സംഘപ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിനോടൊപ്പവും ഹിന്ദു മഹാസഭയോടൊപ്പവും ചേര്‍ന്നാണ് സ്വാതന്ത്ര്യസമരത്തില്‍ പ്രവര്‍ത്തിച്ചത് എന്നതിന് ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍ത്തന്നെ കൂടുതല്‍ തെളിവുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ കുറച്ച് സംഘപ്രവര്‍ത്തകര്‍ പങ്കെടുത്തുവെന്നും എന്നാല്‍ സംഘം ഒരു സംഘടന എന്ന നിലയില്‍ പ്രക്ഷോഭങ്ങളില്‍നിന്ന് മാറിനിന്നു എന്നും അമരാവതി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നു. ”കോണ്‍ഗ്രസ് കലാപസമയത്ത് സംഘത്തിന്റെ ചില അംഗങ്ങള്‍ അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി എങ്കിലും സംഘടന മൊത്തത്തില്‍ അതില്‍നിന്ന് വിട്ടുനിന്നു.”
(NAI Reference:- 28/3/43)
കൂടാതെ സൗഗൂര്‍ ജില്ലയിലെ റിപ്പോര്‍ട്ടിലെ സംഘ ചുമതലയുള്ളവരുടെ വിവരങ്ങള്‍ കൊടുത്തിരിക്കുന്ന ഭാഗത്ത് കല്‍ക്ക പ്രസാദ് ദുബെ എന്ന വ്യക്തി കോണ്‍ഗ്രസ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലില്‍ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ”സംഘടനാ ചുമതലക്കാര്‍:- സ്‌കൂള്‍ മാഷായ കല്‍ക്ക പ്രസാദ് ദുബെ, കോണ്‍ഗ്രസ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്.”
(NAI Reference:- 28/3/43)
എങ്കിലും അക്കാലത്ത് എല്ലാ സംഘപ്രവര്‍ത്തകരും കോണ്‍ഗ്രസ് അല്ലെങ്കില്‍ ഹിന്ദു മഹാസഭ അനുകൂലികള്‍ ആയിരുന്നു എന്ന നിഗമനം തെറ്റാണ്. ഈ റിപ്പോര്‍ട്ടിന്റെ അവസാനം കൊടുത്തിരിക്കുന്ന സമ്മറിയില്‍ അത് വ്യക്തമാക്കിയിരിക്കുന്നു. വിവിധ ചിന്താഗതിയുള്ളവര്‍ ചേരുന്നതായിരുന്നു സംഘപ്രവര്‍ത്തകര്‍ എന്ന് റിപ്പോര്‍ട്ട് ചുരുക്കിപ്പറയുന്നു. ചിലര്‍ കോണ്‍ഗ്രസ് വിരുദ്ധരായും സംഘത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും പൊതുവില്‍ കോണ്‍ഗ്രസുകാരും ചില ബ്രിട്ടീഷ് അനുകൂലികളും സംഘത്തിനെ പിന്തുണച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ”അനുകൂലികളുടെ വൈവിധ്യവും തീവ്ര പ്രവണതകളും മൂലം സംഘത്തിന്റെ നയത്തിന്റെ രൂപാന്തരണത്തിലൂടെ അവരെ സംഘടനയില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്ന് വിശദീകരിക്കേണ്ടിയിരിക്കുന്നു. ചില ശാഖകള്‍ കോണ്‍ഗ്രസ് വിരുദ്ധരും ചില അംഗങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധരും ആയിരുന്നു.”
(NAI Reference:- 28/3/43)
1943 ലെ ഈ ഫയലില്‍ നാഗ്പൂര്‍ ജില്ലയിലെ സംഘനേതൃത്വം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കാരണക്കാരായി എന്നും ആരോപിച്ചിരുന്നു. ”അടുത്തിടെയുണ്ടായ കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ സംഘ നേതാക്കള്‍ നശീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കാരണഭൂതരായി എന്നത് ഇപ്പോള്‍ ആരോപിക്കുന്നു.”
(NAI Reference:- 28/3/43)
സംഘ പ്രവര്‍ത്തകര്‍ ഓരോരുത്തര്‍ ആയും സംഘടനാപരമായും കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്വാതന്ത്ര്യസമര പ്രക്ഷോഭത്തില്‍ പങ്കാളികളായി എന്ന വസ്തുത ഇവിടെ തെളിവുകള്‍ നിരത്തി വിശദീകരിച്ചിരിക്കുന്നു. അതോടൊപ്പം ബ്രിട്ടീഷ് സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടാതെ സംഘടനയുടെ ശക്തി വര്‍ദ്ധിപ്പിക്കുക എന്ന തന്ത്രം ഡോക്ടര്‍ ഹെഡ്‌ഗേവാറും പ്രൊഫസര്‍ ഗോള്‍വാല്‍ക്കറും പ്രയോഗിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്. സംഘടനാ സ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ മുതല്‍ സ്വയംസേവകനായ ആദ്യ പ്രധാനമന്ത്രി വരെ സ്വാതന്ത്ര്യസമരത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെങ്കിലും പ്രസക്തമായ ബ്രിട്ടീഷ് രേഖകള്‍ തെളിവുകളാക്കി നിരത്തി അത് സ്ഥാപിച്ചെടുക്കാന്‍ കാര്യമായ ഒരു ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
സംഘത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു
തുടക്കത്തില്‍ സ്വദേശി പ്രസ്ഥാനത്തിലും പിന്നീട് അഷ്ടി-ചിമൂര്‍ രക്തരൂക്ഷിത പ്രക്ഷോഭങ്ങളിലും സംഘപ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തത് ബ്രിട്ടീഷ് അധികൃതര്‍ ഗൗരവമായി കണക്കിലെടുത്തിരുന്നു. എന്നാല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും സിവില്‍ നിയമവിരുദ്ധ പ്രക്ഷോഭത്തിലും സംഘപ്രവര്‍ത്തകര്‍ പങ്കെടുത്തതായി നിരീക്ഷിച്ചതോടെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളും രാഷ്ട്രീയ നിലപാടുകളും തങ്ങള്‍ക്കില്ല എന്ന സംഘടനാ നിലപാടിനെ സംശയത്തോടെ നിരീക്ഷിക്കാന്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ചിരുന്നു. നിരോധനത്തില്‍നിന്നും സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്‍ നിന്നും രക്ഷപ്പെടാനായുള്ള തന്ത്രപരമായ നീക്കമായാണ് സംഘനിലപാടിനെ പിന്നീടുള്ള ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളില്‍ വിവരിച്ചിരിക്കുന്നത്. 1943-ലെHOME_POLITICAL_I_1943_NA_F-28-3 എന്ന ഫയലിലെ ആര്‍.എസ്.എസിനെക്കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ടില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍, സംഘം ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തമാക്കിക്കഴിഞ്ഞു എന്നും സംഘത്തിന്റെ മുഖ്യലക്ഷ്യം ഹിന്ദു ഐക്യമാണെന്ന് അതിന്റെ നേതാക്കള്‍ വിശദീകരിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. മദ്രാസ് പ്രവിശ്യയിലെ ചുമതലക്കാര്‍, ‘നമ്മളുടെ രാജ്യം, സമൂഹം, സംസ്‌കാരം എന്നിവയെ ഏറ്റവും ഉയര്‍ന്ന യശസ്സില്‍ എത്തിക്കുന്നതാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് വിശദീകരിക്കുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ 1943 നവംബറില്‍ ലാഹോറില്‍വെച്ച് സര്‍സംഘചാലകായ മാധവ സദാശിവ ഗോള്‍വാല്‍ക്കര്‍ സമൂഹത്തിലെ ജാതീയ തൊട്ടുകൂടായ്മ ഇല്ലാതാക്കി ഹിന്ദുക്കളിലെ എല്ലാ വിഭാഗം ജനതയെയും ഒന്നിപ്പിക്കലാണ് സംഘത്തിന്റെ പ്രവര്‍ത്തന ഉദ്ദേശ്യം എന്ന് വ്യക്തമാക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. സംഘത്തിന്റെ പൂനയിലെ ട്രെയിനിംഗ് ക്യാമ്പില്‍, നമ്മുടെ ചരിത്രപുരുഷന്മാര്‍ എതിരാളികളെ ഇല്ലാതാക്കിയ കഥകളും ജീവത്യാഗത്തിന്റെ മഹത്വവും സമര്‍ത്ഥ രാമദാസിന്റെ ആശയങ്ങളെ ഉദ്ധരിച്ച് പ്രസംഗിച്ചതിന്റെ ഉദ്ദേശ്യം മറ്റൊന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജബല്‍പൂരിലെ ഒരു പ്രസംഗകന്‍ സംഘത്തിന്റെ ലക്ഷ്യം ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് ഓടിക്കുകയാണെന്ന് സൂചിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ വാചകങ്ങള്‍ സംഘത്തിന്റെ അമൃത്സറിലെ ഒരു പ്രൈവറ്റ് മീറ്റിംഗില്‍ ഗജ്ജധര്‍ എന്നയാള്‍ അതേപടി ആവര്‍ത്തിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാദ്ര ജില്ലയില്‍ സംഘത്തിന്റെ ഒരു സംഘാടകന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടതായും രേഖപ്പെടുത്തുന്നുണ്ട്.
റിപ്പോര്‍ട്ടിന്റെ ഒരു ഭാഗത്ത് സംഘത്തിനോട് അനുഭാവമുള്ള സര്‍ക്കാര്‍ ജീവനക്കാരെ കണ്ടെത്താന്‍ സംഘടന ശ്രമിക്കുന്നു എന്നും പറയുന്നുണ്ട്. അമരാവതിയില്‍ 50 പെണ്‍കുട്ടികള്‍ പരേഡില്‍ പങ്കെടുത്തു എന്നും വിവരിക്കുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയാല്‍ അത് അനാവശ്യമായ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയും സംഘടനയുടെ നാശത്തിന് കാരണമാകുമെന്ന് സംഘം കണക്കുകൂട്ടുന്നു എന്നും വിവരിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ പേജ് 5-ല്‍ സംഘത്തിന്റെ ദല്‍ഹി ശാഖക്ക് ഹിന്ദുമഹാസഭയുമായി അകല്‍ച്ചയുള്ളതായി വ്യക്തമാക്കുന്നു. കൂടാതെ ആര്യസമാജത്തിന് സംഘവുമായി വിഗ്രഹാരാധനയിലുള്ള അഭിപ്രായവത്യാസവും രേഖപ്പെടുത്തുന്നുണ്ട്. 1943 ഏപ്രില്‍ 29-ന് പട്ടാള രീതിയിലുള്ള പരിശീലനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഗോള്‍വാല്‍ക്കര്‍ എല്ലാ ശാഖകളോടും ആവശ്യപ്പെട്ടതായി വിവരിക്കുന്നു. സംഘത്തിനെ ‘പട്ടാള’ രീതിയുള്ള സംഘടന എന്നതിനപ്പുറം ഉചിതമായ പേരില്‍ പരിഗണിക്കാനായി സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് അതിന്റെ ഉദ്ദേശ്യം എന്ന് ഊഹിക്കുകയും സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നതിന് മുമ്പായി സ്വയം തിരുത്തുക എന്ന സന്ദേശമാണ് നേതൃത്വം എല്ലാ ഘടകങ്ങള്‍ക്കും ഇതിലൂടെ നല്‍കുന്നത് എന്നും അതില്‍ കുറിച്ചിരിക്കുന്നു. എങ്കിലും പലയിടത്തും ‘പട്ടാള’ചിട്ടകള്‍ പഠിപ്പിക്കുന്ന വിഭാഗം നിര്‍ത്തലാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. കൂടാതെ സര്‍ക്കാര്‍ നിരോധിച്ചിട്ടും ചിലയിടങ്ങളില്‍ യൂണിഫോമിലുള്ള പരേഡുകള്‍ നടത്തുന്നു എന്നും ബ്രിട്ടീഷുകാര്‍ നിരീക്ഷിക്കുന്നു.
നിയന്ത്രിക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍
1940 ആഗസ്റ്റ് 5-നാണ് പട്ടാളച്ചിട്ടയിലുള്ള പരിശീലനങ്ങളും യൂണിഫോമുമുള്ള സംഘടനകളെ നിയന്ത്രിക്കാനുള്ള വകുപ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. അതിലൂടെ ഖക്‌സര്‍ എന്ന മുസ്ലീം സംഘടനയെ ബ്രിട്ടീഷുകാര്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും ആര്‍.എസ്.എസ്സിനെ നിയന്ത്രിക്കാനോ സംഘടനയുടെ വളര്‍ച്ച തടയാനോ ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചിരുന്നില്ല. ഇതേ നിയമംകൊണ്ട് എന്തുകൊണ്ട് സംഘത്തിനെ നിയന്ത്രിക്കാന്‍ സാധിച്ചില്ല എന്ന ചോദ്യം ആഭ്യന്തര വകുപ്പില്‍ ഉടനീളം പിന്നീട് ഉയര്‍ന്നുവരികയും ചെയ്തു. ആര്‍.എസ്.എസ് എങ്ങനെയാണ് ഈ പ്രതിസന്ധി നേരിട്ടതെന്ന് ബ്രിട്ടീഷ് രേഖകളിലൂടെ വിലയിരുത്താവുന്നതാണ്.
ആയുധങ്ങള്‍ ഉപയോഗിച്ചോ അല്ലാതെയോ ഉള്ള പട്ടാള കായികപരിശീലനത്തെ നിയന്ത്രിക്കാനായി പൊതുനിയമമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ പട്ടാളപരിശീലനം എന്ന പ്രയോഗത്തില്‍ വ്യക്തത ഇല്ലെന്നും എന്താണ് പട്ടാളപരിശീലനം അല്ലാത്ത പരിശീലനം എന്നത് വ്യക്തമല്ലെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. അഖാഡകളും ജിംനേഷ്യങ്ങളും മുതല്‍ വിവിധ പ്രവിശ്യകളില്‍ നിലവിലിരുന്ന വ്യത്യസ്ത കായിക വിനോദങ്ങളും ബ്രിട്ടീഷ് ചട്ടത്തിനെ ദുര്‍ബലമാക്കി. ബോംബെ സര്‍ക്കാര്‍ കായികപരിശീലന സ്‌കൂള്‍ ആരംഭിച്ച് അനുവദനീയമായ പരിശീലങ്ങളുടെ സിലബസ് ഉണ്ടാക്കി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയുമുണ്ടായി.
ബ്രിട്ടീഷ് അധികൃതര്‍ ഖക്‌സര്‍ നേതൃത്വവുമായും സംഘ നേതൃത്വവുമായും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. ചര്‍ച്ചകള്‍ക്കുശേഷം ദണ്ഡ (ലാത്തി) കൊണ്ടുള്ള പരിശീലനം ഉപേക്ഷിക്കാമെന്ന് സമ്മതിച്ചു. ബ്രിട്ടീഷ് അധികൃതര്‍ മറ്റ് പരിശീലന കായിക ഇനങ്ങള്‍ പരിശോധിച്ചശേഷം അനുവദിക്കുകയും ചെയ്തു. കൂടാതെ സംഘടന ഈ നിര്‍ദ്ദേശങ്ങള്‍ മറികടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു.
1940 നവംബര്‍ 23-ന് ബ്രിട്ടീഷ് അധികൃതരും സംഘനേതൃത്വവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയും ഒരു ‘ഉടമ്പടി’യില്‍ എത്തുകയും ചെയ്തു. സംഘത്തിനെ പ്രതിനിധീകരിച്ച് ആ ചര്‍ച്ചയില്‍ പങ്കെടുത്തത് അഭയങ്കര്‍ ആണ്. അഞ്ച് മുഖ്യ നിര്‍ദ്ദേശങ്ങള്‍ നിറഞ്ഞ ഉടമ്പടിയില്‍ അഞ്ചാമതായി സര്‍ക്കാരിന്റെ ‘സിവിക് ഗാര്‍ഡ്’, ‘അതിര്‍ത്തി രക്ഷാസേന’ എന്നിവയില്‍ ചേര്‍ന്ന് നാടിനെ സേവിക്കാന്‍ താല്പര്യമുള്ള പ്രവര്‍ത്തകരെ പ്രേരിപ്പിക്കാനുള്ള നിര്‍ദ്ദേശവും ബ്രിട്ടീഷ് അധികൃതര്‍ മുന്നോട്ടുവെച്ചു.
‘സംഘടനയുടെ പരിശീലന ക്ലാസുകള്‍ ശാരീരിക പരിശീലനങ്ങള്‍ മാത്രം ഉദ്ദേശിച്ചുള്ളവയായിരിക്കണമെന്നും, സംഘ പ്രവര്‍ത്തകരില്‍ അച്ചടക്കമുള്ള സേനയുടെ പരിശീലനം നേടാന്‍ താല്പര്യമുള്ളവരോട് അതിര്‍ത്തിരക്ഷാ സേനയിലും സിവിക് ഗാര്‍ഡിലും ചേരാനായി പ്രേരിപ്പിച്ചാല്‍ അവര്‍ക്ക് രാജ്യത്തിന് പ്രയോജനമുള്ള സേവനം ചെയ്യാമെന്നും സംഘത്തിനെ നന്നായി ഉപദേശിക്കുന്നു.’ (NAI Reference:- HOME_POLITICAL_I_1943_NA_F-28-3)
ഉടമ്പടിയിലെ മറ്റു നിര്‍ദ്ദേശങ്ങള്‍
*) കായിക പരിശീലനം എന്ന പേരില്‍ ചെറിയ പരിശീലനങ്ങള്‍ അനുവദനീയമാണ്. പട്ടാളരീതിയിലുള്ള പരിശീലനങ്ങള്‍ പാടില്ല.
*) കായികപരിശീലനത്തിനുള്ള കയര്‍, തടിക്കഷണം പോലുള്ളവ ഒഴിച്ചുള്ള ഒരു ആയുധങ്ങളും ഉപയോഗിക്കാന്‍ പാടില്ല.
*) സ്വകാര്യ ഇടങ്ങളില്‍ കായികപരിശീലനങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. അതിന്റെ മറവില്‍ സംഘടനകള്‍ക്ക് സായുധ കായികപരിശീലനങ്ങള്‍ക്ക് അനുമതിയില്ല.
*) കാക്കി നിക്കറും ഷര്‍ട്ടും അനുവദനീയമാണെങ്കിലും നെഞ്ചില്‍ കുറുകെ ധരിക്കുന്ന ബെല്‍റ്റുകള്‍ പാടില്ല. യൂണിഫോം സംഘം മാറ്റുകയാണെങ്കില്‍ പ്രശ്‌നമില്ല.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായസേനകളില്‍ ചേരാനുള്ള വാഗ്ദാനം ലഭിച്ചെങ്കിലും സംഘം ആ നിര്‍ദ്ദേശത്തിനോട് അനുകൂലമായി പ്രതികരിച്ചില്ല. അതേസമയം ബ്രിട്ടീഷുകാരുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തി സംഘടന സായുധ പരിശീലനങ്ങള്‍ ഉള്‍പ്പെടെ വിലക്കിയ എല്ലാ പരിശീലനങ്ങളും തുടര്‍ന്നുപോന്നതായി ബ്രിട്ടീഷ് റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നു. 1943-ലെ ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സമാന്തര നടപടികള്‍ എടുത്തില്ലെങ്കില്‍ നാണക്കേടാകുമെന്ന് കുറിച്ചിരിക്കുന്നു.
1943- 23 ജൂണ്‍ ലെ പാതി ഒഫീഷ്യല്‍ ആയ 11227/0/61/40 എന്ന കത്തിലെ മൂന്നാം ഖണ്ഡികയുടെ അവസാന പകുതിയുടെ ബാക്കിയായി, യുണൈറ്റഡ് പ്രവിശ്യയുടേയും സെന്‍ട്രല്‍ പ്രവിശ്യയുടേയും 1943 ജൂണ്‍ മാസ ദ്വൈവാര റിപ്പോര്‍ട്ടുകളിലെ മൂന്നും പത്തും ഖണ്ഡികകളില്‍ ആര്‍.എസ്.എസ് സംഘത്തിന്റെ ആ പ്രവിശ്യകളിലുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. പട്ടാള പരിശീലനങ്ങള്‍, ലാത്തിയും വാളും കൊണ്ടുള്ള കായികാഭ്യാസങ്ങള്‍, ക്യാമ്പുകള്‍ എന്നിവ ബ്രിട്ടീഷ് ഇന്ത്യയില്‍ തുടരുന്നു എന്ന് ഈ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.’
(NAI Reference:- HOME_POLITICAL_I_1943_NA_F-28-3)
തുടര്‍ന്ന് 1943 ആഗസ്റ്റ് 10-ന് അഡീഷണല്‍ സെക്രട്ടറി റിച്ചാര്‍ഡ് ടോട്ടന്‍ഹാം എല്ലാ പ്രവിശ്യാസര്‍ക്കാരുകള്‍ക്കും രഹസ്യ കത്തയച്ചു. അതില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി എല്ലാ പ്രവിശ്യകളും ആര്‍.എസ്.എസ്സിന്റെ പരിശീലന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നില്ല എന്നും 1940 ആഗസ്റ്റ് 5-ലെ നോട്ടിഫിക്കേഷന്‍ പ്രകാരം എല്ലാ പ്രവിശ്യകളും സംഘടനയെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ആര്‍.എസ്.എസ്സിന്റെ പരിശീലന പരിപാടികളെ കാര്യക്ഷമമായി നേരിടാന്‍ ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചില്ല എന്ന് പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും വിവിധ ഇടങ്ങളില്‍നിന്നും നിരവധി സംഘ പ്രവര്‍ത്തകര്‍ യൂണിഫോം, കായികപരിശീലനം സംബന്ധിച്ച നിരോധനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ അറസ്റ്റിലായി.
സംഘം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കഴിഞ്ഞെന്നും സംഘടന ബ്രിട്ടീഷ് വിരുദ്ധ സംഘടനയാണെന്നും അതിനെ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും വിലയിരുത്തുന്നു. ബ്രിട്ടീഷ് സര്‍ക്കാരുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് സംഘടനയും ഗോള്‍വാല്‍ക്കറും തയ്യാറല്ല എങ്കിലും സംഘടന മിക്കയിടങ്ങളിലും യൂണിഫോം നിരോധനം ലംഘിക്കുന്നുണ്ട് എന്ന് 1943 ഡിസംബര്‍ 13ലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു:
‘സര്‍ക്കാരുമായി ഒരു തുറന്ന ഏറ്റുമുട്ടലില്‍ എത്തുന്നതിന്റെ ദോഷത്തെക്കുറിച്ച് അറിയാവുന്ന സൂക്ഷ്മബുദ്ധിയുള്ള ഗോള്‍വാല്‍ക്കറും അനുയായികളും തുടര്‍ച്ചയായി യൂണിഫോമിനും പട്ടാള രീതിയിലുള്ള പരിശീലനത്തിനുമുള്ള നിരോധനം പല തവണയായി മറികടന്നു.’
(NAI Reference:- HOME_POLITICAL_I_1943_NA_F-28-3)
മദ്രാസ് പ്രവിശ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ പ്രവര്‍ത്തകരുടെ പേരില്‍ യൂണിഫോം നിരോധനം ലംഘിച്ചതിന് കേസെടുത്തിരിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ലഭ്യമാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു എന്നത് വെറുമൊരു പുകമറ മാത്രമാണെന്ന് ബ്രിട്ടീഷ് റിപ്പോര്‍ട്ട് അവസാനം ചുരുക്കി വിലയിരുത്തുന്നു.
‘സര്‍ക്കാരിന്റെ ഉത്തരവുകള്‍ക്ക് ഗോള്‍വാല്‍ക്കര്‍ നല്‍കിയിരിക്കുന്ന പിന്തുണ, തന്റെ ഉപേക്ഷിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പുകമറ മാത്രമാണെന്ന് സംഘത്തിന്റെ ഈയിടെയുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങളുടെ രത്‌നച്ചുരുക്കം മനസ്സിലാക്കിക്കുന്നു.’
(NAI Reference:- HOME_POLITICAL_I_1943_NA_F-28-3)
എങ്കിലും ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം സംഘടനയെ നിരോധിക്കാനായി സാധിക്കില്ല എന്ന നിര്‍ദ്ദേശവും രഹസ്യ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു..
‘ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്തായാലും ആര്‍.എസ്.എസ് നിയമപരിപാലത്തിന് പെട്ടെന്നൊരു ഭീഷണിയാണെന്ന് വാദിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍, ക്രിമിനല്‍ നിയമഭേദഗതിയിലൂടെ ആ സംഘടനയെ നിരോധിച്ചുകിട്ടുന്ന കാര്യം സംശയകരമാണ്.’
(NAI Reference:- HOME_POLITICAL_I_1943_NA_F-28-3)
അതേസമയം, ഗോള്‍വാല്‍ക്കര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായ വളരെ അച്ചടക്കമുള്ള സേനയെ രാജ്യമുടനീളം ഒരുക്കുകയാണെന്നും വിവരിച്ചിരിക്കുന്നു.
പ്രധാനമായി, പ്രതിരോധ വകുപ്പുകള്‍ പ്രകാരം സംഘടനകളുടെ ക്യാമ്പ് പരിശീലനങ്ങള്‍ നിരോധിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നു. അത് ആര്‍.എസ്.എസ്സിനെയാകും ബാധിക്കുക എന്നും അവര്‍ കണക്കുകൂട്ടുന്നു. പരിശീലന ക്യാമ്പുകളാണ് സംഘത്തിന്റെ ശക്തിയെന്നും അതിലൂടെയാണ് സംഘത്തിന്റെ വളര്‍ച്ചയെന്നും ബ്രിട്ടീഷ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇന്റലിജന്‍സ് ബ്യുറോ റിപ്പോര്‍ട്ട് പ്രകാരം സംഘത്തിന്റെ ലക്ഷ്യം എന്തെന്ന് മനസ്സിലാകുന്നില്ല എന്നും അണ്ടര്‍ സെക്രട്ടറി ഒലിവറിന്റെ കുറിപ്പും ഇതോടൊപ്പം കാണാനാകും.
(തുടരും)