ന്യൂദല്‍ഹി: പാകിസ്ഥാനില്‍ കുടിയേറ്റക്കാരായ മുസ്ലിങ്ങളോട് പോലും വിവേചനമുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. വിഭജനത്തിന് ശേഷം ഭാരതത്തില്‍ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറിയവരെ അവര്‍ പുറത്തുനിന്നുള്ളവരായി മാത്രമാണ് കാണുന്നത്. എന്നാല്‍ ഭാരതത്തിലേക്ക് വന്നവരുടെ അവസ്ഥ അതായിരുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ഉദയ് മഹൂര്‍ക്കറും ചിരയു പണ്ഡിറ്റും ചേര്‍ന്ന് രചിച്ച ‘ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭജനത്തിന് ശേഷം ഇവിടേക്ക് കുടിയേറിയവരെ ഭാരതം സ്വീകരിക്കുകയും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും ചെയ്തു. അതാണ് നമ്മുടെ സംസ്കാരം. ആ സംസ്കാരമാണ് ഹിന്ദുത്വം, അതാണ് നമ്മെ ചേര്‍ത്തു നിര്‍ത്തുന്നതും. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹിന്ദു രാജാക്കന്മാരുടെ കുങ്കുമ കൊടികളും നവാബുമാരുടെ പച്ച കൊടികളും എങ്ങനെയാണ് ഒന്നിച്ചു നിന്നതെന്ന് സാവര്‍ക്കര്‍ തന്റെ ലേഖനങ്ങളില്‍ വിവരിച്ചിട്ടുണ്ട്. രാജ്യത്ത് പല മതാചാരങ്ങളുണ്ടെങ്കിലും ഇവിടെ നിലനില്‍ക്കുന്ന ഏകതയുടെ പേരാണ് ഹിന്ദു ദേശീയതയെന്നും സാവര്‍ക്കറെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പലവിധ മതവിഭാഗങ്ങള്‍ ഉള്ളതിനാല്‍ ജനങ്ങളെ വിഭജിച്ചു കൊണ്ടു മാത്രമേ ഭാരതത്തില്‍ ആധിപത്യം നേടാനാകൂവെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അവര്‍ ജനങ്ങളെ വിഭജിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരുന്നു. ആന്തമാന്‍ ജയിലുകളില്‍ നിന്ന് തന്നെ സാവര്‍ക്കര്‍ക്ക് ഇത് അനുഭവപ്പെട്ടിരുന്നു. വ്യത്യസ്ത മതാചാരങ്ങള്ക്കിടയിലും നാം പുലര്‍ത്തി വന്ന ഐക്യമാണ് ഹിന്ദു ദേശീയതയെന്ന് ആന്തമാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സാവര്ക്കര്ജി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നുവെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.