വര്‍ഗ്ഗീസ്മാപ്പിളയുടെ ഉദ്യോഗസ്ഥയായ മരുമകള്‍ക്ക് മൂത്രത്തിന്റേയും ചാണകത്തിന്റേയും ഗന്ധം പറ്റില്ലെന്നു പറഞ്ഞ് പശുവിനെ വില്‍ക്കാന്‍ മകന്‍ നിര്‍ബ്ബന്ധിക്കുന്നകാര്യം രണ്ടുദിവസംമുമ്പ് വെറ്റില ചോദിച്ചുവന്ന വര്‍ഗ്ഗീസ്സേട്ടന്റെ ഭാര്യ മേരിച്ചേച്ചി, അമ്മയോട് സങ്കടത്തോടെ പറഞ്ഞത് കണ്ണന്‍ കേട്ടിരുന്നു. വീട്ടിലെ ആര്‍ക്കും പശുവിന്റെ ചാണകത്തിന്റേയും മൂത്രത്തിന്റേയും ഗന്ധം ദുര്‍ഗന്ധമായി അനുഭപ്പെട്ടില്ല.
”ജേഴ്‌സിപശുവിന്റെ പാല് അയാള് ചുറ്റുവട്ടമുള്ളവര്‍ ക്കൊന്നും കൊടുക്കാതെ സൊസൈറ്റിയില്‍ കൊടുക്കുന്നത് ചായപ്പീടികക്കാര് വാങ്ങാത്തതുകൊണ്ടാണെന്നാ മേരിച്ചേച്ചി പറഞ്ഞത്.” അമ്മ കിണറ്റില്‍നിന്നു കോരിയ
വെള്ളം ചരുവത്തിലേക്ക് ഒഴക്കുമ്പോള്‍ പറഞ്ഞു.
”ഇനത്തിലെ പശുവിന്റെ
പാലിന് കൊഴുപ്പ് കുറവാ. വെള്ളംകൂടി ചേര്‍ത്താ പിന്നെ പറേണ്ടല്ലോ. വില്‍ക്കാന്‍ പോണുന്നു പറഞ്ഞത് ശരിയാ?” അച്ഛന്‍ കറുമ്പിയുടെ ദേഹത്ത് കപ്പില്‍ വെള്ളമെടുത്ത് ഒഴിക്കുമ്പോള്‍ ചോദിച്ചു.
”അയാള് വില്‍ക്കുകയോ വാങ്ങുകയോ എന്തെങ്കിലും ചെയ്യട്ടെ. നമുക്കെന്താ. ജേഴ്‌സിപ്പശുവിനെ വാങ്ങാന്‍ ഇവിടെ പണം കെട്ടി വച്ചിട്ടില്ലല്ലോ..? പിന്നെ, അയാള് കഴിഞ്ഞ തവണ കൊണ്ടുപോയ തേങ്ങയുടെ
പൈസ തന്നിട്ടില്ലല്ലോ?” അമ്മ ചോദിച്ചു.
”കൊപ്രയ്ക്ക് വില ഇടിഞ്ഞതു കൊണ്ട് കൊപ്ര കൊടുത്തിട്ടില്ലെന്ന് പറഞ്ഞിരുന്നു” അച്ഛന്‍ പറഞ്ഞു.
”എന്നാലേ, നമ്മള് കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കുന്ന പാക്കും തേങ്ങയും വാഴക്കുലയും ഒന്നും ഇനി അയാള്‍ക്ക് കൊടുക്കണ്ട. നമുക്ക് തരുന്നതിന്റെ ഇരട്ടി വിലയ്ക്കാ അയാള് വില്‍ക്കുന്നതെന്നാ എല്ലാരും പറയുന്നത്. ആ ചെല്ലപ്പന് കൊടുത്താ ഇതിലും ഭേദമാ..” അമ്മ പറഞ്ഞു.
അച്ഛന്‍ ഒന്നും പറഞ്ഞില്ല. സരസ്വതിചേച്ചി അമ്മയോട് കുറച്ചു ദിവസം മുമ്പ് പറഞ്ഞത് അവന് ഓര്‍മ്മവന്നു. ‘രാപ്പകലില്ലാതെ കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കി യാല്‍ അതു വാങ്ങി മേലനങ്ങാതെ കച്ചവടം നടത്തുന്നവരാ പണം ഉണ്ടാക്കുന്നത്.’ സരസ്വതി ചേച്ചിക്ക് അയാളോട് എന്തോ ദേഷ്യമുണ്ടെന്ന് അവന് തോന്നി.
‘ഇവിടുള്ള ആളോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.’ പാരമ്പര്യ മായി നിലനിന്നതൊന്നും മാറ്റാന്‍ കൂട്ടാക്കാത്തതിലുള്ള ദേഷ്യം അമ്മയും പ്രകടിപ്പിച്ചിരുന്നു. അവരുടെ സംസാരം കേള്‍ക്കാത്ത മട്ടില്‍ എല്ലാം കേട്ടുകൊണ്ട് പുസ്തകം തുറന്ന് വായിക്കുന്ന മട്ടിലാണ് അവന്‍ ഇരുന്നത്. സരസ്വതിചേച്ചി പറഞ്ഞത് ശരിയാണെന്ന് കണ്ണനും തോന്നി. അക്കാര്യം അച്ഛനോട് പറയണമെന്ന് അവന്‍ തീരുമാനിച്ചിരുന്നു.
ഇനത്തിലെ പശു എന്നു പറഞ്ഞപ്പോള്‍ ആ പശു എങ്ങനെ ഉള്ളതായിരിക്കുമെന്ന് കണ്ണന് മനസ്സിലായില്ല.
”ചേച്ചീ ഈ ഇനത്തില് പശു എന്നു പറഞ്ഞാ എന്താ..?” അപ്പോള്‍ ത്തന്നെ അവന്‍ ചേച്ചിയോട് ചോദിച്ചു.
”അന്‍പതും അറുപതും ഗ്ലാസ്സ് പാല് ഒരു ദിവസം കിട്ടുന്ന പശുക്കള്‍ വിദേശ രാജ്യങ്ങളിലുണ്ട്. അത്തരം പശുക്കളെയാണ് ഇനത്തിലെ പശുവെന്ന് പറയുന്നത്.” ചേച്ചി പറഞ്ഞു.
അതിന് നാലു മുലയില്‍ കൂടുതലുണ്ടാവുമോ എന്ന് അവന്‍ സംശയിച്ചു. അത്തരം ഒരു പശു വര്‍ഗ്ഗീസ് മാപ്പിളയുടെ വീട്ടിലുണ്ടെന്നു മനസ്സിലായപ്പോള്‍ എപ്പോഴെങ്കിലും അവിടെപ്പോയി അതിനെ കാണണമെന്ന് അവന്‍ തീരുമാനിച്ചു. അപ്പോഴും അന്‍പതു ഗ്ലാസ്സ് പാല് കിട്ടുമെന്നു പറഞ്ഞത് ശരിയായിരിക്കില്ല എന്ന് കണ്ണനു തോന്നി.
* * * * *
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഉപ്പിട്ട കഞ്ഞിവെള്ളം കുട്ടികള്‍ക്ക് പാലു കൊടുക്കുന്നതു പോലെ കുപ്പിയി ലാക്കി നിപ്പിളിട്ട് അച്ഛന്‍ നന്ദിനിക്ക് കുടിക്കാന്‍ കൊടുത്തു. നന്ദിനി അത് വലിച്ചുകുടിക്കുന്നത് കണ്ണന്‍ നോക്കിനിന്നു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പാത്രത്തില്‍ വച്ചുകൊടുത്ത പിണ്ണാക്കുവെള്ളം നന്ദിനി തനിച്ച് കുടിച്ചു. വൈകുന്നേരവും കറുമ്പിയെ കറക്കാന്‍ തുടങ്ങിയ പ്പോഴാണ് പാല് കാച്ചി ഉറയൊഴിച്ച് അമ്മ തൈരും മോരും വെണ്ണയും ഉണ്ടാക്കാന്‍ തുടങ്ങിയത്.
വീട്ടിനടുത്തുള്ള ചിലര്‍ മോരു വാങ്ങാനും വീട്ടില്‍ വന്നു. അവരുടെ കയ്യില്‍നിന്ന് അമ്മ പൈസ വാങ്ങിയില്ല. വീട്ടില്‍ ഉച്ചയ്ക്കു ആരെങ്കിലും വന്നാല്‍ അവര്‍ക്ക് മോരുംവെള്ളം അമ്മ കൊടുക്കുന്നതും കണ്ണന്‍ കണ്ടു.
സ്‌കൂളില്ലാത്ത പല ദിവസവും വല്യമ്മാവന്റെ വീട്ടിലേക്ക് മോരുമായി അമ്മ ചേച്ചിയെ പറഞ്ഞയച്ചു.
(തുടരും)