കോഴിക്കോട്: നവരാത്രിയോടനുബന്ധിച്ച് സാമൂതിരിയുടെ തട്ടകത്തില്‍ നിന്ന് പുതിയൊരു സാരസ്വത സപര്യയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കോഴിക്കോടിന്റെ നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന കേസരി ഭവന്‍ കേന്ദ്രീകരിച്ച് നടന്ന നവരാത്രി ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ മുഴുവന്‍ സാംസ്‌കാരിക ഉത്സവമായി മാറി.
ഭാരതത്തിന്റെ മൂലാധാരശക്തിപീഠമായ കന്യാകുമാരിയില്‍ നിന്നും ദീപം പകര്‍ന്ന് ആരതിയുഴിഞ്ഞ് അക്ഷരരഥയാത്രയായി കൊണ്ടുവന്ന സരസ്വതീ വിഗ്രഹം കേസരി ഭവന്റെ പൂമുഖത്ത് അനാച്ഛാദനം ചെയ്യപ്പെട്ടതോടെയാണ് സാരസ്വത സപര്യയ്ക്ക് തിരി തെളിഞ്ഞത്.
കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ റഫറന്‍സ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും അത് സമാഹരിക്കാന്‍ ആവശ്യമായ തുകയും അക്ഷരദക്ഷിണയായി ഏറ്റുവാങ്ങിക്കൊണ്ടാണ് യാത്ര കടന്നുവന്നത്. നൂറ്റിയെട്ട് കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണങ്ങളേറ്റുവാങ്ങിയ അക്ഷരരഥയാത്ര ഒക്ടോബര്‍ 3 ന് വൈകുന്നേരമാണ് കേസരി ഭവനിലെത്തിച്ചേര്‍ന്നത്.
കൃഷ്ണ ശിലയില്‍ നിര്‍മ്മിച്ച സരസ്വതീ വിഗ്രഹത്തിന്റെ അനാച്ഛാദനം ഒക്ടോബര്‍ ഏഴിന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ അക്ഷരദീപം തെളിയിച്ചു. ചലച്ചിത്രതാരവും നവരാത്രി ആഘോഷസമിതി അദ്ധ്യക്ഷയുമായ വിധുബാലയാണ് വിഗ്രഹത്തില്‍ ആദ്യഹാരം ചാര്‍ത്തിയത്.
അന്ന് വൈകുന്നേരം നവരാത്രി ആഘോഷ പരിപാടിയായ ‘സര്‍ഗോത്സവം-21’ കവി പി.പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സാരസ്വത അര്‍ച്ചനയെന്ന നിലയില്‍ സര്‍ഗ്ഗസംവാദമെന്ന പ്രഭാഷണ പരമ്പരയും, സര്‍ഗോത്സവമെന്ന പേരില്‍ കലാപരിപാടികളുമാണ് ആസൂത്രണം ചെയ്യപ്പെട്ടിരുന്നത്. സര്‍ഗ്ഗസംവാദത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വാമി ചിദാനന്ദപുരി ‘നവരാത്രിപൂജ ഭാരതത്തില്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
വിജയദശമി നാളിലെ എഴുത്തിനിരുത്തല്‍ ചടങ്ങിനെ കെട്ടുകാഴ്ചയാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ക്കെതിരെയുള്ള സര്‍ഗ്ഗാത്മക പ്രതിരോധമെന്ന നിലയിലാണ് കേസരി അക്ഷരദീക്ഷയെന്ന പേരില്‍ വിജയദശമി ദിനത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. സരസ്വതീ വിഗ്രഹത്തിന് മുന്നില്‍ നടന്ന ‘അക്ഷരദീക്ഷ’ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക മൂല്യങ്ങളുടെ വീണ്ടെടുപ്പാണ്. വര്‍ഷത്തില്‍ ഏത് ദിവസവും ആചാര്യന്റെ സഹായമില്ലാതെ തന്നെ ഈ സരസ്വതീ വിഗ്രഹത്തിന് മുന്നില്‍ കുരുന്നുകളെ എഴുത്തിനിരുത്താമെന്ന സങ്കല്പം സാരസ്വത സപര്യയുടെ അണമുറിയാത്ത അഖണ്ഡ യജ്ഞത്തിന്റെ സൂചനയാണ്.
സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുക ഒരു ജനത സ്വന്തം സ്വത്വത്തെ തിരിച്ചറിയുകയും, വീണ്ടെടുക്കുകയും അതിന്റെ മൂല്യങ്ങളെ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോഴാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം രാജ്യം അമൃതോത്സവമായി ആഘോഷിക്കാനൊരുങ്ങുമ്പോള്‍ അക്ഷരദേവതയെ മുന്‍നിര്‍ത്തിയുള്ള സാരസ്വത സപര്യയ്ക്കാണ് കേസരി ഈ നവരാത്രി കാലത്ത് സാമൂതിരിയുടെ തട്ടകത്തില്‍ നിന്ന് തുടക്കം കുറിച്ചിരിക്കുന്നത്.
നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം കവി പി.പി. ശ്രീധരനുണ്ണി നിര്‍വഹിച്ചു. സിനിമാതാരം വിധുബാല അദ്ധ്യക്ഷയായി. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ആശംസകളര്‍പ്പിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു ആമുഖഭാഷണം നടത്തി. ചടങ്ങില്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ള സംഗീതക്കച്ചേരി അവതരിപ്പിച്ചു. ഭവ്യ കൃഷ്ണപ്രസാദ് ഗണപതി വന്ദനവും നൃത്താവിഷ്‌കാരവും അഭിജിത്ത് ജയകൃഷ്ണന്‍ സോപാന സംഗീതവും അവതരിപ്പിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും സി.എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഭൗതിക പുരോഗതിയും ആദ്ധ്യാത്മിക പുരോഗതിയും തമ്മില്‍ സമന്വയിക്കണം: പി.പി.ശ്രീധരനുണ്ണി
കോഴിക്കോട്: ഭൗതിക പുരോഗതിയും ആദ്ധ്യാത്മിക പുരോഗതിയും തമ്മില്‍ സമന്വയം സാധിക്കണമെന്ന് കവി പി.പി. ശ്രീധരനുണ്ണി. കേസരി നവരാത്രി സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. എല്ലാറ്റിനെയും ദേവതയുമായി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ദര്‍ശനമാണ് നമ്മുടേത്. പ്രകൃതിയെ പൂജിക്കുന്ന പാരമ്പര്യം ഭാരതത്തില്‍ ഉണ്ടായിരുന്നു. പ്രകൃതിയെ അമ്മയായി കണ്ട് ആരാധിച്ചവരാണ് നമ്മുടെ പൂര്‍വ്വികര്‍. മനുഷ്യന്റെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കാന്‍ പലതരത്തിലുള്ള ശിക്ഷണങ്ങള്‍ ആവശ്യമാണ്. നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന സരസ്വതീ പൂജയും വിദ്യാരംഭവും അതിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നവരാത്രിയുടെ ആന്തരികഭാവത്തെ ഉള്‍ക്കൊണ്ട് സമാജത്തെ കരുത്തുറ്റതാക്കണം: സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: നവരാത്രിയുടെ ആന്തരികഭാവത്തെ ഉള്‍ക്കൊണ്ട് സമാജത്തെ കരുത്തുറ്റതാക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്ത്രീ രൂപത്തില്‍ ഈശ്വരനെ ആരാധിക്കുന്നുവെന്നത് ഭാരതീയ സംസ്‌കൃതിയുടെ സവിശേഷതകളിലൊന്നാണ്. ശക്തി ആരാധനയുടെ സന്ദേശമാണ് നവരാത്രി ഉത്സവം നല്‍കുന്നത്. വൈയക്തികവും സാമാജികവുമായ ശക്തികളുടെ സമന്വയത്തിലൂടെ മാത്രമേ വൈഭവപൂര്‍ണ്ണമായ ജീവിതം സാധ്യമാകുകയുള്ളൂ. വിദ്യയുടെയും ലക്ഷ്മിയുടെയും ശക്തിയുടെയും സമന്വയമാണ് നവരാത്രീ പൂജയിലൂടെ സാധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതം അതിവേഗത്തില്‍ ജഗദ്ഗുരു സ്ഥാനത്തേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ സീമകള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ ഭാരതത്തിന്റെ യശസ്സ് ഉയരുന്നത് ഇതിന്റെ സൂചനയാണ്. ബാഹ്യവെല്ലുവിളികളെ നേരിടാന്‍ ആന്തരികമായ തപസ്സ് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസരിയുടേത് ദൗത്യ നിര്‍വ്വഹണം: ഡോ.എന്‍.ആര്‍.മധു
കോഴിക്കോട്: കേസരിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന നവരാത്രി സര്‍ഗ്ഗോത്സവവും സര്‍ഗ്ഗസംവാദവും കേസരിയുടെ ദൗത്യനിര്‍വ്വഹണത്തിന്റെ ഭാഗമാണെന്ന് മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു പറഞ്ഞു. സാമൂഹികവും ധാര്‍മ്മികവുമായി സമാജത്തെ ഉണര്‍ത്തുകയും യഥാര്‍ത്ഥ ദിശ ചൂണ്ടിക്കാണിക്കുകയുമാണ് കേസരിയുടെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സനാതനധര്‍മ്മത്തെ കൂടുതല്‍ ജനങ്ങളിലേക്ക് പകരണം: വിധുബാല
കോഴിക്കോട്: സനാതനധര്‍മ്മത്തെ കൂടുതല്‍ ജനങ്ങളിലേക്ക് പകര്‍ന്നുനല്‍കണമെന്ന് ചലച്ചിത്ര താരം വിധുബാല. കേസരി ഭവനില്‍ നടന്ന നവരാത്രി ഉദ്ഘാടന പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
സനാതന ധര്‍മ്മത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. അവ നീക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണം. പഞ്ചഭൂതങ്ങളെ ആരാധിച്ചിരുന്ന രീതി ഭാരതത്തില്‍ ഉണ്ടായിരുന്നു. കല്ലിനെയും മണ്ണിനെയും ആരാധിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. ആചാരങ്ങള്‍ അര്‍ത്ഥമറിഞ്ഞ് ആചരിക്കണം. അന്ധമായ പാശ്ചാത്യ അനുകരണം അവസാനിപ്പിക്കാന്‍ നമ്മുടെ തനത് വിശ്വാസങ്ങളിലേക്ക് മടങ്ങണമെന്നും അവര്‍ പറഞ്ഞു.
നവരാത്രി തമസ്സിനെ നീക്കി വെളിച്ചത്തെ പ്രതിഷ്ഠിക്കുന്ന ഉത്സവം: ജെ. നന്ദകുമാര്‍
കോഴിക്കോട്: തമസ്സിനെ നീക്കി വെളിച്ചത്തെ പ്രതിഷ്ഠിക്കുന്ന ഉത്സവമാണ് നവരാത്രിയെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. കേസരി നവരാത്രി സര്‍ഗോത്സവത്തിന്റെ ഉദ്ഘാടന സഭയില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ഉള്ളിലെ നിഷേധാത്മക വശങ്ങളെ ഇല്ലാതാക്കി സര്‍ഗ്ഗാത്മകമായ വശങ്ങളെ പ്രതിഷ്ഠിക്കുക എന്നതാണ് നമ്മുടെ ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളുടെയും ലക്ഷ്യം. അതിലൊന്നാണ് നവരാത്രി ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അടിത്തറ ബൗദ്ധികമായ പരിവര്‍ത്തനമാണ്. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന്റെ ചാലക ശക്തിയായി വര്‍ത്തിക്കാന്‍ ഇതിനോടകം തന്നെ കേസരി വാരികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക വൈചാരിക മേഖലകളില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ സാംസ്‌കാരിക കൂട്ടായ്മകള്‍ ധാരാളം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.