാര്യങ്ങളെ സമീപിച്ചാല്‍ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന പല ദുരന്തങ്ങളും നമുക്ക് തടയാനാകും. ഇവിടെയാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നും പ്രസക്തമാകുന്നത്.
2010 ല്‍ പശ്ചിമഘട്ടത്തേയും അനുബന്ധ പ്രദേശങ്ങളേയും കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഗാഡ്ഗില്‍ കമ്മറ്റി ഇതുമായി ബന്ധപ്പെട്ട് വളരെ അടിയന്തര പ്രാധാന്യമുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. എന്നാല്‍, അതൊക്കെ വലിയ വിവാദങ്ങളില്‍ കുരുങ്ങി കടലാസില്‍ മാത്രമൊതുങ്ങി.
ലോകത്തിലെ അതിപ്രധാന ജൈവ വൈവിധ്യ മേഖലകളിലൊന്നായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് പശ്ചിമഘട്ട മലനിര. കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കേണ്ട അപൂര്‍വ്വം ഹരിത മേഖലയാണിത്. നൂറ്റാണ്ടുകള്‍ നീണ്ട പുരാതനമായ ഒരു സംസ്‌ക്കാരത്തിന്റെ പ്രതീകം. ഗുജറാത്തിലെ കാംബെ ഉള്‍ക്കടല്‍ മുതല്‍ കന്യാകുമാരി വരെ പടിഞ്ഞാറന്‍ തീരത്ത് 1600 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന ഈ ജൈവ മേഖല ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ആവാസവ്യവസ്ഥയുടെ ഉറവിടമാണ്.
ആറ് സംസ്ഥാനങ്ങളിലായി 40 കോടിയോളം വരുന്ന മനുഷ്യരുടെ നിലനില്‍പ്പ് ഈ മലനിരകളെ അശ്രയിച്ചാണ്. ഇവിടുത്തെ 5000 ത്തോളം വരുന്ന സസ്യജാതികളില്‍ 30 ശതമാനവും ഈ പ്രദേശത്ത് മാത്രം കാണുന്നവയാണ്. വംശനാശം നേരിടുന്ന ജന്തുക്കളുടേയും സസ്തനികളുടെയും സങ്കേതവും ദക്ഷിണേന്ത്യയിലെ മിക്ക നദികളുടെയും ഉത്ഭവകേന്ദ്രവുമായ ഈ മലനിരകള്‍ നമ്മുടെ അനുഗൃഹീത കാലാവസ്ഥയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് പ്രകൃതിയുടെ വരദാനമായി നിലകൊള്ളുന്നു. മേല്‍പ്പറഞ്ഞ പല വസ്തുതകളും പരിഗണിച്ചാണ് 2012 ല്‍ യുനസ്‌കോ പശ്ചിമഘട്ടത്തെ ലോക പൈതൃകമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, പുറംലോകത്തിന്റെ ഉള്‍ക്കാഴ്ചയോ വിവേകമോ നമ്മുടെ വികസനവാദികള്‍ക്കില്ലാതെ പോവുന്നു. അവര്‍ കാലങ്ങളായി കുന്നിടിച്ചും മല തുരന്നും പാറയുടച്ചും വനങ്ങള്‍ ഇല്ലാതാക്കിയും പശ്ചിമഘട്ടത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പശ്ചിമഘട്ടം ഇന്നഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പരിണിത ഫലമാണ് കേരളം ഇന്ന് നേരിടുന്ന വലിയ പ്രകൃതിദുരന്തങ്ങള്‍. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുന്നത്. 1990കള്‍ക്ക് ശേഷം പര്‍വ്വത മേഖലയിലെ 40 ശതമാനം വനങ്ങള്‍ നശിപ്പിക്കപ്പെട്ടു എന്നും അനധികൃത നിര്‍മ്മാണങ്ങളും പാറ ഖനനവും അശാസ്ത്രീയ തോട്ടങ്ങളും പശ്ചിമഘട്ടത്തെ പാരിസ്ഥിതികമായി തകര്‍ത്തുവെന്നും ഇത് ഇനിയും തുടര്‍ന്നാല്‍ വലിയ ദുരന്തമായിരിക്കും കേരളത്തെ കാത്തിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
പശ്ചിമഘട്ടം വെറും മലനിരയല്ലെന്നും ജീവന്റെ സ്രോതസുകള്‍ ഉളളിലൊതുക്കിയ പൈതൃകമാണെന്നുമുള്ള ഗാഡ്ഗിലിന്റെ നിരീക്ഷണം വളരെ പ്രസക്തമാണ്. വിശദമായി പഠിച്ചും നിരീക്ഷിച്ചും പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടിയുമാണ് ഗാഡ്ഗില്‍ 522 പേജുള്ള തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഈ കമ്മിറ്റി ഗുരുതരമായ പാരിസ്ഥിതിക ചൂഷണം നേരിടുന്ന പശ്ചിമഘട്ട മേഖലയെ ഇസഡ് 1,2,3 എന്നിങ്ങനെ മൂന്നായി തിരിച്ച് അടയാളപ്പെടുത്തി. അതിലോല പ്രദേശങ്ങളെ ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇത്തരം പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനനവും വനനശീകരണവും പാടില്ലെന്നും അതിന്റെ സംരക്ഷണത്തിനായിരിക്കണം മുഖ്യ പരിഗണനയെന്നും മറ്റിടങ്ങളില്‍ പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള ഇടപെടലായിരിക്കണം ഉണ്ടാവേണ്ടതെന്നുമാണ് റിപ്പോര്‍ട്ടിന്റെ സാരം.
ആവാസ വ്യവസ്ഥിതിയെ സാരമായി ബാധിക്കുന്ന വന്‍കിട ജലസേചന പദ്ധതികളേയും അനിയന്ത്രിതമായ നിര്‍മ്മാണങ്ങളേയും എതിര്‍ക്കുന്ന റിപ്പോര്‍ട്ട് പരമ്പരാഗത കൃഷിരീതികളെ പ്രോത്സാഹിപ്പിക്കാനും ജൈവ കൃഷി വ്യാപനത്തിനും അതീവ പ്രാധാന്യം നല്‍കുന്നു. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ വിളയിക്കരുതെന്നും എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികള്‍ നിരോധിക്കണമെന്നും കര്‍ഷകരെ സാമ്പത്തികമായി സഹായിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഗാഡ്ഗില്‍ മുന്നോട്ട് വെച്ച ഈ നിര്‍ദ്ദേശങ്ങളൊന്നും തന്നെ കര്‍ഷക വിരുദ്ധമല്ലെന്ന് മാത്രമല്ല കര്‍ഷകരെ സഹായിക്കാന്‍ സഹായകരവുമാണ്.
എന്നാല്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കേരളത്തില്‍ വലിയ ഗൂഢാലോചന തന്നെ നടന്നു. ഇടതു-വലതു മുന്നണികളും ക്വാറി, ഭൂമാഫിയകളും അണിനിരന്ന ഈ കൂട്ടുകെട്ട് 2013 ല്‍ പശ്ചിമഘട്ട മേഖലയെ സംഘര്‍ഷ ഭൂമിയാക്കി. നിരന്തരം നടന്ന സമരങ്ങളിലും ഹര്‍ത്താലുകളിലും മുന്നണികള്‍ മത്സരിച്ച് മലയോര ജനതയെ തെരുവിലിറക്കി. അക്രമാസക്തരായ സമരക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ തീയിട്ടു അഴിഞ്ഞാടി. പള്ളിയും പട്ടക്കാരും മുന്നില്‍ നിന്ന് അരങ്ങ് കൊഴുപ്പിച്ച ഈ സമരത്തിന് ഇടതു-വലതു ഭേദമില്ലാതെ ജനപ്രതിനിധികള്‍ എല്ലാ പിന്തുണയും നല്‍കി.
യഥാര്‍ത്ഥത്തില്‍ ക്വാറി മാഫിയകളും ഭൂമാഫിയകളുമടങ്ങുന്ന കൈയേറ്റക്കാരും അവരെ പിന്തുണക്കുന്ന രാഷ്ടീയകക്ഷികളുമായിരുന്നു സമരത്തിന് പിന്നില്‍. വിവാദ സമരങ്ങളെ തുടര്‍ന്ന് പിന്നീട് നിയോഗിക്കപ്പെട്ട കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് ഗാഡ്ഗിലിന്റെ പല കണ്ടെത്തലുകളേയും അവഗണിച്ചെങ്കിലും ഈ മാഫിയ കൂട്ടുകെട്ട് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെയും എതിര്‍ത്തു.
2014 ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയെങ്കിലും കേരളം പോലുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് തടസ്സമായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇപ്പോള്‍ ഒന്‍പത് വര്‍ഷം പിന്നിട്ട ഈയവസരത്തില്‍ അന്ന് ഗാഡ്ഗില്‍ ഉയര്‍ത്തിയ പല ആശങ്കകളും പശ്ചിമഘട്ട മേഖലയില്‍ അന്നുള്ളതിനേക്കാള്‍ അതിഗുരുതരമായി തുടരുന്നു.
2018-ലെ പ്രളയത്തിന് ശേഷം നടന്ന ഒരു പഠനത്തില്‍ കേരളത്തില്‍ 21 ഓളം അണക്കെട്ടുകളില്‍ ഭൂചലന സാധ്യത നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. റിച്ചര്‍ സ്‌കെയിലില്‍ 3 മുതല്‍ 5 വരെ തീവ്രത ഉണ്ടാകാം ഈ ഭൂചലനത്തിന് എന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ 43 അണക്കെട്ടുകളും പരിസ്ഥിതി ദുര്‍ബല മേഖലയിലാണെന്ന് പഠനം പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു ജലബോംബായി നമ്മുടെ മുമ്പിലുണ്ട്. എന്തും സംഭവിക്കാന്‍ പോന്ന സാഹചര്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീം കോടതി ഇതിനകം നിരീക്ഷിച്ചിരിക്കുന്നു.
125 വര്‍ഷം പിന്നിട്ട, ചുണ്ണാമ്പും സുര്‍ക്കിയുപയോഗിച്ചു പണിത അണക്കെട്ടിന്റെ ബലക്ഷയത്തേക്കുറിച്ച് ഒട്ടും വേവലാതിയില്ലാതെ അണ സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദഗതിയില്‍ ആശ്വാസം കൊണ്ട് കൈയും കെട്ടിയിരിക്കുന്ന ഭരണക്കാര്‍ക്കും ഭരിച്ചവര്‍ക്കും ഇത് തിരിച്ചടിയാണ്. ഏതാനും വര്‍ഷം മുമ്പ് അണ ഇതാ പൊട്ടാന്‍ പോകുന്നേ എന്ന് വിളിച്ച് കൂവിയവരും ബദല്‍ അണക്കെട്ടിന്റെ വക്താക്കളും ഇപ്പോള്‍ ഒരു ഇടവേളക്കുശേഷം സമീപ പ്രദേശങ്ങളിലെ ഉരുള്‍പ്പൊട്ടലോടെ വീണ്ടും സജീവമായിരിക്കുന്നു. എന്തായാലും പശ്ചിമഘട്ട മേഖല അതിവേഗം ദുര്‍ബ്ബലമായി കൊണ്ടിരിക്കുകയാണെന്നതില്‍ തര്‍ക്കമില്ല. ഇതിനിടയിലാണ് കേരളത്തിലെ കരിങ്കല്‍ ക്വാറികളുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നിരിക്കുന്നത്.
2016 CAG bറിപ്പോര്‍ട്ട് പ്രകാരം കരിങ്കല്‍-ചെങ്കല്‍ ക്വാറികള്‍ 20821 ആണ്. ഇതില്‍ 30 ശതമാനം കരിങ്കല്‍ ക്വാറികള്‍ എന്നാണ് കണക്ക്. ഇതില്‍ തന്നെ അംഗീകൃത ക്വാറികള്‍ 750 നടുത്തുവരും. ബാക്കി 5000ന് മീതെ വരുന്ന കരിങ്കല്‍ ക്വാറികള്‍ അനധികൃതമായിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. 5 വര്‍ഷം കൊണ്ടുണ്ടായ വര്‍ധനവ് കൂടി പരിഗണിച്ചാല്‍ കരിങ്കല്‍ക്വാറികളുടെ എണ്ണം 7500 ഓളമാണ്. 2011-ല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ പശ്ചിമഘട്ടത്തില്‍ ഇനി പുതിയ ക്വാറികളൊന്നും അനുവദിക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിരിക്കെയാണ് നിയമങ്ങള്‍ ലംഘിച്ച് ദൂരപരിധി പാലിക്കാതെ പുതിയ ക്വാറികള്‍ക്ക് ഈ മേഖലയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അനുവദിച്ച ക്വാറികള്‍ 200നും മീതെയാണ്.
ചാലിയാറിന്റെ തീരത്ത് 500 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ക്വാറികളില്‍ 72 എണ്ണം നിലമ്പൂര്‍ മേഖലയിലാണ്. 2019 -ല്‍ ഉരുള്‍പൊട്ടിയ കവളപ്പാറക്കടുത്ത് 10 കിലോമീറ്റര്‍ ദൂരപരിധിയില്‍ 66 ക്വാറികളുണ്ടത്രേ. ഇത്തവണ ഉരുള്‍പൊട്ടിയ മുണ്ടക്കയത്ത് 17 പാറമടകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പശ്ചിമഘട്ടത്തിലെ 5000ന് മേലെ വരുന്ന കരിങ്കല്‍ ക്വാറികള്‍ ഒരു ദിവസം പ്രവര്‍ത്തിച്ചാലുണ്ടാകുന്ന പാരിസ്ഥിതികാഘാതത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചാല്‍ അതിന്റെ വ്യാപ്തി നമുക്ക് അളക്കാന്‍ പ്രയാസമാണ്. ഇത് വര്‍ഷങ്ങളായി തുടര്‍ന്നാലോ? സങ്കല്പിക്കാനാവില്ല നമുക്കത്.
ഇതുവരെ ഇത്രയൊക്കെ ദുരന്തങ്ങളല്ലേ സംഭവിച്ചുള്ളൂ എന്ന ആശ്വാസത്തിനാണ് വക. കേരളത്തില്‍ 15 ലക്ഷത്തിന് മീതെ ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങളുണ്ടെന്നാണ് കണക്ക്. പലതും ബഹുനില രമ്യഹര്‍മ്യങ്ങള്‍. അനധികൃത നിര്‍മ്മാണങ്ങള്‍. നമ്മുടെ വിലമതിക്കാനാവാത്ത പ്രകൃതി വിഭവങ്ങളൂം ജല സ്രോതസ്സും ചൂഷണം ചെയ്തു നിര്‍മ്മിച്ച ഈ ബഹുനില കെട്ടിടങ്ങളെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ പാരിസ്ഥിതിക ദുരന്തങ്ങളുടെ മൗന പ്രതീകങ്ങളാണിന്ന്.
ഇടുക്കി ഏല മലക്കാടുകളിലും കൊച്ചി ചിലവന്നൂര്‍ കായല്‍ തീരത്തും നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ നിരവധിയാണ്. സുപ്രീം കോടതി വരെ എത്തിയ കേസില്‍ മരടിലെ 4 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കേണ്ടി വന്നു. ഹോളി ഫെയ്ത്ത്, ആല്‍ഫ സെരിന്‍, ജയിന്‍ കോറല്‍ കേവ്, ഗോള്‍ഡന്‍ കായലോരം എന്നീ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാന്‍ എന്തുമാത്രം പ്രകൃതിവിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കും. എല്ലാം ഒരു നിമിഷം കൊണ്ടാണ് തകര്‍ന്നടിഞ്ഞത്.
ഒരു കാര്യം കൂടി. പശ്ചിമഘട്ടത്തിന്റെ തകര്‍ച്ചയും പ്രകൃതിദുരന്തങ്ങളും ഏറെ ചര്‍ച്ച ചെയ്യുന്ന ഈയവസരത്തിലാണ് കേരളത്തെ നെടുകെ പിളര്‍ത്തുന്ന തിരുവനന്തപുരം കാസര്‍കോട് 529 കിലോമീറ്റര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ പദ്ധതിക്കായി നാം ആശ്രയിക്കുന്ന സ്രോതസ്സ് പശ്ചിമഘട്ടത്തിലെ കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ തന്നെയാണ്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ മാമല ഏറെ ശുഷ്‌ക്കിച്ച് മെലിഞ്ഞുണങ്ങുമെന്ന് തീര്‍ച്ച. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ ഈ തകര്‍ച്ച ശരവേഗത്തിലാകും. എവിടെയാണ് നമ്മുടെ പരിസ്ഥിതി സൗഹൃദ വികസനം? വനം വെട്ടിനശിപ്പിച്ചും പാറപൊട്ടിച്ചും കായലും തണ്ണീര്‍ത്തടവും പാടവും നികത്തിയും നാം കെട്ടിപ്പൊക്കുന്ന ആര്‍ത്തിയുടെ വമ്പന്‍ സൗധങ്ങള്‍ക്കെല്ലാം ഇനി ആയുസ്സ് എത്ര കാലം എന്ന ഈ ചോദ്യമാണ് നമ്മുടെ മുമ്പിലുള്ളത്.
ഇങ്ങനെ പോയാല്‍ മഹാദുരന്തങ്ങളുടെ പരമ്പര തന്നെ കേരളത്തെ കാത്തിരിക്കുന്നു. അതുകൊണ്ട് ഒന്നേ പറയാനുള്ളൂ. വീണ്ടുവിചാരത്തോടെ പ്രവര്‍ത്തിക്കുക. ആര്‍ത്തിയുടെ കണ്ണേ മടങ്ങുക. പ്രകൃതിയെ നശിപ്പിച്ച് കൊണ്ടുള്ള ഈ വികസനം നിര്‍ത്തുക.
Comments