തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ റെയിലിന് അനുമതി ലഭിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട് കേരള മുഖ്യമന്ത്രി ന്യൂദല്‍ഹിയില്‍ നിന്ന് മടങ്ങിയിട്ട് അധികമായില്ല. ടോക്കണ്‍ സപ്പോര്‍ട്ട് ആയി 2150 കോടി രൂപയും 185 ഹെക്ടര്‍ ഭൂമി വാങ്ങുന്നതിന് 975 കോടി രൂപയും മാത്രമാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിദേശ ഏജന്‍സിയില്‍ നിന്ന് സ്വരൂപിച്ചേക്കാവുന്ന ഏതെങ്കിലും വായ്പയ്ക്ക് ജാമ്യം നില്‍ക്കാന്‍ കേന്ദ്രം വിസമ്മതിച്ചു. ആകെ ചെലവ് 63,941 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള 540 കി.മീ സെമി-ഹൈ സ്പീഡ് റെയില്‍, സാധാരണ ഓട്ടസമയം 15 മണിക്കൂറില്‍ നിന്ന് ഏകദേശം 5 മണിക്കൂറായി കുറയ്ക്കും. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഗതാഗതത്തിരക്ക് കുറയ്ക്കാനും കാര്‍ബണ്‍ ഫുട്ട്പ്രിന്റുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അതിനെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. ഇവയെല്ലാം സാങ്കല്‍പ്പിക നേട്ടങ്ങള്‍ മാത്രമാണ്. ‘കാര്‍ബണ്‍ ഫൂട്ട് പ്രിന്റ്’ എന്താണെന്നുള്ള വ്യക്തമായ ശാസ്ത്രീയധാരണ ആവശ്യമാണ്. ലളിതമായ ഭാഷയില്‍, കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് എന്നത് മനുഷ്യന്റെ പ്രവര്‍ത്തനത്താല്‍ സൃഷ്ടിക്കപ്പെടുന്ന ‘ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ’ (GHGs) (കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥെയ്‌നും ഉള്‍പ്പെടെ) മൊത്തം അളവാണ് എന്ന് പറയാം. ധാരാളം പെട്രോള്‍/ഡീസല്‍ ഉപയോഗം വലിയ കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് ഉണ്ടാക്കും. ഹരിതവിപ്ലവത്തിലെന്നപോലെ യൂറിയ പോലുള്ള രാസവളങ്ങള്‍ ധാരാളമായി കൃഷിക്ക് ഉപയോഗിച്ചാലും, നൈട്രസ് ഓക്‌സൈഡ് പുറന്തള്ളുന്നത് മൂലം വലിയ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ഉണ്ടാകും. ഇവ രണ്ടും സ്ട്രാറ്റോസ്ഫിയറില്‍ വികിരണതാപം നിര്‍ത്തി ആഗോളതാപനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ആഗോളതാപനവും കാലംതെറ്റിയ മഴയും
ഈ ഒക്‌ടോബര്‍ മാസത്തില്‍ കേരളത്തിലും ഉത്തരാഖണ്ഡിലും കനത്ത മഴയുണ്ടായി എന്നത് ശ്രദ്ധിക്കേണ്ടതാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങുകയും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിക്കുകയും ചെയ്യുന്ന മാസമാണ് ഒക്ടോബര്‍. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, കേരളം എന്നിവിടങ്ങളില്‍ ഈ സമയം മഴ പെയ്യുന്നു. ഒരാഴ്ചയായി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മഴ വഹിച്ചുകൊണ്ടുള്ള രണ്ട് ”ന്യൂനമര്‍ദ്ദ വ്യവസ്ഥ” സജീവമായിരുന്നു. അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമായി. അതേസമയം മെഡിറ്ററേനിയനില്‍ നിന്നുള്ള ഈര്‍പ്പം നിറഞ്ഞ മേഘങ്ങളുടെ ഇടയ്ക്കിടെയുള്ള കടന്നുകയറ്റവും ശൈത്യകാലത്ത് സാധാരണമായതുമായ പടിഞ്ഞാറന്‍ ക്ഷോഭങ്ങളുമാണ് ഉത്തരേന്ത്യയില്‍ കനത്ത മഴയ്ക്ക് കാരണമായത്. താഴ്ന്ന സമുദ്രമര്‍ദ്ദവും പടിഞ്ഞാറന്‍ ക്ഷോഭങ്ങളും ആഗോളതാപനത്തിന്റെ വലിയ മാതൃകയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ലാഭാനുമാനം(cost-benefit analysis) സര്‍ക്കാര്‍ വിശകലനം ചെയ്തിട്ടുണ്ടോ എന്നത് ആശങ്കയുളവാക്കുന്നതാണ്. ഈ പദ്ധതി നടപ്പാക്കിയാല്‍ ഗതാഗതച്ചെലവില്‍ ഉണ്ടാകുന്ന സമയലാഭം സംസ്ഥാനം നല്‍കുന്ന പാരിസ്ഥിതിക വിലയുമായി ഒട്ടും ആനുപാതികമായിരിക്കുകയില്ല. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ മൂന്നാം പ്രളയത്തിന്റെ രോഷത്തിന് ശേഷം കേരളീയര്‍ പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഇതിലൂടെ ഉണ്ടായ ജീവഹാനിയും സ്വത്തുനാശവും വളരെ വലുതാണ്. നിരവധി ദുരന്തങ്ങള്‍ ഉണ്ടായിട്ടും രാഷ്ട്രീയക്കാരുടെ ചിന്താഗതി മാറിയിട്ടില്ല. ഭീമമായ ജാപ്പനീസ് വായ്പ ‘പലിശ രഹിതം’ എന്ന് കൊട്ടിഘോഷിക്കപ്പെടുന്നെങ്കിലും യെന്‍ നാണ്യം വളരെ വിലമതിക്കുന്നതാണ് എന്നതോര്‍ക്കണം. കേരളത്തിലെ ജീവനും ഭൂമിക്കും വളരെ ഹാനികരമായ ഗുരുതരമായ പാരിസ്ഥിതിക പരിഗണനകളും ഉണ്ട്. പദ്ധതിക്ക് 1400 ഹെക്ടര്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരും. കൂടാതെ കേരളത്തിലെ പരിസ്ഥിതിലോലവും ദുര്‍ബലവുമായ തീരദേശ ആവാസവ്യവസ്ഥകളെ ബാധിക്കും. കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറ ജൈവവൈവിധ്യ പാര്‍ക്ക്, കോഴിക്കോട് കടലുണ്ടി പക്ഷിസങ്കേതം, പൊന്നാനി-തൃശൂര്‍ കോള്‍ തണ്ണീര്‍ത്തടങ്ങള്‍, മലപ്പുറത്തെ ചരിത്രപ്രസിദ്ധമായ തിരുനാവായ, കുളങ്ങള്‍, തടാകങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങി ഒട്ടേറെ പരിസ്ഥിതിലോല മേഖലകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്. തല്‍ഫലമായി, റെയിലിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും ഈ ആവാസവ്യവസ്ഥകളെ ശിഥിലമാക്കുകയും ആത്യന്തികമായി നശിപ്പിക്കുകയും ചെയ്യും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മണ്ണൊലിപ്പും നാശവും വേഗത്തിലാക്കുകയും ഒടുവില്‍ പലരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതായും വരും. പാരിസ്ഥിതികവും മാനുഷികവുമായ ചെലവ് കേരളത്തിന് എന്തായിരിക്കുമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ ആരും ഭയപ്പെടും!
പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഉപഭോഗം
കേരളീയര്‍ ഭൂമി സ്വന്തമാക്കാന്‍ അമിതാഗ്രഹമുള്ളവരാണ്. അതിനാല്‍ കെട്ടിടങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബഹുനില വസതികള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍, അങ്ങനെ കൂടുതല്‍ ഭൂമിക്കുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ‘ഭൂമാഫിയ’ കേരളത്തിന് വലിയ ഭീഷണിയാണ്. മനുഷ്യവാസത്തിനും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കും വേണ്ടിയുള്ള അശാസ്ത്രീയമായ കെട്ടിടങ്ങള്‍ വന്‍ മണ്ണിടിച്ചിലിലേക്ക് നയിക്കുന്നത് സമീപ വര്‍ഷങ്ങളിലും മുന്‍വര്‍ഷങ്ങളിലും ഉണ്ടായിട്ടുണ്ട്. ‘ക്വാറി മാഫിയ’ എന്ന വിപത്തും ഇതിനോട് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. 2001 നും 2011 നും ഇടയിലുള്ള ദശകത്തില്‍ കേരളത്തിലെ ജനസംഖ്യ 5% മാത്രം വളര്‍ന്നപ്പോള്‍, നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തില്‍ 19.9% വര്‍ധനയുണ്ടായതായി സെന്‍സസ് രേഖപ്പെടുത്തുന്നു!
മാനവവികസനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണ്. എന്നിരുന്നാലും, പാരിസ്ഥിതിക ഭൂപ്രകൃതിയെ സംബന്ധിച്ച് സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ പരിഗണിക്കുകയാണെങ്കില്‍, ഈ ഭൂതകാലപ്രതാപത്തില്‍ ഇനി രമിക്കുവാന്‍ കഴിയില്ല എന്നു പറയേണ്ടിവരും. ജീവഹാനിയും വസ്തുവകകളുടെ നാശവും ഉണ്ടായിട്ടും പാരിസ്ഥിതിക അരക്ഷിതാവസ്ഥയെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിപരമായ ഒരു പൊതുനയ രൂപീകരണമോ പൗരപ്രസ്ഥാനമോ ഉണ്ടാക്കിയിട്ടില്ലെന്നത് ഖേദകരമാണ്. മനുഷ്യനാല്‍ ഉണ്ടാക്കപ്പെട്ട ആഗോളതാപനം ഉള്‍പ്പെടെ ഭൂമിയുടെ പരിസ്ഥിതിയിലും ആവാസവ്യവസ്ഥയിലും മനുഷ്യര്‍ ചെലുത്തുന്ന സ്വാധീനം മനുഷ്യരിലും മൃഗങ്ങളിലും സസ്യജാലങ്ങളിലും വളരെ ദോഷകരമായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്ന് ഓര്‍ക്കണം. സര്‍ക്കാരിന്റെ ചിന്താശൂന്യതയെ എതിര്‍ക്കാതെ അപ്രായോഗികമായ ഈ സില്‍വര്‍ലൈന്‍ പദ്ധതി മുന്നോട്ടുപോകാന്‍ അനുവദിച്ചാല്‍ വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് വലിയ നഷ്ടങ്ങളുണ്ടാകും.
(ലേഖകന്‍ ബെല്‍ജിയം റോയല്‍ സൊസൈറ്റി നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ മുന്‍ പ്രൊഫസ്സര്‍ ആണ്).
വിവര്‍ത്തനം: ഹരികൃഷ്ണന്‍ ഹരിദാസ്