വേലായുധന്‍ പുറത്തേക്ക് നടന്നപ്പോള്‍ മാധവി പിറകെ വന്നു. സായാഹ്നക്കാറ്റ് വയല്‍പ്പരപ്പിലൂടെ കറങ്ങിനടന്നു. തോട്ടിലിറങ്ങി രണ്ടുപേരും കൈകാല്‍ കഴുകി. വീണ്ടും വടക്കോട്ട് നടന്നു. ദീര്‍ഘകാലത്തെ ഉറക്കത്തിലാണെന്ന് തോന്നിപ്പിക്കുന്ന ഒരു വീടിന്റെ മുന്നില്‍ വേലായുധന്‍ നിന്നപ്പോള്‍ മാധവി പറഞ്ഞു.
‘ഇവിടെ ആള്‍താമസം ഇല്ലെന്നു തോന്നുന്നു. ആര്‌ടേതാ?’
ദീര്‍ഘമായൊരു നിശ്വാസമായിരുന്നു വേലായുധനില്‍ നിന്നും വന്നത്. ചെറുതായി കാട് പിടിച്ചിരിക്കുന്ന ഇരുപുറത്തേക്കും നടന്നുനോക്കിയശേഷം തിരിച്ചുവന്നു വേലായുധന്‍ പറഞ്ഞു.
‘ അവൂക്കര്‍ക്കായുടെ പൊരയാ.’
‘ഇപ്പോ എവിടെയാ.’
‘അറിയില്ല.’ വേലായുധന്‍ കോലായിലേക്ക് കയറി ഇരുന്നു. പിന്നീട് മലര്‍ന്നുകിടന്നു. അയാളുടെ കണ്ണുകള്‍ ഈറനണിയുന്നത് മാധവി കണ്ടു.
‘കാലം എത്ര വലിയ മാജിക്കുകാരനാണല്ലേ? എന്തൊക്കെയാണ് ഒളിപ്പിക്കുന്നത്, പ്രത്യക്ഷപ്പെടുന്നത്.’
‘അതെ’
അല്പസമയത്തെ മൗനത്തിനകത്ത് വേലായുധന്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് തുഴഞ്ഞു നീങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിനാല്‍ മാധവി ഒന്നും മിണ്ടിയില്ല.
കുറച്ചുകഴിഞ്ഞ് വെയില്‍ പൂര്‍ണ്ണമായും മങ്ങിയപ്പോള്‍ വേലായുധന്‍ എഴുന്നേറ്റു. കൈകള്‍ കോര്‍ത്തു നടക്കുമ്പോള്‍ വേലായുധന്‍ ചോദിച്ചു.
‘ഇന്ന് രാത്രി നമുക്ക് നെടിയിരിപ്പില്‍ കൂടിയാലോ?’
‘എവിടെ കിടക്കും?’
‘അംഗഭംഗം വന്നെങ്കിലും അതുമൊരു വീടല്ലേ..’
മാധവി കൗതുകം കൊണ്ട് കണ്ണുകള്‍ തുറന്നു. പുതിയൊരു അനുഭവത്തിന്റെ നിമിഷങ്ങള്‍ കൈ മാടിവിളിക്കുന്നതില്‍ ആവേശം കൊണ്ടു. ആ ആവേശം കലര്‍ന്നൊഴുകിയ സ്വരത്തില്‍ കിതപ്പോടെ പറഞ്ഞു.
‘അതെ, നമുക്കിന്ന് പോകണ്ട.’
വീടിന്റെ കബന്ധം കാത്തുനില്‍പ്പുണ്ടായിരുന്നു. ഇളകിയ പടവുകള്‍ കയറി. ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങിയിരുന്നു. സൂര്യന്‍ പടിഞ്ഞാറേക്ക് അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇരുട്ടിന് ആയുസ്സ് കുറഞ്ഞ് വരുന്നതുകണ്ട് മാധവി മുകളിലേക്ക് നോക്കി.
‘മുകളില്‍ ആകാശം, താഴെ മഴകൊണ്ട് പനിച്ചു കിടന്ന തറ. ഇതിനപ്പുറം സുന്ദരമായ ഒരു മുറിയില്‍ കിനാക്കളില്‍ പോലും ഞാന്‍ ഉറങ്ങിയിട്ടില്ല’
ചന്ദ്രന്‍ നീലവെളിച്ചം കോരിയൊഴിച്ച് പുഞ്ചിരിക്കുന്നു. വേലായുധന്‍ മൂന്നടിപ്പൊക്കത്തിലുയര്‍ന്നിരിക്കുന്ന ചുമരിന്റെ അവശിഷ്ടത്തില്‍ ചാരി നിലത്തിരുന്നു. മാധവി അയാളെ തൊട്ടിരുന്ന് മടിയിലേക്ക് തലവെച്ചു.
വേലായുധന്‍ കഥകള്‍ പറഞ്ഞു.
വേലായുധന്‍ എന്ന കുട്ടിയുടെ കഥ. അവൂക്കര്‍ എന്ന കൂട്ടാളിയുടെ കഥ. അവൂക്കറിന്റെ ഉമ്മയുടെ കഥ.
കഥ കേട്ട്‌കേട്ട് മാധവി കൂടുതല്‍ ചാഞ്ഞു. രാത്രിക്കൊപ്പം അവള്‍ വേലായുധനിലേക്ക് പടര്‍ന്നുകയറി. ആകാശമേല്‍ക്കൂരയ്ക്കു കീഴില്‍ പൗര്‍ണമിപ്രഭ കലര്‍ന്ന ഒരു പുഴയായി വേലായുധന്‍ അവളിലേക്ക് ഒഴുകിപ്പരന്നു. അരിമ്പ്രമലയുടെ തലയെടുപ്പം ആ ചതുര കളത്തിലേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു. നെടിയിരുപ്പ് നീണ്ടൊരു നെടുവീര്‍പ്പ് പുറത്തേക്കിട്ടു.
നേരം വെളുത്തപ്പോള്‍ മാധവിയാണ് ആദ്യം ചാടി എഴുന്നേറ്റത്. സാരി എടുത്തു ചുറ്റി വേലായുധനെ വിളിച്ചു.
‘എണീക്ക്, ആരെങ്കിലും കാണും മുന്‍പ് ഇറങ്ങണം’
‘എന്തിനാ പേടി. ഇത് നമ്മുടെ വീട്. നമ്മളാണെങ്കില്‍ കെട്ട്യോനും കെട്ട്യോളും.’
വേലായുധന്‍ അവളെ കിടന്ന കിടപ്പില്‍ നിന്ന് കൈപിടിച്ചു വലിച്ച് മാറോടടുപ്പിച്ചു.
‘അതല്ല. ഇതെന്ത് ഭ്രാന്താണെന്ന് ആളോള് ചിന്തിക്കും.’
‘ചിന്തിക്കട്ടേന്ന്.’ എന്തോ കൈയില്‍ തറച്ചുകയറിയതിന്റെ വേദനയില്‍ വേലായുധന്‍ പെട്ടെന്ന് കൈ പിന്‍വലിച്ചു. എഴുന്നേറ്റു നോക്കിയപ്പോള്‍ മണ്ണിനു പുറത്തേക്കു നീണ്ടു നില്‍ക്കുന്ന മൂര്‍ച്ചയുള്ള എന്തോ ഒന്ന്. അതിനു ചുറ്റും മാന്തിനോക്കി. മാധവി അടുത്തേക്ക് വന്ന് ശ്രദ്ധിച്ചു.
‘എല്ലിന്‍ കഷണമാണ്.’
വേലായുധന്‍ അത് പറഞ്ഞപ്പോള്‍ മാധവി ഭയന്ന് പിന്മാറി. ഒരു കോല്‍ക്കഷണം കൊണ്ടുവന്ന് മണ്ണിളക്കി. അസ്ഥിശകലങ്ങളുടെ കത്തിയതും കത്താതെ ശേഷിച്ചതുമായ ഏതാനും ഭാഗങ്ങള്‍. അവ പെറുക്കിക്കൂട്ടി. അടുക്കള ഭാഗത്തു നിന്നും കിട്ടിയ ചെറിയൊരു പാത്രത്തിലേക്ക് അവയിട്ട് വായമൂടി.
‘ഇന്നലെ രാത്രിയില്‍ നമ്മള്‍ അച്ഛനോടൊപ്പാണ് കിടന്നത്.’ വേലായുധന്‍ പറഞ്ഞു.
പാതി അമ്പരപ്പും പാതി ലജ്ജയും കലര്‍ന്ന ഭാവത്തില്‍ മാധവി ചോദിച്ചു
‘ഇതെവിടേക്കാ?’
‘ഒഴുക്കണം, തിരുനാവായേല്.’
ഊരകത്തെ വീട്ടുവളപ്പിന്റെ തെക്കേ അതിരിലെ പാലമരക്കൊമ്പില്‍ അമ്മയുടേയും അച്ഛന്റേയും അസ്ഥിചഷകങ്ങള്‍ തൊട്ടുരുമ്മി നിന്നു.
തൊട്ടുരുമ്മി നില്‍ക്കുകയായിരുന്ന ജയപ്രകാശ് നാരായണന്റെ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കൃപലാനിയുടെ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും ആശയചഷകങ്ങള്‍ പൊട്ടിച്ച് പരസ്പരം ലയിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന ഉണ്ണിപിറന്നു. മലബാര്‍ മേഖലയില്‍ അതിനെ കൈ പിടിച്ചു നടത്താനുള്ള ഉത്തരവാദിത്തം കേളപ്പനേറ്റു.
മലബാറില്‍ സംഘര്‍ഷങ്ങള്‍ക്ക് ശമനം വന്നിട്ടുണ്ട്. നെഹ്‌റു സര്‍ക്കാര്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റാണെന്നും ആ സര്‍ക്കാരിനെ പുറത്താക്കാന്‍ സായുധ സമരം ഉള്‍പ്പെടെയുള്ള ബഹുജന സമരങ്ങള്‍ അഴിച്ച് വിടേണ്ടതാണെന്നുമുള്ള നാല്‍പ്പത്തെട്ടിലെ കല്‍ക്കത്താ തിസീസിനെ ശിരസാ വഹിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. നെല്ലെടുപ്പു സമരങ്ങള്‍ അക്രമാസക്തമായി. പോലീസുകാരെ ഉപയോഗിച്ച് കോണ്‍ഗ്രസുകാര്‍ സമരക്കാരെ മര്‍ദ്ദിച്ചു. ഉപ്പുസത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലുമൊക്കെ മൂര്‍ച്ചയേറിയ കവിതകള്‍ കൊണ്ട് ആവേശം പകര്‍ന്ന് പിന്നീട് സോഷ്യലിസം വഴി കമ്മ്യൂണിസ്റ്റായി മാറിയ ടി.എസ്.തിരുമുമ്പെന്ന ആത്മസുഹൃത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉപേക്ഷിച്ചു. ആധ്യാത്മിക സാഹിത്യത്തിന്റെ ഭാഷയും ശൈലിയും കൊണ്ട് ധാര്‍മ്മിക വിപ്ലവത്തിന് നേതൃത്വം നല്‍കുകയാണ് അദ്ദേഹം. കല്‍ക്കത്താ തിസീസ് തെറ്റാണെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള ലേഖനം ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ കോമിന്‍ ഫോമില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പാര്‍ട്ടിക്കകത്ത് വിരുദ്ധവാദങ്ങള്‍ ശക്തിപ്പെട്ടു. ഒറ്റുകൊടുക്കപ്പെട്ട കരിങ്കാലികള്‍ ഇരുമ്പഴികളിലായി. അക്രമസമരങ്ങളേയും സ്വാതന്ത്യലബ്ധിയെ നിഷേധിച്ച നയത്തേയും എതിര്‍ക്കുന്നവരുടെ എണ്ണം പെരുകി.
മാഹി വിമോചന സമരം കൊടുമ്പിരികൊള്ളുകയാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ രാഷ്ട്രീയ ചലനങ്ങള്‍ ഉറക്കം കെടുത്തിയ രാത്രിയില്‍ കേളപ്പന്‍ എഴുന്നേറ്റ് ഡയറിയെടുത്ത് നിവര്‍ത്തി. ‘കിണാവൂര്‍’. കുറെ നേരമായി ആ സ്ഥലത്തിന്റെ പേര് തിരയുന്നു. മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങള്‍ എന്തിനാണിങ്ങനെ ഏകാന്ത രാത്രികളെ കുത്തി നോവിക്കുന്നത് എന്ന് അദ്ദേഹം സ്വയം ചോദിച്ചുകൊണ്ട് കട്ടിലിലേക്ക് മടങ്ങി.
കിടക്കുമ്പോള്‍ ഓര്‍മ്മകള്‍ ഒപ്പം നീണ്ടു നിവര്‍ന്നു നിറഞ്ഞു.
കിണാവൂരും ക്ലായിക്കോടും നടന്ന കോണ്‍ഗ്രസ് സമ്മേളന പന്തലുകള്‍ തീവെക്കാനും വര്‍ഗ്ഗശത്രുക്കളുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി അവര്‍ക്ക് അപായം വരുത്താനും കമ്മ്യൂണിസ്റ്റുകാരുടെ തീരുമാനമുണ്ടായി. കിണാവൂര്‍ സമ്മേളനത്തില്‍ പ്രസംഗിച്ച് മടങ്ങിയതിനുശേഷമായിരുന്നു തന്നെ വകവരുത്താന്‍ ആസൂത്രണം ചെയ്ത പദ്ധതി താന്‍ അറിഞ്ഞത്.
ഗാന്ധിജി മാത്രമല്ല ഗാന്ധിയന്‍ കാഴ്ചപ്പാടും ഈ മണ്ണില്‍ ഒടുങ്ങിയിരിക്കുന്നു?
താന്‍ മാത്രമല്ല, സാമുവല്‍ ആറോണും മാധവമേനോനും ഉന്മൂലന പ്രത്യയശാസ്ത്രത്തിന്റെ പത്മവ്യൂഹത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷ നേടിയവരാണ്. ലക്ഷ്യം മാത്രമല്ല മാര്‍ഗ്ഗവും ശുദ്ധമാകണമെന്ന പാഠം ആരാണ് നമ്മുടെ നാടിന് പകര്‍ന്നുകൊടുക്കുക? തന്നെയും കൂട്ടാളികളേയും വകവരുത്താന്‍ ശ്രമിച്ചവരുടെ തന്നെ പിന്തുണ കൊണ്ട് വിജയം നേടിയ തന്റെ വഴി ധര്‍മ്മത്തിന്റേതാണോ?
ചോദ്യങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നു ഉറക്കത്തിനുമുന്നില്‍ ഒരു മതില്‍ പണിതതിനാല്‍ അന്ന് രാത്രി കേളപ്പന്‍ ഉറങ്ങിയില്ല.
‘മാഹീല് ഐ.കെ. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ചര്‍ച്ച അലസി. ബഹുജനപ്രക്ഷോഭം തന്നെ വേണമെന്ന് തീരുമാനം.’ പിറ്റേന്ന് ഉച്ചയൂണിനു ശേഷം സഹായി രാമന്‍മേനോനാണ് കേളപ്പനെ വാര്‍ത്ത അറിയിച്ചത്.
‘എങ്കില്‍ പെട്ടെന്ന് അവിടെ എത്തണം.’ ഏതാനും പ്രവര്‍ത്തകരോടൊപ്പം ഉടന്‍ പുറപ്പെട്ടു.
‘മയ്യഴി സ്വതന്ത്രയായേ തീരൂ. ഗാന്ധിജിയോടൊപ്പം അവിടെ സമരാരംഭം കുറിച്ചിട്ട് വര്‍ഷം ഇരുപതായി. മഹാജനസഭയുടെ പോരാട്ടത്തിന്റെ നാളുകള്‍ നമുക്ക് ആവേശമാണ്. കുമാരന്‍ മാസ്റ്റര്‍ ഫ്രഞ്ചു പതാക താഴ്ത്തി ആറുവര്‍ഷം മുമ്പ് ഉയര്‍ത്തിയ ത്രിവര്‍ണപതാകയുടെ പാറിപ്പറക്കല്‍ എന്തൊരഴകുള്ള കാഴ്ചയായിരുന്നു. ഫ്രഞ്ച്‌നിരീക്ഷണ കപ്പല്‍ വന്ന് പ്രതികാരം ചെയ്തതും ഫ്രഞ്ചുപതാക വീണ്ടും ഉയര്‍ന്നതും കണ്ടു നാം പിന്തിരിഞ്ഞില്ല. ഇന്ന് ഇന്ത്യ സ്വതന്ത്രയാണ്. നമ്മുടെ മയ്യഴിപ്പുഴയുടെ ഈ തീരവും സ്വതന്ത്രയായേ തീരൂ’ പ്രസംഗം ആവേശക്കടലല തീര്‍ത്തു. മയ്യഴിപ്പുഴ പ്രകമ്പനം കൊണ്ടു.
വീണ്ടും ചര്‍ച്ച.
രണ്ടാംദിനം സ്വതന്ത്രയായ മയ്യഴിയെ രചിച്ച് കേളപ്പനും കുമാരന്‍മാസ്റ്ററും സ്‌നേഹാശ്ലേഷം നടത്തി മംഗലാട്ട് രാഘവനും പി.കെ.ഉസ്മാന്‍ മാസ്റ്ററ്റും കെ.പി.അബ്ദുള്‍ ഖാദറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുഭവിച്ച പീഡനങ്ങളുടെ ഓര്‍മ്മകള്‍ മുളപ്പിച്ച കണ്ണീര്‍മുകുളങ്ങള്‍ക്കിടയിലൂടെ കേളപ്പന്‍ മയ്യഴിക്കാരെ കണ്ടു.
തിരിച്ചുള്ള യാത്രയില്‍ അറബിക്കടലിലൂടെ പടിഞ്ഞാറോട്ട് നോക്കി കേളപ്പന്‍ ഒന്നുകൂടി ആ മുദ്രാവാക്യം മുഴക്കി.
‘ഫ്രാന്‍സേ കിത്തേ ലേന്ത്.’
‘രണ്ടുവര്‍ഷം മുമ്പ് ഫ്രഞ്ചുകാരോട് ക്വിറ്റ് ഇന്ത്യ എന്ന് മുഴക്കിയ മാഹി ദാ ഇത്രേം വട്ടത്തില്‍. ബാക്കിയെല്ലാം കേരളം.’ പുതുതായി രൂപംകൊണ്ട ഐക്യകേരളത്തിന്റെ ഭൂപടം പത്രത്താളില്‍ മാധവിക്ക് കാട്ടിക്കൊടുത്തുകൊണ്ട് വേലായുധന്‍ പറഞ്ഞു.
‘അപ്പോ നാം ഇനി ഇനി മദിരാശിക്കാരല്ല, കേരളീയര്‍.’
മാധവി ആവേശം കൊണ്ടു.
‘അതെ.’
ഐക്യകേരള പ്രസ്ഥാനത്തെ നയിച്ച കേളപ്പന് തലയും കാലും മുറിക്കപ്പെട്ട നവകേരളത്തിന്റെ രൂപത്തില്‍ അസംതൃപ്തിയുണ്ടെന്നും പത്രത്തില്‍ ഉണ്ടായിരുന്നു.
കേരളത്തില്‍ പുതിയ ഭരണം വന്നു.
ഗാന്ധിജിയുടെ വത്സലശിഷ്യന്‍ വിനോബാജി കേരളത്തില്‍ എത്തിക്കഴിഞ്ഞു. അശരണര്‍ക്കും സാധുജനങ്ങള്‍ക്കും മണ്ണില്‍ ഇടം തേടിയുള്ള പരിവ്രാജകയാത്ര. മണ്ണിനെ അതിര്‍ത്തി കെട്ടി സ്വന്തമാക്കിയവരോട് സഹജീവികള്‍ക്ക് ജീവിതക്കൂര കെട്ടാന്‍ ഇടംനല്‍കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പദയാത്ര. കേളപ്പന്‍ വിനോബാജിയെ നിഴല്‍പോലെ പിന്തുടര്‍ന്നു. ആ തീര്‍ത്ഥയാത്ര അദ്വൈത സന്ദേശത്തിന്റെ നറുതിരി വിടര്‍ന്ന കാലടിയിലെത്തി. പാറശ്ശാല മുതല്‍ പെരിയാറിന്റെ തീരം വരെ പിന്നിട്ടപ്പോള്‍ ഭൂദാനയാത്രയുടെ ഫലപ്രാപ്തിയില്‍ വിനോബാജി സംശയാലുവായി.
‘നമുക്കിവിടമുപേക്ഷിച്ച് കര്‍ണാടകയിലേക്ക് നീങ്ങിയാലോ.’ അദ്ദേഹത്തിന്റെ മുഖത്ത് പടര്‍ന്ന നിരാശയുടെ കാര്‍മേഘം കേളപ്പജിയെ സങ്കടപ്പെടുത്തി.
‘വേണ്ട വിനോബാ, സര്‍വോദയത്തിന്റെ സദ്വിജയത്തിനായി ഞാന്‍ എല്ലാമുപേക്ഷിച്ച് ഇറങ്ങുകയാണ്. ഈ യജ്ഞം ശക്തിപ്പെടും, തീര്‍ച്ച. ഇതെന്റെ വാക്കാണ് ‘. അരയും തലയും മുറുക്കിയ പടനായകന്റെ ആത്മവിശ്വാസത്തില്‍ വിനോബാജിയുടെ കണ്ണുകള്‍ വിടര്‍ന്നു.
മലബാറില്‍ ആ പടനായകന്റെ കീഴില്‍ യജ്ഞത്തിന് പുതിയ ഉണര്‍വ്. സ്വന്തം സഹോദരന്റെ കൂടി അനുമതി വാങ്ങി മുചുകുന്നില്‍ അമ്പത് ഏക്കര്‍ കുടുംബ ഭൂമി ഭൂദാന പ്രസ്ഥാനത്തോട് ചേര്‍ത്ത് കൈയ്യൊപ്പിട്ട കേളപ്പനെ നോക്കി വിനോബാജി പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ കേളപ്പന്‍ ഗാന്ധിജിയെ കണ്ടു.
കേരളത്തിലെ ആ മഹത്‌യാത്ര ജനസഹസ്രങ്ങളെ സാക്ഷിയാക്കി മഞ്ചേശ്വരത്ത് സമാപിച്ചു. ശാന്തിസേനയെന്ന പുതിയൊരു പ്രസ്ഥാനത്തിന് ബീജാവാപം നടന്നു. സംഘടിതമായ അക്രമങ്ങളെ ചെറുക്കാനുള്ള അഹിംസാ സേന. സമന്വയത്തില്‍ ഊന്നിനിന്നുകൊണ്ട് രാഷ്ട്രത്തെ ആത്മശക്തിയുടെ ആയുധമണിയിക്കുന്ന സമാധാനസേന. ഗാന്ധിജിയുടെ സ്വപ്‌നം.
‘ശങ്കരദര്‍ശനത്തിന്റെ വിളനിലവും ആചാര്യജന്മം കൊണ്ട് പുണ്യവുമായ കേരളത്തില്‍ ഗാന്ധിയന്‍ ദര്‍ശനസാക്ഷാത്കാരത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കേളപ്പജിയല്ലാതെ മറ്റാര് ശാന്തിസേനയെ നയിക്കും?’വിനോബാജിയുടെ ചോദ്യത്തിന് ജനസഹസ്രങ്ങള്‍ കൈയ്യടിച്ചു.
മൂടാടി ഖാദി ഇന്‍ഡസ്ട്രീസ് ഏരിയയില്‍ തുറന്ന പുതിയ ഭൂദാന ഓഫീസിലിരുന്ന് പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്തു. സഹായിയായി എസ്.വി.ഗോവിന്ദന്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരുന്നു. കുറുമ്പ്രനാട് പദയാത്ര ആവേശം ഉണ്ടാക്കിയിട്ടുണ്ട്. അത് കെടാതെ നിര്‍ത്തണം. ഉടന്‍ ഒരു കമ്മിറ്റി വിളിക്കണം. കേളപ്പന്‍ കലണ്ടറിലേക്ക് നോക്കി.
‘ഗവണ്‍മെന്റ് മദ്യനിരോധനം നീക്കി. ലേലം കഴിഞ്ഞ് കള്ളുഷാപ്പുകളും തുറന്നു. മദ്യനിരോധനം സര്‍വോദയത്തിന്റെ ഭാഗമാണല്ലോ. നമുക്ക് സത്യഗ്രഹം തുടങ്ങണം.’ കമ്മിറ്റി മീറ്റിങ്ങില്‍ ആവശ്യമുയര്‍ന്നു.
കേളപ്പന്‍ കേരള സര്‍വോദയ സമിതിയുടെ അധ്യക്ഷനായി. ഓഫീസ് കോഴിക്കോട്ടേക്ക് മാറി.
ഓഫീസിനപ്പുറം മലബാര്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടം. തൊട്ടടുത്ത മുറിയില്‍ ഗാന്ധിപീസ് ഫൗണ്ടേഷന്‍ ഓഫീസ്. അതിനടുത്ത മുറിയില്‍ ലൈബ്രറി. മനോരമ ദിനപത്രത്തിന്റെ തകൃതിയായ പ്രവര്‍ത്തനങ്ങള്‍ അതിനപ്പുറം.
ചാലപ്പുറത്തെ താമസസ്ഥലത്തേക്കു നഗര ദൃശ്യങ്ങള്‍ കണ്ട് ഉച്ചവെയില്‍ താണ്ടി കേളപ്പന്‍ നടന്നു. പിറകില്‍ ശിഷ്യനും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ എന്‍.പി.ദാമോദരന്‍. ദാമോദരന്റെ വീട്ടിലാണ് കേളപ്പന്റെ താമസം.
‘ഇന്നെന്തേ രാത്രി ഡ്യൂട്ടി ഒഴിവാക്കിയത്?’ ഗുരു ശിഷ്യനോട് ചോദിച്ചു.
‘നല്ല സുഖമില്ല.’ ശിഷ്യന്‍ വിനയാന്വിതനായി.
‘പത്രം കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. മാതൃഭൂമിക്ക് വലിയ ഉത്തരവാദിത്വം ഈ സമൂഹത്തോടുണ്ട്.’
ഗുരുവായൂര്‍ സമരസമയത്ത് സത്യഗ്രഹത്തിന്റെ പ്രചരണ ചുമതലയുണ്ടായിരുന്ന ദാമോദരന് അതില്‍ സംശയമുണ്ടായിരുന്നില്ല.
(തുടരും)
Comments