‘സെല്‍ഭരണമാണ് നാട്ടില്‍. പാര്‍ട്ടിനേതാക്കളുടെ സ്വേച്ഛാധിപത്യം തങ്ങളെ അടിമപ്പെടുത്തുമെന്ന ആശങ്കയിലാണ് ജനം. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ വീണിരിക്കുന്നു. ജനങ്ങള്‍ വിമോചനം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഭരണത്തെ തടസ്സപ്പെടുത്തരുതെന്ന നിലപാടിലാണ് പണ്ഡിറ്റ്ജി’.
സംസാരം ഭജനകോവില്‍ തെരുവിലെത്തും വരെ തുടര്‍ന്നു. ഗേറ്റില്‍ കാര്‍ത്തു കാത്തു നില്‍പ്പുണ്ടായിരുന്നു. ദാമോദരന്റെ ഭാര്യ, കേളപ്പന്റെ ശിഷ്യ.
‘നാരായണന്‍ വന്നിട്ടുണ്ട്’. കാര്‍ത്തു എന്തോ ആവേശം ഒളിപ്പിക്കുന്നുണ്ട്.
‘ഓ , എംജിഎസ്’. ദാമോദരന്‍ ഗേറ്റ് തുറന്നു.
‘ന്താ കാര്‍ത്തൂ, വല്ല വിശേഷവും?’ കേളപ്പന്‍ അകത്തേക്ക് കയറുന്നതിനിടയില്‍ ചോദിച്ചു.
‘ഏയ്’. കാര്‍ത്തുവിന്റെ മുഖത്ത് ഒരു കള്ളച്ചിരി.
സ്ഥിതപ്രജ്ഞഭാവത്തില്‍ അകത്തേക്ക് കയറി കേളപ്പന്‍ നാരായണനോട് കുശലാന്വേഷണം നടത്തി. എല്ലാവരും ഉച്ചയൂണിനിരുന്നു. നാരായണന്റെയും കാര്‍ത്തുവിന്റേയും ഇടയ്ക്കിടെയുള്ള പരസ്പരനോട്ടങ്ങളില്‍ ദാമോദരന്‍ സംശയാലുവായി.
കേളപ്പജിയുടെ ശ്രദ്ധ ഭക്ഷണത്തിലാണ്. ഒന്നുമില്ലെന്ന അര്‍ത്ഥത്തില്‍ കാര്‍ത്തു ദാമോദരനെ കണ്ണിറുക്കി കാണിച്ചു. നാരായണന്‍ കേളപ്പജി കാണാതെ ചിരിച്ചു.
ഊണിനു ശേഷം കോണിപ്പടി കയറി മുകള്‍നിലയിലെ മുറിയിലേക്ക് കേളപ്പജി നടന്നു. ചാരുകസേരയിലേക്ക് ചാഞ്ഞു. കാര്‍ത്തു പതുക്കെ അദ്ദേഹത്തിന്റെ അടുത്തെത്തി. കയ്യില്‍ ഒരു കത്ത്.
ഇത് പതിവാണ്. ഉച്ചയൂണിനു ശേഷം, അന്നു വന്ന കത്തുകള്‍ വായിച്ചു കൊടുക്കലും മറുപടി കേളപ്പജിയില്‍ നിന്ന് കേട്ടെഴുതലും കാര്‍ത്തുവിന്റെ കര്‍ത്തവ്യമാണ്.
കാര്‍ത്തു അടുത്തുള്ള കസേരയില്‍ ഇരുന്നു.
‘ഇത് സാധാരണമായ ഒന്നല്ല’.
പ്രതികരണം അറിയാന്‍ നാരായണനും ദാമോദരനും ജാഗരൂകരായി കോണിപ്പടികള്‍ കയറി. കേളപ്പജി ആശ്ചര്യത്തോടെ കവറില്‍ നോക്കി.
‘ ആരുടേതാണെന്ന് അറിയോ? സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടേത് ! എന്തിനാണെന്നറിയോ. കേളപ്പജി ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗവര്‍ണര്‍ പദവി സ്വീകരിച്ച് ഭരണരംഗത്തേക്ക് വരണംന്ന്’. പിന്നീട് കാര്‍ത്തു ഇംഗ്ലീഷിലുള്ള ആ കുഞ്ഞുസന്ദേശം ഉറക്കെ വായിച്ചു. ‘ഏത് സംസ്ഥാനാ വേണ്ടത്ന്ന് ചോദ്യം’.
കേളപ്പജി ചിരിച്ചു.
‘കാര്‍ത്തു എഴുതിക്കോളൂ’
ദാമോദരനും നാരായണനും ആശ്വാസം കൊണ്ടു. ഭാഗ്യം, കേളപ്പജി പിണങ്ങിയില്ല. ഗവര്‍ണറുടെ കുപ്പായമിട്ട കേളപ്പജിയെ മനസ്സില്‍ സങ്കല്‍പ്പിച്ച് കാര്‍ത്തു പേനയെടുത്തു. കേളപ്പജി പറഞ്ഞു കൊടുത്തു.
‘പ്രിയപ്പെട്ട പണ്ഡിറ്റ്ജി. ഞാനും സഹപ്രവര്‍ത്തകരും ദേശീയപ്രസ്ഥാനത്തില്‍ വന്നപ്പോള്‍ തങ്ങളുടെ ജീവിതകാലത്ത് ഇന്ത്യ സ്വതന്ത്രയാകുമെന്നോ ഉദ്യോഗങ്ങളും സ്ഥാനമാനങ്ങളും തങ്ങളെ തേടിയെത്തുമെന്നോ പ്രതീക്ഷിച്ചല്ല തുടങ്ങിയത്. ഞാനിപ്പോള്‍ രാഷ്ട്രീയം വിട്ട് സര്‍വോദയ പ്രസ്ഥാനത്തില്‍ മുഴുകിയിരിക്കുന്നു. തവനൂരില്‍ ഒരു ചെറിയ സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ദയവായി താങ്കള്‍ അതിന്നാവശ്യമായ സര്‍ക്കാര്‍ സഹായം എത്തിച്ചാല്‍ ഉപകാരം. ക്ഷണത്തിന് നന്ദി. ആ പദവി എന്നെക്കാള്‍ അര്‍ഹരായ വല്ലവരെയും ഏല്‍പ്പിക്കും എന്നാശിക്കുന്നു’.
ദാമോദരനും നാരായണനും നിരാശയോടെ ഗോവണിയിറങ്ങി. കാര്‍ത്തു പിന്നാലെയും.
സര്‍ക്കാര്‍വിരുദ്ധ പ്രകടനങ്ങള്‍ കേരളത്തിലെമ്പാടും അരങ്ങേറി. വിദ്യാര്‍ത്ഥികളുടെ കടത്തുകൂലിയുമായി ബന്ധപ്പെട്ട് ഒരണസമരം ജനകീയസമരമായി മാറിക്കഴിഞ്ഞു. കേരളം സമരകാഹളങ്ങളില്‍ കലങ്ങിമറിയുകയാണ്. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ വിമോചന സമരം കൊടുമ്പിരികൊളളുന്നു.
‘വേദനയുണ്ടാക്കുന്ന സ്ഥിതിയാണ് നാട്ടില്‍. മനോവേദനയില്‍ നിന്ന് മോചനം നേടാന്‍ ഒരു വഴിയേ ഉള്ളൂ. ഉപവാസം. ആത്മശുദ്ധിക്കും ആത്മശാന്തിക്കും വേണ്ടി ഇരുപത്തൊന്നു ദിവസത്തെ ഉപവാസയജ്ഞത്തിന് ആലോചിക്കുകയാണ് ഞാന്‍’. മറ്റൊരു മധ്യാഹ്നത്തില്‍ ഗോവണി കയറുമ്പോള്‍ കേളപ്പജി കാര്‍ത്തുവിനോട് പറഞ്ഞു.
അച്ഛനമ്മമാരുടെ അസ്ഥികലശങ്ങളുമായി വേലായുധന്‍ മാധവിയോടൊപ്പം ഭാരതപ്പുഴയുടെ ഓരത്തെത്തി. തിരുനാവായ പുരാതനമായ മാഘമകത്തിന്റെ ഓര്‍മ്മകളെ താലോലിച്ച് പുഴയുടെ തീര്‍ത്ഥത്തില്‍ പാദം വെച്ച് കിടന്നു.
‘കുംഭമേളകളുടെ മഹോത്സവക്കാഴ്ചകളൊരുക്കിയ പൂര്‍വ്വപിതൃക്കളോടൊപ്പം ഇവര്‍ക്കും മോക്ഷം ഈ തീര്‍ത്ഥജലത്താലാകട്ടെ’. മുങ്ങി നിവര്‍ന്ന് രണ്ടുപേരും കലശങ്ങള്‍ പിറകോട്ടെറിഞ്ഞു. ചാരം ജലത്തില്‍ ലയിച്ചു. ചോള പിതൃക്കളുടേയും ചാവേറുകളുടേയും മഹാത്മാവിന്റെയും വേലായുധന്റെ മാതാപിതാക്കളുടേയും ആത്മാക്കളൊന്നായി.
ഓംശാന്തി.
വേലായുധന്‍ പടവുകള്‍ കയറി, പിറകെ തൊഴുകൈയോടെ കയറിവരുന്ന മാധവിയോട് മറുകരയിലേക്ക് ചൂണ്ടി വേലായുധന്‍ പറഞ്ഞു.
‘അവിടെയാണ് തവനൂര്‍. അവിടെ ഓലക്കുടിലില്‍ ഉപവാസത്തിലാണ് കേളപ്പജി’.
‘നമുക്കക്കരെ കടന്നാലോ? ‘. മാധവി കാക്കകള്‍ കൊത്തുന്ന ബലിച്ചോറിനെ നോക്കിക്കൊണ്ട് പറഞ്ഞു.
‘തീര്‍ച്ചയായും’.
കടവില്‍ തോണി കാത്തിരിപ്പുണ്ടായിരുന്നു. ഏതാനും പേര്‍ അക്കരയ്ക്കു പോകാന്‍ അതില്‍ കയറിയിരിപ്പുണ്ട്. വേലായുധനും മാധവിയും കയറിയതോടെ തോണിക്കാരന്‍ തുഴയാന്‍ തുടങ്ങി.
ചമ്രവട്ടത്തിനും കുറ്റിപ്പുറത്തിനുമിടയില്‍ ഭാരതപ്പുഴ തവനൂരിനെ അര്‍ദ്ധവൃത്താകാരത്തില്‍ അലങ്കരിച്ചു നിന്നു. വെയില്‍ ശക്തിപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
വേലായുധന്‍ മാധവിയോട് പറഞ്ഞു. ‘നല്ല തലവേദനയുണ്ട്. രാവിലെ ചെറുതായുണ്ടായിരുന്നു’.
‘രാവിലെ മുതല്‍ വയറു കാലിയാണല്ലോ. അതോണ്ടായിരിക്കും. വല്ലതും കഴിച്ചാല്‍ ശരിയാവും’. മാധവി സമാധാനിപ്പിച്ചു.
മറുകരയില്‍ തോണിയടുത്തു. കരയ്ക്കുകയറി മുന്നോട്ട് നടന്നു. ക്ഷീണം വേലായുധന്റെ നടത്തത്തിന്റെ വേഗത കുറയുന്നു എന്ന് ബോധ്യപ്പെട്ട മാധവി സ്വന്തം വേഗം കുറച്ചു. അയാളുടെ കൈ പിടിച്ചു.
‘എന്തോ ഒരു ഇരുട്ട് കേറുമ്പോലെ’. വേലായുധന്‍ ആയാസപ്പെട്ടുള്ള നടത്തത്തിനിടെ പറഞ്ഞു. ക്ഷേത്ര സമീപത്ത് ബ്രഹ്മസ്വം മഠം. അതിനപ്പുറം ഒരു ഓലക്കുടില്‍. അതിനടുത്ത് നീണ്ട ഓലഷെഡും കിണറും. കുടിലിനു മുന്നില്‍ വലിച്ചുകെട്ടിയിരിക്കുന്ന തുണിയില്‍ എഴുതിയിരിക്കുന്ന പേര് മാധവി വായിച്ചു.
‘ശാന്തികുടീരം’.
വേലായുധന്‍ തല ഉയര്‍ത്തി നോക്കി. ഇല്ല വായിക്കാന്‍ സാധിക്കുന്നില്ല. കുടീരത്തിനകത്തേക്കും പുറത്തേക്കും ആള്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നു.
‘ഉപവാസം ഇത് എട്ടാമത്തെ ദിവസമാണ്’. ആരോ പറയുന്നത് വേലായുധന്‍ കേട്ടു. മങ്ങിയ ദൃശ്യങ്ങള്‍ തനിക്കു ചുറ്റും കറങ്ങുന്നത് പോലെ.
‘എനിക്കൊന്നിരിക്കണം’ വേലായുധന്‍ മണ്ണിലിരുന്നു. മാധവി വിതുമ്പലോടെ താങ്ങിപ്പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ നോക്കി.
‘ഒച്ചവെച്ച് ആളെക്കൂട്ടണ്ട’ വേലായുധന്‍ പറഞ്ഞൊപ്പിച്ചു. അസഹ്യമായ വേദന തലയിലാകെ വലംവെക്കുകയാണ്. തനിക്കിപ്പോള്‍ ഒന്നും കാണാന്‍ വയ്യെന്ന് അയാള്‍ ശബ്ദംതാഴ്ത്തി മാധവിയോട് പറഞ്ഞു.
കേള്‍ക്കാനും വയ്യ.. ഇരുട്ട്… മൂകത.
മാധവിയുടെ കരച്ചില്‍കേട്ട് കുറച്ച് പ്രവര്‍ത്തകര്‍ ഓടിവന്ന് വേലായുധനെ താങ്ങിയെടുത്ത് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മാധവിയും അവര്‍ക്കൊപ്പം വാഹനത്തില്‍ കയറിയിരുന്നു.
ആരോഗ്യനില വളരെ മോശമായ അവസ്ഥയില്‍ കിടക്കുന്ന കേളപ്പന്‍ പതുക്കെ കണ്ണുതുറന്നു. ചുറ്റും നില്‍ക്കുന്നവരോട് ചോദിച്ചു. ‘എന്തായിരുന്നു പുറത്തു നിന്നൊരു ശബ്ദം’
‘ഏയ് ഒന്നുമില്ല. ഒരാള്‍ ക്ഷീണിച്ചു വീണതാ’. ഗോവിന്ദന്‍ പറഞ്ഞു.
‘കുഴപ്പം വല്ലതും?’
‘ഒന്നുമില്ല ‘
ഒമ്പതാം നാള്‍ കേളപ്പന്റെ ആരോഗ്യനില അപകടാവസ്ഥയിലെത്തിയതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിലയിരുത്തി. സര്‍വകക്ഷിയോഗം നടന്നു. ഉപവാസം അവസാനിപ്പിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. കക്ഷിഭേദം മറന്നുള്ള സ്‌നേഹപൂര്‍വ്വ നിര്‍ബന്ധത്തിന് അദ്ദേഹം സമ്മതം മൂളി.
എ.കെ.ഗോപാലന്‍ നല്‍കിയ നാരങ്ങാവെള്ളമിറക്കി അദ്ദേഹം ഉപവാസം നിര്‍ത്തി.
അന്നു സന്ധ്യയ്ക്ക് കേളപ്പന്‍ ഗോവിന്ദനോട് പറഞ്ഞു.
‘ഇവിടമാണിനി എന്റെ കര്‍മ്മഭൂമി. നമുക്കിവിടെ ഏറെ ചെയ്യാനുണ്ട്’.
വൈകാതെ ഗ്രാമക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തവനൂര്‍ വാസുദേവന്‍ നമ്പൂതിരി ദാനം ചെയ്ത സ്ഥലത്ത് ഒരു പോസ്റ്റ് ബേസിക് സ്‌കൂളും നഴ്‌സറി സ്‌കൂളും അനുവദിച്ചു കിട്ടാന്‍ അപേക്ഷ അയച്ചു. അനുമതിയും സാമ്പത്തികസഹായവും കിട്ടി.
ഊരകത്തെ വീട്ടുമുറിയില്‍ വേലായുധന്‍ കിടപ്പിലാണ്. തലയ്ക്കകത്ത് കലശലായ വേദന. കാഴ്ച തീരെ ഇല്ല. വേദനയെ മറക്കുന്നതിനായി മാധവി ഇടയ്ക്കിടയ്ക്ക് കഥകള്‍ പറഞ്ഞു. പുറത്തെ വാര്‍ത്തകള്‍ അറിയിച്ചു.
കേരളരാഷ്ട്രീയരംഗത്തെ സ്ഥിതിഗതികളെപ്പറ്റി കേളപ്പജിയും കേശവമേനോനും സംയുക്തപ്രസ്താവന നടത്തിയിരിക്കുന്നു. കേരള ഭരണം പിരിച്ചുവിടാന്‍ നെഹ്‌റു സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. മാധവി പകല്‍ വെളിച്ചത്തില്‍ പറഞ്ഞ ആ വാര്‍ത്ത ഇരുട്ടിലാണ് വേലായുധന്‍ കേട്ടത്.
വൈകാതെ കേരള ഭരണം പ്രസിഡണ്ടിന്റെ കീഴിലായതും വേലായുധനറിഞ്ഞു.
കോട്ടക്കല്‍ ആണ് വേലായുധന്റെ ചികിത്സ. ഏര്‍പ്പാടാക്കിയത് കേളപ്പന്‍ തന്നെയാണ്. അവിടെ ആദ്യമായി സന്ദര്‍ശിച്ച ദിവസം വൈദ്യര്‍ കൃഷ്ണന്‍കുട്ടി വാര്യര്‍ ചോദിച്ചു.
‘കാര്യമായ എന്തെങ്കിലും നെറ്റി ഭാഗത്ത് ഇടിച്ചിട്ടുണ്ടോ മുന്‍പെങ്ങാനും ?’
പെട്ടെന്ന് ഓര്‍മ്മയില്‍ ഒന്നും വന്നില്ല. മാധവി ഓര്‍മ്മിപ്പിച്ചു. ‘അന്ന് പൊന്നാനീല് താലൂക്ക് പദയാത്രേല് കല്ലേറു കൊണ്ടത്, അതായിരിക്കൂലേ?’
വേലായുധനോര്‍ത്തു. വിമോചനസമരത്തിന്റെ ഭാഗമായി നടന്ന താലൂക്ക് പദയാത്രയുടെ മധ്യത്തില്‍ ആയിരുന്നു താന്‍. ധാരാളം പേരുണ്ടായിരുന്നു. പെട്ടെന്നാണ് ജാഥയിലേക്ക് നാലുപാടുനിന്നും കല്ലുകള്‍ വന്നുവീണത്. പലര്‍ക്കും ഏറുകൊണ്ട് തലപൊട്ടി. പൊടുന്നനെ കനമുള്ള ഒരു കല്‍ച്ചീള് തന്റെ വലംനെറ്റിയില്‍ ആഞ്ഞുപതിക്കുകയായിരുന്നു. പിന്നീടൊന്നും ഓര്‍മ്മയില്ല. ‘ഒന്നൊന്നര വര്‍ഷമായിക്കാണും, ല്ലേ?’ വേലായുധന്‍ മാധവിയോട് ചോദിച്ചു.
‘പത്തൊമ്പത് മാസം കഴിഞ്ഞു’. മനസ്സില്‍ കണക്കു കൂട്ടലുകള്‍ നിരത്തി തെല്ലിട കഴിഞ്ഞ് മാധവി പറഞ്ഞു.
‘അതുതന്നെ കാരണം. ഞരമ്പിന് ചെറിയ ചതവുണ്ട്’. വൈദ്യര്‍ വേലായുധന്റെ നെറ്റിയിലും മൂര്‍ദ്ധാവിലും വിരലോടിച്ചു.
‘അന്ന് ക്ഷീണായി വീണന്ന് ആശുപത്രീപ്പോയപ്പോ ഡോക്ടറും ഇതു തന്നെയാ പറഞ്ഞത്’. മാധവി വൈദ്യരോട് പറഞ്ഞു.
‘നമുക്ക് പരമാവധി ശ്രമിക്കാം’. വൈദ്യര്‍ ആശ്വസിപ്പിച്ചു. വേലായുധനും മാധവിയും എഴുന്നേറ്റു. ചുമരില്‍ വൈദ്യരത്‌നം പി.എസ്.വാരിയരുടെയും അനന്തരവന്‍ പി.എം.വാര്യരുടെയും പടങ്ങള്‍. തൊട്ടടുത്ത് സ്ഥാപനത്തിന്റെ പേരും സ്ഥാപിതവര്‍ഷവും കണ്ടപ്പോള്‍ മാധവി അത് വായിച്ചു.
‘എന്നെക്കാള്‍ രണ്ടു വയസ്സ് കുറവാ ഈ സ്ഥാപനത്തിന്, ല്ലേ?’ വേലായുധന്‍ ചിരിച്ചു. രണ്ടുപേരും പുറത്തേക്കു നടന്നു.
ഭര്‍ത്താവിന്റെ നേത്രഭിത്തിയില്‍ നിന്ന് വെളിച്ചം പരിവര്‍ത്തനപ്പെട്ടെത്തുന്ന സന്ദേശ സ്പന്ദനങ്ങള്‍ മസ്തിഷ്‌കങ്ങളെ ഉത്തേജിപ്പിക്കുന്ന കാലത്തെ കാത്ത് മാധവി കര്‍മ്മോത്സുകയായി. തൈലം പുരട്ടലും കിഴിപിടിക്കലും കൊണ്ട് പകലുകളും ധാരയും കഷായപാനവും കൊണ്ട് സന്ധ്യകളും ഔഷധഗന്ധികളായി നിന്നു.
ചെറുചൂടുള്ള എണ്ണ ധാരയായി നെറ്റിത്തടത്തിലേക്ക് വീഴ്ത്തിക്കൊണ്ട് മാധവി ഒരു സന്ധ്യയ്ക്ക് വേലായുധനോട് പറഞ്ഞു.
‘നാളെ നമുക്ക് ഒരു അതിഥി ഉണ്ട് ‘.
‘ആരാ’.
‘കേളപ്പജി’
(തുടരും)
Comments