‘കേളപ്പജി’
ഒക്കത്തിരിക്കുന്ന കൊച്ചുമകളോട് വരാന്തയിലെ കസേരയിലിരിക്കുന്ന ഖദര്‍ധാരിയെ ചൂണ്ടി കുഞ്ഞിക്കൊട്ടന്‍ പറഞ്ഞു കൊടുത്തു. കേളപ്പന്‍ കുട്ടിയോട് കൈനീട്ടി ചിരിച്ചു.
ജീപ്പ്‌ഡ്രൈവറും ഗോവിന്ദനും കുഞ്ഞിക്കൊട്ടന്റെയടുത്ത് മുറ്റത്ത് നില്‍പ്പുണ്ട്. വേലായുധന്‍ കേളപ്പന്റെ കസേരയ്ക്കടുത്തുള്ള ചാരുകസേരയിലാണ്. മാധവി പുറത്തേക്കുവന്നു. മുറ്റത്തു നില്‍ക്കുന്ന മൂവരോടും പറഞ്ഞു.
‘നിങ്ങള് കേറിയിരിക്കൂ…’
‘ഞാന്‍ പോലായ്. നിങ്ങള്‍ കേറ്’. ഇത് പറഞ്ഞ് കുഞ്ഞിക്കൊട്ടന്‍ കുട്ടിയേയും കൊണ്ട് പുറത്തേക്ക് നടന്നു.
‘നമ്മള്‍ ഇതുവരെ നേരിട്ട് കണ്ടിട്ടുണ്ടോ?’കേളപ്പന്‍ വേലായുധനോട് ചോദിച്ചു.
‘ഇല്ല’
‘കണ്ടറിയുന്നതിനേക്കാള്‍ ഭംഗിയായി കേട്ടറിഞ്ഞിട്ടുണ്ട്, പരസ്പരം’.
‘അതെ’. വേലായുധന്‍ തലയാട്ടി. ‘അങ്ങെന്നെ കണ്ടു. എനിക്കിനി വയ്യല്ലോ’. സ്വരം നിരാശയുടേതായിരുന്നു.
കേളപ്പന്‍ സമാശ്വസിപ്പിച്ചു. ‘വേലായുധന്‍ എന്നെ കാണും. എനിക്ക് ഉറപ്പാ’.
ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ കേളപ്പന്‍ ഗോവിന്ദനോട് പറഞ്ഞു ‘പത്തുവര്‍ഷമായി ഇതുപോലെ ഇവിടുന്ന് ഉച്ചയ്ക്ക് ചോറുണ്ടിട്ട്. മാധവിയുടെ കൈപ്പുണ്യം ഒട്ടും കുറഞ്ഞിട്ടില്ല’. മാധവി ചിരിച്ചു. വേലായുധന്‍ തലയാട്ടലിലൂടെ അത് ശരിവെച്ചു.
കേളപ്പന്‍ ഇറങ്ങുംമുമ്പ് വേലായുധന്‍ പറഞ്ഞു. ‘കേളപ്പജീ ഞങ്ങള്‍ക്ക് ഒരാഗ്രഹം ഉണ്ട് ‘.
‘പറയൂ’. കേളപ്പന്‍ വേലായുധന്റെ ഇരുതോളിലും കൈകള്‍ വെച്ചു.
‘നെടിയിരിപ്പില്‍ ഇത്തിരിസ്ഥലമുണ്ട്. ഞാന്‍ പിറന്ന സ്ഥലം. അച്ഛന്റെ ഓര്‍മ്മകള്‍ കിടക്കുന്നത് അവിടെയാണ്. പാക്കനാര്‍പുരത്ത് ഇവള്‍ പിറന്ന സ്ഥലം വേറെയും. രണ്ടും സര്‍വോദയത്തിന് എടുക്കണം. ഞങ്ങള്‍ക്ക് ഈ കൂര മാത്രം മതി’.
കേളപ്പജിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
‘ ഞങ്ങള്‍ക്ക് കൊടുക്കാന്‍ വേറാരും ഇല്ലല്ലോ’. മാധവി വാതില്‍പടിയില്‍ നിന്ന് കണ്ണുതുടച്ചു.
‘നല്ല തീരുമാനം. ഇതിനപ്പുറം എന്തു പുണ്യം ചെയ്യാനാണ് ? ഭൂദാനത്തിനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്യാം’.
‘ഇത്തരം മനുഷ്യരുണ്ടാകുമ്പോള്‍ സര്‍വ്വോദയ പ്രവര്‍ത്തനം എവിടെ തോല്‍ക്കാനാണ് അല്ലേ ഗോവിന്ദാ’. മടക്കയാത്രയില്‍ കേളപ്പന്‍ ഗോവിന്ദനോട് ചോദിച്ചു.
സര്‍വോദയ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി. തവനൂരിലെ ശാന്തികുടീരം ഓലപ്പുരയില്‍ നിന്നുമാറി സ്ഥിരം കെട്ടിടത്തിലായി. സ്‌കൂളും നഴ്‌സറിയും മികച്ച സൗകര്യങ്ങളോടെ വളര്‍ന്നു. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന കലാലയം സ്ഥാപിക്കാനുള്ള കേളപ്പജിയുടെ അശ്രാന്തപരിശ്രമം ഫലപ്രാപ്തിയിലെത്തി. സര്‍വോദയപുരം ഗാന്ധിസ്മാരകം ഉയര്‍ന്നു.
രണ്ടുമാസം കൂടുമ്പോള്‍ കോട്ടക്കലിലേക്ക് ചികിത്സയ്ക്കായുള്ള യാത്രയ്ക്ക് വേലായുധന്‍ മടിച്ചാലും മാധവി വിട്ടുവീഴ്ച ചെയ്തില്ല. ഊരകത്തേയും പാക്കനാര്‍പുരത്തേയും സ്ഥലം ദാനമായി നല്‍കിയപ്പോള്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള തുക കേളപ്പന്‍ വേലായുധന് സംഘടിപ്പിച്ചു കൊടുത്തിരുന്നു.
ഒരിക്കല്‍ വേലായുധന്റെ തലയില്‍ പുതിയൊരു എണ്ണതേച്ചുപിടിപ്പിക്കുന്നതിനിടയില്‍ വൈദ്യര്‍ പറഞ്ഞു.’കുമിളീല് വനഭൂമി കയ്യേറിയവരെ കുടിയൊഴിപ്പിക്കാന്‍, വാടാനപ്പള്ളീല് പള്ളി നശിപ്പിച്ചതുമായി ബന്ധപ്പെട്ട കുഴപ്പം ഉണ്ടായപ്പോ അത് ശമിപ്പിക്കാന്‍, ഗുരുവായൂരമ്പലം കത്തിനശിച്ചതിനാല് പുനര്‍നിര്‍മ്മിക്കാന്‍ ഒക്കെ മുന്നില് കേളപ്പജിയുണ്ട്. എത്രയെത്ര പൊതുകാര്യങ്ങളിലാ ഈ വയസ്സാന്‍ കാലത്ത് അദ്ദേഹം ഇടപെടുന്നത്’.
‘അതു തന്നെ എന്റേയും അത്ഭുതം. ഗാന്ധിജീടെ മറ്റൊരു രൂപം’.
കേളപ്പജി പ്രവര്‍ത്തനപഥത്തില്‍ നിറഞ്ഞു കവിയുന്നത് കണ്ട് ഒരിക്കല്‍ മാധവി വേലായുധനോട് ചോദിച്ചു.
‘ക്ഷീണമില്ലേ ഈ മനുഷ്യന്!’
കേളപ്പന്‍ ക്ഷീണമറിഞ്ഞില്ല. പക്ഷേ തവനൂര്‍ സര്‍വോദയപുരം ഗാന്ധിസ്മാരകം സാമ്പത്തികമായി ക്ഷീണിക്കാന്‍ തുടങ്ങി. കൊച്ചുണ്ണി നായരെന്ന ധനികനോട് ഇടയ്ക്കിടെ കടമായി വാങ്ങിയ തുകകള്‍ കൊണ്ടാണ് ഇത്രയും കാലം സ്ഥാപനങ്ങള്‍ നടത്തിച്ചത്. തവനൂര്‍ നമ്പൂതിരിയും ഇടയ്ക്ക് സഹായിക്കാറുണ്ട്. ഇപ്പോള്‍ അതൊക്കെ നിന്നു.
ഡല്‍ഹിയിലേക്കുള്ളൊരു യാത്രയ്ക്കായി കോഴിക്കോട് നിന്ന് ട്രെയിനില്‍ കയറിയ ഒരു ദിനം കേളപ്പജി ഗോവിന്ദനോട് ചോദിച്ചു.
‘അയാള്‍ കൊണ്ടുവരുമല്ലോ അല്ലേ?’
‘ഉറപ്പാ. കുറ്റിപ്പുറം സ്റ്റേഷനില്‍ എത്തിക്കാമെന്നാ പറഞ്ഞത്’.
‘ഇല്ലെങ്കില്‍ അവിടെ ഇറങ്ങേണ്ടിവരും. കയ്യിലുള്ള പണംകൊണ്ട് അങ്ങോട്ടുള്ള ടിക്കറ്റെടുത്തു. ഇനി നയാപൈസയില്ല’.
സ്‌കൂള്‍ കെട്ടിടം പണി ഏറ്റെടുത്തിരിക്കുന്ന കെട്ടിടനിര്‍മാണ കോണ്‍ട്രാക്ടറായിരുന്നു യാത്രയ്ക്കുള്ള പണം എത്തിക്കാമെന്നേറ്റത്. കുറ്റിപ്പുറം സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍ തങ്ങളുടെ കമ്പാര്‍ട്ട്‌മെന്റിനു നേരെ നില്‍ക്കുകയായിരുന്ന അയാളെ കണ്ടപ്പോഴാണ് ഇരുവര്‍ക്കും ശ്വാസം നേരെ വീണത്.
മാധവി വല്ലപ്പോഴും തവനൂരെത്തി. കേളപ്പനും ഗോവിന്ദനും ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഒരു മധ്യാഹ്നത്തില്‍ ഗാന്ധിസ്മാരകത്തിന്റെ മുന്നിലെ മാവിന്‍ചോട്ടില്‍ കസേരയിട്ട് പുസ്തകവായനയിലാണ് കേളപ്പന്‍. പി. സുന്ദരയ്യയുടെ വിശാല്‍ആന്ധ്ര എന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ കൈയിലെന്ന് ചൂലുകൊണ്ട് മുറ്റം തൂത്തുവൃത്തിയാക്കുന്നതിനിടയില്‍ മാധവി കണ്ടു. കസേരയ്ക്കരികില്‍ താഴെ, ഭവാനി സെന്‍ എഴുതിയ നൂതന്‍ ബംഗാള്‍, അതിനു മുകളില്‍ ഇഎംഎസിന്റെ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം.
‘ബഹുരാഷ്ട്ര വാദത്തിന്റെ സന്തതികള്‍. ഭാരതമെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ പ്രാദേശിക മൗലീകവാദത്തിന്റെ വിഭജനാശയങ്ങള്‍’. നോട്ടുപുസ്തകത്തില്‍ കണക്കുകള്‍ കുറിക്കുന്ന ഗോവിന്ദന്‍ അവ വായിച്ചിട്ടുണ്ടെന്ന് തലയാട്ടി പറഞ്ഞു.
‘ഖാദി കമ്മീഷനില്‍ നിന്നെടുത്ത ലോണായ ഇരുപത്തയ്യായിരം ഇനീം വീട്ടാനുണ്ട്. ഓവര്‍ഡ്യൂയായി മൂന്നു പ്രാവിശ്യമാ കത്തു വന്നത്’. ഗോവിന്ദന്‍ പരിദേവനത്തിന്റെ സ്പര്‍ശമുള്ളൊരു നിശ്വാസം വിട്ടു.
‘പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ മറുപടി വരാനായല്ലോ. പണ്ഡിറ്റ്ജി കൈയ്യൊഴിയില്ല’. കേളപ്പജി ആശ്വാസ സ്വരത്തില്‍ പറഞ്ഞു.
പുറത്ത് സൈക്കിള്‍ മണിമുഴക്കം. ഗേറ്റില്‍ പോസ്റ്റുമാന്‍. കേളപ്പന്‍ ആംഗ്യം കാട്ടിയപ്പോള്‍ മാധവി പോസ്റ്റുമാനടുത്തേക്ക് നടന്നു. അയാള്‍ നീട്ടിയ കവര്‍ വാങ്ങി ഗോവിന്ദനു നല്‍കി.
ഗോവിന്ദന്റെ വിടര്‍ന്നു നിന്ന മുഖത്തു നിന്ന് പ്രേഷിതന്റെ പേരു വായിച്ച കേളപ്പന്‍ ചോദിച്ചു. ‘വന്നു അല്ലേ?’
‘അതെ. പക്ഷേ എന്താ മറുപടീന്നറിയില്ലല്ലോ’. ഗോവിന്ദന്‍ ഉടനടി കവറിന്റെ തലപ്പുകീറി. ചെറിയ ഒരു കുറിപ്പും ഒരു ചെക്കും.
‘പണം പാസായി. ഇരുപത്തയ്യായിരം തന്നെ. പണ്ഡിറ്റ്ജി സുഖവിവരം അന്വേഷിച്ചിരിക്കുന്നു’.
കേളപ്പന്‍ കണ്ണടച്ചു, കൈകൂപ്പി. മാധവിയും ഗോവിന്ദനും മുഖാമുഖം നോക്കി സന്തോഷം പങ്കിട്ടു. ചെക്കിലെ തുക എത്രയും പെട്ടെന്ന് ബാങ്കില്‍ നിക്ഷേപിക്കാന്‍ ഗോവിന്ദനെ അയച്ച് കേളപ്പന്‍ മുറിയിലേക്കു നടന്നു.
ഗോവിന്ദന്‍ മടങ്ങിയെത്തിയ ശേഷമാണ് ഉച്ചയൂണ്‍ വിളമ്പിയത്. മാധവിയും അടുക്കളപ്പണിക്കാരുടെ കൂടെ വിളമ്പലില്‍ പങ്കുചേര്‍ന്നു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കേളപ്പജി മാവിന്‍ ചോട്ടിലെ കസേരയ്ക്കടുത്തേക്ക് നടക്കുന്നത് കണ്ട ഗോവിന്ദന്‍ ചോദിച്ചു.
‘ഇന്നെന്തേ ഉച്ചമയക്കം ഇല്ലേ?’
‘എന്തോ, വേണ്ടാന്ന് തോന്നുന്നു’. പിന്നീട് മാധവിയോട് പറഞ്ഞു ‘നീയാ റേഡിയോ തുറന്നേ’. മാധവി അകത്തേക്കു നടന്നു.
റേഡിയോവില്‍ സന്ദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ഇരമ്പം. പിന്നീട് തംബുരുവിന്റെ ശോകഭരിതമായ മൂളല്‍. ആദ്യമായി ആ യന്ത്രത്തെ സ്പര്‍ശിക്കുന്നതില്‍ മാധവി കൗതുകം പൂണ്ടുനിന്നു.
‘ന്താ അതിലിങ്ങനെ?’. കേളപ്പജി എന്തിനാണ് റേഡിയോ ശബ്ദത്തില്‍ ആശങ്കപ്പെടുന്നതെന്ന് മാധവിക്ക് മനസ്സിലായില്ല.
‘ശരിയാ എന്തോ പന്തികേടുണ്ട്’. ഗോവിന്ദനും റേഡിയോവിന് അടുത്തേക്കു വന്നു. അല്പസമയത്തെ മൂളലിനു ശേഷം ഒരാളുടെ ശബ്ദം.
‘ഇപ്പോഴൊരു വാര്‍ത്ത?’ ഗോവിന്ദന്‍ സംശയാലുവായപ്പോള്‍ കേളപ്പന്‍ ‘ശ്ശ്’എന്ന ശബ്ദമുണ്ടാക്കി.
‘രാജ്യത്തിന്റെ പ്രധാനമന്ത്രിയും നമ്മുടെ രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഇഹലോകവാസം വെടിഞ്ഞു. ഇന്നുച്ചയ്ക്ക് ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം വിടവാങ്ങിയത്’.
കേളപ്പന്‍ മുറിക്കകത്തേക്ക് നടന്നു. എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ മാധവിയും ഗോവിന്ദനും നിസ്സഹായതയോടെ മുഖാമുഖം നോക്കി.
ഭാരതപ്പുഴ കാലത്തിന്റെ മാറ്റങ്ങളെ കൗതുകപൂര്‍വം നോക്കി. റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനകത്ത് ആശയ ഭിന്നതകള്‍ പെരുകി. ഗവേര്‍ണിങ് ബോഡി മാറിവന്നു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കേളപ്പന്‍ മാറി. ‘ഇതെന്താണിങ്ങനെ?’ ഒരിക്കല്‍ മാധവി ഗോവിന്ദനോട് ചോദിച്ചു.
‘പുതിയ ജില്ല വരാന്‍ പോകുകയാണ്. മലപ്പുറം ആണ് അതിന്റെ കേന്ദ്രം. കലാപത്തിന്റെ കണ്ണീര്‍ വീണ ഇടങ്ങള്‍ ചേര്‍ത്തൊരു തുന്നിക്കെട്ടല്‍. ഹൈദരാലിയും ടിപ്പുവും പിന്നെ അസംഖ്യം മതഭ്രാന്തരും ചേര്‍ന്ന് ഭയം വിതച്ച ദേശം. തികച്ചും മതമായിരിക്കും അതിന്റെ കാതല്‍. കേളപ്പജി അതിനെതിരാണ്’. ഗോവിന്ദന്‍ വാചാലനായി.
‘മതം രാഷ്ട്രീയത്തെ വിഴുങ്ങിയിരിക്കുന്നു’. മാധവിയുടെ ശബ്ദത്തില്‍ ദേഷ്യം പുരണ്ടു.
കേളപ്പനും എം.കെ. വെള്ളോടിയും പത്രപ്രസ്താവനകളിലൂടെ മലപ്പുറം ജില്ലാരൂപീകരണത്തെ ശക്തമായി എതിര്‍ത്തു.
ബഹുസ്വരതയുടെ ശാഖകള്‍ കുടിച്ചു വളര്‍ന്ന മണ്ണില്‍ ഏകസ്വരമായ ഒരു സാമ്രാജ്യം വരുന്നു. അവര്‍ക്ക് വിഹരിക്കാന്‍ വിശാലമായ കടല്‍തീരം. കച്ചവടക്കണ്ണോടെയെത്തി അധികാരം വെട്ടിപ്പിടിച്ചവരുടെ പഴയ ചരിത്രം പേറുന്ന കടലോരം. മതരാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് ഈ തീരഭൂമിയുടെ അധീശത്വം അവര്‍ക്ക് ധാരാളമാണെന്ന് കേളപ്പന്‍ ഭയപ്പെട്ടു.
‘ഹരിജനങ്ങളുടെ ഭൂമി മതജന്മികള്‍ കയ്യേറിയിരിക്കുന്നു. പോലീസ് അധികാരങ്ങള്‍ ജില്ലാ കൗണ്‍സിലുകള്‍ക്ക് ലഭിക്കുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ കലുഷിതമാകും. പോലീസ് അധികാരം കൂടിയുള്ള മതഭീകരത നാം ഭയപ്പെടേണ്ടത് തന്നെയാണ്. പാകിസ്ഥാന്റെ ചരിത്രം നമുക്കു മുന്നിലുണ്ട് ‘. സധൈര്യം പ്രസംഗിച്ചു നടന്ന കേളപ്പജിയെ കണ്ട് നാട് അത്ഭുതം കൂറി. കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ ധാരാളം പേര്‍ നിരന്നു.
പത്രത്തിലൂടെ വേലായുധന്‍ സംഗതികളറിഞ്ഞു.
‘കേളപ്പജിയോട് നിലപാട് മാറ്റണമെന്ന് സര്‍വ്വോദയ സംഘത്തിന്റെ പ്രബന്ധസമിതി ആവശ്യപ്പെട്ടിട്ടുണ്ടത്രേ’. മാധവി വേലായുധനോട് പറഞ്ഞു. ‘എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ തനിക്കാവില്ലെന്നും അതിനാല്‍ സര്‍വ്വോദയ സംഘം പ്രസിഡണ്ട് ആയി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അദ്ദേഹം രാജി സമര്‍പ്പിച്ചു’. മാധവി പത്രം നിവര്‍ത്തി വായിച്ചു.
ജില്ലാ രൂപീകരണത്തിനെതിരെ നടന്ന സത്യഗ്രഹത്തില്‍ കേളപ്പജിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചുവെന്നും പത്രവാര്‍ത്തയില്‍ ഉണ്ടായിരുന്നു.
പത്രം മടക്കി എഴുന്നേല്‍ക്കുമ്പോള്‍ പുറത്തൊരു കാല്‍പെരുമാറ്റം ഉള്ളതായി മാധവിക്ക് തോന്നി. വരാന്തയിലേക്ക് ചെന്ന് നോക്കി. പത്തു നാല്‍പ്പത് വയസ്സ് തോന്നിക്കുന്ന ഒരാള്‍.
‘എന്തേ?’ മാധവി ചോദിച്ചു.
‘വളപ്പില് കൊറച്ച് തേക്കും ഈട്ടീം ഉണ്ടെന്ന് കേട്ടു. കൊടുക്കുന്നോ എന്നറിയാന്‍ വന്നതാണ്’. ആഗതന്‍ ആമുഖമൊന്നുമില്ലാതെ കാര്യം പറഞ്ഞു.
‘ഇരിക്കാ… ആളകത്തുണ്ട്, ചോദിക്കാം. എവിടുന്നാ, ആരാന്ന് പറയണം?’ മാധവി കുറേ കാര്യങ്ങള്‍ ഒറ്റ ആരായലിലൊതുക്കി.
‘അറിയാന്‍ വഴിയില്ല. പേര് ഖാദറ്. കുഞ്ഞിക്കൊട്ടേട്ടനാ പറഞ്ഞത് വളപ്പില് നല്ല വലുപ്പൂള്ള തടി കുറച്ചെണ്ണൂണ്ടെന്ന്. എനിക്ക് മരക്കച്ചോടാ’.
ഖാദറിന്റെ സംസാരം കേട്ടു കൊണ്ട് വേലായുധന്‍ പുറത്തേക്ക് വന്നു. എന്താ മറുപടി എന്നറിയാന്‍ മാധവി വേലായുധന്റെ മുഖത്തേക്ക് നോക്കി. വേലായുധന്‍ മാധവിയുടെ നിശ്വാസശബ്ദം ഉയരുന്ന ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു. ‘ന്താ മറുപടീന്ന് വെച്ചാ നീ പറഞ്ഞോ’.
‘ഞാന്‍ എന്താ പറയ്വാ?’ മാധവി വേലായുധന്റെ അടുത്തേക്ക് വന്നു. പിന്നെ ചെറിയ ശബ്ദത്തില്‍ പറഞ്ഞു. ‘ വൈദ്യശാലേല് കൊറച്ച് പൈസ കൊടുക്കാനുണ്ട്. ഇനീം വേണ്ടിവരും. കേളപ്പജീനെ ബുദ്ധിമുട്ടിക്കേണ്ടാലോ. തെക്കേതിലെ ഒരു തേക്ക് അങ്ങ് കൊടുത്താലോ?’
വേലായുധന് സമ്മതമായിരുന്നു. അയാള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഖാദര്‍ കയറി വരാന്തയിലിരുന്നു. മാധവി കുടിക്കാന്‍ ചായയെടുത്തു. വേലായുധനും ഖാദറും വിലയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തി. മരം മുറിക്കാനുള്ള ദിവസവും പറഞ്ഞുറപ്പിച്ചു.
‘ഇനിയെങ്ങോട്ടാ?’ വേലായുധന്‍ ഖാദറിനോട് ചോദിച്ചു.
‘പെരിന്തല്‍മണ്ണയ്ക്ക്. അവിട താമസം’. ഖാദര്‍ ഇറങ്ങാന്‍ ഭാവിച്ചു.
പൊടുന്നനെ എന്തോ ഓര്‍മ്മയിലെത്തിയപ്പോള്‍ വേലായുധന്‍ ചോദിച്ചു
‘വണ്ടിയുണ്ടോ?’
‘ഉണ്ട്. കാറ് റോഡിലുണ്ട്’.
വേലായുധന്‍ അകത്തേക്ക് തല തിരിച്ചു. ‘നമുക്കെന്നാ അങ്ങാടിപ്പുറം വരെ ഒന്ന് ഇയാള്‍ക്കൊപ്പം പോയാലോ. നാളെയല്ലേ പത്മനാഭന്റെ മോള്‍ടെ നൂലുകെട്ട്’. ഖാദറിനു നേരെ തിരിഞ്ഞ് കൂട്ടിച്ചേര്‍ത്തു.’വിരോധൂല്ലല്ലോ?’
‘ഇല്ല’. ഖാദര്‍ പറഞ്ഞു.
മാധവി സമ്മതിച്ചു. തവനൂരിലെ ഗാന്ധിസ്മാരകത്തിലെ സ്ഥിരം സന്ദര്‍ശകനാണ് പത്മനാഭന്‍. അവിടെവച്ച് മാധവിക്ക് ലഭിച്ചതാണ് നൂലുകെട്ടിനുള്ള ക്ഷണം. വേലായുധേട്ടനെ കൂട്ടിത്തന്നെ പോകണമെന്ന് പറഞ്ഞേല്‍പ്പിച്ചതാണ്. താനത് മാറന്നതിലുള്ള വിഷമത്തോടെ മാധവി വസ്ത്രം മാറി വേലായുധനുള്ള മുണ്ടും ഷര്‍ട്ടും നല്‍കി. രണ്ടുപേരും പുറത്തേക്കിറങ്ങി.
‘ഖാദറിന്റെ നേരം പോയോ?’വേലായുധന്‍ ക്ഷമാപണസ്വരത്തിലാണ് ചോദിച്ചത്.
‘ഏയ് ഇല്ല .’
കാര്‍ നീങ്ങിത്തുടങ്ങിയപ്പോള്‍, ആദ്യമായാണ് കാറില്‍ കയറുന്നതെന്ന് വേലായുധന്‍ മാധവിയോട് പറഞ്ഞു. യാത്രയുടെ സുഖം ആസ്വദിക്കുന്ന ഭാവത്തില്‍ മാധവി മറുപടി നല്‍കി. ‘ഞാനും അതെ’.
മലപ്പുറം പട്ടണം പിന്നിട്ടതും കാച്ചിനിക്കാട് കടന്നു പോയതും വേലായുധന്‍ ചെവിയിലൂടെ അറിഞ്ഞു. കുന്നിനുസമീപമെത്തിയപ്പോള്‍ ഖാദറിനോട് പറഞ്ഞു.
‘പണ്ട് കാളവണ്ടിയായിരുന്നു. നെടിയിരിപ്പ്ന്ന് ഞാനെത്താത്ത വഴി ഏറനാട്ടിലെവിടെയുമില്ല’.
‘ നെടിയിരിപ്പായിരുന്നോ താമസം? ‘ഖാദര്‍ കൗതുകത്തോടെ ചോദിച്ചു.
‘അതെ, എന്തേ?’
‘ഉപ്പ അവിടെയായിരുന്നു. ഉമ്മ പെരിന്തല്‍മണ്ണേല്’. അങ്ങാടിപ്പുറത്തെത്തി. ഖാദര്‍ കാര്‍ നിര്‍ത്തി. മാധവി ഇറങ്ങി. മറുഭാഗത്തെ ഡോര്‍ തുറന്ന് വേലായുധന്റെ കയ്യില്‍ പിടിച്ചു.
‘ഉപ്പേടെ പേരെന്താ?’ ഇറങ്ങാന്‍ ഭാവിക്കുന്നതിനിടെ വേലായുധന്‍ ചോദിച്ചു.
‘അബൂബക്കര്‍. അവൂക്കര്‍ന്ന് വിളിക്കും’.
വേലായുധന്‍ കൈകുടഞ്ഞ് മാധവിയുടെ പിടിവിടുവിച്ചു. സീറ്റില്‍ തന്നെ അമര്‍ന്നിരുന്ന് ചോദിച്ചു. ‘അവൂക്കര്‍?’
‘അതെ. പ്രായായേപ്പിന്നെ പെരിന്തല്‍മണ്ണേലാ’.
‘വീട്ടിലേക്കാണെങ്കില്‍ ഞാനും വരുന്നു. അവൂക്കര്‍ക്കായെ എനിക്ക് കാണണം. അല്ല, അവൂക്കര്‍ക്ക എന്നെ കാണട്ടെ’. വേലായുധന്‍ വലിയ ആവേശത്തിലായിരുന്നു.
‘മാധവീ നീ കേറ്’. ഖാദറിന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ വേലായുധന്‍ പറഞ്ഞു.
വേലായുധനെ കണ്ടപ്പോള്‍ത്തന്നെ അവൂക്കറിന് ആളെ പിടികിട്ടി. കണ്ണില്‍ നിന്ന് ധാരയൊഴുകി തലയിണയെ നനച്ചു. വേലായുധന്‍ കട്ടിലില്‍ അവൂക്കറിനെ തൊട്ടുരുമ്മിയിരുന്നു. ലഹള ചിതറിത്തെറിപ്പിച്ച സാഹോദര്യം നാല്‍പ്പത്തേഴു വര്‍ഷങ്ങള്‍ക്കിപ്പുറം കൂട്ടിയിണക്കപ്പെട്ട കട്ടിലിന്റെ കാല്‍ക്കീഴില്‍ മാധവി നിന്നു.
‘ഉമ്മ ?’
‘ലഹള കഴിഞ്ഞ് അധികകാലം ഉണ്ടായില്ല’.
‘ശ്ശെ, എന്തേ എനിക്ക് അവിടൊന്ന് കേറാന്‍ തോന്നീല. എന്തായിരുന്നു നമുക്കിടയില്‍ സംഭവിച്ചിരുന്നത് അവൂക്കര്‍ക്ക?’
‘എനിക്ക് പിടിയില്ല. ഉമ്മേടെ മയ്യത്തും ഞാന്‍ നിന്നെ അറിയിച്ചില്ലല്ലോ. കാലം അങ്ങനെയൊക്കെ ആയി വേലായുധാ’.
തിരിച്ചിറങ്ങിയപ്പോള്‍ അങ്ങാടിപ്പുറത്ത് എത്തിക്കാമെന്ന് ഖാദര്‍ ഏറ്റു. കാറില്‍ നിന്നിറങ്ങുമ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന ഖാദറിന്റെ തലതടവിക്കൊണ്ട് വേലായുധന്‍ പറഞ്ഞു.
‘എന്റെ അവൂക്കര്‍ക്കാന്റെ മോന്‍ ആണെന്ന് മുഖം കണ്ടിരുന്നെങ്കില്‍ നേരത്തെ തന്നെ ഞാന്‍ പറഞ്ഞേനെ. പോയി വാ’.
പത്മനാഭന്റെ വീട്ടിലേക്ക് നടക്കുമ്പോള്‍ പാതയോരത്ത് ഒരാള്‍ക്കൂട്ടം. പൊടുന്നനെ മുദ്രാവാക്യം ഉയര്‍ന്നു.
‘ നായ പാത്തിയ കല്ലിന്മേല്‍ കളഭം പൂശിയ കേളപ്പാ’
(തുടരും)